Thursday, July 7, 2011

പരസ്പരം വിഴുപ്പലക്കി കോണ്‍ഗ്രസ് യോഗം

പാലക്കാട്: ആരോപണങ്ങളും രൂക്ഷവിമര്‍ശവും ഉയര്‍ന്നപ്പോള്‍ ഡിസിസി ജനറല്‍ബോഡി പരസ്പരം വിഴുപ്പലക്കിനുള്ള വേദിയായി. വ്യാഴാഴ്ച ഫോര്‍ട് പാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിലാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മുന്നില്‍ നേതാക്കളും ജനപ്രതിനിധികളും പോരടിച്ചത്. ജില്ലയിലെ നേതാക്കളുടെ ചില നടപടി കോണ്‍ഗ്രസ് സംസ്കാരത്തിന് യോജിച്ചതല്ലെന്നും വിമര്‍ശമുയര്‍ന്നു. കെപിസിസി നേതൃത്വത്തെയും നേതാക്കള്‍ വെറുതെവിട്ടില്ല. തെരഞ്ഞെടുപ്പ്പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള കുറ്റപ്പെടുത്തലുകള്‍ അതിരുവിട്ടപ്പോള്‍ , ഇനി ചര്‍ച്ചയില്ലെന്നും കെപിസിസി പ്രസിഡന്റ് മറുപടി പറയുമെന്നുംപറഞ്ഞ് യോഗം തിടുക്കത്തില്‍ അവസാനിപ്പിച്ചു. ഇതോടെ സദസിലുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ കഴിഞ്ഞില്ല.

ജില്ലയിലെ സ്ഥാനാര്‍ഥിനിര്‍ണയത്തിലും സീറ്റ്വിഭജനത്തിലും സംസ്ഥാനനേതൃത്വം പരാജയപ്പെട്ടെന്ന് പറഞ്ഞ് കെപിസിസി സെക്രട്ടറി പി ജെ പൗലോസാണ് ആദ്യവെടി പൊട്ടിച്ചത്. എം വി രാഘവന്‍ ഓപ്പണ്‍വോട്ട് ചെയ്യുന്ന ദൃശ്യം ടെലിവിഷനില്‍ കാണിച്ചില്ലായിരുന്നെങ്കില്‍ നെന്മാറയില്‍ കുറച്ചുവോട്ട് അധികം കിട്ടുമായിരുന്നുവെന്ന് പി ജെ പൗലോസ് പറഞ്ഞു. പാലക്കാട് മണ്ഡലത്തില്‍ 5,000 വോട്ട് ചേര്‍ക്കുകയും ബൂത്ത്കമ്മിറ്റികള്‍ സജീവമാക്കുകയും ചെയ്ത എ വി ഗോപിനാഥിനെ തഴഞ്ഞത് ശരിയായില്ലെന്ന് പൗലോസ് തുറന്നടിച്ചു. സി പി മുഹമ്മദിന്റെ രോഗവിവരം അന്വേഷിക്കാന്‍ ഫോണ്‍വിളിച്ചപ്പോള്‍ ഉപതെരഞ്ഞെടുപ്പിന് തയ്യാറാകണമെന്നാണ് ഒരു കോണ്‍ഗ്രസ്നേതാവ് പറഞ്ഞതെന്നും പൗലോസ് വിവരിച്ചു. ഇത് നല്ല പ്രവണതയല്ല.

"ചാനലുകാരെല്ലാം പോയല്ലോ, ഇനി എനിക്ക് ചിലത് പറയാനുണ്ടെ"ന്ന് പറഞ്ഞായിരുന്നു സി പി മുഹമ്മദ് എഴുന്നേറ്റത്. ഉപതെരഞ്ഞെടുപ്പിന് തയ്യാറായിക്കോ എന്ന് പറഞ്ഞ കോണ്‍ഗ്രസ്നേതാവ് ആരാണെന്ന് അറിയാമെന്നും ഇപ്പോള്‍ അത് പറയുന്നില്ലെന്നും മുഹമ്മദ് പറഞ്ഞു. വി എസ് വിജയരാഘവനെ കയര്‍ ബോര്‍ഡിന്റെ ചെയര്‍മാനാക്കിയതല്ലാതെ മറ്റ് കോര്‍പറേഷനുകളുടെ ചെയര്‍മാന്‍ സ്ഥാനമൊന്നും പാലക്കാടുള്ള നേതാക്കള്‍ക്ക് ലഭിക്കുന്നില്ല. അഭിനന്ദനങ്ങള്‍ അല്ല വേണ്ടത്, സ്ഥാനങ്ങളാണെന്നും സി പി മുഹമ്മദ് പറഞ്ഞു. അച്ചടക്കപ്രശ്നത്തില്‍ കമ്മിറ്റിയെവച്ചാല്‍ അത് തെന്നല കമ്മിറ്റിയെപ്പോലെ അടുത്ത അഞ്ച്വര്‍ഷംവരെ നീട്ടിക്കൊണ്ടുപോകരുത്. സ്വന്തം പാര്‍ടിസ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ മറ്റ് പാര്‍ടിയില്‍നിന്ന് പണം വാങ്ങിയ നേതാക്കളും ഈ പാര്‍ടിയിലുണ്ടെന്ന് കെ അച്യുതന്‍ എംഎല്‍എ പറഞ്ഞു. ഇവരെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേദിയിലുണ്ടായിരുന്ന ശാന്താ ജയറാമിനെ സാക്ഷിയാക്കി, ഷൊര്‍ണൂരില്‍ അവരെ സ്ഥാനാര്‍ഥിയാക്കിയത് ശരിയായില്ലെന്നും അതുകൊണ്ടാണ് ഷൊര്‍ണൂര്‍സീറ്റ് കോണ്‍ഗ്രസിന് നഷ്ടപ്പെട്ടതെന്നും അച്യുതന്‍ പറഞ്ഞു. സി പി മുഹമ്മദും കെ അച്യുതനും ഏകാധിപതികളെപ്പോലെയാണ് പെരുമാറുന്നതെന്ന് പറഞ്ഞ് കെ എ ചന്ദ്രന്‍ പൊട്ടിത്തെറിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ സദസില്‍ നിന്ന് ഇടപെടലുണ്ടായി. സത്യം വിളിച്ചുപറയുമ്പോള്‍ ആര്‍ക്കും രുചിക്കുന്നില്ലെന്നും ചന്ദ്രന്‍ പറഞ്ഞു. പറയേണ്ടത് പറയേണ്ട വേദിയില്‍ പറയുമെന്നും ഓര്‍മിപ്പിച്ചായിരുന്നു കെ എ ചന്ദ്രന്‍ പ്രസംഗം അവസാനിപ്പിച്ചത്.

deshabhimani 070711

1 comment:

  1. ആരോപണങ്ങളും രൂക്ഷവിമര്‍ശവും ഉയര്‍ന്നപ്പോള്‍ ഡിസിസി ജനറല്‍ബോഡി പരസ്പരം വിഴുപ്പലക്കിനുള്ള വേദിയായി. വ്യാഴാഴ്ച ഫോര്‍ട് പാലസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിലാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മുന്നില്‍ നേതാക്കളും ജനപ്രതിനിധികളും പോരടിച്ചത്. ജില്ലയിലെ നേതാക്കളുടെ ചില നടപടി കോണ്‍ഗ്രസ് സംസ്കാരത്തിന് യോജിച്ചതല്ലെന്നും വിമര്‍ശമുയര്‍ന്നു. കെപിസിസി നേതൃത്വത്തെയും നേതാക്കള്‍ വെറുതെവിട്ടില്ല. തെരഞ്ഞെടുപ്പ്പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള കുറ്റപ്പെടുത്തലുകള്‍ അതിരുവിട്ടപ്പോള്‍ , ഇനി ചര്‍ച്ചയില്ലെന്നും കെപിസിസി പ്രസിഡന്റ് മറുപടി പറയുമെന്നുംപറഞ്ഞ് യോഗം തിടുക്കത്തില്‍ അവസാനിപ്പിച്ചു. ഇതോടെ സദസിലുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ കഴിഞ്ഞില്ല.

    ReplyDelete