Saturday, April 30, 2011

മതികെട്ടാന്‍ ചോലയില്‍ പുതിയ സസ്യം കണ്ടെത്തി

കോട്ടയം: എം ജി  സര്‍വകലാശാലയുടെ പരിസ്ഥിതി ശാസ്ത്ര വിഭാഗം അന്താരാഷ്ട്ര ജൈവെവെവിധ്യ വര്‍ഷത്തില്‍ ലോകത്തിലെ പ്രമുഖ ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടായ പശ്ചിമഘട്ടത്തിലെ മതികെട്ടാന്‍ചോല ദേശീയോദ്യാനത്തില്‍ നിന്നും പുതിയ ഇനം ചെടിയെ കെണ്ടത്തി. പരിസ്ഥിതിപഠന വിഭാഗം റീഡറായിരുന്ന അന്തരിച്ച ഡോ. ആര്‍ സതീഷിന്റെ സമഗ്ര സംഭാവനകളെ മാനിച്ച് പുതിയ ചെടിക്ക് മുര്‍ഡാനിയ സതീഷിയാന എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഇതുസംബന്ധിച്ച ശാസ്ത്ര വിശദാംശങ്ങള്‍‘ഫൈറ്റോടാക്‌സാ’ എന്ന അന്തര്‍ദ്ദേശീയ ഗവേഷണ ജേര്‍ണലിന്റെ 22-ാം വാല്യത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊമലിനേസിയേ എന്ന സസ്യകുടുംബത്തിലെ മുര്‍ഡാനിയ എന്ന ജനുസ്സില്‍പ്പെട്ടതാണ് സ്വര്‍ണനിറത്തിലുള്ള പൂക്കളുണ്ടാകുന്ന ഈ ചെടി. നീലയും മഞ്ഞയും നിറങ്ങളുള്ള പൂക്കളുള്ള മുര്‍ഡാനിയ ജനുസ്സില്‍ 26 സ്പീഷീസുകള്‍ ഇന്ത്യയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. അവയില്‍ തന്നെ മുര്‍ഡാനിയ സതീഷിയാന ഉള്‍പ്പെടെ 19 എണ്ണം പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്നു. ചെടിയുടെ വലുപ്പം, പൂക്കള്‍, വിത്ത് എന്നിവയില്‍ വളരെയധികം വ്യത്യസ്തത പുലര്‍ത്തുന്ന’മുര്‍ഡാനിയ സതീഷിയാന 10 സെന്റീമീറ്റര്‍ മാത്രം ഉയരം വയ്ക്കുന്ന ഓഷധിയാണ്.

അമേരിക്കയിലെ സ്മിത്ത്‌സോണിയന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ സസ്യശാസ്ത്രജ്ഞനായ ഡോ. റോബര്‍ട്ട് ബി. ഫാഡന്‍, ഇംഗ്ലണ്ടിലെ ക്യൂ ബൊട്ടാണിക് ഗാര്‍ഡന്‍ പ്രഫ. ഡോ. മാര്‍ക്ക് ചേയ്‌സ് എന്നിവരാണ് ഇതിന്റെ ശാസ്ത്രീയത സ്ഥിരീകരിച്ചത്.

എം ജി സര്‍വകലാശാല പരിസ്ഥിതി ശാസ്ത്രപഠന വിഭാഗത്തിലെ ജോബി പോള്‍, രമേശന്‍ എം, ടോംസ് അഗസ്റ്റിന്‍, ഡോ. ശങ്കരനുണ്ണി (ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍), റോജിമോന്‍ പി. തോമസ് (സി എം എസ് കോളജ്, കോട്ടയം), നിഷ പി (പ്രൊവിഡന്‍സ് വനിതാ കോളജ്, കോഴിക്കോട്) എന്നിവരുള്‍പ്പെടുന്ന ഗവേഷക സംഘമാണ് ഈ സസ്യത്തെ കണ്ടെത്തിയത്. ഡോ. ഇ വി രാമസ്വാമി (ഡയറക്ടര്‍, പരിസ്ഥിതി ശാസ്ത്ര വിഭാഗം) ഡോ. എ പി തോമസ് (ഡയറക്ടര്‍ പരിസ്ഥിതി ശാസ്ത്ര സുസ്ഥിര പഠനവിഭാഗം) എന്നിവര്‍ ഗവേഷണത്തിന് നേതൃത്വം നല്‍കി. കേരള വനംവകുപ്പിന്റെ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരുടെ അനുമതിയും മറ്റു ഫോറസ്റ്റ് ജീവനക്കാരുടെ സഹായ സഹകരണങ്ങളും ഈ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടായിരുന്നു.

ജനയുഗം 300411

1 comment:

  1. എം ജി സര്‍വകലാശാലയുടെ പരിസ്ഥിതി ശാസ്ത്ര വിഭാഗം അന്താരാഷ്ട്ര ജൈവെവെവിധ്യ വര്‍ഷത്തില്‍ ലോകത്തിലെ പ്രമുഖ ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടായ പശ്ചിമഘട്ടത്തിലെ മതികെട്ടാന്‍ചോല ദേശീയോദ്യാനത്തില്‍ നിന്നും പുതിയ ഇനം ചെടിയെ കെണ്ടത്തി. പരിസ്ഥിതിപഠന വിഭാഗം റീഡറായിരുന്ന അന്തരിച്ച ഡോ. ആര്‍ സതീഷിന്റെ സമഗ്ര സംഭാവനകളെ മാനിച്ച് പുതിയ ചെടിക്ക് മുര്‍ഡാനിയ സതീഷിയാന എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഇതുസംബന്ധിച്ച ശാസ്ത്ര വിശദാംശങ്ങള്‍‘ഫൈറ്റോടാക്‌സാ’ എന്ന അന്തര്‍ദ്ദേശീയ ഗവേഷണ ജേര്‍ണലിന്റെ 22-ാം വാല്യത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    ReplyDelete