Monday, April 25, 2011

പദ്ധതി സമീപനരേഖ ഭരണഘടനാവിരുദ്ധം

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖ ഭരണഘടനയുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കുതന്നെ എതിരാണ്. റിപ്പബ്ളിക്കിനെ ജനാധിപത്യ-സോഷ്യലിസ്റ് എന്നീ വിശേഷണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അവതരിപ്പിക്കുന്ന ഭരണഘടനയാണ് നമുക്കുള്ളത്. സ്വതന്ത്ര-പരമാധികാര-മതനിരപേക്ഷ എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ക്കൊപ്പം ജനാധിപത്യ-സോഷ്യലിസ്റ് എന്നീ വിശേഷണങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത് കേവലം അലങ്കാരം എന്ന നിലയ്ക്കല്ല. ജനാധിപത്യ-സോഷ്യലിസ്റ് സങ്കല്‍പ്പങ്ങള്‍ക്ക് നിരക്കാത്തതെന്തും ഭരണഘടനാവിരുദ്ധമാണ് എന്ന നിലയ്ക്കാണ് പ്രിയാംബിളില്‍ത്തന്നെ ആ അടിസ്ഥാനമൂല്യങ്ങളെ എടുത്തുപറഞ്ഞിട്ടുള്ളത്. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി സമീപനരേഖയാകട്ടെ, ഈ രണ്ടു മൂല്യങ്ങള്‍ക്കും കടകവിരുദ്ധമായ ഉള്ളടക്കത്തോടുകൂടിയതാണ്. ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും പുതിയ മാനങ്ങള്‍ കണ്ടെത്തുന്ന പുത്തന്‍ സാമ്പത്തികനയങ്ങള്‍ സംസ്ഥാനങ്ങള്‍ നടപ്പാക്കുന്നതിന്റെ തോത് അനുസരിച്ചുമാത്രമേ, കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തികസഹായം അനുവദിക്കേണ്ടതുള്ളൂ എന്ന് പദ്ധതി സമീപനരേഖ പറയുന്നു. ഇങ്ങനെ നിശ്ചയിക്കാന്‍ ആസൂത്രണകമീഷനോ കേന്ദ്രസര്‍ക്കാരിനോ അധികാരമില്ല. എന്നുമാത്രമല്ല, ഭരണഘടനാവിരുദ്ധംകൂടിയാണ് ആ വ്യവസ്ഥ.

ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ-ആഗോളവല്‍ക്കരണ നയങ്ങള്‍ ഇന്ത്യന്‍ ഭരണഘടനപ്രകാരമുള്ളവയല്ല. ചില രാഷ്ട്രീയപാര്‍ടികള്‍ ആ നയങ്ങളെ അംഗീകരിക്കുന്നു. മറ്റുചില പാര്‍ടികള്‍ നഖശിഖാന്തം എതിര്‍ക്കുന്നു. അംഗീകരിക്കാനെന്നതുപോലെ എതിര്‍ക്കാനും ഭരണഘടനാപരമായി രാഷ്ട്രീയ പാര്‍ടികള്‍ക്ക് അവകാശമുണ്ട് എന്നര്‍ഥം. ഈ നയങ്ങളെ എതിര്‍ക്കുന്ന രാഷ്ട്രീയപാര്‍ടികളോ, അവയുടെ മുന്നണികളോ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്നാല്‍, അത്തരം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രധനസഹായം നിഷേധിക്കാന്‍ പഴുതുനല്‍കുന്നതാണ് ഈ പദ്ധതി സമീപനരേഖ. ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നയങ്ങളെ എതിര്‍ക്കുന്ന രാഷ്ട്രീയപാര്‍ടികളെ ഏതെങ്കിലും സംസ്ഥാനത്ത് ജനങ്ങള്‍ അധികാരത്തിലെത്തിക്കുന്നു എന്നു പറഞ്ഞാല്‍ അതിനര്‍ഥം അത്തരം നയങ്ങള്‍ തങ്ങളുടെ സംസ്ഥാനത്ത് നടപ്പാക്കേണ്ടതില്ല എന്ന് ജനാധിപത്യപരമായി ജനങ്ങള്‍ നിശ്ചയിക്കുന്നു എന്നാണ്. ജനങ്ങള്‍ ഏതു നയത്തെയാണോ തെരഞ്ഞെടുപ്പില്‍ എതിര്‍ത്ത് പരാജയപ്പെടുത്തിയത്, അതേ നയങ്ങള്‍ നടപ്പാക്കിയാലേ കേന്ദ്രസഹായം തുടര്‍ന്ന് നല്‍കൂവെന്ന് വന്നാല്‍ അത് ജനാധിപത്യവിരുദ്ധമാണ്; ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ജനങ്ങള്‍ നിരാകരിച്ച നയങ്ങള്‍ പിന്‍വാതിലിലൂടെ നടപ്പാക്കിയെടുക്കാനുള്ള ജനാധിപത്യവിരുദ്ധ വ്യഗ്രതയെയാണത് കാണിക്കുന്നത്. ആ വഴിക്ക് നടത്തുന്ന ഏതു നീക്കവും ജനാധിപത്യമെന്ന മൂല്യത്തെ പ്രിയാംബിളില്‍ത്തന്നെ ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനക്കെതിരായ നീക്കമായിത്തന്നെവേണം കരുതാന്‍.

ഭരണഘടന നമ്മുടെ റിപ്പബ്ളിക്കിനെ 'സോഷ്യലിസ്റ്' എന്നും വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍ സോഷ്യലിസ്റ് സങ്കല്‍പ്പത്തിന്റെ നേരെ എതിര്‍ദിശയിലേക്കുള്ള നീക്കത്തെ തീവ്രതരമാക്കുന്നതാണ് പന്ത്രണ്ടാം പദ്ധതിയുടെ സമീപനരേഖ എന്നതും നാം കാണേണ്ടതുണ്ട്. സാമൂഹ്യമേഖലയിലടക്കം സമസ്തരംഗങ്ങളിലും സ്വകാര്യവല്‍ക്കരണത്തിന് ആക്കംകൂട്ടുന്നതിനെ സോഷ്യലിസ്റ് സങ്കല്‍പ്പത്തിനു നിരക്കുന്ന പ്രവൃത്തിയായി എങ്ങനെ കണക്കാക്കാനാവും? നേരിട്ടുള്ള വിദേശനിക്ഷപം അനുവദിച്ചിട്ടുള്ള മേഖലകളില്‍ വിദേശനിക്ഷേപ പരിധി ഉയര്‍ത്തുകയും ഇതുവരെ അനുവദിച്ചിട്ടില്ലാത്ത മേഖലകള്‍ വിദേശനിക്ഷേപത്തിനായി അനിയന്ത്രിതമാംവിധം തുറന്നുകൊടുക്കുകയുംചെയ്യുന്ന പ്രവൃത്തി എങ്ങനെ സ്വാശ്രയത്വ സങ്കല്‍പ്പത്തിന് നിരക്കുന്നതാവും? പശ്ചാത്തലസൌകര്യ മേഖലയില്‍ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്കുമാത്രമേ ഇനി പ്രോത്സാഹനമുള്ളൂ. ഈ രീതി സാമൂഹ്യമേഖലയിലേക്കുകൂടി വ്യാപിപ്പിക്കും. ഇങ്ങനെ സമസ്ത മേഖലകളിലും സ്വകാര്യവല്‍ക്കരണത്തെ തീവ്രതരമാക്കുന്ന നടപടികളും ഭരണഘടനയിലെ സോഷ്യലിസ്റ് സങ്കല്‍പ്പവും എങ്ങനെ ഒത്തുപോവും? പശ്ചാത്തലസൌകര്യ വികസനത്തിന് പൂര്‍ണ സ്വകാര്യനിക്ഷേപമോ പൊതു-സ്വകാര്യപങ്കാളിത്ത മാതൃകയോ മതിയത്രെ. അതായത്, സ്വകാര്യമേഖല ഇല്ലാതെ ഒരു രംഗവുമില്ല. അപ്പാള്‍പ്പിന്നെ പൊതുമേഖലയ്ക്ക് ഊന്നല്‍ നല്‍കുക എന്ന നെഹ്റൂവിയന്‍ നയസമീപനമെവിടെപ്പോയി?

വ്യാപാരനയം, കയറ്റുമതിനയം തുടങ്ങിയവയിലൊക്കെ ഉയര്‍ന്നതോതിലുള്ള ഉദാരവല്‍ക്കരണത്തിന്റെ ഡോസ് ചേര്‍ക്കുകയാണ് പുതിയ നയസമീപനരേഖ. ഇപ്പോള്‍തന്നെ, അനിയന്ത്രിതമായ ഇറക്കുമതിയുടെ മലവെള്ളപ്പാച്ചിലിനുനേര്‍ക്ക് കമ്പോളവാതില്‍ തുറന്നുവച്ചിരിക്കുകയാണ് യുപിഎ സര്‍ക്കാര്‍. ഇന്ത്യയില്‍ ആഭ്യന്തരസൌകര്യങ്ങളുപയോഗിച്ച് നിര്‍മിക്കാവുന്നവപോലും വന്‍തോതില്‍ ഇറക്കുമതിചെയ്യുന്നു. ഇത് ഉദാരമാക്കാന്‍വേണ്ടി ഇറക്കുമതിച്ചുങ്കം തുടര്‍ച്ചയായി കുറയ്ക്കുകയും ചില മേഖലകളില്‍ ഇറക്കുമതിച്ചുങ്കമേയില്ല എന്ന സ്ഥിതി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. കയറ്റിറക്കുമതി നയം ആവിഷ്കരിക്കുമ്പോഴും ഇറക്കുമതി നിരോധനപ്പട്ടികയില്‍നിന്ന് കൂടുതല്‍ ഇനങ്ങള്‍ നിയന്ത്രിത ഇറക്കുമതിപ്പട്ടികയിലേക്കും നിയന്ത്രിത ഇറക്കുമതിപ്പട്ടികയില്‍നിന്ന് കൂടുതല്‍ ഇനങ്ങള്‍ നിരുപാധിക ഇറക്കുമതിപ്പട്ടികയിലേക്കും മാറുന്നു. ഇതിന്റെയൊക്കെ ഫലമായി ആഭ്യന്തര കമ്പോളത്തിലേക്ക് വമ്പിച്ചതോതില്‍ ഇറക്കുമതിച്ചരക്കുകള്‍ വന്ന് പ്രളയം സൃഷ്ടിക്കുന്നു. ആഭ്യന്തരവ്യവസായങ്ങളാകട്ടെ, ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പോളം കിട്ടാതെ അടച്ചുപൂട്ടുന്നു. തൊഴിലാളികള്‍ കൂടുതല്‍ കൂടുതലായി തൊഴില്‍രഹിതരാവുന്നു. ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിത്തുടങ്ങിയ തൊണ്ണൂറുകളുടെ തുടക്കത്തില്‍ നരസിംഹറാവുവും മന്‍മോഹന്‍സിങ്ങും ഒക്കെ പറഞ്ഞിരുന്നത്, ആദ്യം ഒന്നു ഞെരുങ്ങേണ്ടിവരുമെങ്കിലും ഈ നയങ്ങളുടെ സദ്ഫലങ്ങള്‍ രണ്ടാം തലമുറ പരിഷ്കരണ ഘട്ടത്തില്‍ കാണാനാവുമെന്നാണ്. ഇപ്പോള്‍ ആ ഘട്ടം സമാപിക്കാറായി. പക്ഷേ, നാം ഇന്ത്യയില്‍ ഇന്ന് കാണുന്നത് കൂട്ട ആത്മഹത്യകളും തൊഴിലില്ലായ്മയും പട്ടിണിയും ഏറിവരുന്നതിന്റെ ദൃശ്യങ്ങളാണ്. ആപത്ത് തിരിച്ചറിഞ്ഞ് ഈ വികലനയങ്ങള്‍ തിരുത്തേണ്ട ഘട്ടമാണിത്. എന്നാല്‍, അതിനു തയ്യാറാവാതെ, വിപല്‍ക്കരമായ നയങ്ങള്‍ കൂടുതല്‍ ശക്തിയായി മുമ്പോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് കാണുന്നത്. അതാണ് പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ സമീപനരേഖയില്‍ പ്രതിഫലിക്കുന്നത്.

ആസൂത്രണകമീഷന്‍ ഉപാധ്യക്ഷനായ മൊണ്ടേക്സിങ് അലുവാലിയ 'ചാരുകസേര ആസൂത്രകന്‍' എന്ന് ഒരിക്കല്‍ ആക്ഷേപിക്കപ്പെട്ടിരുന്നു. യാഥാര്‍ഥ്യങ്ങള്‍ കാണാതെയും ജനജീവിതത്തിന്റെ ദൈന്യാവസ്ഥ കണക്കിലെടുക്കാതെയും ആസൂത്രണം നടത്തുന്നയാള്‍ എന്നാണ് അദ്ദേഹം വിമര്‍ശിക്കപ്പെട്ടത്. ഇത് സത്യമാണെന്ന് പന്ത്രണ്ടാം പദ്ധതി സമീപനരേഖ വ്യക്തമാക്കുന്നുണ്ട്. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് 9.5 ശതമാനം വളര്‍ച്ചനിരക്കാണ് പ്രതീക്ഷിക്കുന്നത് എന്ന് സമീപനരേഖ വ്യക്തമാക്കുന്നു. എന്നാല്‍, ഇത് നേടുന്നതിനുള്ള കര്‍മമാര്‍ഗത്തെക്കുറിച്ച് സൂചനയൊന്നുമില്ല. മഹാഭൂരിപക്ഷംവരുന്ന ജനവിഭാഗത്തെ വിസ്മരിച്ചുകൊണ്ടുള്ള നയസമീപനങ്ങള്‍ക്ക് രാഷ്ട്രത്തെ വളര്‍ച്ചയിലേക്ക് നയിക്കാനാവുന്നതെങ്ങനെയെന്ന കാര്യത്തിലും വിശദീകരണമില്ല. പദ്ധതി സമീപനരേഖ ഭരണഘടനയ്ക്കും അത് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കുമെതിരാവുമ്പോള്‍ അക്കാര്യം ചൂണ്ടിക്കാട്ടി ആസൂത്രണകമീഷനും അതിന്റെ അധ്യക്ഷനായ പ്രധാനമന്ത്രിക്കും എഴുതുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ചെയ്യേണ്ടതായിട്ടുള്ളത്.

ദേശാഭിമാനി 250411

1 comment:

  1. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ സമീപനരേഖ ഭരണഘടനയുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കുതന്നെ എതിരാണ്. റിപ്പബ്ളിക്കിനെ ജനാധിപത്യ-സോഷ്യലിസ്റ് എന്നീ വിശേഷണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അവതരിപ്പിക്കുന്ന ഭരണഘടനയാണ് നമുക്കുള്ളത്. സ്വതന്ത്ര-പരമാധികാര-മതനിരപേക്ഷ എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ക്കൊപ്പം ജനാധിപത്യ-സോഷ്യലിസ്റ് എന്നീ വിശേഷണങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ളത് കേവലം അലങ്കാരം എന്ന നിലയ്ക്കല്ല. ജനാധിപത്യ-സോഷ്യലിസ്റ് സങ്കല്‍പ്പങ്ങള്‍ക്ക് നിരക്കാത്തതെന്തും ഭരണഘടനാവിരുദ്ധമാണ് എന്ന നിലയ്ക്കാണ് പ്രിയാംബിളില്‍ത്തന്നെ ആ അടിസ്ഥാനമൂല്യങ്ങളെ എടുത്തുപറഞ്ഞിട്ടുള്ളത്. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി സമീപനരേഖയാകട്ടെ, ഈ രണ്ടു മൂല്യങ്ങള്‍ക്കും കടകവിരുദ്ധമായ ഉള്ളടക്കത്തോടുകൂടിയതാണ്. ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും സ്വകാര്യവല്‍ക്കരണത്തിന്റെയും പുതിയ മാനങ്ങള്‍ കണ്ടെത്തുന്ന പുത്തന്‍ സാമ്പത്തികനയങ്ങള്‍ സംസ്ഥാനങ്ങള്‍ നടപ്പാക്കുന്നതിന്റെ തോത് അനുസരിച്ചുമാത്രമേ, കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തികസഹായം അനുവദിക്കേണ്ടതുള്ളൂ എന്ന് പദ്ധതി സമീപനരേഖ പറയുന്നു. ഇങ്ങനെ നിശ്ചയിക്കാന്‍ ആസൂത്രണകമീഷനോ കേന്ദ്രസര്‍ക്കാരിനോ അധികാരമില്ല. എന്നുമാത്രമല്ല, ഭരണഘടനാവിരുദ്ധംകൂടിയാണ് ആ വ്യവസ്ഥ.

    ReplyDelete