Monday, July 11, 2011

മമതയുടെ "പരിവര്‍ത്തനം" 17,000 കര്‍ഷകര്‍ക്ക് ഭൂമി നഷ്ടം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ ഭരണം രണ്ടുമാസമാകുമ്പോള്‍ കൃഷിഭൂമി നഷ്ടപ്പെട്ടത് 17,000 കര്‍ഷകര്‍ക്ക്. ഭൂരഹിതരെ കണ്ടെത്തി അവര്‍ക്ക് ഭൂമിയും രേഖകളും നല്‍കുകയാണ് ഇടതുമുന്നണി സര്‍ക്കാരുകള്‍ ചെയ്തതെങ്കില്‍ പുതിയ സര്‍ക്കാര്‍ ആ ഭൂമി പിടിച്ചെടുത്ത് പഴയ ജന്മിമാര്‍ക്കു നല്‍കുകയാണ്. ഭൂരേഖകള്‍ തട്ടിയെടുത്ത് കര്‍ഷകരെ ആട്ടിപ്പായിക്കുന്നത് വ്യാപകമായി. രണ്ട് മാസത്തെ ഈ "പരിവര്‍ത്തന"ത്തില്‍ 10,000 ഏക്കര്‍ ഭൂമി കര്‍ഷകരില്‍നിന്ന് പഴയ ജന്മിമാര്‍ക്കുവേണ്ടി തൃണമൂല്‍ അക്രമികള്‍ പൊലീസ് സഹായത്തോടെ തട്ടിയെടുത്തു.

ഭൂമിക്കുവേണ്ടി സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഉജ്വല പോരാട്ടം നടന്ന മണ്ണാണ് പശ്ചിമബംഗാള്‍ . ഐതിഹാസികമായ തേഭാഗ സമരത്തിന്റെ നാട്. ഉത്തര 24 പര്‍ഗാനാസ്, ബര്‍ധമാന്‍ , ഹൂഗ്ലി, മേദിനിപ്പുര്‍ എന്നീ ജില്ലകളില്‍ നടന്ന ഭൂസമരങ്ങളില്‍ നിരവധി പേര്‍ രക്തസാക്ഷികളായി. ഇടതുമുന്നണി സര്‍ക്കാര്‍ ഈ കര്‍ഷകസമരങ്ങളുടെ ഊര്‍ജമുള്‍ക്കൊണ്ട് മിച്ചഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്ക് നല്‍കുകയും പങ്കുകൃഷിക്കാരെ രജിസ്റ്റര്‍ചെയ്ത് അവര്‍ക്ക് ഭൂമിയില്‍ കൃഷിചെയ്യാനുള്ള അവകാശം നല്‍കുകയുംചെയ്തു. ഇപ്പോള്‍ ഈ ഭൂമിയെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.

ഹൂഗ്ലി ജില്ലയിലെ ധനിയാഖലിയിലെ ഗോഡാബാഡി ഗ്രാമത്തിലെ ജന്മി ബലായി ഘോഷില്‍നിന്നും ഏക്കര്‍ കണക്കിന് മിച്ചഭൂമി ഇടതുമുന്നണി സര്‍ക്കാര്‍ പിടിച്ചെടുത്ത് 35 ഭൂരഹിത കര്‍ഷകര്‍ക്ക് വിതരണംചെയ്തിരുന്നു. ഇപ്പോള്‍ പൊലീസ് സഹായത്തോടെ ഈ കര്‍ഷകരെ ആട്ടിയോടിച്ച് ഭൂമി കൈവശപ്പെടുത്തുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഘോഷ്. സാല്‍ബണി, ഗോല്‍തോറ, മേദിനിപ്പുര്‍ സദര്‍ , കേശ്പുര്‍ , ജാര്‍ഗ്രാം, ഘട്ടല്‍ , ചന്ദ്രകന, ദാസ്പുര്‍ മേഖലകളിലായി മൂവായിരത്തില്‍പ്പരം കര്‍ഷകര്‍ക്ക് ഭൂമി നഷ്ടമായി. ആയുധം പിടിച്ചെടുക്കലിന്റെ പേരില്‍ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കുന്നതിനിടയിലാണ് ഭൂമികൈയേറ്റം. 1800 ഏക്കറിലധികം ഭൂമിയാണ് കര്‍ഷകര്‍ക്ക് നഷ്ടമായത്. ബര്‍ധമാന്‍ ജില്ലയില്‍ 2,219 പേര്‍ക്ക് ഭൂമി നഷ്ടപ്പെട്ടു. 1977ല്‍ അധികാരമേറിയ ഇടതുമുന്നണി സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണത്തിന്റെ ഫലമായി 30 ലക്ഷം കര്‍ഷകര്‍ക്ക് ഭൂമി കിട്ടിയിരുന്നു. 11.30 ലക്ഷം ഏക്കര്‍ ഭൂമിയാണ് ഇങ്ങനെ വിതരണംചെയ്തത്. ഇതിന് പട്ടയവും നല്‍കി. 15.13 ലക്ഷം പങ്കുകൃഷിക്കാര്‍ക്ക് ഓപ്പറേഷന്‍ ബര്‍ഗ പദ്ധതിയിലൂടെ 11.15 ലക്ഷം ഏക്കര്‍ ഭൂമി പങ്കുകൃഷിക്കാര്‍ക്കും നല്‍കി. ബംഗാളിന്റെ മുഖച്ഛായ മാറ്റിയ ഈ പരിഷ്കാരത്തെ ആയുധബലംകൊണ്ട് അട്ടിമറിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസും പൊലീസും ശ്രമിക്കുന്നത്.
(വി ജയിന്‍)

deshabhimani 110711

1 comment:

  1. പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ ഭരണം രണ്ടുമാസമാകുമ്പോള്‍ കൃഷിഭൂമി നഷ്ടപ്പെട്ടത് 17,000 കര്‍ഷകര്‍ക്ക്. ഭൂരഹിതരെ കണ്ടെത്തി അവര്‍ക്ക് ഭൂമിയും രേഖകളും നല്‍കുകയാണ് ഇടതുമുന്നണി സര്‍ക്കാരുകള്‍ ചെയ്തതെങ്കില്‍ പുതിയ സര്‍ക്കാര്‍ ആ ഭൂമി പിടിച്ചെടുത്ത് പഴയ ജന്മിമാര്‍ക്കു നല്‍കുകയാണ്. ഭൂരേഖകള്‍ തട്ടിയെടുത്ത് കര്‍ഷകരെ ആട്ടിപ്പായിക്കുന്നത് വ്യാപകമായി. രണ്ട് മാസത്തെ ഈ "പരിവര്‍ത്തന"ത്തില്‍ 10,000 ഏക്കര്‍ ഭൂമി കര്‍ഷകരില്‍നിന്ന് പഴയ ജന്മിമാര്‍ക്കുവേണ്ടി തൃണമൂല്‍ അക്രമികള്‍ പൊലീസ് സഹായത്തോടെ തട്ടിയെടുത്തു.

    ReplyDelete