Friday, April 29, 2011

വിദ്യാഭ്യാസ വകുപ്പിന് എപ്ളസ്

എസ്എസ്എല്‍സി വിജയശതമാനം 91.37

സംസ്ഥാനത്ത് എസ്എസ്എല്‍സിക്ക് 91.37 ശതമാനം വിജയം. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലായി 4,58,559 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 4,18,967 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 5821 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. കഴിഞ്ഞവര്‍ഷം 90.72 ആയിരുന്നു വിജയശതമാനം. ഇത്തവണയും മോഡറേഷനില്ല. 18,823 കുട്ടികള്‍ക്ക് എയോ അതിനുമുകളിലുള്ള ഗ്രേഡോ ലഭിച്ചു. 577 സ്കൂളുകളില്‍ 100 ശതമാനം വിജയമുണ്ട്. പരീക്ഷയ്ക്കിരുന്ന മുഴുവന്‍ കുട്ടികളും ഉന്നതപഠനത്തിന് യോഗ്യത നേടിയ 155 സര്‍ക്കാര്‍ സ്കൂളുണ്ട്. 216 എയ്ഡഡ് സ്കൂളും 206 അണ്‍എയ്ഡഡ് സ്കൂളും 100 ശതമാനം വിജയം നേടി. 2006ല്‍ 33 ശതമാനത്തില്‍ താഴെ വിജയം നേടിയ 107 സ്കൂളുകളില്‍ 29 എണ്ണത്തില്‍ ഇത്തവണ 100 ശതമാനം വിജയമുണ്ട്. വിജയം 50 ശതമാനത്തില്‍ കുറഞ്ഞ ഒരു സ്കൂളുമില്ലെന്ന് മന്ത്രി എം എ ബേബി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിഎച്ച്എസ്സിക്ക് 97.88 ആണ് വിജയശതമാനം. കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 88 ആണ് വിജയശതമാനം. ടിഎച്ച്എസ്എല്‍സിയില്‍ റഗുലര്‍ വിഭാഗത്തില്‍ വിജയശതമാനം 97.88. പിഎസ്എന്‍ വിഭാഗത്തില്‍ 66.66 ശതമാനവും. വിജയശതമാനത്തില്‍ ഏറ്റവും മുന്നില്‍ കോട്ടയം ജില്ലയാണ്. 97.02. തൊട്ടുപിന്നില്‍ കണ്ണൂര്‍- 96.24. തിരുവനന്തപുരമാണ് ഏറ്റവും പിന്നില്‍- 85.93. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലായാണ്. ഇവിടെ 98.36 ആണ് വിജയശതമാനം. ഏറ്റവും കുറവ് പാലക്കാട് വിദ്യാഭ്യാസജില്ലയാണ് -83.74. എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍ കൂടുതലുള്ളത് തൃശൂര്‍ജില്ലയിലാണ്. ഇവിടെ 731 കുട്ടികള്‍ക്ക് എ പ്ലസുണ്ട്. എസ്സി-എസ്ടി വിഭാഗത്തിലും ഉയര്‍ന്ന വിജയശതമാനമുണ്ട്. എസ്സി വിഭാഗത്തില്‍ 82.25, എസ്ടി വിഭാഗത്തില്‍ 80.94, ഒബിസി വിഭാഗത്തില്‍ 91.36 എന്നിങ്ങനെയാണ് വിജയശതമാനം.

രണ്ടുവിഷയത്തിന് ഡി ഗ്രേഡ് ലഭിച്ചിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മെയ് 16 മുതല്‍ 20 വരെ നടക്കും. ജൂണ്‍ ആദ്യവാരം ഇതിന്റെ ഫലപ്രഖ്യാപനവുമുണ്ടാകും. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധന, പുനര്‍മൂല്യനിര്‍ണയം ഫോട്ടോ പകര്‍പ്പ് എന്നിവയ്ക്കായുള്ള അപേക്ഷ മെയ് അഞ്ചിനകം ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസും മെയ് ആറിനുമുമ്പ് അതതു സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നല്‍കണം. വാര്‍ത്താസമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, പരീക്ഷാസെക്രട്ടറി ജോണ്‍സ് വി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിദ്യാഭ്യാസ വകുപ്പിന് എപ്ളസ്

പഠന പ്രവര്‍ത്തനങ്ങളിലും പരീക്ഷാനടത്തിപ്പിലും മൂല്യനിര്‍ണയത്തിലും കാര്യക്ഷമതയും കൃത്യതയും ഒരിക്കല്‍ക്കൂടി പ്രകടമാക്കി മോഡറേഷനില്ലാതെ ഒരു എസ്എസ്എല്‍സി പരീക്ഷാഫലംകൂടി. നിരവധി പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് റെക്കോഡ് വേഗത്തില്‍ ഫലപ്രഖ്യാപനം നടത്തുമ്പോള്‍ അതു സംസ്ഥാന സര്‍ക്കാരിനും പ്രത്യേകിച്ച് വിദ്യാഭ്യാസ വകുപ്പിനും അഭിമാന മുഹൂര്‍ത്തം.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം മോഡറേഷനില്ലാതെ വിജയശതമാനത്തിലുണ്ടായ വര്‍ധനയും പരീക്ഷാനടത്തിപ്പിലെ വിശ്വാസ്യതയും സര്‍ക്കാരിന്റെ മികച്ച കാര്യക്ഷമതയ്ക്ക് തെളിവാണ്. പഠനത്തില്‍ പിന്നോക്കമുള്ള സ്കൂളുകളെ കണ്ടെത്തി അവയുടെ നിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതിനൊപ്പം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുവിധ ആശങ്കയുമില്ലാതെയാണ് ഫലപ്രഖ്യാപനം പൂര്‍ത്തിയാക്കിയത്. സംസ്ഥാന ചരിത്രത്തില്‍ ഇന്നുവരെ പരീക്ഷ നടത്തി 32 ദിവസത്തിനകം ഫലംപ്രഖ്യാപിച്ചിട്ടില്ല. മാര്‍ച്ച് 14നു തുടങ്ങി 26ന് പരീക്ഷകള്‍ പൂര്‍ത്തിയാക്കിയശേഷം റെക്കോഡ് സമയത്തില്‍ മൂല്യനിര്‍ണയവും ടാബുലേഷനും പൂര്‍ത്തിയാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയും ചോദ്യപേപ്പറുകള്‍ വഴിവക്കില്‍നിന്ന് കണ്ടെത്തുന്നതുമെല്ലാം പതിവായിരുന്നുവെങ്കില്‍, കര്‍ശന മേല്‍നോട്ടത്തിലൂടെ പരീക്ഷാനടത്തിപ്പില്‍ വിശ്വാസ്യത ഉറപ്പുവരുത്താന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരും ട്രഷറി, ബാങ്ക് സ്ഥാപനങ്ങളും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതായി മന്ത്രി എം എ ബേബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പൊലീസ് സഹായത്തോടെ ട്രഷറികളിലും ബാങ്കുകളിലുമാണ് ചോദ്യപേപ്പര്‍ സൂക്ഷിച്ചത്. ഉത്തരക്കടലാസ് എത്തിക്കുന്നതില്‍ തപാല്‍ വകുപ്പ് കാണിച്ച ശുഷ്കാന്തിയെയും മന്ത്രി അഭിനന്ദിച്ചു. പരീക്ഷാഫലം മികച്ചതാക്കുന്നതിന് ത്രിതലപഞ്ചായത്ത് ഭരണസമിതി, അധ്യാപക രക്ഷാകര്‍തൃസമിതി, ജനപ്രതിനിധി തുടങ്ങിയവരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തനം ഏകോപിപ്പിക്കാനും സര്‍ക്കാരിനു കഴിഞ്ഞു. വിജയശതമാനം അമ്പതില്‍താഴെയുള്ള ഒരു സ്കൂള്‍പോലുമില്ല എന്നതും ശ്രദ്ധേയമാണ്.

പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ വിജയശതമാനത്തിലുണ്ടായ വര്‍ധനയും ഈ സര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയില്‍ നടത്തിയ ഇടപെടലിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. 2006ല്‍ എസ്സി വിഭാഗം കുട്ടികളുടെ വിജയശതമാനം 49ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 82.25ആണ്. എസ്ടി വിഭാഗത്തില്‍ 2006ലെ 41ശതമാനത്തില്‍നിന്ന് ഈ വര്‍ഷം 80.94ശതമാനമായും ഉയര്‍ന്നു. പൊതുവിദ്യാഭ്യാസ വകുപ്പ്, പരീക്ഷാഭവന്‍, ഐടി@സ്കൂള്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ എന്നിവയിലെ ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഫലപ്രഖ്യാപനം വേഗത്തിലാക്കുന്നതില്‍ നിര്‍ണായകമായി.

ഇച്ഛാശക്തിയുടേയും കൂട്ടായ്മയുടേയും വിജയം

എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്തെ 107 സ്കൂളുകള്‍ സുവര്‍ണനേട്ടം കൈവരിച്ചത് ഇച്ഛാശക്തിയുടെയും പൊതുസമൂഹത്തിന്റെ കൂട്ടായ്മയുടെയും മികവില്‍. വിദ്യാഭ്യാസ നിലവാരത്തില്‍ ഏറെ പിന്നോക്കംനിന്നിരുന്ന 107 സ്കൂളില്‍ സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കിയ സമഗ്രവും നൂതനവുമായ പഠനരീതിയാണ് ഈ നേട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. 'ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം' പദ്ധതിയില്‍ ഏറ്റെടുത്ത സ്കൂളുകളുടെ അസൂയപ്പെടുത്തുന്ന വിജയം പൊതുവിദ്യാഭ്യാസവകുപ്പിന് മാത്രമല്ല പൊതുസമൂഹത്തിനും അഭിമാന നിമിഷങ്ങളാണ് നല്‍കുന്നത്. 100 ശതമാനം തോല്‍വിയുടെ നാണക്കേടില്‍നിന്ന് 100 ശതമാനം വിജയത്തിന്റെ നെറുകയിലേക്കാണ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഉയര്‍ത്തപ്പെട്ടത്. പദ്ധതിയിലെ സ്കൂളുകളില്‍ 29 എണ്ണം 100 ശതമാനം വിജയം നേടി. 52 സ്കൂളിന് 90 ശതമാനത്തില്‍ കൂടുതല്‍ വിജയമുണ്ട്. എല്ലാ സ്കൂളും 50 ശതമാനത്തിലേറെ വിജയംനേടി.

2006-07ല്‍ 97 സ്കൂളില്‍ ആരംഭിച്ച പദ്ധതിയില്‍ ആദ്യവര്‍ഷം അഞ്ചിടത്താണ് പൂര്‍ണവിജയം നേടാനായത്. കഴിഞ്ഞവര്‍ഷം 19 സ്കൂള്‍ പൂര്‍ണവിജയപ്പട്ടികയിലെത്തിയപ്പോള്‍ നാലിടത്ത് 50 ശതമാനത്തില്‍ താഴെയായിരുന്നു വിജയം. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികളും മത്സ്യത്തൊഴിലാളി മേഖലയിലെ കുട്ടികളും പഠിക്കുന്ന വിദ്യാലയങ്ങളും നൂറുമേനി നേട്ടം കൈവരിച്ചവയുടെ പട്ടികയിലുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഉണര്‍വു പകര്‍ന്ന് അവരെ മുഖ്യധാരയിലെത്തിക്കാന്‍ കഴിഞ്ഞു എന്നതിന്റെ ചാരിതാര്‍ഥ്യമാണ് വിദ്യാഭ്യാസവകുപ്പിനും സര്‍ക്കാരിനും. അധ്യാപകസംഘടനകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും അധ്യാപക - രക്ഷാകര്‍തൃ സംഘടനകളുടെയും കഠിനപ്രയത്നവും സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് സഹായമായി. വര്‍ഷങ്ങളായി പിന്നോക്കംനില്‍ക്കുന്ന സ്കൂളുകളുടെ കണക്കെടുത്ത് യഥാര്‍ഥ പ്രശ്നം കണ്ടെത്തി പരിഹരിക്കുക എന്ന രീതിയുടെ വിജയമാണിത്. ഈ സ്കൂളുകളിലെ കുട്ടികള്‍ക്ക് നേരിട്ട ഭക്ഷണമില്ലായ്മ അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി. സ്കൂളുകളുടെ അടിസ്ഥാനസൌകര്യങ്ങളില്‍ അത്ഭുതകരമായ മാറ്റമുണ്ടായി.

സര്‍ക്കാരിന്റെ പ്രതിബദ്ധതയ്ക്കൊത്തുയര്‍ന്ന് അധ്യാപകരും മാതൃക കാട്ടി. അവധിദിനങ്ങളിലും സ്കൂളിന്റെ പൊതുവായ പ്രവര്‍ത്തനസമയം കഴിഞ്ഞും ക്ളാസെടുക്കാന്‍ അധ്യാപകര്‍ തയ്യാറായി. സ്കൂള്‍സമയം രാവിലെ ഒമ്പതുമുതല്‍ മൂന്നുവരെയാക്കി. സ്കൂള്‍ പഠനക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ അന്നന്നത്തെ പാഠങ്ങളുടെ അവലോകനവും തുടര്‍പഠന പൂര്‍ത്തീകരണവും സംഘടിപ്പിച്ചു. പരീക്ഷാഫല വിശകലനം, ചിട്ടയായ ടേം പരീക്ഷകള്‍, പ്രഥമാധ്യാപകരുടെ അവലോകനം എസ്എസ്എല്‍സി പരീക്ഷയ്ക്കു മുന്നോടിയായി 'ഒരുക്കം' എന്ന പേരില്‍ വിദ്യാഭ്യാസ പരിപാടി എന്നിവയെല്ലാം ശ്രദ്ധേയമായി.

പട്ടികജാതി- പട്ടികവര്‍ഗ, പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികളുടെ വിജയശതമാനവും ശ്രദ്ധേയമായി. പട്ടികജാതി വിഭാഗത്തില്‍ 82.25, പട്ടികവര്‍ഗ വിഭാഗത്തില്‍ 80.94, പിന്നോക്ക വിഭാഗത്തില്‍ 91.36 എന്നിങ്ങനെയാണ് വിജയശതമാനം. പെകുട്ടികളിലും മികവ് പ്രകടമായി. പട്ടികജാതിയില്‍ 85.31, പട്ടികവര്‍ഗത്തില്‍ 85.50, പിന്നോക്ക വിഭാഗത്തില്‍ 91.36 എന്നിങ്ങനെയാണ് ശതമാനം. പട്ടികജാതിയില്‍ 113ഉം, പട്ടികവര്‍ഗത്തില്‍ ആറും, പിന്നോക്കവിഭാഗത്തില്‍ 2999ഉം വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലവും പൊതുവിദ്യാഭ്യാസ മേഖലയിലെ വലിയ മുന്നേറ്റം വിളിച്ചോതുന്നു. 91.32 ശതമാനം. 2000ല്‍ 56.18 ശതമാനമായിരുന്നു വിജയശതമാനം. 2006ല്‍ 68 ശതമാനവും.

deshabhimani 290411

2 comments:

  1. പഠന പ്രവര്‍ത്തനങ്ങളിലും പരീക്ഷാനടത്തിപ്പിലും മൂല്യനിര്‍ണയത്തിലും കാര്യക്ഷമതയും കൃത്യതയും ഒരിക്കല്‍ക്കൂടി പ്രകടമാക്കി മോഡറേഷനില്ലാതെ ഒരു എസ്എസ്എല്‍സി പരീക്ഷാഫലംകൂടി. നിരവധി പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് റെക്കോഡ് വേഗത്തില്‍ ഫലപ്രഖ്യാപനം നടത്തുമ്പോള്‍ അതു സംസ്ഥാന സര്‍ക്കാരിനും പ്രത്യേകിച്ച് വിദ്യാഭ്യാസ വകുപ്പിനും അഭിമാന മുഹൂര്‍ത്തം.

    ReplyDelete
  2. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജയ നിരക്കില്‍ 50 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 2006 മുതല്‍ സംസ്ഥാനത്ത് മോഡറേഷന്‍ ഒഴിവാക്കിയുള്ള ഫലമാണ് പ്രഖ്യാപിക്കുന്നത്. 2000 ല്‍ മോഡറേഷന്‍ ഇല്ലാതെ 42.89 ശതമാനം വിജയമുണ്ടായിരുന്ന സ്ഥാനത്ത് 2011 ആയപ്പോള്‍ വിജയശതമാനം 91.32 ആയി ഉയര്‍ന്നു. 2001- 43.58, 2002- 49.91, 2003- 52.52, 2004- 56.69, 2005- 58.49, 2006- 68.00, 2007- 82.29, 2008- 92.09, 2009- 91.92, 2010- 90.72 എന്നിങ്ങനെയാണ് മോഡറേഷന്‍ ഇല്ലാതെയുള്ള മുന്‍കാല വിജയനിരക്ക്. കഴിഞ്ഞ 2007 മുതലാണ് സംസ്ഥാനത്തെ വിജയശതമാനത്തില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടായത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ എസ്.എസ്.എല്‍.സി ഫലത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയപ്പോള്‍ ഇത്തവണ ശതമാനം ഉയര്‍ന്നു.
    ഗ്രേഡിങ് നടപ്പാക്കിയതോടെ കുതിച്ചുയര്‍ന്ന വിജയം 2008 മുതല്‍ കുറയുകയായിരുന്നു. പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തിലും കഴിഞ്ഞ മുന്നു വര്‍ഷങ്ങളില്‍ കുറവ് രേഖപ്പെടുത്തിയെങ്കിലും ഇക്കുറി വര്‍ധനവുണ്ട്. 4,50,166 പേരാണ് ഇക്കുറി പരീക്ഷ എഴുതിയത്.
    2008 ല്‍ 92.09 ആയിരുന്നു വിജയ ശതമാനം. 4,51,464 കുട്ടികള്‍ അന്ന് പരീക്ഷ എഴുതി. 2009 ല്‍ 91.92 ശതമാനം പേര്‍ വിജയിച്ചു. പരീക്ഷ എഴുതിയവരാകട്ടെ 4.46.554 പേരും. 2010ല്‍ വീണ്ടും വിജയം 1.2 ശതമാനം കുറഞ്ഞു 90.72 ആയി. 4,50,166 പേരാണ് പരീക്ഷ എഴുതിയത്. അഞ്ചുവര്‍ഷത്തിനിടെ വിജയത്തില്‍ 32 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2005 മുതലാണ് ഗ്രേഡിങ്് ആരംഭിച്ചത്. ആ വര്‍ഷം മുതല്‍ മോഡറേഷന്‍ നല്‍കുന്നതും അവസാനിപ്പിച്ചു. 2005 ല്‍ സബ്ജക്ട് കറക്ഷണല്‍ മാര്‍ക്ക് എന്ന നിലയില്‍ രണ്ട് മാര്‍ക്ക് സൗജന്യമായി നല്‍കിയിരുന്നു. 2000 മുതല്‍ 2005 വരെയുള്ള കാലഘട്ടത്തില്‍ വിജയത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.(janayugom news)

    ReplyDelete