Friday, July 31, 2020

വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം

വിദ്യാഭ്യാസം മൗലികമായി ആശയങ്ങളുടെ മണ്ഡലമാണ്. അത് ദരിദ്രന്റെ ആയുധം കൂടിയാണ്. അതുകൊണ്ടാണ് വിശക്കുന്ന മനുഷ്യനോട് പുസ്തകം കയ്യിലെടുക്കാൻ ബ്രഹ്‌ത്ത് ആവശ്യപ്പെട്ടത്. അത് സാമൂഹ്യ നീതി ഉറപ്പാക്കാൻ അത്യന്താപേക്ഷിതമായൊരു ഘടകമാണെന്നാണ് ബ്രഹ്‌ത്ത് ഇതിലൂടെ സൂചിപ്പിക്കുന്നത്. ഇതിൽ (വിദ്യാഭ്യാസത്തെ ആശയങ്ങളുടെ മണ്ഡലമാക്കുന്നതിൽ) നാം പരാജയപ്പെടുന്ന പക്ഷം രാജ്യത്തിന്റെ പുരോഗതിക്കാവശ്യമായ ആശയങ്ങൾക്ക് നമുക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരും. അത്തരമൊരു സമൂഹത്തിന് സ്വതന്ത്രമായി നിൽക്കാനാകില്ല. കേന്ദ്രം നടപ്പിലാക്കാൻ പോകുന്ന ‘പുത്തൻ’ വിദ്യാഭ്യാസനയം നമ്മെ , ആത്യന്തികമായി, ഇത്തരമൊരു പ്രതിസന്ധിയിൽ - പരാശ്രയത്വത്തിൽ, നീതി നിഷേധത്തിൽ കൊണ്ടെത്തിക്കും എന്നകാര്യത്തിൽ സംശയമില്ല. അത് ദരിദ്രർക്ക് അപ്രാപ്യവും വരേണ്യവർഗത്തിന്റെ കുത്തകയും ആകാൻ പോകുന്നു.

പുതിയ ദേശീയ വിദ്യാഭ്യാസനയം തികച്ചും കേന്ദ്രീകൃതമായ ഒന്നാണ്. വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ പേരിൽ വാസ്‌തവത്തിൽ മറ്റു ചില അജൻഡകളാണ്‌ കേന്ദ്ര സർക്കാർ നടപ്പാക്കാൻ പോകുന്നത്‌‌. മെഡിക്കൽ, നിയമമേഖലകൾ ഒഴിച്ചുള്ള ഉന്നതവിദ്യാഭ്യാസമേഖലയ്‌ക്കായി ഹയർ എഡ്യൂക്കേഷൻ കമീഷൻ ഓഫ്‌ ഇന്ത്യ (എച്ച്‌ഇസിഐ) രൂപീകരിക്കുമെന്നാണ്‌ അറിയിച്ചിട്ടുള്ളത്‌. ഇത്‌ യുജിസിയേക്കാൾ കേന്ദ്രീകൃതമാണ്‌. സ്വാതന്ത്ര്യത്തിന്റെയും സ്വയംഭരണത്തിന്റെയും അതിരുകൾ  കമീഷൻ ഏകപക്ഷീയമായി തീരുമാനിക്കുന്നു. അതിന് പ്രത്യേകിച്ച്‌ എന്തെങ്കിലും മാനദണ്ഡം ഉണ്ടെന്ന് കരുതുക വയ്യ. കേന്ദ്ര സർക്കാർ പറയുന്നത്‌ വിദ്യാഭ്യാസത്തിൽ നിന്ന് ഇൻസ്‌പെക്ടർ രാജ്‌ ഇല്ലാതാക്കാനാണ്‌ സ്വയംഭരണവും മറ്റും കൊണ്ടുവരുന്നത്‌ എന്നാണ്‌. എന്നാൽ, ശരിക്കും അതിനേക്കാൾ വലിയ രാജാണ്‌ - കേന്ദ്ര ഇൻസ്പെക്ടർ രാജ് - പുതിയ നയം വാഗ്ദാനം ചെയ്യുന്നത്. ഒന്ന് രണ്ട് ഉദാഹരണം കൊണ്ടു തന്നെ ഇത് വ്യക്തമാക്കാം. പുതിയ കോഴ്‌സ്‌ കൊണ്ടുവരുന്നതുമുതൽ പാഠ്യപദ്ധതി തീരുമാനിക്കുന്നതും ഗവേഷണത്തിന്റെ പുത്തൻ മേഖലകൾ കണ്ടെത്തുന്നതുവരെ കമീഷന്റെ ഇടപെടൽ വളരെ ശക്തമാകും‌.

മാത്രമല്ല, സർവകലാശാലകളിലെ അധ്യാപക–- അനധ്യാപക ജീവനക്കാരുടെ അനുപാതം, ഡീൻ, വകുപ്പധ്യക്ഷൻ തുടങ്ങിയവരുടെ നിയമനവും യോഗ്യതയും പോലും തീരുമാനിക്കാനുള്ള അധികാരം കമീഷനിൽ നിക്ഷിപ്തമാണ്. സംസ്ഥാനസർക്കാരുകൾക്ക്‌ വിദ്യാഭ്യാസരംഗത്ത്‌ അവശേഷിക്കുന്ന അവകാശധികാരങ്ങൾപോലും ഇല്ലാതാകും എന്ന മറ്റൊരുപ്രശ്നവും ഉണ്ട്. നിലവിൽ കൺകറന്റ്‌‌ ലിസ്റ്റിലാണല്ലോ വിദ്യാഭ്യാസം ഉൾപ്പെട്ടിരിക്കുന്നത്. പക്ഷേ, പുതിയ നയത്തിലൂടെ വിദ്യാഭ്യാസത്തിന്റെ പൂർണനിയന്ത്രണം കേന്ദ്രസർക്കാരിൽ‌ വരാൻപോവുകയാണ്‌.

വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള ഭരണകൂടത്തിന്റെ പിൻമാറ്റവും അത് വിഭാവനം ചെയ്യുന്നു. ഇത് കൈവരിക്കുന്നതിനുള്ള പല മാർഗ്ഗങ്ങളിൽ ഒന്നാണ് കോളേജുകളുടെ അഫിലിയേഷൻ അവസാനിപ്പിക്കാനുള്ള ശ്രമം. കോളേജുകളുടെ മുന്നിൽ മൂന്ന് ഉപാധികളാണ് ഉള്ളത്: സ്വയംഭരണസ്ഥാപനമായി മാറുക;സർവകലാശാലയുടെ ഭാഗമാകുക; അതുമല്ലെങ്കിൽ സർവകലാശാലതന്നെയായി രൂപപ്പെടുക. നല്ലൊരു ശതമാനം കോളേജുകൾ വരുന്ന 20 വർഷങ്ങൾക്കുള്ളിൽ വിദ്യാഭ്യാസരംഗത്ത്‌ നിന്നും തിരോഭവിക്കാൻ പോവുകയാണ്‌. നമ്മുടെ കോളേജുകളിൽ മഹാഭൂരിപക്ഷവും തീരെ സൗകര്യമില്ലാത്തതും നിലവാരം കുറഞ്ഞവയുമാണെന്ന കാര്യം ഓർക്കുക. വടക്കേ ഇന്ത്യയിലേക്ക്‌ പോയാൽ കുടിപ്പള്ളിക്കൂടത്തിന്റെ നിലവാരംപോലും ഇല്ലാത്ത അനേകം കലാലയങ്ങൾ ഉണ്ട്. അവയ്ക്ക് എങ്ങനെയാണ് സ്വന്തം കാലിൽ നിൽക്കാനാവുക? എങ്ങനെയാണ് സർവകലാശാലകളോ, സർവകലാശാലകളുടെ ഭാഗമോ ആവുക? ഫലത്തിൽ ഇവ, ഇല്ലാതാകാൻ പോവുകയാണ്. ഇതിനർഥം, സാധാരണക്കാർക്ക്‌ ഉന്നതവിദ്യാഭ്യാസത്തിനു പരിമിതമായ സൗകര്യം പോലും അപ്രത്യക്ഷമാകും എന്നു തന്നെയാണ്. ഏറ്റവും രസകരമായ കാര്യം ഇതിനെല്ലാം കേന്ദ്രം പറയുന്ന ന്യായം വിദ്യാഭ്യാസത്തിന്റെ നിലവാരം കൂട്ടുന്നു എന്നുള്ള‌താണ്‌.

സർക്കാർ പിന്മാറുകയും ആ സ്ഥാനത്ത്‌ സ്വകാര്യവ്യക്തികൾ വരികയും ചെയ്യുമ്പോൾ വരേണ്യവർഗത്തിനുമാത്രമായി  വിദ്യാഭ്യാസം ചുരുക്കപ്പെടും‌. അവർക്ക്‌ പഠിക്കാൻ ഇഷ്ടംപോലെ ഉന്നതനിലവാരമുള്ള സൗ കര്യങ്ങൾ ഉണ്ടാകുകയും സാധാരണക്കാരന്‌  നിലവിലുള്ള സൗകര്യംപോലും ഇല്ലാതാകുകയും ചെയ്യുന്നു‌. ഇത് സ്വകാര്യവൽക്കരണത്തെയും വരേണ്യവൽക്കരണത്തെയും പിൻവാതിലിലൂടെ കൊണ്ടുവരാനുള്ള ശ്രമമല്ലെങ്കിൽ പിന്നെന്താണ്?. നവലിബറൽ നയങ്ങളുടെ ഭാഗമായ പുതിയ സ്ഥിതിവിശേഷമാണ്‌ ഉന്നതവിദ്യാഭ്യാസരംഗത്ത്‌ വരാൻ പോകുന്നത്‌.

യുജിസി എന്ന സംവിധാനംതന്നെ ഇല്ലാതായി. നിലവിൽ വരാൻപോകുന്ന ഹയർ എഡ്യൂക്കേഷൻ ഗ്രാൻഡ്‌ കമീഷൻ നിലവാരംമാത്രമാണ്‌ നോക്കുന്നത്‌. ഗ്രാൻഡ്‌ അനുവദിക്കാതെ എങ്ങനെയാണ്‌ ഒരു സ്ഥാപനം നിലവാരം വർധിപ്പിക്കുന്നത്‌. പുതിയ സാഹചര്യത്തിൽ ഗ്രാന്റ്‌ നൽകാനുള്ള അധികാരം മറ്റൊരു സ്ഥാപനത്തിൽ നിക്ഷിപ്തമാണ്. അതിൻെറ ഘടന നോക്കിയാൽ ഒരു കാര്യം വ്യക്തമാവും, രാഷ്ട്രീയ ഇടപെടലിനുള്ള സാധ്യത വളരെ ഏറെയാണ്.

കേന്ദ്രീകരണത്തിൻെറ പ്രശ്നത്തിലേക്ക് വീണ്ടും വന്നാൽ,ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒറ്റ റേഷൻകാർഡ്‌, ഒരു ഭാഷ എന്നിങ്ങനെയുള്ള മോഡി സർക്കാരിന്റെ മുദ്രാവാക്യം വിദ്യാഭ്യാസരംഗത്തേയ്ക്ക് കൂടി വ്യാപിപ്പിക്കാൻ പോകുന്നു എന്നു കരുതാം. പാഠ്യപദ്ധതി, കരിക്കുലം തുടങ്ങിയവയെല്ലാം സമീപഭാവിയിൽ അവർതന്നെ തീരുമാനിക്കും. സർവകലാശാലകൾക്ക്‌ സിലബസും മറ്റു കാര്യങ്ങളുമെല്ലാം തീരുമാനിക്കാനുള്ള അധികാരം ഇല്ലാതാകും എന്ന് സാരം. അങ്ങനെ വരുമ്പോൾ വിദ്യാഭ്യാസരംഗത്ത് നടക്കാൻ പോകുന്നത് ഒരുതരം സമീകരണമാണ്‌. അറിവിന്റെ സംസ്‌കാരങ്ങളെ(കൾച്ചർ ഓഫ്‌ നോളജ്‌) ബഹുമാനിക്കുന്നതോ സൃഷ്ടിപരമായ വിയോജിപ്പുകളെ അംഗീകരിക്കുന്നതോ അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്ക്‌ ഇടംനൽകുന്നതോ അല്ല ഈ പുത്തൻനയം. ചുരുക്കിപ്പറഞ്ഞാൽ ഒരു ഹിന്ദുത്വ രാഷ്‌ട്രീയവാദം എന്നു പറയുന്നതുപോലെതന്നെ ഒരു ഹിന്ദുത്വ വിദ്യാഭ്യാസനയം, സാംസ്‌കാരികനയം കൊണ്ടുവരാനാണ്‌‌ കേന്ദ്രം  ശ്രമിക്കുന്നത്‌. ഇപ്പോൾ ഓരോ സർവകലാശാലയുടെ സിലബസും സ്‌കീമും വ്യത്യസ്‌തമാണെന്ന കാര്യം ഓർക്കുക. സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും വൈവിധ്യം അറിവിന്റെ മേഖലകളിൽ പ്രതിഫലിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അത്തരം ലക്ഷ്യങ്ങൾപോലും ഇല്ലാതാക്കാനാണ്‌ പുതിയനീക്കം. അറിവിന്റെ  യഥാർഥ കേന്ദ്രീകരണമാണ്‌ ഇവിടെ നടക്കുന്നത്‌.

ഗവേഷണത്തിന്റെ നിലവാരം കൂട്ടാൻ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്ന ചില നിർദേശങ്ങളും വിമർശിക്കേണ്ടതുണ്ട്. ഡിഗ്രി നാലുവർഷമാക്കിയതിലൂടെ അതിൽ ഗവേഷണംകൂടി കൊണ്ടുവരാനുള്ള ശ്രമമാണ് ഇതിൽ ഒന്ന്. അതേസമയം മറുവശത്ത് എംഫിൽ ഒഴിവാക്കുകയും ചെയ്യുന്നു. എംഫിൽ‌ കൊണ്ടു വന്നത് രണ്ടുവർഷത്തെ പിജി കഴിഞ്ഞ്‌ ശരിയായ ഗവേഷണത്തിനുമുമ്പുള്ള തുടക്കം എന്ന നിലയിലാണ്‌. അതാണ്‌ ഉപേക്ഷിച്ചത്‌. ‌അറിവ്‌ ഉൽപ്പാദനത്തിന്റെ ഭാഗമാകാൻ വിദ്യാർഥികൾക്ക്‌ പിജിയിലും എംഫില്ലിലും തുടക്കംകുറിക്കലാണ്‌. ഡിഗ്രി നാലുവർഷമാക്കി അതിൽ ഗവേഷണം ഉൾപ്പെടുത്തുന്നത് എംഫിൽ ഇല്ലാതാക്കാനുള്ള കാരണമാകുന്നില്ല. ഗവേഷണത്തിന്റെ നിലവാരം വർധിപ്പിക്കണമെങ്കിൽ സീറ്റ് ഉൾപ്പടെ അതിനുള്ള സൗകര്യങ്ങളും വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പും ഫെലോഷിപ്പും‌ വർധിപ്പിക്കുകയാണ് വേണ്ടത്. എന്നാൽ, ഇതിനു പകരം ഗവേഷണത്തിനുള്ള സീറ്റുകൾ വെട്ടിക്കുറയ്‌ക്കുകയും ആവശ്യത്തിന്‌ ഫെലോഷിപ്പുകൾ നൽകാതിരിക്കുകയുമാണ് കേന്ദ്രസർക്കാർ ഇപ്പോൾ ചെയ്യുന്നത്.

തന്നയുമല്ല, നയത്തിന്റെ ലക്ഷ്യം അറിവിന്റെ ഉൽപ്പാദനമാണോ സ്‌കിൽ ഡെവലപ്‌മെന്റാണോ എന്ന ചോദ്യവും അവശേഷിക്കുന്നു. തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം നൽകുമ്പോൾ സാധാരണക്കാരന്റെ മക്കൾ ചെറിയ ക്ലാസുകളിൽത്തന്നെ നൈപുണ്യശേഷി പഠിച്ച്‌ ആ രംഗത്തേക്ക്‌ തിരിയുകയും വരേണ്യവർഗത്തിൽപ്പെടുന്നവർ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുകയും  അറിവുൽപ്പാദനത്തിൽ മുഴുകുകയും ചെയ്യും. അതായത്‌, പാവപ്പെട്ടവന്റെ മക്കൾ സാധാരണ നൈപുണ്യശേഷിയും പണക്കാരന്റെ മക്കൾ ഉന്നത വിദ്യാഭ്യാസവും കൈവരിക്കട്ടെ എന്നതാണ് സമീപനം. ഇത്‌ യഥാർഥത്തിൽ രണ്ടുതരം പൗരന്മാരെ സൃഷ്‌ടിക്കലാണ്‌.

ഒരു ദേശീയമെന്റർ മിഷൻ സ്ഥാപിക്കുമെന്ന്‌ പറഞ്ഞിട്ടുണ്ട്‌. ഇതിനായി സന്നദ്ധ പ്രവർത്തകരേയും സാമൂഹ്യപ്രവർത്തകരെയും മറ്റ് സംഘടനകളേയും ഉപയോഗിക്കും എന്ന് തുടർന്ന് പറയുന്നു. ഇതിലൂടെ  സംഘപരിവാർ അനുഭാവികൾ വിദ്യാഭ്യാസ രംഗത്തേക്ക് നുഴഞ്ഞ് കയറുമോ എന്ന ന്യായമായ സംശയവും ഉയരുന്നു.

രസകരമായ മറ്റൊരു വസ്തുത വിദ്യാഭ്യാസമേഖലയിൽ ജിഡിപിയുടെ ആറ്‌ ശതമാനം ചെലവിടാൻ കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിക്കണമെന്നാണ്‌ പറയുന്നത്‌. എന്നാൽ, അതിനുള്ള ധനസഹായം സംസ്ഥാനങ്ങൾക്ക് കേന്ദ്രം കൊടുക്കുമെന്ന് ഒരു സൂചനയും നയത്തിൽ ഇല്ല. ഇതിനർത്ഥം, നിങ്ങൾ പണം ചെലവഴിക്കൂ, നിയമം ഞങ്ങൾ ഉണ്ടാക്കാം എന്നാണ്‌ . ഞങ്ങൾ പറയുന്നത്‌ നിങ്ങൾ അനുസരിക്കണം. ബാക്കി സിലബസും കാര്യങ്ങളുമെല്ലാം ഞങ്ങൾ തീരുമാനിക്കാം എന്നു പറയുന്നത്‌ എങ്ങനെ ശരിയാകും. എന്നുമാത്രമല്ല, പൊതു സ്ഥാപനങ്ങളെയും സ്വകാര്യ സ്ഥാപനങ്ങളെയും ഒരുപോലെ കണക്കാക്കും എന്നും നയത്തിൽ പറയുന്നു. വിദേശ സർവകലാശാലകൾ, അവയുടെ വാണിജ്യവൽക്കരണം എന്നിവയെല്ലാം വരാൻപോകുകയാണ്‌.

30  കുട്ടികൾ ഇല്ലാത്ത സ്‌കൂളുകൾ പൂട്ടാനും നിർദ്ദേശമുണ്ട്. ഇന്ത്യയിലെ 40 ശതമാനം സ്കൂളുകളും ഇത്തരത്തിൽപ്പെടുന്നതാണെന്നതാണ് വാസ്തവം. രാജ്യത്തെ 60 ശതമാനം ഗ്രാമപ്രദേശങ്ങളിൽ സ്‌കൂളുകൾ ഇല്ലാതാകാൻ പോകുകയാണ്. ഇത്തരത്തിൽ ഒളിച്ചുവയ്‌ക്കപ്പെട്ട പല അജൻഡകളും ഉൾച്ചേർന്നതാണ്‌ പുതിയ നയം. അതിന്റെ സമ്പൂർണലക്ഷ്യം വിദ്യാഭ്യാസരംഗത്തെ സമ്പൂർണമായി കേന്ദ്രീകരിക്കുക, വാണിജ്യവൽക്കരിക്കുക, വരേണ്യവൽക്കരിക്കുക എന്നതാണ്‌. സ്വതന്ത്രചിന്തയെ ഇല്ലാതാക്കുകയാണ് മൗലികമായ ലക്ഷ്യം. നമ്മുടെ പാരമ്പര്യത്തിൽ മിണ്ടുന്നവൻ പാപിയും മിണ്ടാത്തവൻ മുനിയുമാണല്ലോ. ഇതിലേക്കാണ് നാം പടിപടിയായി നീങ്ങുന്നത്. ഇതൊരു പൊളിറ്റിക്കൽ ആർക്കിടെക്ച്ചറാണ്. നമ്മുടെ വിദ്യാഭ്യാസം ഒരു രാഷ്ട്രീയ ശിൽപ്പനിർമാണമായി മാറിക്കൊണ്ടിരിക്കുന്നു.

*
ഡോ. ജെ പ്രഭാഷ്‌

No comments:

Post a Comment