Friday, April 29, 2011

തപാല്‍ കോര്‍ ബാങ്കിങ്ങിലേക്ക് പണമിടപാടിന് എടിഎം

കേരളത്തിലെ തപാല്‍മേഖലയെ കോര്‍ ബാങ്കിങ് സംവിധാനത്തിലൂടെ കോര്‍ത്തിണക്കും. ആദ്യഘട്ടം 160 തപാല്‍ ഓഫീസുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഇതിന്റെ ഭാഗമായി ഗ്രാമീണ മേഖലയിലടക്കമുള്ള പോസ്റ് ഓഫീസുകളുടെ കംപ്യൂട്ടര്‍വല്‍ക്കരണം പുരോഗമിക്കുന്നു. ഈ വര്‍ഷം ഇത് പൂര്‍ത്തിയാകും. പോസ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൌണ്ടുള്ളവര്‍ക്ക് സംവിധാനത്തിന്റെ പ്രയോജനം ലഭിക്കും. ഇവര്‍ക്ക് എടിഎം കാര്‍ഡും ലഭ്യമാക്കും. 1000 എടിഎമ്മും സ്ഥാപിക്കും. 20 മാസത്തിനകം പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യം. തുടര്‍ന്ന് ഇതര പോസ്റ് ഓഫീസുകളിലേക്കും വ്യാപിപ്പിക്കും.

ആദ്യഘട്ടം രാജ്യത്ത് 4000 പോസ്റ് ഓഫീസ് കോര്‍ ബാങ്കിങ് സംവിധാനത്തില്‍ കൊണ്ടുവരുന്നു. കേരള പോസ്റല്‍ സര്‍ക്കിളില്‍ 51 ഹെഡ് പോസ്റ് ഓഫീസ് ഉള്‍പ്പെടെ കോര്‍ ബാങ്കിങ്ങില്‍ ഉള്‍പ്പെടുത്തേണ്ട കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കി. സേവിങ്സ് ബാങ്ക് അക്കൌണ്ടുകളുടെ എണ്ണത്തിന്റെയും പണമിടപാടിന്റെയും അടിസ്ഥാനത്തിലാണ് സബ് പോസ്റ് ഓഫീസുകള്‍ തെരഞ്ഞെടുത്തത്. പദ്ധതിയുടെ സോഫ്റ്റ്വെയര്‍ തയ്യാറാക്കാന്‍ സ്ഥാപനത്തെ തെരഞ്ഞെടുക്കുന്നതിനു നടപടി തുടങ്ങി. എടിഎം സൌകര്യത്തിനുപുറമെ ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് സംവിധാനവും തപാല്‍ ഓഫീസ് ഇടപാടുകാര്‍ക്ക് ലഭ്യമാകും. ഡെബിറ്റ് കാര്‍ഡ് സൌകര്യവും പരിഗണനയിലാണ്. സംസ്ഥാനതലത്തില്‍ സര്‍ക്കിള്‍ പ്രോസസിങ് സെന്ററും ആരംഭിക്കും. കോള്‍ സെന്റര്‍ സംവിധാനം ഏര്‍പ്പെടുത്താനും ആലോചിക്കുന്നു.

കേരളത്തിലെ 5068 പോസ്റ് ഓഫീസുകളിലായി 1,01,36,389 സേവിങ്സ് ബാങ്ക് അക്കൌണ്ടുണ്ട്. പണമിടപാടുകളുടെ മൂന്നിലൊന്ന് തപാല്‍ ഓഫീസുകള്‍ കൈകാര്യംചെയ്യുന്നു. 2014 ആവുമ്പോഴേക്കും പണമിടപാടിന്റെ 50 ശതമാനം കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ആധുനികവല്‍ക്കരണം തുടങ്ങിയത്. നിലവില്‍ ഇ - മണിയോര്‍ഡര്‍, ഇന്റര്‍നാഷണല്‍ മണി ട്രാന്‍സ്ഫര്‍ തുടങ്ങിയ രംഗത്ത് സംസ്ഥാനം രണ്ടാമതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപദ്ധതി ആനുകൂല്യവിതരണം, മൈക്രോ ഫിനാന്‍സ് പദ്ധതികള്‍ തുടങ്ങിയ രംഗത്തേക്കും തപാല്‍ വകുപ്പിന്റെ സേവനം വ്യാപിപ്പിക്കും. പട്ടിക വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ സഹായധനം തപാല്‍ ഓഫീസ് വഴി വിതരണംചെയ്യാന്‍ ധാരണയായി. പട്ടികവിഭാഗ ക്ഷേമവകുപ്പ് നടപ്പാക്കുന്ന ഭവന പദ്ധതി സഹായം, ക്ഷേമ ആനുകൂല്യങ്ങള്‍ എന്നിവ പോസ്റ് ഓഫീസ് സേവിങ്സ് സംവിധാനം വഴി വിതരണംചെയ്യും. മദ്രസ അധ്യാപകരുടെ ക്ഷേമപെന്‍ഷന്‍ പോസ്റ് ഓഫീസ് വഴി വിതരണംചെയ്യും. കോഴിക്കോട് ജില്ലാ സഹകരണ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി. 75000 സേവിങ്സ് ബാങ്ക് അക്കൌണ്ട് തുറക്കും. 101 അക്കൌണ്ട് ആരംഭിച്ചിട്ടുണ്ട്. ഒരിടപാടിന് അഞ്ചുരൂപ നിരക്കില്‍ പ്രതിഫലം ഈടാക്കിയാണ് സേവനം ലഭ്യമാക്കുന്നത്. വസ്തുനികുതി അടക്കം സര്‍ക്കാരിനായി നികുതി സ്വീകരിക്കുന്നതും തപാല്‍വകുപ്പിന്റെ പരിഗണനയിലാണ്.
(ജി രാജേഷ്കുമാര്‍)

ദേശാഭിമാനി 290411

1 comment:

  1. കേരളത്തിലെ തപാല്‍മേഖലയെ കോര്‍ ബാങ്കിങ് സംവിധാനത്തിലൂടെ കോര്‍ത്തിണക്കും. ആദ്യഘട്ടം 160 തപാല്‍ ഓഫീസുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഇതിന്റെ ഭാഗമായി ഗ്രാമീണ മേഖലയിലടക്കമുള്ള പോസ്റ് ഓഫീസുകളുടെ കംപ്യൂട്ടര്‍വല്‍ക്കരണം പുരോഗമിക്കുന്നു. ഈ വര്‍ഷം ഇത് പൂര്‍ത്തിയാകും. പോസ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൌണ്ടുള്ളവര്‍ക്ക് സംവിധാനത്തിന്റെ പ്രയോജനം ലഭിക്കും. ഇവര്‍ക്ക് എടിഎം കാര്‍ഡും ലഭ്യമാക്കും. 1000 എടിഎമ്മും സ്ഥാപിക്കും. 20 മാസത്തിനകം പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യം. തുടര്‍ന്ന് ഇതര പോസ്റ് ഓഫീസുകളിലേക്കും വ്യാപിപ്പിക്കും.

    ReplyDelete