Monday, April 11, 2011

പിടിവള്ളികള്‍ അറ്റുപോകുമ്പോള്‍

പിടിവള്ളികള്‍ ഓരോന്നും അറ്റുപോകുമ്പോള്‍ ബേജാറിലാകുന്നത് യുഡിഎഫ് മാത്രമല്ല, മലയാളത്തിലെ ചില മാധ്യമങ്ങളുമാണ്. പെണ്‍വാണിഭക്കാരും അഴിമതി വീരന്മാരും നയിക്കുന്ന യുഡിഎഫിനെ കരകയറ്റാന്‍ ക്വട്ടേഷന്‍ എടുത്തവര്‍ക്ക് പോളിങ് ദിനം അടുക്കുന്തോറും വെപ്രാളം കൂടിവരികയാണ്. യുഡിഎഫിന് സെഞ്ച്വറി പ്രവചിച്ചവരൊക്കെ ജനങ്ങളുടെ പ്രതികരണത്തില്‍ പകച്ചുനില്‍ക്കുകയാണ്. കേരളത്തെ ഇളക്കിമറിക്കുമെന്ന് കരുതിയിരുന്ന സോണിയയും മന്‍മോഹനും വന്നിറങ്ങിയപ്പോള്‍ എതിരേറ്റത് ആളൊഴിഞ്ഞ കസേരകള്‍. രാഹുല്‍ 'മാജിക് പ്രതീക്ഷിച്ചവര്‍ക്കും തെറ്റി. യുവരാജാവ് പങ്കെടുത്ത യോഗങ്ങളിലുംആയിരംപേര്‍ തികച്ചെത്തിയില്ല.

പക്ഷേ, മനോരമയും മാതൃഭൂമിയും ചാനലുകളും ആവേശത്തില്‍ ജനം ഇളകിമറിഞ്ഞെന്നാണ് വിളിച്ചുപറഞ്ഞത്. വീക്ഷണത്തില്‍പ്പോലും രാഹുലിന്റെ പരിപാടിക്കെത്തിയ ജനക്കൂട്ടത്തിന്റെ പടമില്ല. രാഹുല്‍ വന്നിറങ്ങുന്നതും പൊറോട്ട കഴിച്ചതും ചെരുപ്പില്‍ ആണിതറച്ചതുമെല്ലാം വര്‍ണിച്ച് മാധ്യമങ്ങള്‍ സായൂജ്യമടഞ്ഞു. 'ചാലക്കുടി ഗ്രൌണ്ടില്‍ രാഹുല്‍ എത്തുമ്പോള്‍ പൊരിവെയിലിന്റെ കാഠിന്യം മറന്ന് ജനം ആവേശഭരിതമായി.' പക്ഷേ, ജനങ്ങളുടെ ആവേശത്തിന്റെ ചിത്രം മാതൃഭൂമിയില്‍ എത്രപരതിയിട്ടും കണ്ടില്ല. അപ്പോള്‍ രോമാഞ്ചമണിഞ്ഞത് എഴുതിയ ലേഖകനായിരിക്കണം. രാഹുലിന്റെ ചെരുപ്പില്‍ ആണിതറച്ച നിമിഷംവരെ പകര്‍ത്തിയ മനോരമയും ജനക്കൂട്ടത്തിന്റെ ചിത്രം കൊടുത്തില്ല. യുഡിഎഫിന്റെ ബ്രാന്റ് അംബാസഡറായി വീക്ഷണത്തെപ്പോലും കടത്തിവെട്ടുന്ന മനോരമ 'വന്‍ജനാവലി'യുടെ പടം തമസ്കരിച്ചത് കടുത്ത അനീതിതന്നെ.

കാര്യങ്ങളിങ്ങനെയാണെങ്കിലും മലയാളമനോരമയുടെ അടങ്ങാത്ത ആഗ്രഹം അടിക്കുറിപ്പായി കൊടുത്തിട്ടുണ്ട്. രാഹുലിന്റെ ചെരുപ്പില്‍ തറച്ച ആണി എടുത്തുമാറ്റുന്ന ചിത്രത്തിന് 'ഇതുപോലെ പിഴുതെറിയണം' എന്നാണ് അടിക്കുറിപ്പ്. അച്ചായന്റെ മനംപോലെയാണ് കേരളജനതയും ചിന്തിച്ചിരുന്നതെങ്കില്‍ സിപിഐ എമ്മും ഇടതുപക്ഷപ്രസ്ഥാനവും ഒരു പഞ്ചായത്തില്‍ പോലും ഭരണത്തിലെത്തില്ലായിരുന്നു. ജനങ്ങളെയും വായനക്കാരെയും കൊഞ്ഞനംകുത്തുന്ന ഇത്തരം ക്ഷുദ്രപ്രവര്‍ത്തനത്തെയാണ് മലയാളമണ്ണില്‍നിന്ന് വേരോടെ പിഴുതെറിയേണ്ടത്. ഈ തെരഞ്ഞെടുപ്പില്‍ അലയടിക്കുന്ന ജനവികാരം അതിന്റെകൂടി സൂചനയാണ്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പത്രമുതലാളിമാര്‍ ആരും വിഷം കഴിച്ച് മരിച്ചേക്കരുതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അഭ്യര്‍ഥിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ചുള്ള ഈ പത്രങ്ങളുടെ വിലയിരുത്തലും സാമാന്യബോധമുള്ള വായനക്കാരെ വെല്ലുവിളിക്കുന്നതാണ്. അഴിമതി മുഖ്യവിഷയമാക്കാന്‍ ഇടതുമുന്നണി ശ്രമിക്കുന്നതിലാണ് മാതൃഭൂമിക്കു സങ്കടം. കേന്ദ്രസര്‍ക്കാരിന്റെ ഹിമാലയന്‍ അഴിമതികളില്‍ സഹികെട്ട് ഗാന്ധിയനായ അണ്ണ ഹസാരെയെപ്പോലുള്ളവര്‍ നിരാഹാരസമരം നടത്തിയതും അതിനു രാജ്യമാകെ ലഭിച്ച പിന്തുണയും ദേശീയപ്രസ്ഥാനത്തിന്റെ തീച്ചൂളയില്‍ പിറന്ന മാതൃഭൂമി ഓര്‍ക്കണമായിരുന്നു. വികസനപ്രശ്നങ്ങള്‍ ഉയര്‍ത്തിയില്ലെന്ന പരിദേവനവുമുണ്ട്. എന്നാല്‍, ലതികാ സുഭാഷ് പ്രശസ്തയാണെന്ന് പറഞ്ഞതിന്റെ പേരില്‍ ഇതേ പത്രങ്ങളാണ് ദിവസങ്ങളോളം വിവാദമുണ്ടാക്കി പേജ് നിറച്ചത്. വി എസിന്റെ പ്രചാരണ പരിപാടികളില്‍ പാര്‍ടിക്ക് നിയന്ത്രണമില്ലെന്നാണ് മനോരമയുടെ കണ്ടുപിടിത്തം. ഇതില്‍ പാര്‍ടിയില്‍ അസ്വസ്ഥതയുള്ളതായാണ് ലേഖകന്റെ വെളിപാട്. ജില്ലാകമ്മിറ്റിയാണ് വി എസിന്റെ പരിപാടികള്‍ നിശ്ചയിക്കുന്നതെന്നും ഇതേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാര്‍ടി ജനറല്‍ സെക്രട്ടറിയടക്കമുള്ള നേതാക്കളുടെ ജില്ലകളിലെ പരിപാടി ജില്ലാ കമ്മിറ്റികള്‍ നിശ്ചയിക്കുകയാണ് രീതി. മനോരമക്ക് അറിയാത്തതുക്കൊണ്ട് അതൊരു അപരാധമാകുന്നില്ല.

ദേശാഭിമാനി 110411

2 comments:

  1. പിടിവള്ളികള്‍ ഓരോന്നും അറ്റുപോകുമ്പോള്‍ ബേജാറിലാകുന്നത് യുഡിഎഫ് മാത്രമല്ല, മലയാളത്തിലെ ചില മാധ്യമങ്ങളുമാണ്. പെണ്‍വാണിഭക്കാരും അഴിമതി വീരന്മാരും നയിക്കുന്ന യുഡിഎഫിനെ കരകയറ്റാന്‍ ക്വട്ടേഷന്‍ എടുത്തവര്‍ക്ക് പോളിങ് ദിനം അടുക്കുന്തോറും വെപ്രാളം കൂടിവരികയാണ്. യുഡിഎഫിന് സെഞ്ച്വറി പ്രവചിച്ചവരൊക്കെ ജനങ്ങളുടെ പ്രതികരണത്തില്‍ പകച്ചുനില്‍ക്കുകയാണ്. കേരളത്തെ ഇളക്കിമറിക്കുമെന്ന് കരുതിയിരുന്ന സോണിയയും മന്‍മോഹനും വന്നിറങ്ങിയപ്പോള്‍ എതിരേറ്റത് ആളൊഴിഞ്ഞ കസേരകള്‍. രാഹുല്‍ 'മാജിക് പ്രതീക്ഷിച്ചവര്‍ക്കും തെറ്റി. യുവരാജാവ് പങ്കെടുത്ത യോഗങ്ങളിലുംആയിരംപേര്‍ തികച്ചെത്തിയില്ല.

    ReplyDelete
  2. കേരളം അഭിമുഖീകരിക്കൂന്ന വമ്പന്‍ പ്രശ്നങ്ങള്‍ : രാഷ്ട്രീയ പാര്‍ട്ടികള്‍ അവതരിപ്പിക്കുന്നത്

    1. വി.എസിനെ സ്ഥാനാര്‍ത്ഥിയാക്കിയതാര്

    2. കേരളത്തിനു രണ്ടു രൂപ്യക്ക് അരിവേണോ ഒരു രൂപയ്ക്ക് അരി വേണോ

    3. കുഞ്ഞാലിക്കുട്ടിയും ഐസ്ക്രീം കേസും

    4.വി‌എസിന്റെ മകന്റെ ജോലി

    5. പാമോയിലും ഗ്രാഫൈറ്റ് കേസും

    6. ചെന്നിത്തലയുടെ ഹെലി‌കോപ്‌ടര്‍ യാത്ര.

    7. ഒരുത്തിയും,പ്രശസ്തിയുടെ അന്വേഷ്ണവും

    8. പി.ശശിയുടെ അസുഖം എന്തായിരുന്നു... പോലീസ് കേസെടുക്കുമോ

    9.ജയരാജന്‍ ഷാജഹാനെ തല്ലിയോ അതൊ ഷാജഹാന്‍ ജയരാജനെ തല്ലിയോ

    10. മന്ത്രി ദിവാകരന്‍ വോട്ടറെ തല്ലിയോ

    11. രാഹുലിന്റേയും സോണിയായുടേയും സമ്മേളനങ്ങളില്‍ ഒഴിഞ്ഞു കിടന്ന കസേരകള്‍

    12. ജമാ അത്തൈ ഇസ്ലാമിയുടെയും ആര്‍.എസ്.എസിന്റേയും വോട്ട് ആര് വാങ്ങും



    കേരളത്തെ ബാധിക്കുന്നതായി ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തോന്നാത്ത കാര്യങ്ങള്‍

    1.കുടി വെള്ളം

    2. റോഡുകള്‍

    3. വിദ്യാഭ്യാസ മേഖലകളിലെ പരിഷ്ക്കാരം

    4. പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപെട്ടവരുടെ പുനരധിവാസം

    5. മാലിന്യ സംസ്ക്കരണം

    6. കുറഞ്ഞത് ഇരുപതു വര്‍ഷത്തിനപ്പുറത്തെ കെരളം എങ്ങനെ ആയിരിക്കണം എന്നുള്ള കാഴ്ചപ്പാട്..



    ഈ തിരഞ്ഞെടുപ്പില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തങ്ങള്‍ക്ക്കേരള വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണന്ന് പോലും പറയാതെ വോട്ടുതേടുകയാണ്. കേരളത്തിലെ ജനങ്ങളെ വിവാദങ്ങളില്‍ തളച്ചിടാന്‍ മാധ്യമങ്ങളുംതങ്ങളുടേതായ പങ്ക് വഹിക്കുന്നുണ്ട്



    ഈ തിരഞ്ഞെടുപ്പില്‍ ആരു ജയിച്ചാലും കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് അതൊരുദുരന്തം ആയിരിക്കും. കാരണം ഇന്നേ ദിവസം വരെ രാഷ്ട്രീയപാര്‍ട്ടികള്‍തങ്ങളുടെ കേരളത്തിന്റെ വികസനത്തെക്കൂറിച്ചുള്ള കാഴ്ചപ്പാട്അവതരിപ്പിച്ചിട്ടില്ല. പേരിനൊരു തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയെന്ന്മാത്രം. എന്നിട്ട് അതിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം പെണ്‍വിഷയവും അഴിമതിയും മാത്രം ചര്‍ച്ച ചെയ്ത് നിര്‍വൃതി അടയുന്നു. ആരോപണപ്രത്യാരോപണം ഉന്നയിക്കുമ്പോള്‍ പ്രിയപ്പെട്ട നേതാക്കാന്മാരെ നിങ്ങള്‍ഒന്ന് ഓര്‍ക്കുക.. നിങ്ങള്‍ക്ക് വേണ്ടത് കേരളത്തിലെ ഭരണമോ അതോ കേരളത്തിന്റെ പുരോഗതിയോ????



    ഒരു പക്ഷേ കേരളം ഇതുവരെ കണ്ടതില്‍ വെച്ചേറ്റവും വൃത്തികെട്ട രാഷ്ട്രീയപ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഭരണ-പ്രതിപക്ഷത്തിന്റെ വാക് പയറ്റ്കണ്ടാല്‍ തോന്നും കേരളം കുത്തഴിഞ്ഞ ലൈഗിംക തൃഷ്ണയുള്ള മനുഷ്യരുടെനാടാണന്ന്.



    ഒരു ദിവസമെങ്കിലും കേരളത്തിന്റെ വികസനത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ജനങ്ങളോട് പങ്ക് വെച്ചിട്ട് തിരഞ്ഞെടുപ്പിനെ നേരിടൂ

    കടപ്പാട്‌: ബുഷ്‌റ

    ReplyDelete