Friday, April 22, 2011

ബംഗാള്‍: 50 മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രണ്ടാംഘട്ടം വോട്ടെടുപ്പിനുള്ള പ്രചാരണം വ്യാഴാഴ്ച സമാപിച്ചു. മൂര്‍ഷിദാബാദ്, നാദിയ, ബിര്‍ഭും ജില്ലകളിലെ 50 മണ്ഡലങ്ങളാണ് ശനിയാഴ്ച വോട്ടെടുപ്പ്. 27 സ്ത്രീകളടക്കം 293 സ്ഥാനാര്‍ഥികളുടെ ജനവിധി നിര്‍ണയിക്കാന്‍ 9,333,523 വോട്ടര്‍മാര്‍ ബൂത്തിലെത്തും. 11,532 പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സിപിഐ എം നേതാക്കളായ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യം തെരഞ്ഞെടുപ്പു പ്രചാരണത്തിന് വീറും വാശിയും പകര്‍ന്നു. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസുവും പ്രചാരണത്തിനു നേതൃത്വം നല്‍കി. ഇടതുമുന്നണി സംഘടിപ്പിച്ച റാലികളില്‍ പതിനായിരങ്ങളാണ് ഓരോ കേന്ദ്രത്തിലും പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ബിജെപി നേതാവ് എല്‍ കെ അദ്വാനിയും രണ്ടാംഘട്ടം വോട്ടെടുപ്പ് നടക്കുന്ന മേഖലയില്‍ പ്രചാരണം നടത്തി.

കോണ്‍ഗ്രസ്- തൃണമൂല്‍ സഖ്യം വിജയിച്ചാല്‍ പശ്ചിമബംഗാള്‍തകരുമെന്ന തിരിച്ചറിവില്‍ ബുദ്ധിജീവികളും കലാ-സാംസ്കാരികപ്രവര്‍ത്തകരും രംഗത്തിറങ്ങിയത് ഇടതുമുന്നണിയുടെ പ്രചാരണത്തിന് ഊര്‍ജം പകര്‍ന്നു. മുന്‍ സംസ്ഥാന ധനമന്ത്രിയും സാമ്പത്തികവിദഗ്ദ്ധനുമായ ഡോ. അശോക് മിത്ര, സിനിമാനടി മാധവി മുഖര്‍ജി, സാഹിത്യകാരനായ സുനില്‍ ഗംഗോപാധ്യായ, സിനിമാ സംവിധായകനായ മൃണാള്‍സെന്‍ എന്നിവര്‍ ഇടതുമുന്നണിക്കു പിന്നില്‍ അണിനിരന്നു.

1977 മുതല്‍ ഇടതുപക്ഷത്തുറച്ച് 131 മണ്ഡലങ്ങള്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ 1977 മുതല്‍ല്‍എല്ലാ നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണി സ്ഥാനാര്‍ഥികളെമാത്രം വിജയിപ്പിച്ചത് 131 മണ്ഡലങ്ങള്‍. 105 സീറ്റിലും തുടര്‍വിജയം നേടിയത് സിപിഐ എം. ഫോര്‍വേഡ് ബ്ളോക്ക് ഒമ്പതിടത്തും ആര്‍എസ്പി എട്ടിടത്തും സീറ്റു നിലനിര്‍ത്തി. സിപിഐ ഒരിടത്തും മറ്റു ഘടകകക്ഷികള്‍ എട്ടിടത്തുമാണ് മണ്ഡലം കൈവിടാതെ സൂക്ഷിക്കുന്നത്. ഇടതുമുന്നണി 48 മണ്ഡലത്തില്‍ ആറുതവണ ജയിച്ചു. മൂന്നര ദശാബ്ദമായി 17 ജില്ലകളില്‍ നിരവധിമണ്ഡലങ്ങള്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളെ മാത്രം തെരഞ്ഞെടുക്കുന്നു. കൂച്ച് ബിഹാറില്‍ ആറും ജല്‍പായ്ഗുരിയില്‍ പത്തും ഡാര്‍ജിലിങ്ങില്‍ രണ്ടും ദക്ഷിണ ദിനാജ്പൂര്‍ മൂന്നും മാള്‍ദയില്‍ രണ്ടും മൂര്‍ഷിദാബാദില്‍ ആറും നാദിയയില്‍ എട്ടും ഉത്തര 24 പര്‍ഗാനാസ് പതിനാലും, ദക്ഷിണ 24 പര്‍ഗാനാസ് ഒമ്പതും കൊല്‍ക്കത്തയില്‍ രണ്ടും ഹൌറയില്‍ മൂന്നും ഹൂഗ്ളിയില്‍ ഒമ്പതും മേദിനിപുരില്‍ പന്ത്രണ്ടും പുരുളിയയില്‍ ഏഴും ബാന്‍കുറയില്‍ പതിനൊന്നും ബര്‍ദ്വമാനില്‍ പത്തൊമ്പതും ബിര്‍ഭൂമില്‍ എട്ടും സീറ്റുകളിലാണ് ഇടതുമുന്നണി സ്ഥിരമായി ജയിക്കുന്നത്.

1977നു ശേഷം നടന്നന്നഎല്ലാ തെരഞ്ഞെടുപ്പിലും കൊല്‍ക്കത്ത നഗരം കൂടുതല്‍ പൊതുവില്‍ കോണ്‍ഗ്രസിനെയാണ് തുണയ്ക്കുന്നതെങ്കിലും തല്‍ത്തലയും ബലിയഘാട്ടയും കാലങ്ങളായി സിപിഐ എമ്മിനൊപ്പം. 1967 മുതല്‍ സിപിഐ എം സ്ഥിരമായി കൈവശംവയ്ക്കുന്ന 14 മണ്ഡലങ്ങളുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചര്യ മത്സരിക്കുന്നന്നജാദവ്പുരും ഭൂപരിഷ്ക്കരണമന്ത്രി റസാക്ക് മൊള്ള മത്സരിക്കുന്ന പൂര്‍വ കാനിങ് മണ്ഡലവും അതില്‍പെടും. 1972ല്‍ കോണ്‍ഗ്രസ് കൃത്രിമം കാട്ടി തെരഞ്ഞെടുപ്പ് അട്ടിമറിച്ചപ്പോഴും സിപിഐ എമ്മിനെ കൈവിടാത്ത മണ്ഡലങ്ങളാണിവ. മൊള്ള തന്നെയാണ് 77 മുതല്‍ പുര്‍വ കാനിങ്ങില്‍നിന്നും വിജയിക്കുന്നത്. ബുദ്ധദേവ് 1987 മുതലാണ് ജാദവപൂരിനിന്നും ജയിക്കുന്നത്. ആര്‍എസ്പിയിലെ വിശ്വനാഥ് ചൌധരി 1977 മുതല്‍ ദക്ഷിണ ദിനാജ്പൂര്‍ ജില്ലയിലെ ബാലൂര്‍ഹട്ടില്‍നിന്നും സ്ഥിരമായി ജയിക്കുന്നു. ഇത്തവണ അദ്ദേഹത്തിന് എട്ടാം അങ്കം.

2006ല്‍ 235 സീറ്റുകള്‍ നേടിയ ഇടതുമുന്നണി 129 മണ്ഡലങ്ങളില്‍ 50 ശതമാനത്തിലധികം വോട്ടു നേടി. മൂന്നിടത്ത് 70 ശതമാനത്തിലധികം വോട്ടു കിട്ടി. അഞ്ചിടത്ത് 60നും 70നും ശതമാനത്തിനുമിടയില്‍ല്‍വോട്ടു ലഭിച്ചു. 102 മണ്ഡലങ്ങളില്‍ 45നും 50നും ഇടയില്‍ വോട്ടു നേടി. ഇടതുവിരുദ്ധര്‍ക്ക് 18 ഇടത്ത് മാത്രമാണ് 50 ശതമാനത്തിലേറെല്‍വോട്ടുനേടിയത്. കോണ്‍ഗ്രസിന് 141 മണ്ഡലങ്ങളില്‍ 10 ശതമാനത്തനു താഴെ മാത്രം വോട്ടാണ് ലഭിച്ചത്. 2006ല്‍ 28 മണ്ഡലങ്ങളില്‍ ഇടതുമുന്നണിയുടെ ഭൂരിപക്ഷം അരലക്ഷത്തിലധികമായിരുന്നു. എതിരാളികളില്‍ ആര്‍ക്കും ഒരിടത്തും ഇത്രയും ഭൂരിപക്ഷം കിട്ടിയില്ല.
(ഗോപി)

ബംഗാളില്‍ അമേരിക്കയ്ക്ക് 'ഗുണം' മമതയെന്ന്

ചെന്നൈ: മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ അധികാരത്തില്‍വന്നാല്‍ തങ്ങള്‍ക്ക് വന്‍ മുതലെടുപ്പിന് അവസരം ഒരുങ്ങുമെന്ന് അമേരിക്ക കണക്കുകൂട്ടുന്നതായി തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. ഇതിനായി മമതയ്ക്ക് എല്ലാ പിന്തുണയും നല്‍കണമെന്നു നിര്‍ദേശിച്ച് കൊല്‍ക്കത്തയിലെ യുഎസ് കോസുലേറ്റ് അമേരിക്കന്‍ വിദേശവകുപ്പിന് അയച്ച രേഖകള്‍ വിക്കിലീക്സാണ് പുറത്തുകൊണ്ടുവന്നത്. ഇതിന്റെ വിശദാംശം 'ദ ഹിന്ദു' ദിനപത്രം വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു.

എന്നാല്‍, രാഷ്ട്രീയ ഒറ്റയാള്‍പ്പട്ടാളം എന്ന നിലയില്‍നിന്ന് മുഖ്യമന്ത്രി എന്ന നിലയിലേക്ക് മാറാനുള്ള കഴിവ് മമത നേടിയിട്ടുണ്ടോ എന്ന സംശയവും കോണ്‍സല്‍ ജനറല്‍ ബേത്ത് എ പെയ്ന്‍ അയച്ച രേഖ പ്രകടിപ്പിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റേത് അമേരിക്കന്‍വിരുദ്ധ നയമല്ലെന്നത് വളരെ പ്രോത്സാഹജനകമാണെന്നായിരുന്നു 2009 ഒക്ടോബര്‍ 20ന് അയച്ച റിപ്പോര്‍ട്ടില്‍ കോസല്‍ ജനറലിന്റെ വിശദീകരണം. 'തൃണമൂലിന്റെ മമത ബാനര്‍ജി: പ്രതിപക്ഷ തെരുവുയോദ്ധാവില്‍നിന്ന് ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയിലേക്ക്' എന്നാണ് റിപ്പോര്‍ട്ടിന്റെ തലവാചകം. പൊതുജനങ്ങളെ വരുതിയിലാക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാമര്‍ഥ്യവും അമേരിക്കന്‍വിരുദ്ധതയില്ലെന്നതും അമേരിക്കന്‍ ഉദ്യോഗസ്ഥരുമായുള്ള അവരുടെ അടുപ്പവും രേഖ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് ബംഗാളില്‍ നിലവിലുള്ള സിപിഐ എം സര്‍ക്കാരിനേക്കാള്‍ മമതയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരുന്നത് അമേരിക്കയെ സംബന്ധിച്ച് നല്ല സൂചനകളാണ്. മമതയുടെ മാറ്റത്തെക്കുറിച്ച് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. സിംഗൂര്‍, നന്ദിഗ്രം പ്രശ്നങ്ങളിലൂടെ പതിഞ്ഞ വ്യവസായവിരുദ്ധ എന്ന ലേബല്‍ അവര്‍ മാറ്റി. ബിസിനസ് പ്രോത്സാഹനത്തിനായി മമത നടത്തുന്ന നീക്കങ്ങള്‍ പ്രതീക്ഷാജനകമാണ്. ഇതിന് പിന്‍ബലമേകാന്‍, മമത കൊല്‍ക്കത്തയിലെ ബിസിനസ് സമൂഹമായി ഉണ്ടാക്കിയ അടുപ്പവും മികച്ച ബിസിനസ് ഉപദേശകരെ നിയോഗിച്ചതും റിപ്പോര്‍ട്ടില്‍ എടുത്തുകാട്ടുന്നു. ഇത് അമേരിക്കയ്ക്ക് മുതലാക്കാന്‍ കഴിയും- രേഖകളില്‍ പറയുന്നു.

വിക്കിലീക്സ് രേഖ: മമത പ്രതികരിക്കണം- കാരാട്ട്

കൊല്‍ക്കത്ത: മമത ബാനര്‍ജി പശ്ചിമബംഗാളില്‍ അധികാരത്തിലെത്തിയാല്‍ ആ സര്‍ക്കാര്‍ അമേരിക്കയോട് സൌഹൃദം പുലര്‍ത്തുമെന്ന കൊല്‍ക്കത്തയിലെ അമേരിക്കന്‍ കോസുലേറ്റ് ജനറലിന്റെ സന്ദേശത്തെക്കുറിച്ച് മമത ബാനര്‍ജി പ്രതികരിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ 'മീറ്റ് ദി പ്രസി'ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല്‍ക്കത്തയിലെ അമേരിക്കന്‍ കോസുലേറ്റ് അമേരിക്കന്‍ വിദേശമന്ത്രാലയത്തിനയച്ച രേഖകള്‍ വിക്കിലീക്സിന് ലഭിച്ചത് 'ദി ഹിന്ദു' പത്രം പുറത്തുവിട്ടിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റേത് അമേരിക്കന്‍ വിരുദ്ധ നയമല്ല എന്നത് വളരെ പ്രോത്സാഹജനകമാണെന്നായിരുന്നു കോസുലേറ്റ് ജനറലിന്റെ വിശദീകരണം. മമതയെ വശത്താക്കി അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ ബംഗാളില്‍ നടപ്പാക്കാമെന്നും അവരുമായി എപ്പോഴും ആശയവിനിമയം നടത്താനും ബന്ധം നിലനിര്‍ത്താനും കഴിയുമെന്നും കോണ്‍സുലേറ്റ് ജനറല്‍ പ്രത്യാശിക്കുന്നു. എന്താണ് ഇക്കാര്യത്തില്‍ നിലപാടെന്ന് തൃണമൂല്‍ വിശദീകരിക്കണം. തൃണമൂല്‍ മുന്നോട്ടുവയ്ക്കുന്ന 'പരിവര്‍ത്തനം' ബംഗാളിനെ പുരോഗതിയില്‍നിന്ന് തിരിച്ചുനടത്തും. 11 ലക്ഷം ഏക്കര്‍ ഭൂമി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുകയും 15 ലക്ഷം പങ്കു കര്‍ഷകര്‍ക്ക് ഭൂമിയില്‍ അവകാശം നല്‍കുകയും ചെയ്ത ഭൂപരിഷ്കരണം അട്ടിമറിക്കും. പഴയ ഭൂപ്രഭുത്വം തിരിച്ചെത്തും. 1971-77 കാലത്തെ അരാജകത്വവും അക്രമവും വീണ്ടുമുണ്ടാകും. ബംഗാളില്‍ നിലനില്‍ക്കുന്ന സാമുദായിക സൌഹാര്‍ദത്തിനും മതനിരപേക്ഷ അന്തരീക്ഷത്തിനും വലിയ അപകടമുണ്ടാകും. വര്‍ഗീയത വളരാന്‍ ഇതിടയാക്കും. കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തില്‍ അനൌദ്യോഗികമായി ചില സഖ്യകക്ഷികളുണ്ട്. മാവോയിസ്റ്-തൃണമൂല്‍ സഖ്യം പരസ്യമാണ്. രാജ്യം നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ ഭീഷണി മാവോയിസ്റുകളില്‍നിന്നാണെന്ന് യുപിഎ സര്‍ക്കാര്‍ പറയുന്നു. ഈ സര്‍ക്കാരില്‍ അംഗമായ തൃണമൂല്‍ കോണ്‍ഗ്രസ് പരസ്യമായി മാവോയിസ്റുകളെ സഹായിക്കുന്നു. ഇക്കാര്യത്തില്‍ എന്താണ് കോണ്‍ഗ്രസ് നിലപാട്?

ഡാര്‍ജിലിങ്ങില്‍ വിഘടനവാദശക്തികളായ ജിജെഎമ്മുമായി തൃണമൂല്‍ സഖ്യത്തിലാണ്. ഇത് പശ്ചിമബംഗാളില്‍ അരാജകത്വവും അക്രമവും തിരികെക്കൊണ്ടുവരും. കേന്ദ്രം നല്‍കുന്ന പണം കേരളവും പശ്ചിമബംഗാളും വേണ്ടവിധം ചെലവഴിക്കുന്നില്ലെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പരാമര്‍ശം ഫെഡറല്‍ തത്വങ്ങള്‍ക്കും ഭരണഘടനയ്ക്കുമെതിരാണ്. കേന്ദ്രം തരുന്ന പണം ആരുടെയെങ്കിലും സ്വകാര്യ സ്വത്തല്ല. അത് സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. അത് എങ്ങനെ ചെലവഴിക്കണമെന്നത് സംസ്ഥാനങ്ങള്‍ തീരുമാനിക്കും. അതില്‍ കൈകടത്തരുത്. നികുതി, വിഭവങ്ങള്‍ എന്നിവയുടെ പകുതി സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. അത് പൂര്‍ണമായി കേന്ദ്രം തരണമെന്നാണ് സിപിഐ എം നിലപാടെന്ന് കാരാട്ട് പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി ബിമന്‍ ബസുവും പങ്കെടുത്തു.
(വി ജയിന്‍)

ദേശാ‍ഭിമാനി 220411

1 comment:

  1. പശ്ചിമബംഗാളില്‍ രണ്ടാംഘട്ടം വോട്ടെടുപ്പിനുള്ള പ്രചാരണം വ്യാഴാഴ്ച സമാപിച്ചു. മൂര്‍ഷിദാബാദ്, നാദിയ, ബിര്‍ഭും ജില്ലകളിലെ 50 മണ്ഡലങ്ങളാണ് ശനിയാഴ്ച വോട്ടെടുപ്പ്. 27 സ്ത്രീകളടക്കം 293 സ്ഥാനാര്‍ഥികളുടെ ജനവിധി നിര്‍ണയിക്കാന്‍ 9,333,523 വോട്ടര്‍മാര്‍ ബൂത്തിലെത്തും. 11,532 പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സിപിഐ എം നേതാക്കളായ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യം തെരഞ്ഞെടുപ്പു പ്രചാരണത്തിന് വീറും വാശിയും പകര്‍ന്നു. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസുവും പ്രചാരണത്തിനു നേതൃത്വം നല്‍കി. ഇടതുമുന്നണി സംഘടിപ്പിച്ച റാലികളില്‍ പതിനായിരങ്ങളാണ് ഓരോ കേന്ദ്രത്തിലും പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ബിജെപി നേതാവ് എല്‍ കെ അദ്വാനിയും രണ്ടാംഘട്ടം വോട്ടെടുപ്പ് നടക്കുന്ന മേഖലയില്‍ പ്രചാരണം നടത്തി.

    ReplyDelete