Thursday, April 28, 2011

പുരൂളിയ ആയുധവര്‍ഷം കേന്ദ്രത്തിന്റെ ഗൂഢാലോചന

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ പുരൂളിയയില്‍ 1995ല്‍ ആയുധം വര്‍ഷിച്ചത് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സഹായത്തോടെയാണെന്ന് സംഭവത്തിന്റെ മുഖ്യആസൂത്രകന്‍ കിംഡേവി വെളിപ്പെടുത്തി. ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. ഇതിന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി റോയും ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സി എംഐ 5ഉം കൂട്ടുനിന്നു. പദ്ധതി പാളിയപ്പോള്‍ ഇന്ത്യയില്‍നിന്ന് രക്ഷപ്പെടാന്‍കേന്ദ്രസര്‍ക്കാര്‍ സഹായിച്ചെന്നും ഒരു കോണ്‍ഗ്രസ് എംപിയുടെ കാറില്‍ നേപ്പാളിലേക്ക് കടന്നാണ് ഇന്ത്യ വിട്ടതെന്നും ഡേവി 'ടൈംസ് നൌ' ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

1995 ഡിസംബര്‍ 17 രാത്രിയിലാണ് ബംഗാളിലെ പുരൂളിയ ജില്ലയിലെ വിവിധഗ്രാമങ്ങളില്‍ ആയുധങ്ങള്‍ വര്‍ഷിച്ചത്. പാകിസ്ഥാനില്‍നിന്ന് വിമാനത്തിലെത്തിയായിരുന്നു ആയുധവര്‍ഷം. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ അതിര്‍ത്തി കടന്ന വിദേശവിമാനത്തെ വ്യോമസേന തടഞ്ഞ് മുംബൈയിലിറക്കി. ബ്രിട്ടീഷ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന പീറ്റര്‍ ബ്ളീച്ചും അഞ്ച് ലാത്വിയന്‍ പൌരന്‍മാരും പിടിയിലായി. എന്നാല്‍, മുഖ്യആസൂത്രകനായ ഡാനിഷ് പൌരന്‍ കിംഡേവി (യഥാര്‍ഥ പേര് നീല്‍സ് ക്രിസ്ത്യന്‍ നീല്‍സ) മുംബൈ വിമാനത്താവളത്തില്‍നിന്ന് അത്ഭുതകരമായി പുറത്തുകടന്ന് പിന്നീട് നേപ്പാള്‍ വഴി രക്ഷപ്പെടുകയുമായിരുന്നു. ഡെന്‍മാര്‍ക്കുമായുള്ള കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം വിചാരണയ്ക്കായി ഇന്ത്യക്ക് വിട്ടുകൊടുത്തേക്കുമെന്ന ഘട്ടത്തിലാണ് ഡേവി പുരുളിയ ആയുധവര്‍ഷത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവിട്ടത്. ഒരു ഭീകരവാദിയായി മുദ്രകുത്തിതന്നെ ഇന്ത്യയിലേക്ക് കടത്താനാണ് ശ്രമിക്കുന്നതെന്ന് ഡേവി പറഞ്ഞു. താന്‍ ഭീകരനല്ല. കമ്യൂണിസ്റ് ഭീകരതയില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. ബംഗാളില്‍ കമ്യൂണിസ്റ് സര്‍ക്കാരിനെതിരെ പൊരുതുന്നവരെ ആയുധവല്‍ക്കരിക്കാനായിരുന്നു ആയുധവര്‍ഷം. അത് നിയമപരമായ പ്രതിരോധമാണെന്നാണ് താന്‍ കരുതുന്നത്. ഇന്ത്യയിലെ ഉന്നതരാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ആയുധം ഇറക്കിയത്. പല എംപിമാര്‍ക്കും നേരിട്ട് പങ്കുണ്ട്.

ബംഗാളിലെ കമ്യൂണിസ്റ് വാഴ്ചയ്ക്കെതിരെ 24 എംപിമാര്‍ ഒപ്പിട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് വിദേശത്തുനിന്ന് ആയുധം ഇറക്കാനുള്ള പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയത്. ബ്രിട്ടീഷ് ഏജന്‍സിയായ എംഐ5 ആണ് റോയെ വിവരം അറിയിച്ചത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ വിമാനത്തിലുണ്ടായിരുന്നു. വിമാനം പാകിസ്ഥാനില്‍നിന്ന് എപ്പോള്‍ അതിര്‍ത്തി കടക്കും, ആരൊക്കെയുണ്ടാകും, വിമാനത്തിലെ ചരക്കെന്ത്, അത് എവിടെ വര്‍ഷിക്കും തുടങ്ങിയ കാര്യങ്ങളൊക്കെ സര്‍ക്കാരിന് അറിയാമായിരുന്നു. ബംഗാളിലെ കമ്യൂണിസ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ദീര്‍ഘനാളായി കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും ശ്രമിക്കുകയായിരുന്നു. രാഷ്ട്രപതി ഭരണത്തിനുവരെ ആലോചിച്ചു. തുടര്‍ന്നാണ് സായുധകലാപം എന്ന ആശയത്തിലേക്ക് എത്തിയത്. വിമാനം രാത്രിയില്‍ അതിര്‍ത്തി കടന്നപ്പോള്‍ റോയുടെ നിര്‍ദേശപ്രകാരം സൈനിക റഡാറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. അതല്ലാതെ പാകിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് വിമാനത്തിന് കടക്കാനാവില്ല. ഒരു എംപിയുമായി ബന്ധപ്പെട്ടാണ് താന്‍ കാര്യങ്ങള്‍ നീക്കിയത്. ഈ എംപി പ്രധാനമന്ത്രി കാര്യാലയവുമായി ബന്ധപ്പെട്ടിരുന്നു. 48 മണിക്കൂറിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദേശം. അതല്ലെങ്കില്‍ തങ്ങള്‍ക്കുവേണ്ടി തുറക്കപ്പെടുന്ന 'ജനാല' അടയ്ക്കുമെന്നും അറിയിച്ചു. പിടിക്കപ്പെട്ടശേഷം മുംബൈ വിമാനത്താവളത്തില്‍നിന്ന് രക്ഷപ്പെടാന്‍ തന്നെ സഹായിച്ചതും കേന്ദ്രസര്‍ക്കാരാണ്. ഡല്‍ഹിയിലെത്തിയ താന്‍ എംപിയുടെ കാറില്‍ ആയുധധാരികളുടെ അകമ്പടിയോടെ നേപ്പാളിലേക്ക് കടക്കുകയായിരുന്നു. എംപിയുടെ പേര് പിന്നീട് വെളിപ്പെടുത്തുമെന്നും ഡേവി അറിയിച്ചു.
(എം പ്രശാന്ത്)

കേന്ദ്രം മറുപടി പറയണം: സിപിഐ എം

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആസൂത്രിത ഗൂഢാലോചന നടന്നതായി വീണ്ടും തെളിയിക്കുന്നതാണ് പുരൂളിയ ആയുധവര്‍ഷത്തിലെ വെളിപ്പെടുത്തലുകളെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പറഞ്ഞു. പുരൂളിയ ആയുധവര്‍ഷത്തെക്കുറിച്ച് അറിയമായിരുന്നിട്ടും എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് പിബി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മുംബൈ വിമാനത്താവളത്തില്‍നിന്ന് കിംഡേവി എങ്ങനെ രക്ഷപ്പെട്ടു എന്നതിന് സര്‍ക്കാര്‍ മറുപടി പറണം. ഡേവി ഡെന്‍മാര്‍ക്കിലുണ്ടെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പേ വിവരം ലഭിച്ചിട്ടും ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടിയില്ല. ആയുധവര്‍ഷ ഇടപാടില്‍ ഏതെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി ബന്ധപ്പെട്ടോയെന്ന ചോദ്യവും ഉയരുകയാണ്. ബംഗാളില്‍ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച ആനന്ദമാര്‍ഗികള്‍ക്കായി നടത്തിയ ആയുധവര്‍ഷത്തിനു പിന്നില്‍ അന്താരാഷ്ട്രതലത്തിലുള്ള ഗൂഢാലോചനയാണ് നടന്നത്. പ്രധാനപ്രതികളായ കിംഡേവിയുടെയും പീറ്റര്‍ ബ്ളീച്ചിന്റെയും വെളിപ്പെടുത്തലുകള്‍ ഇതിന് തെളിവാണ്. ബ്രിട്ടീഷ് ഇന്റലിജന്‍സില്‍നിന്ന് ലഭിച്ച വിവരം കേന്ദ്രം ബംഗാള്‍ സര്‍ക്കാരിനെ അറിയിച്ചില്ല. ആനന്ദമാര്‍ഗികള്‍ വിദേശത്തുനിന്ന് ആയുധം കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി ആഭ്യന്തരമന്ത്രി 1990ല്‍ ലോക്സഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍, വിഷയം ഗൌരവമായി എടുത്തില്ല. ഇന്ത്യയുടെ പരമാധികാരത്തിനു നേരെയുള്ള ഗുരുതരമായ കടന്നുകയറ്റമാണ് പുരൂളിയ ആയുധവര്‍ഷം. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനും ഭരണഘടനയ്ക്കുമെതിരെ ആസൂത്രിതമായ ഗൂഢാലോചനയായി ആയുധവര്‍ഷത്തെ കാണാം. വിവിധ കമ്യൂണിസ്റ് വിരുദ്ധ ശക്തികള്‍ എങ്ങനെയാണ് ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നതിന് ഉദാഹരണമാണ് പുരൂളിയ ആയുധവര്‍ഷം. ഇത്തരം ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്- പിബി പറഞ്ഞു.

പുരൂളിയ ആയുധവര്‍ഷത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച പ്രതിലോമശക്തികള്‍ പുതിയ വേഷത്തില്‍ ഇപ്പോഴും രംഗത്തുണ്ടെന്ന് പശ്ചിമബംഗാള്‍ ഇടതുമുന്നണി ചെയര്‍മാനും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായ ബിമന്‍ബസു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബംഗാളിലെ 19 ജില്ലയും ഇന്ത്യയുടെ ഭാഗമാണ്. അതിനെ മറ്റൊരു രാജ്യമായി കാണുന്ന ശക്തികളാണ് ഈ ഗൂഢാലോചനയെ സഹായിച്ചത്. കമ്യൂണിസ്റ് വിരുദ്ധ തിമിരം ബാധിച്ച് എന്ത് ദേശദ്രോഹ പരിപാടികള്‍ക്കും കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുമെന്നതിന്റെ തെളിവുകൂടിയാണ് പുരൂളിയ ആയുധവര്‍ഷം. പശ്ചിമബംഗാളില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ജനങ്ങളെ പീഡിപ്പിക്കുകയാണെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് 24 എംപിമാര്‍ കേന്ദ്രത്തിന് നിവേദനം നല്‍കിയെന്ന് കേസിലെ പ്രതികള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു. 1991-96 കാലത്ത് പശ്ചിമബംഗാളില്‍നിന്ന് അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ ബാക്കിയുള്ള എംപിമാര്‍ ആരാണെന്നും കേന്ദ്രം വെളിപ്പെടുത്തണം.

ദേശാഭിമാനി 290411

1 comment:

  1. പശ്ചിമ ബംഗാളിലെ പുരൂളിയയില്‍ 1995ല്‍ ആയുധം വര്‍ഷിച്ചത് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സഹായത്തോടെയാണെന്ന് സംഭവത്തിന്റെ മുഖ്യആസൂത്രകന്‍ കിംഡേവി വെളിപ്പെടുത്തി. ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കുകയായിരുന്നു ലക്ഷ്യം. ഇതിന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി റോയും ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സി എംഐ 5ഉം കൂട്ടുനിന്നു. പദ്ധതി പാളിയപ്പോള്‍ ഇന്ത്യയില്‍നിന്ന് രക്ഷപ്പെടാന്‍കേന്ദ്രസര്‍ക്കാര്‍ സഹായിച്ചെന്നും ഒരു കോണ്‍ഗ്രസ് എംപിയുടെ കാറില്‍ നേപ്പാളിലേക്ക് കടന്നാണ് ഇന്ത്യ വിട്ടതെന്നും ഡേവി 'ടൈംസ് നൌ' ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

    ReplyDelete