Tuesday, April 26, 2011

മകരവിളക്ക് മനുഷ്യനിര്‍മിതമെന്ന് ദേവസ്വം ബോര്‍ഡ്

കൊച്ചി: പൊന്നമ്പലമേട്ടിലെ മകരവിളക്ക് മനുഷ്യനിര്‍മിതമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഈ സാഹചര്യത്തില്‍ മകരവിളക്കിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മകരവിളക്ക് ദൈവികമല്ലെന്നും ആചാരത്തിന്റെ ഭാഗമാണെന്നും ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിന്റെ വെളിച്ചത്തിലാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണനും എസ് എസ് സതീശ്ചന്ദ്രനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. മകരവിളക്ക് മതവിശ്വാസത്തിന്റെ ഭാഗമായതിനാല്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഉത്ഭവത്തെക്കുറിച്ച് ഇക്കാരണത്താല്‍ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. മകരവിളക്ക്, മകരജ്യോതി എന്നിവ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസത്തിന്റെയും ഭാഗമാണെന്നും അതിപുരാതനകാലംമുതലുള്ള ആചാരമാണെന്നും ഇവ ഇതുവരെ ആരും ചോദ്യംചെയ്തിട്ടില്ലെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. ഇതിനായി സര്‍ക്കാര്‍ ഫണ്ടോ മറ്റ് സംവിധാനങ്ങളോ ഉപയോഗിക്കുന്നില്ലെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചു. മകരവിളക്കിന് ഫണ്ട് അനുവദിക്കുന്നില്ലെന്ന് സര്‍ക്കാരും വിശദീകരിച്ചു.

മകരവിളക്ക് തെളിക്കുന്ന പൊന്നമ്പലമേട് പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍പ്പെടുന്ന പ്രദേശമായതിനാല്‍ വനേതര പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ലെന്ന വനംവകുപ്പിന്റെ വാദം കോടതി അംഗീകരിച്ചില്ല. മതപരമായ ആചാരാനുഷ്ഠാനങ്ങളെ വനേതര പ്രവര്‍ത്തനമായി കണക്കാക്കാനാവില്ലെന്നും ഇക്കാരണത്താല്‍ മകരവിളക്ക് തടയാനാവില്ലെന്നും കോടതി പറഞ്ഞു. പൊലീസും വനവും അടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ മകരവിളക്കിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ സൌകര്യങ്ങള്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. മകരവിളക്ക് തെളിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ഭരണഘടനയുടെ മതേതരതത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് ഭാരതീയ യുക്തിവാദിസംഘം സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതി ഉത്തരവ്. കേസില്‍ എന്‍എസ്എസ്, ശബരിമല അയ്യപ്പസേവാസംഘം എന്നിവരും കക്ഷിചേര്‍ന്നിരുന്നു. തിങ്കളാഴ്ച പ്രത്യേക സിറ്റിങ്ങിലാണ് കേസ് പരിഗണിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം രാജഗോപാലന്‍നായരും ബോര്‍ഡിന്റെ ഉന്നത ഉദ്യോഗസ്ഥരും വനം-പൊലീസ് ഉദ്യോഗസ്ഥരും കോടതിയില്‍ എത്തി. സര്‍ക്കാരിനുവേണ്ടി സീനിയര്‍ ഗവ. പ്ളീഡര്‍ ആര്‍ ലക്ഷ്മിനാരായണന്‍ ഹാജരായി.

തെളിച്ചിരുന്നത് ആദിവാസികള്‍

കൊച്ചി: പൊന്നമ്പലമേട്ടില്‍ ആദിവാസികള്‍ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി തെളിച്ചിരുന്ന മകരവിളക്ക് മറ്റുള്ളവരാണ് ഇപ്പോള്‍ തെളിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തി. ശബരിമലക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് പൊന്നമ്പലമേട്. പുരാതനകാലത്ത് ഇവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നു. അമ്പലമേട്ടില്‍നിന്ന് പമ്പയിലേക്ക് ഒഴുകുന്ന അരുവിയില്‍നിന്നാണ് പൂജയ്ക്ക് വെള്ളം ശേഖരിച്ചിരുന്നത്. പുരാതനകാലത്ത് പൊന്നമ്പലമേട്ടിലെ ക്ഷേത്രത്തില്‍ മകരസംക്രാന്തിസമയത്ത് ആദിവാസികള്‍ പൂജ നടത്തിയിരുന്നു. പിന്നീട് ആദിവാസികളെ കുടിയൊഴിപ്പിച്ചെങ്കിലും തൊഴിലുമായി ബന്ധപ്പെട്ട് പ്രദേശത്ത് വസിച്ചിരുന്നവര്‍ പൂജകള്‍ തുടര്‍ന്ന് നടത്തിവന്നിരുന്നു.

ദേവസ്വം ബോര്‍ഡോ ഉദ്യോഗസ്ഥരോ ഒരിക്കലും മകരവിളക്ക് ദൈവികമോ അമാനുഷികമോ ആണെന്ന വാദം ഉന്നയിച്ചിട്ടില്ലെന്ന് ബോര്‍ഡിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. മകരസംക്രമം ശബരിമലയെയും പൊന്നമ്പലമേടിനെയും സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ള ദിവസമാണ്. അയ്യപ്പന്‍ ജനിച്ചത് മകരസംക്രമ ദിനത്തിലാണെന്നാണ് വിശ്വാസം. ശബരിമലക്ഷേത്രത്തിലെ ദീപാരാധനയും ഈ ദിവസമാണ്. അന്നുതന്നെയാണ് മകരജ്യോതി നക്ഷത്രവും തെളിയുന്നത്. പൊന്നമ്പലമേട്ടില്‍ ദീപാരാധന നടത്താന്‍ ദേവസ്വം ബോര്‍ഡിനെ അനുവദിക്കണമെന്നും വിശ്വാസത്തിന്റെ പവിത്രത ഉറപ്പാക്കി ദീപാരാധന നടത്താനും അനുദിക്കമെന്ന് ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. ദീപാരാധനയ്ക്ക് വനം, പൊലീസ്, റവന്യു, വൈദ്യുതി വകുപ്പുകളുടെ സഹകരണം ഉറപ്പാക്കണമെന്നും പ്രദേശത്ത് അനധികൃതമായ ആളുകളുടെ സാന്നിധ്യം തടയണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.

ദേശാഭിമാനി 260411

1 comment:

  1. പൊന്നമ്പലമേട്ടിലെ മകരവിളക്ക് മനുഷ്യനിര്‍മിതമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഈ സാഹചര്യത്തില്‍ മകരവിളക്കിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മകരവിളക്ക് ദൈവികമല്ലെന്നും ആചാരത്തിന്റെ ഭാഗമാണെന്നും ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിന്റെ വെളിച്ചത്തിലാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണനും എസ് എസ് സതീശ്ചന്ദ്രനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. മകരവിളക്ക് മതവിശ്വാസത്തിന്റെ ഭാഗമായതിനാല്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഉത്ഭവത്തെക്കുറിച്ച് ഇക്കാരണത്താല്‍ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. മകരവിളക്ക്, മകരജ്യോതി എന്നിവ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസത്തിന്റെയും ഭാഗമാണെന്നും അതിപുരാതനകാലംമുതലുള്ള ആചാരമാണെന്നും ഇവ ഇതുവരെ ആരും ചോദ്യംചെയ്തിട്ടില്ലെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. ഇതിനായി സര്‍ക്കാര്‍ ഫണ്ടോ മറ്റ് സംവിധാനങ്ങളോ ഉപയോഗിക്കുന്നില്ലെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചു. മകരവിളക്കിന് ഫണ്ട് അനുവദിക്കുന്നില്ലെന്ന് സര്‍ക്കാരും വിശദീകരിച്ചു.

    ReplyDelete