Wednesday, April 27, 2011

അരാഷ്ട്രീയതകൊണ്ട് അഴിമതി അവസാനിപ്പിക്കാനാകില്ല: പിണറായി

അരാഷ്ട്രീയത കൊണ്ട് അഴിമതി അവസാനിപ്പിക്കാമെന്ന് കരുതുന്നത് മൌഢ്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംഘടിപ്പിച്ച വര്‍ക്കല രാധാകൃഷ്ണന്‍ അനുസ്മരണവും 'വര്‍ത്തമാനകാല ഇന്ത്യയും ലോക്പാല്‍ ബില്ലും' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

അരാഷ്ട്രീയമായ ചില കാര്യങ്ങള്‍ വരുമ്പോള്‍ അത് പരമയോഗ്യമാണെന്നു ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ക്കു പിന്നില്‍ വ്യക്തമായ അജന്‍ഡകളുണ്ട്. അത് അപകടമുണ്ടാക്കും. വ്യക്തമായ രാഷ്ട്രീയ നിലപാടോടെ വേണം ഓരോ വിഷയത്തെയും സമീപിക്കാന്‍. വര്‍ത്തമാനകാല ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യേകത അഴിമതി ഊഹിക്കുന്നതിലും അപ്പുറമെത്തി നില്‍ക്കുന്നുവെന്നതാണ്. രാജ്യത്ത് ഇതേവരെയുണ്ടായ എല്ലാ അഴിമതിയും ഒന്നിച്ചുവച്ചാലും അതില്‍ കൂടുതല്‍ തുകയുടെ അഴിമതിയാണ് 2ജി സ്പെക്ട്രം ഇടപാടില്‍ നടന്നത്. ഒരു പ്രധാനമന്ത്രിക്കും കേള്‍ക്കേണ്ടി വന്നിട്ടില്ലാത്ത വിമര്‍ശമാണ് ഈ വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിന്നു മന്‍മോഹന്‍സിങ്ങിനുകേള്‍ക്കേണ്ടി വന്നത്. പ്രധാനമന്ത്രിയെ നിശ്ശബ്ദനാക്കിയ ശക്തി ഏതാണ്? ഇതിന് തൊട്ടുപിന്നാലെയാണ് രണ്ടു ലക്ഷം കോടി രൂപയുടെ എസ് ബാന്‍ഡ് അഴിമതി നടന്നത്. ആഗോളവല്‍ക്കരണ നയത്തിന്റെ ഭാഗമായി നടപ്പാക്കിയ ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നടപടികള്‍ അഴിമതി വന്‍തോതില്‍ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം സൃഷ്ടിച്ചതുകൊണ്ടാണ് ഈ അവസ്ഥയുണ്ടായത്. ആദര്‍ശ് ഫ്ളാറ്റ് അഴിമതിയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് രാജിവയ്ക്കേണ്ടി വന്നെങ്കിലും ആക്കാലയളവില്‍ മുഖ്യമന്ത്രിയായിരുന്നവര്‍ ഇപ്പോഴും കേന്ദ്രമന്ത്രിമാരായി തുടരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ സുരേഷ് കല്‍മാഡിയെ അറസ്റുചെയ്തെങ്കിലും ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ ഇന്ത്യ അപമാനിതമായി.

നീര റാഡിയ ടേപ്പിലൂടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. മന്ത്രിമാര്‍ ആരായിരിക്കണമെന്ന് ഉള്‍പ്പെടെയുള്ള ചര്‍ച്ചകളാണ് ചില മാധ്യമ പ്രധാനികള്‍ ഉള്‍പ്പെടെയുള്ള കൂട്ടുകമ്പനി ചര്‍ച്ച ചെയ്തത്. പിന്നീടാണ് അമേരിക്കന്‍ സാമ്രാജ്യത്വമാണ് മന്ത്രിമാരെ നിശ്ചയിക്കുന്നതെന്ന വിക്കീലിക്സ് വെളിപ്പെടുത്തല്‍ ഉണ്ടായത്. അമേരിക്കയ്ക്ക് നീരസം വന്നപ്പോള്‍ മണിശങ്കര്‍ അയ്യരെ മാറ്റി അവര്‍ക്ക് പ്രിയങ്കരനായ ദേവ്റയെ മന്ത്രിയാക്കി.

ഈ അഴിമതി പരമ്പരകള്‍ക്കും അമേരിക്കന്‍ ഇടപെടലുകള്‍ക്കുമെതിരെ അതിശക്തമായ നിലപാടു സ്വീകരിച്ചത് ഇടതുപക്ഷം മാത്രമാണ്. എന്നാല്‍, ആശ്ചര്യകരമായ നിലപാടാണ് ഇത്തരം അവസരങ്ങളില്‍ ദേശീയ മാധ്യമങ്ങള്‍ സ്വീകരിച്ചത്. വാര്‍ത്തകള്‍ പൂഴ്ത്തുകയോ ഒതുക്കുകയോ ചെയ്തു. കോര്‍പറേറ്റുകളുടെ സ്വാധീനം ഏതെല്ലാം മേഖലയില്‍ എത്തുന്നു എന്നാണ് ഇതുകാണിക്കുന്നത്.

ഈ ഘട്ടത്തില്‍ അണ്ണ ഹസാരെ ലോക്പാല്‍ ബില്‍ എന്ന ആവശ്യമുയര്‍ത്തിയപ്പോള്‍ അത് വലിയ വിഷയമായി ഉയര്‍ന്നു. 1969ല്‍ മൊറാര്‍ജി ദേശായി അധ്യക്ഷനായ ഭരണപരിഷ്കാര സമിതിയാണ് ഇത്തരം ബില്ലിന് ശുപാര്‍ശ ചെയ്തത്. പിന്നീട് 1996ല്‍ ദേവഗൌഡ പ്രധാനമന്ത്രിയായപ്പോള്‍ ഇടതുപക്ഷം ശക്തമായി ഈ വിഷയം ഉന്നയിച്ചു. തുടര്‍ന്നു വന്ന ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. എന്നാല്‍, പിന്നീട് ഒന്നാം യുപിഎ സര്‍ക്കാറിനെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി പൊതുമിനിമം പരിപാടി തയ്യാറാക്കിയപ്പോള്‍ ഇടതുപക്ഷത്തിന്റെ ആവശ്യപ്രകാരം ലോക്പാല്‍ ബില്ലും ഉള്‍പ്പെടുത്തുകയും പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ചെയ്തു. പക്ഷേ, ഇതൊന്നും പൂര്‍ത്തിയായില്ല. ഇടതുപക്ഷം ഈ ആവശ്യമുന്നയിച്ചപ്പോള്‍ കണ്ടില്ലെന്നു നടിച്ചവര്‍ അണ്ണ ഹസാരെ ഇതേ വിഷയമെടുത്തപ്പോള്‍ വന്‍പ്രാധാന്യം നല്‍കി. ഗാന്ധിയന്‍ എന്ന നിലയില്‍ എല്ലാ ജനങ്ങളും പിന്തുണച്ചു. എന്നാല്‍, പിന്നീട് അണ്ണ ഹസാരെയുടെ നിലപാടുകള്‍ ഞെട്ടലുളവാക്കി. ഗാന്ധിയന് ചേരാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് അദ്ദേഹത്തിനു പരമപുച്ഛമാണ്. ഗ്രാമീണ വികസനത്തിന്റെ നല്ല മാതൃക നരേന്ദ്രമോഡിയെന്നു പറയുന്നു. ഇത്തരം നിലപാടുകള്‍ എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ലെന്നും പിണറായി പറഞ്ഞു.

ദേശാഭിമാനി 270411

1 comment:

  1. അരാഷ്ട്രീയമായ ചില കാര്യങ്ങള്‍ വരുമ്പോള്‍ അത് പരമയോഗ്യമാണെന്നു ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ക്കു പിന്നില്‍ വ്യക്തമായ അജന്‍ഡകളുണ്ട്. അത് അപകടമുണ്ടാക്കും. വ്യക്തമായ രാഷ്ട്രീയ നിലപാടോടെ വേണം ഓരോ വിഷയത്തെയും സമീപിക്കാന്‍. വര്‍ത്തമാനകാല ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യേകത അഴിമതി ഊഹിക്കുന്നതിലും അപ്പുറമെത്തി നില്‍ക്കുന്നുവെന്നതാണ്.

    ReplyDelete