Thursday, April 21, 2011

എഐസിസി നല്‍കിയ കോടിയില്‍ പകുതിയും ഇടനിലക്കാര്‍ തട്ടി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് എഐസിസി നല്‍കിയ 100 കോടി രൂപയില്‍ മൂന്നിലൊന്നോളംതുക ഇടനിലക്കാര്‍ തട്ടിയെന്ന് പരാതി. പൂര്‍ണമായും കാശുകിട്ടാത്ത ചില സ്ഥാനാര്‍ഥികള്‍ കെപിസിസിയെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. പണം ലഭിക്കാത്തവര്‍ സോണിയാഗാന്ധിയ്ക്കും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രിയ്ക്കും പരാതി അയച്ചിട്ടുണ്ട്. എഐസിസി നല്‍കിയ 100 കോടിയില്‍ 40 ലക്ഷംവീതം ഓരോ സ്ഥാനാര്‍ഥിക്കും ആദ്യം നേരിട്ട് നല്‍കിയിരുന്നു. ഇതില്‍ 10 ലക്ഷം സ്ഥാനാര്‍ഥികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് നല്‍കി. അവശേഷിക്കുന്ന 30 ലക്ഷം ദൂതന്മാര്‍ മുഖേനയും അയച്ചു. എന്നാല്‍,പിന്നീട് നല്‍കാമെന്ന് വാഗ്ദാനംചെയ്ത തുകയാണ് വെട്ടിച്ചത്. ആദ്യഘട്ടത്തില്‍ 40 ലക്ഷംവീതം വിതരണം ചെയ്തത് വാര്‍ത്തയായതിനെത്തുടര്‍ന്ന് ആദായനികുതിവകുപ്പും തെരഞ്ഞെടുപ്പ് നിരീക്ഷകരും പിടികൂടാനിടയുണ്ടെന്ന് കരുതി പിന്നീട് പണം കൊണ്ടുവരുന്നതിനു രഹസ്യമായി ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇങ്ങനെ കൊണ്ടുവന്ന പണമാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയായ ഇടനിലക്കാര്‍ വെട്ടിച്ചത്. രണ്ടാം ഗഡുവായി അനുവദിച്ചകാശില്‍ ഒരുരൂപ പോലും കിട്ടാത്ത സ്ഥാനാര്‍ഥികളുമുണ്ട്. രണ്ടാം ഗഡു കിട്ടുമെന്ന് കരുതി ആദ്യ ഗഡു വാരിക്കോരി ചെലവഴിച്ച് വെട്ടിലായവരും ഇക്കൂട്ടത്തിലുണ്ട്.

തെരഞ്ഞെടുപ്പിന്റെ അന്ത്യഘട്ടത്തില്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി കേരളത്തില്‍ എത്തിയതും ചര്‍ച്ചയായിരുന്നു. സംസ്ഥാനത്ത് ഒരു പൊതുയോഗത്തില്‍ മാത്രം പ്രസംഗിച്ച കേന്ദ്രമന്ത്രി ഒരുദിവസം മുഴുവന്‍ തലസ്ഥാനത്തെ ഹോട്ടലില്‍ തങ്ങിയിരുന്നു. മന്ത്രിയെ കാണാന്‍ ഇതിനിടയില്‍ നിരവധി നേതാക്കളും സ്ഥാനാര്‍ഥികളും എത്തി. ഇങ്ങനെ എത്താന്‍ കഴിയാത്ത സ്ഥാനാര്‍ഥികളാണ് ഇപ്പോള്‍ മുഖ്യമായും പരാതിയുമായി രംഗത്തെത്തിയതെന്ന് ശ്രദ്ധേയമാണ്. സോണിയാഗാന്ധിയുള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളുടെ യോഗം കൊഴുപ്പിക്കുന്നതിന് ഓരോ സ്വീകരണത്തിനും 25 ലക്ഷം രൂപവീതം അനുവദിച്ചിരുന്നു. ഈ തുക ചെലവഴിച്ചതില്‍ തിരിമറി നടത്തിയതിനെച്ചൊല്ലിയും കോണ്‍ഗ്രസില്‍ ആരോപണ- പ്രത്യാരോപണങ്ങള്‍ തുടരുകയാണ്. തെരഞ്ഞെടുപ്പു പ്രചാരണത്തിന് സിഡി ഇറക്കിയതില്‍ കാശു വെട്ടിച്ചുവെന്ന പരാതിയും ഇതിനിടയിലുയര്‍ന്നു. അതേസമയം, കാശ് വെട്ടിച്ചവര്‍ക്കെതിരെ നടപടിയുമുണ്ടാകാനിടയില്ല. എല്ലാ പരാതികളും ഒതുക്കിത്തീര്‍ക്കാനാണ് സാധ്യത. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ വടകര സ്ഥാനാര്‍ഥിയായിരുന്ന ഇപ്പോഴത്തെ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനു വേണ്ടി കൊണ്ടുവന്ന 50 ലക്ഷം മുല്ലപ്പള്ളിയുടെ ദൂതനായ യൂത്ത് നേതാവ് തട്ടിയെടുത്തിരുന്നു. ഇയാള്‍ക്ക് എതിരെ ഹൈക്കമാന്റിന് ഉള്‍പ്പെടെ നിരവധി പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമെടുത്തില്ലെന്ന് മാത്രമല്ല, ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രധാന പ്രചാരകനായിരുന്നു ഇയാള്‍.

ദേശാഭിമാനി 210411

2 comments:

  1. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് എഐസിസി നല്‍കിയ 100 കോടി രൂപയില്‍ മൂന്നിലൊന്നോളംതുക ഇടനിലക്കാര്‍ തട്ടിയെന്ന് പരാതി. പൂര്‍ണമായും കാശുകിട്ടാത്ത ചില സ്ഥാനാര്‍ഥികള്‍ കെപിസിസിയെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. പണം ലഭിക്കാത്തവര്‍ സോണിയാഗാന്ധിയ്ക്കും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രിയ്ക്കും പരാതി അയച്ചിട്ടുണ്ട്. എഐസിസി നല്‍കിയ 100 കോടിയില്‍ 40 ലക്ഷംവീതം ഓരോ സ്ഥാനാര്‍ഥിക്കും ആദ്യം നേരിട്ട് നല്‍കിയിരുന്നു. ഇതില്‍ 10 ലക്ഷം സ്ഥാനാര്‍ഥികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് നല്‍കി. അവശേഷിക്കുന്ന 30 ലക്ഷം ദൂതന്മാര്‍ മുഖേനയും അയച്ചു. എന്നാല്‍,പിന്നീട് നല്‍കാമെന്ന് വാഗ്ദാനംചെയ്ത തുകയാണ് വെട്ടിച്ചത്. ആദ്യഘട്ടത്തില്‍ 40 ലക്ഷംവീതം വിതരണം ചെയ്തത് വാര്‍ത്തയായതിനെത്തുടര്‍ന്ന് ആദായനികുതിവകുപ്പും തെരഞ്ഞെടുപ്പ് നിരീക്ഷകരും പിടികൂടാനിടയുണ്ടെന്ന് കരുതി പിന്നീട് പണം കൊണ്ടുവരുന്നതിനു രഹസ്യമായി ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇങ്ങനെ കൊണ്ടുവന്ന പണമാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയായ ഇടനിലക്കാര്‍ വെട്ടിച്ചത്. രണ്ടാം ഗഡുവായി അനുവദിച്ചകാശില്‍ ഒരുരൂപ പോലും കിട്ടാത്ത സ്ഥാനാര്‍ഥികളുമുണ്ട്. രണ്ടാം ഗഡു കിട്ടുമെന്ന് കരുതി ആദ്യ ഗഡു വാരിക്കോരി ചെലവഴിച്ച് വെട്ടിലായവരും ഇക്കൂട്ടത്തിലുണ്ട്.

    ReplyDelete
  2. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തലശേരി മണ്ഡലത്തില്‍ എഐസിസി നല്‍കിയ ഫണ്ട് മുക്കിയത് വിവാദമാവുന്നു. 45 ലക്ഷം രൂപയില്‍ 25 ലക്ഷം ചെലവഴിച്ചതിന് കണക്കില്ലെന്നാണ് പരാതി. മണ്ഡലം ഭാരവാഹികളില്‍ ചിലര്‍ ഇക്കാര്യം കെപിസിസി, ഡിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രാദേശികമായി സമാഹരിച്ച 20 ലക്ഷം രൂപയും കാണാനില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. സുധാകരന്‍ഗ്രൂപ്പുകാരായ മൂവര്‍സംഘമാണ് തെരഞ്ഞെടുപ്പ് ഫണ്ട് ഉള്‍പ്പെടെ മണ്ഡലത്തിലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തത്. മറ്റു ഗ്രൂപ്പുകളെ ഒന്നിനും അടുപ്പിച്ചില്ല. യുഡിഎഫ് മണ്ഡലം കമ്മിറ്റി ഓഫീസിനുസമീപത്തെ പ്രമുഖ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പണമിടപാട്. ആദ്യ ഗഡുവായി 40 ലക്ഷം രൂപ നോമിനേഷന്‍ സമര്‍പ്പിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് മണ്ഡലത്തിലെത്തിച്ചത്. ഒന്നാംഗഡുവില്‍നിന്ന് മണ്ഡലം കമ്മിറ്റികള്‍ക്ക് 5000 രൂപ നല്‍കിയിരുന്നു. പിന്നീട് ആര്‍ക്കും ഒന്നും ലഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍തന്നെ പറയുന്നു. പരാജയം ഉറപ്പായ മണ്ഡലത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ തലശേരിക്ക് രണ്ടാംഗഡുവായി അഞ്ച് ലക്ഷമേ ലഭിച്ചുള്ളൂവെന്നാണ് ഔദ്യോഗിക വിശദീകരണം. ഇത് വിശ്വാസയോഗ്യമല്ലെന്ന്് എ ഗ്രൂപ്പിലെ ഒരു പ്രമുഖന്‍ പറഞ്ഞു. എഐസിസിയുടെ രണ്ടാംഗഡു മൂവര്‍ സംഘമാണോ കെപിസിസി നേതൃത്വമാണോ മുക്കിയതെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ ചോദ്യം. രാജ്മോഹന്‍ ഉണ്ണിത്താന്‍ മത്സരിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എഐസിസി ഫണ്ട് വിഹിതം ബൂത്തുതലംവരെ ലഭിച്ചതായി ഒരു പ്രമുഖ നേതാവ് പറഞ്ഞു. പോളിങ് ദിവസം ബൂത്തിലിരിക്കുന്നവര്‍ക്കുള്ള ഭക്ഷണവും വെള്ളവുമടക്കം എത്തിച്ചിരുന്നു. എന്നാല്‍, ഇത്തവണ ബൂത്തിലുള്ളവരെ ആരും തിരിഞ്ഞുനോക്കിയില്ല. എഐസിസി ഫണ്ട് അടിച്ചുമാറ്റുന്നതിലാണ് നേതൃത്വം ശ്രദ്ധിച്ചതെന്നാണ് ആക്ഷേപം. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ വിവാദം കൊഴുക്കാനാണ് സാധ്യത.

    ReplyDelete