Sunday, March 20, 2011

അനുഭവങ്ങളുടെയും പാരമ്പര്യത്തിന്റെയും കരുത്തുമായി ജമീല പ്രകാശം

കുട്ടിക്കാലംതൊട്ട് ഗഹനമായ രാഷ്ട്രീയചര്‍ച്ചകള്‍ക്ക് വേദിയായ ഗാര്‍ഹികാന്തരീക്ഷം, സ്കൂള്‍-കലാലയജീവിതത്തില്‍ വിദ്യാര്‍ഥിരാഷ്ട്രീയം പയറ്റിത്തെളിഞ്ഞ വിദ്യാര്‍ഥിനി നേതാവ്, വിവാഹത്തിന് ശേഷവും ഓരോ നിമിഷവും രാഷ്ട്രീയത്തില്‍ അലിഞ്ഞുചേര്‍ന്ന കുടുംബജീവിതം, പഠനത്തിലും ഔദ്യോഗിക ജീവിതത്തിലും കഴിവുതെളിയിച്ച പ്രതിഭ- ഇത് ജമീല പ്രകാശം. കോവളം അസംബ്ളി മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി. സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ഉന്നതപദവിയിലിരിക്കെ ഏഴ് വര്‍ഷത്തെ സര്‍വീസ് ഉണ്ടായിട്ടും ജോലി രാജിവച്ച് പൊതുരംഗത്തേക്ക് കടന്നുവരുന്നത് രക്തത്തിലും ജീവിതത്തിലും അലിഞ്ഞുചേര്‍ന്ന ഈ പാരമ്പര്യത്തിന്റെ കരുത്തുമായി.

1957ലെ ആദ്യ കമ്യൂണിസ്റ് മന്ത്രിസഭയ്ക്ക് കരുത്തുപകര്‍ന്ന നിയമസഭാംഗം ആര്‍ പ്രകാശത്തിന്റെ മകളാണ് ജമീല പ്രകാശം. 1957ല്‍ ജനനം. ആറ്റിങ്ങല്‍ ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ ഒമ്പതാംക്ളാസില്‍ പഠിക്കവെ സ്കൂള്‍ പ്രധാനമന്ത്രിയായി. അന്നത്തെ മുനിസിപ്പല്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്നയാളുടെ മകളെ തോല്‍പ്പിച്ചാണ് ഈ വിജയം നേടിയത്. കൊല്ലം എസ്എന്‍ കോളേജില്‍ പഠിക്കവെ യൂണിവേഴ്സിറ്റി യൂണിയന്‍ കൌണ്‍സിലറായി. തുടര്‍ന്ന് കേരള യൂണിവേഴ്സിറ്റി വൈസ് ചെയര്‍പേഴ്സണായിരുന്നു. അന്ന് നീലലോഹിതദാസന്‍നാടാര്‍ യൂണിയന്‍ ചെയര്‍മാന്‍. ഈ സൌഹൃദം വളര്‍ന്നു. 1976ല്‍ വിവാഹിതരായി. ഇതിനിടയില്‍ ബിഎസ്സി സുവോളജിയില്‍ ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം നേടി. 1977ല്‍ നീലന്‍ എംഎല്‍എ ആയി. അതേ വര്‍ഷമാണ് ജമീലയ്ക്ക് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചത്. സാമ്പത്തികപ്രയാസം കാരണം പഠനം മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥ. ഏത് വിധേനയും ഒരു ജോലി വേണമെന്ന ലക്ഷ്യത്തോടെ പരീക്ഷകള്‍ എഴുതാന്‍ തുടങ്ങി. ആദ്യ പരീക്ഷയില്‍ ത്തന്നെ വിജയം നേടി. റിസര്‍വ് ബാങ്ക് ക്ളര്‍ക്ക്. പഠനം ഉപേക്ഷിച്ച് ജോലിക്ക് ചേര്‍ന്നു. രണ്ടാമത്തെ പരീക്ഷ എസ്ബിടി ഓഫീസര്‍ തസ്തികയിലേക്കായിരുന്നു. അതിലും ആദ്യ റാങ്ക്.

ഔദ്യോഗികജീവിതത്തിനിടയില്‍ തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് എല്‍എല്‍ബി പാസായി. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് എംബിഎ നേടി. ഇതിനിടയില്‍ നീലന്റെ രാഷ്ട്രീയജീവിതത്തില്‍ ഉണ്ടായ വിവാദങ്ങള്‍ കുടുംബജീവിതത്തെയും ബാധിച്ചു. അന്ന് പ്ളസ്ടു വിദ്യാര്‍ഥിയായിരുന്ന മകള്‍ ദിവ്യയെ ഇത് കടുത്ത മാനസികസമ്മര്‍ദത്തിലാക്കി. ദിവ്യയുടെ ജീവിതാന്ത്യംവരെ ഈ മാനസിക സമ്മര്‍ദം വേട്ടയാടി. മൂത്തമകള്‍ ദീപ്തി ഏജീസ് ഓഫീസില്‍ അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. അഞ്ചലില്‍ ഓര്‍ത്തോപീഡിക്സ് സര്‍ജനായ ഡോ. സുമേഷ്, ചാലക്കുടിയില്‍ ദേശീയപാത കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ എന്‍ജിനിയറായ പ്രവീണ്‍ദാസ് എന്നിവര്‍ മരുമക്കള്‍.

deshabhimani 19032011

2 comments:

  1. കുട്ടിക്കാലംതൊട്ട് ഗഹനമായ രാഷ്ട്രീയചര്‍ച്ചകള്‍ക്ക് വേദിയായ ഗാര്‍ഹികാന്തരീക്ഷം, സ്കൂള്‍-കലാലയജീവിതത്തില്‍ വിദ്യാര്‍ഥിരാഷ്ട്രീയം പയറ്റിത്തെളിഞ്ഞ വിദ്യാര്‍ഥിനി നേതാവ്, വിവാഹത്തിന് ശേഷവും ഓരോ നിമിഷവും രാഷ്ട്രീയത്തില്‍ അലിഞ്ഞുചേര്‍ന്ന കുടുംബജീവിതം, പഠനത്തിലും ഔദ്യോഗിക ജീവിതത്തിലും കഴിവുതെളിയിച്ച പ്രതിഭ- ഇത് ജമീല പ്രകാശം. കോവളം അസംബ്ളി മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി. സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ഉന്നതപദവിയിലിരിക്കെ ഏഴ് വര്‍ഷത്തെ സര്‍വീസ് ഉണ്ടായിട്ടും ജോലി രാജിവച്ച് പൊതുരംഗത്തേക്ക് കടന്നുവരുന്നത് രക്തത്തിലും ജീവിതത്തിലും അലിഞ്ഞുചേര്‍ന്ന ഈ പാരമ്പര്യത്തിന്റെ കരുത്തുമായി.

    ReplyDelete
  2. പരിചിതവഴികളില്‍ പ്രകാശം പരത്തി ജമീലയെത്തി. കോവളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജമീല പ്രകാശം കൈത്തറിയുടെ നാടായ ബാലരാമപുരത്ത് വോട്ടുതേടിയെത്തിയപ്പോള്‍ ആവേശത്തിരയിളക്കം. തിങ്കളാഴ്ച രാവിലെയാണ് ജമീല പ്രകാശം വാണിജ്യ പട്ടണമായ ബാലരാമപുരത്തെത്തി സമ്മതിദായകരെ നേരില്‍കണ്ടത്. രാവിലെ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിലെത്തിയ ജമീല എല്‍ഡിഎഫ് നേതാക്കളോടൊപ്പമാണ് നഗരപര്യടനം ആരംഭിച്ചത്. പലവട്ടം യാത്രചെയ്ത ദേശീയപാതയിലെ ഇരുവശവുമുള്ള വ്യാപാരസ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, ആരാധനാലയങ്ങളില്‍ പ്രാര്‍ഥനയ്ക്കെത്തിയവര്‍ എന്നിവരെയും നേരില്‍ക്കണ്ട് വോട്ട് തേടി. വാഹനങ്ങളിലെ യാത്രക്കാര്‍ കൈകളുയര്‍ത്തി അഭിവാദ്യംചെയ്തപ്പോള്‍ വിനയാന്വിതയായി സ്ഥാനാര്‍ഥി കൈകൂപ്പി. ബാലരാമപുരം മാര്‍ക്കറ്റിലെത്തിയപ്പോള്‍ ചെറുകിട കച്ചവടക്കാരും വ്യാപാരികളും സ്ഥാനാര്‍ഥിക്ക് വിജയശാംസ നേര്‍ന്നു. അമ്മമാര്‍ തലയില്‍ കൈവച്ച് ആശീര്‍വദിച്ച് വിജയം നേര്‍ന്നു. പഴയകട തെരുവിലെ ഇടവഴികളിലെത്തിയപ്പോള്‍ മുസ്ളിം വീടുകളിലെ അമ്മമാരും ജമീലയെ കാണാന്‍ വീടുവിട്ടിറങ്ങി. സ്ഥാനാര്‍ഥി കൈകൂപ്പി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ തന്നെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചു. സ്ഥാനാര്‍ഥി വരുന്നതറിഞ്ഞ് വഴിയരികില്‍ നിലയുറപ്പിച്ചവര്‍ ഒപ്പംകൂടി. നിമിഷാര്‍ധംകൊണ്ട് വന്‍ ജനാവലിയാണ് സ്ഥാനാര്‍ഥിയെ അനുഗമിക്കാനെത്തിയത്. പ്ളാവിള, കല്ലുനാട് എന്നിവിടങ്ങളിലും വോട്ട് അഭ്യര്‍ഥിച്ച് സ്ഥാനാര്‍ഥിയെത്തി.

    ReplyDelete