Friday, April 22, 2011

പരിസ്ഥിതിക്കും കാലാവസ്ഥാ വ്യതിയാനത്തിനും പ്രത്യേക വകുപ്പ് നിലവില്‍ വന്നു

കല്‍പറ്റ: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇതിനായി മാത്രം പ്രത്യേക വകുപ്പ് സംസ്ഥാനത്ത് നിലവില്‍ വന്നു. ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി വകുപ്പില്‍ നിന്ന് പരിസ്ഥിതി വേര്‍പെടുത്തിയാണ് പുതിയ വകുപ്പ്. പരിസ്ഥിതി വകുപ്പിന് കീഴില്‍ സ്ഥാപിക്കുന്ന പരിസ്ഥിതി മാനേജ്‌മെന്റ് ഏജന്‍സിയിലേക്കായി 19 തസ്തികയും സര്‍ക്കാര്‍ അനുവദിച്ചു. ഡയറക്ടര്‍, പരിസ്ഥിതി പ്രോഗ്രാം മാനേജര്‍മാര്‍, പരിസ്ഥിതി ശാസ്ത്രജ്ഞര്‍, പരിസ്ഥിതി ഓഫീസര്‍, അസിസ്റ്റന്റ് പരിസ്ഥിതി ഓഫീസര്‍, ഫിനാന്‍സ് ഓഫീസര്‍, ഹെഡ് അക്കൗണ്ടന്റ്, യു ഡി-എല്‍ ഡി ക്ലര്‍ക്ക്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ്, പ്യൂണ്‍, ഡ്രൈവര്‍ തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്.
പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിയമനം നടത്തും വരെ ഈ തസ്തികകളിലെല്ലാം പുനര്‍വിന്യാസത്തിലൂടെയോ ഡെപ്യൂട്ടേഷനിലോ നിയമനം നടത്തും.

സംസ്ഥാന തലത്തിലുള്ള പരിസ്ഥിതി വികസന പദ്ധതികള്‍ ഏറ്റെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഏജന്‍സിയായി പുതിയ വകുപ്പ് പ്രവര്‍ത്തിക്കും. പരിസ്ഥിതി രംഗത്തും കാലാവസ്ഥാ വ്യതിയാനത്തിലും പ്ലാന്‍, നോണ്‍ പ്ലാന്‍ പദ്ധതികള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്നിവ ഏറ്റെടുത്തു നടത്തുക പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പായിരിക്കും. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ദേശീയ പദ്ധതികളുടെ നടത്തിപ്പ് ചുമതലയും പുതിയ വകുപ്പിനാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും മേല്‍നോട്ട ചുമതല ഇനി പരിസ്ഥിതി വകുപ്പിനായിരിക്കും. പരിസ്ഥിതിക്ക് ഭംഗം വരുത്തുന്നതുമായി ബന്ധപ്പെട്ട പരാതികളില്‍ അന്വേഷണം നടത്താനും നടപടി സ്വീകരിക്കാനുമുള്ള ഉത്തരവാദിത്തവും ഈ വകുപ്പിനാണ്. സംസ്ഥാന സര്‍ക്കാറിന്റെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിശോധിക്കാനുള്ള അധികാരവും വകുപ്പിനുണ്ട്. സര്‍ക്കാര്‍-സര്‍ക്കാറിതര ഏജന്‍സികള്‍ എന്നിവയുടെ പരിസ്ഥിതി അനുബന്ധ കരടു നിര്‍ദേശങ്ങള്‍ സൂക്ഷ്മപരിശോധന നടത്താനുള്ള അധികാരവും പരിസ്ഥിതി വകുപ്പില്‍ നിക്ഷിപ്തമാവും. പ്രാദേശിക സര്‍ക്കാറുകളുടെ ശാസ്ത്ര-സാങ്കേതിക മേഖലകളിലെ ഇടപെടലും പുതിയ വകുപ്പിന്റെ പരിശോധനക്ക് വിധേയമാവും. വിവിധ വകുപ്പുകള്‍ മുഖേനയുള്ള കാലാവസ്ഥാ വ്യതിയാനം-പരിസ്ഥിതി സംബന്ധിയായ പ്രോജക്ടുകളുടെ നടത്തിപ്പില്‍ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുകയും ഈ വകുപ്പായിരിക്കും.

സ്വതന്ത്ര സ്വത്ത് നികുതി നിര്‍ണയ ബോര്‍ഡ് രൂപീകരിക്കും


കല്‍പറ്റ: സംസ്ഥാനത്ത്  സ്വതന്ത്ര സ്വത്ത് നികുതി ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ അനുമതിയായി. 13-ാം ധനകാര്യ കമ്മീഷന്റെ മുഖ്യശുപാര്‍ശകളിലൊന്നാണ് സ്വതന്ത്ര സ്വത്തുനികുതി നിര്‍ണയ ബോര്‍ഡ് വേണമെന്നത്. നിലവിലെ സ്വത്ത് നികുതി സമ്പ്രദായം പുനഃപരിശോധിക്കുന്നതിനും പുതിയ മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും നിശ്ചയിക്കുന്നതിനുമുള്ള അധികാരത്തോടെയാവും സ്വതന്ത്ര സ്വത്ത് നികുതി ബോര്‍ഡ് നിലവില്‍ വരിക. സുതാര്യമായ നടപടിക്രമങ്ങളിലൂടെ വ്യക്തികളുടെ സ്വത്ത് നിര്‍ണയിക്കാനും പ്രാദേശിക തലത്തില്‍ പോലും പരിശോധിക്കാനുമുള്ള അധികാരം ബോര്‍ഡിനുണ്ടാവും. കാലാകാലങ്ങളില്‍ മാനദണ്ഡങ്ങള്‍ പുതുക്കി ഗവണ്മെന്റിന് സമര്‍പ്പിക്കാനുള്ള അധികാരങ്ങളും ബോര്‍ഡില്‍ നിക്ഷിപ്തമാവും.

നാല് അംഗങ്ങളുള്ള സ്വതന്ത്ര സ്വത്ത് നികുതി ബോര്‍ഡിന്റെ ചെയര്‍മാന്‍ ഗവണ്മെന്റ് സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥനായിരിക്കും. പഞ്ചായത്ത് ഡയറക്ടര്‍, നഗര വികസന ഡയറക്ടര്‍ എന്നിവര്‍ ബോര്‍ഡിലെ ഔദ്യോഗിക അംഗങ്ങളും എന്‍ജിനീയറിംഗ് രംഗത്തെ ഒരു വിദഗ്ധന്‍ അനൗദ്യോഗിക അംഗവുമായിരിക്കും. അഞ്ച് വര്‍ഷമാണ് ബോര്‍ഡിന്റെ കാലാവധി. നിലവില്‍ ത്രിതല പഞ്ചായത്ത് തലത്തിലാണ് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വത്തുക്കള്‍ നിര്‍ണയിക്കുന്നതും നികുതി നിശ്ചയിച്ച് ഈടാക്കുന്നതും. വീട് അടക്കമുള്ള കെട്ടിടങ്ങളുടെ നികുതി നിര്‍ണയിക്കുന്ന നിലവിലെ രീതിയില്‍ അശാസ്ത്രീയതയുണ്ടെന്നാണ് വിലയിരുത്തല്‍.

janayugom 220411

1 comment:

  1. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇതിനായി മാത്രം പ്രത്യേക വകുപ്പ് സംസ്ഥാനത്ത് നിലവില്‍ വന്നു. ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി വകുപ്പില്‍ നിന്ന് പരിസ്ഥിതി വേര്‍പെടുത്തിയാണ് പുതിയ വകുപ്പ്. പരിസ്ഥിതി വകുപ്പിന് കീഴില്‍ സ്ഥാപിക്കുന്ന പരിസ്ഥിതി മാനേജ്‌മെന്റ് ഏജന്‍സിയിലേക്കായി 19 തസ്തികയും സര്‍ക്കാര്‍ അനുവദിച്ചു. ഡയറക്ടര്‍, പരിസ്ഥിതി പ്രോഗ്രാം മാനേജര്‍മാര്‍, പരിസ്ഥിതി ശാസ്ത്രജ്ഞര്‍, പരിസ്ഥിതി ഓഫീസര്‍, അസിസ്റ്റന്റ് പരിസ്ഥിതി ഓഫീസര്‍, ഫിനാന്‍സ് ഓഫീസര്‍, ഹെഡ് അക്കൗണ്ടന്റ്, യു ഡി-എല്‍ ഡി ക്ലര്‍ക്ക്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ടൈപ്പിസ്റ്റ്, പ്യൂണ്‍, ഡ്രൈവര്‍ തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്.
    പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിയമനം നടത്തും വരെ ഈ തസ്തികകളിലെല്ലാം പുനര്‍വിന്യാസത്തിലൂടെയോ ഡെപ്യൂട്ടേഷനിലോ നിയമനം നടത്തും.

    ReplyDelete