Sunday, March 20, 2011

നേട്ടങ്ങളുടെ പെരുമയില്‍ വീണ്ടും....

വികസനമുന്നേറ്റം കുറിക്കാന്‍ സാധിച്ച അഭിമാനത്തോടെ കെ കുഞ്ഞമ്മത് രണ്ടാംതവണയും പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നാലര പതിറ്റാണ്ടിന്റെ കറകളഞ്ഞ പൊതുപ്രവര്‍ത്തന പാരമ്പര്യവും വികസനതൃഷ്ണയും ഇത്തവണയും കുഞ്ഞമ്മതിന് കരുത്താകും. 35 വര്‍ഷം അധ്യാപകന്‍, 12 വര്‍ഷം പേരാമ്പ്ര പഞ്ചായത്തിന്റെ ഭരണസാരഥി എന്നിങ്ങനെ വ്യത്യസ്തമായ വേദികളില്‍ തിളങ്ങിയ കുഞ്ഞമ്മത് സിപിഐ എം ജില്ലാ കമ്മിറ്റി അംഗമാണ്. കഴിഞ്ഞ തവണ 10,640 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

എംഎല്‍എയെന്ന നിലയില്‍ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ കക്ഷിഭേദമെന്യേ ജനങ്ങളുടെ അംഗീകാരവും ആദരവും നേടി. പേരാമ്പ്ര സമ്പൂര്‍ണ വൈദ്യുതീകരണമണ്ഡലമാക്കുന്നതിലും സിഎച്ച്സി താലൂക്കാശുപത്രിയായി ഉയര്‍ത്തുന്നതിലും എംഎല്‍എയുടെ പങ്ക് ശ്രദ്ധേയം. സമ്പൂര്‍ണ വൈദ്യുതീകരണത്തിന് ആറ് കോടിയാണ് ചെലവഴിച്ചത്. അഞ്ച് വര്‍ഷത്തിനകം 15,000-ത്തിലധികം കുടുംബങ്ങളില്‍ പുതുതായി വൈദ്യുതിവെളിച്ചമെത്തിച്ചു. 10 പട്ടികജാതി കോളനികളിലും ആറ് പട്ടികവര്‍ഗ കോളനികളിലും വൈദ്യുതിയെത്തിച്ചു. അരിക്കുളം, കൂട്ടാലിട, കൂരാച്ചുണ്ട്, പേരാമ്പ്ര എന്നിവിടങ്ങളില്‍ പുതിയ സെക്ഷന്‍ ഓഫീസുകള്‍, വോള്‍ട്ടേജ് മെച്ചപ്പെടുത്താന്‍ 71 ട്രാന്‍സ്ഫോമറുകള്‍ എന്നിവ സ്ഥാപിച്ചു. പേരാമ്പ്ര ടൌണില്‍ 33 കെ വി സബ്സ്റ്റേഷന്റെ പ്രവൃത്തി ആരംഭിച്ചു. വൈദ്യുതിരംഗത്ത് മാത്രം 20 കോടി രൂപയുടെ വികസനമാണ് നടപ്പായത്. പാലേരി, അരിക്കുളം, കോട്ടൂര്‍, കൂത്താളി, നടുവണ്ണൂര്‍, മുതുകാട് എന്നിവിടങ്ങളില്‍ പുതിയ മാവേലിസ്റ്റോറുകളും പേരാമ്പ്രയില്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റും ആരംഭിച്ചു. 36 അങ്കണവാടികള്‍ തുടങ്ങി. നടുവണ്ണൂരില്‍ കെഎസ്എഫ്ഇ ശാഖ ആരംഭിച്ചു. അരിക്കുളം മായന്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍, കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂള്‍, വടക്കുമ്പാട് ഹൈസ്കൂള്‍ എന്നിവ ഹയര്‍സെക്കന്‍ഡറി സ്കൂളുകളായി ഉയര്‍ത്തിയതാണ് മറ്റൊരു പ്രധാന നേട്ടം.

ചങ്ങരോത്ത് പഞ്ചായത്തിലെ മുതുവണ്ണാച്ചയില്‍ ഐച്ച്ആര്‍ഡി സബ്സെന്റര്‍ തുടങ്ങി. ആരോഗ്യരംഗത്തും ഈ ജനപ്രതിനിധിയുടെ ഇടപെടല്‍ ജനങ്ങള്‍ക്കും നാടിനും ആശ്വാസമായി. കൂരാച്ചുണ്ട് പിഎച്ച്സി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററാക്കി ഉയര്‍ത്തിയതാണിതില്‍ പ്രധാനം. പേരാമ്പ്രയില്‍ ആയുര്‍വേദ ഡിസ്പന്‍സറിയും കൂരാച്ചുണ്ട്, നൊച്ചാട് എന്നിവിടങ്ങളില്‍ ഹോമിയോ ഡിസ്പെസറിയും ആരംഭിച്ചു. 50 കോടി രൂപ ചെലവില്‍ കുറ്റ്യാടി ജലസേചന പദ്ധതിയുടെ നവീകരണം, മൂന്ന് കോടി ചെലവില്‍ മരക്കാടിതോട് പരിഷ്കരണം എന്നിവയുടെ പ്രവൃത്തി പുരോഗമിക്കുന്നു. പേരാമ്പ്ര ബൈപാസ് റോഡ് നിര്‍മാണത്തിന് 13 കോടിയും മിനി സിവില്‍സ്റ്റേഷന്‍ നിര്‍മിക്കാന്‍ രണ്ടര കോടിയും ലഭ്യമാക്കി. പ്രവൃത്തി താമസിയാതെ ആരംഭിക്കും. പെരുവണ്ണാമൂഴി റിസര്‍വോയറിലെ അധികജലപ്രവാഹത്തില്‍ കിടപ്പാടം മുങ്ങിപ്പോകുന്ന 11 കുടുംബങ്ങള്‍ക്ക് പകരം ഭൂമി നല്‍കി പുനരധിവസിക്കാനുള്ള നടപടിയും പൂര്‍ത്തിയാവുന്നു. കുടിവെള്ളപദ്ധതികള്‍ നവീകരിക്കാനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുമുള്ള ശ്രമവും തുടങ്ങി. ടൂറിസം പരിപോഷിപ്പിക്കുന്നതിനായി പെരുവണ്ണാമൂഴി കേന്ദ്രമായി മലബാര്‍ വന്യജീവി സങ്കേതവും ഇക്കോ ടൂറിസം പദ്ധതിയും ആരംഭിച്ചു. രണ്ടര കോടിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടുള്‍പ്പെടെ 28 കോടി ചെലവില്‍ റോഡ് പരിഷ്കരിച്ചു. നടുവണ്ണൂര്‍ മന്ദങ്കാവിലെ കാലിക്കറ്റ് ഇന്റഗ്രേറ്റഡ് പവര്‍ലൂം വികസനത്തിനും നവീകരണത്തിനുമായി ഏഴ് കോടി രൂപ ലഭ്യമാക്കി. ഇപ്പോള്‍ പേരാമ്പ്ര മണ്ഡലത്തിന്റെ ഭാഗമായ മേപ്പയൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളില്‍ കാര്‍ഷികരംഗത്ത് 10 കോടി ചെലവില്‍ നടപ്പാക്കിയ ആവളപാണ്ടി, കരുവോട് ചിറ വികസനപദ്ധതികളും എല്‍ഡിഎഫിന് നേട്ടമാകും.

ചങ്ങരോത്ത്, ചക്കിട്ടപാറ, കൂത്താളി, പേരാമ്പ്ര, ചെറുവണ്ണൂര്‍, മേപ്പയൂര്‍, തുറയൂര്‍, കീഴരിയൂര്‍, അരിക്കുളം, നൊച്ചാട് എന്നീ പത്ത് പഞ്ചായത്തുകളാണ് പേരാമ്പ്ര മണ്ഡലത്തിലുള്‍പ്പെടുന്നത്. ഇടതു ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ സര്‍വാദരണീയനായ കുഞ്ഞമ്മതിന്റെ സ്ഥാനാര്‍ഥിത്വം ആവേശമുയര്‍ത്തിയിട്ടുണ്ട്. ജനങ്ങള്‍ക്കൊപ്പം സജീവമായി നിലകൊണ്ട് വാഗ്ദാനങ്ങള്‍ നിറവേറ്റിയ ഈ ജനപ്രതിനിധിക്ക് അനുകൂലമായ വിധിയെഴുത്ത് ഉണ്ടാകുമെന്ന പ്രതീക്ഷ വലതുപക്ഷംപോലും അംഗീകരിക്കുന്നതാണ്.

ദേശാഭിമാനി 200311

1 comment:

  1. വികസനമുന്നേറ്റം കുറിക്കാന്‍ സാധിച്ച അഭിമാനത്തോടെ കെ കുഞ്ഞമ്മത് രണ്ടാംതവണയും പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നാലര പതിറ്റാണ്ടിന്റെ കറകളഞ്ഞ പൊതുപ്രവര്‍ത്തന പാരമ്പര്യവും വികസനതൃഷ്ണയും ഇത്തവണയും കുഞ്ഞമ്മതിന് കരുത്താകും. 35 വര്‍ഷം അധ്യാപകന്‍, 12 വര്‍ഷം പേരാമ്പ്ര പഞ്ചായത്തിന്റെ ഭരണസാരഥി എന്നിങ്ങനെ വ്യത്യസ്തമായ വേദികളില്‍ തിളങ്ങിയ കുഞ്ഞമ്മത് സിപിഐ എം ജില്ലാ കമ്മിറ്റി അംഗമാണ്. കഴിഞ്ഞ തവണ 10,640 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

    ReplyDelete