Saturday, July 9, 2011

2ജി: തെളിവുകള്‍ നീളുന്നത് ചിദംബരത്തിലേക്കും

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ പങ്കുള്ള രണ്ടു മന്ത്രിമാര്‍ രാജിവച്ച സാഹചര്യത്തില്‍ ഇനി തെളിയാനുള്ളത് മുന്‍ധനമന്ത്രിയും ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയുമായ പി ചിദംബരത്തിന്റെ പങ്ക്. അന്വേഷണം ശരിയായ ഗതിയില്‍ നീങ്ങിയാല്‍ സ്പെക്ട്രം അനുവദിച്ചതില്‍ പങ്കുള്ള അന്നത്തെ ധനമന്ത്രിക്കും വിലങ്ങുവീഴും. ലൈസന്‍സ് നിരക്ക് നിശ്ചയിച്ചപ്പോള്‍ പി ചിദംബരമായിരുന്നു ധനമന്ത്രി. 2ജി ഇടപാടിന്റെ കൂടുതല്‍ രേഖകള്‍ പുറത്തുവരുന്നത് കോണ്‍ഗ്രസിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

ലൈസന്‍സിന്റെ വിശദാംശം അന്നത്തെ ധനമന്ത്രി പി ചിദംബരം അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ലൈസന്‍സ് അനുവദിക്കാന്‍ പോകുന്നുവെന്നും വില 2001ലേതാണെന്നും ചിദംബരത്തിന് അറിയാമായിരുന്നുവെന്നതിന് സര്‍ക്കാര്‍ തീരുമാനങ്ങള്‍തന്നെ തെളിവ്. ധനമന്ത്രിയും ടെലികോംമന്ത്രിയും ചേര്‍ന്നാണ് വില നിശ്ചയിക്കേണ്ടതെന്ന് 2003ല്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാല്‍ , കുറ്റം ഡിഎംകെയില്‍ കെട്ടിവയ്ക്കുകയാണ് കോണ്‍ഗ്രസ്. 2ജി ഇടപാടില്‍ ചിദംബരത്തിനുള്ള പങ്കിനെക്കുറിച്ച് റാഡിയ ടേപ്പിലും സൂചനയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജനതാപാര്‍ടി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ചിദംബരത്തിനെതിരെയാണ് ആദ്യം നടപടിവേണ്ടതെന്ന് പിഎസി ചെയര്‍മാന്‍ മുരളീമനോഹര്‍ ജോഷി പറഞ്ഞിരുന്നു. ചിദംബരത്തിനെതിരെ പിഎസിക്ക് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജോഷി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോണ്‍ഗ്രസ് എംപിമാരുടെ അട്ടിമറിശ്രമത്തിനിടെ പിഎസി റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് നല്‍കിയെങ്കിലും സാങ്കേതികത്വം പറഞ്ഞ് തള്ളി. ജോഷിയുടെ റിപ്പോര്‍ട്ട് വെളിച്ചം കാണാതിരിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് തുടുരുകയാണ്.

ചിദംബരത്തിനുമാത്രമല്ല പ്രധാനമന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്നാണ് ബിജെപി ആരോപണം. 2ജി ഇടപാടില്‍ സിബിഐ അന്വേഷണം തുടങ്ങിയതോടെ ആഭ്യന്തരമന്ത്രി ചിദംബരം ഇടപെട്ട് അന്വേഷണം വൈകിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് മറ്റൊരു ആരോപണം. ടെലികോം ഉള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പുകളുടെ തലവന്മാരുമായി ചിദംബരം കൂടിയാലോചന നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കേണ്ട തെളിവുകളുടെ പ്രധാന സ്രോതസ്സ് ടെലികോം വകുപ്പാണെന്നിരിക്കെയാണ് ഈ രഹസ്യ കൂടിക്കാഴ്ച നടന്നത്. അതേസമയം, 2ജി ഇടപാടില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ഒരു പങ്കുമില്ലെന്ന് ടെലികോംമന്ത്രി കപില്‍ സിബലും പാര്‍ലമെന്ററിമന്ത്രി പവന്‍കുമാര്‍ ബന്‍സലും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചിദംബരത്തിന്റെ രാജി ആവശ്യപ്പെടുന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. എല്ലാവരുമായും കൂടിയാലോചിച്ചാണ് സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ചിദംബരം തീരുമാനങ്ങള്‍ എടുത്തത്- മന്ത്രിമാര്‍ പറഞ്ഞു. . ചിദംബരവും ടെലികോംമന്ത്രിയായിരുന്ന എ രാജയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ മിനിട്ട്സ് രേഖപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രിമാര്‍ പറഞ്ഞു. മന്ത്രിമാര്‍ തമ്മില്‍ സാധാരണയായി നടക്കാറുള്ള ഇത്തരം കൂടിക്കാഴ്ചകള്‍ രേഖപ്പെടുത്താറില്ലെന്നാണ് ഇവരുടെ ന്യായീകരണം.
(ദിനേശ്വര്‍മ)

deshabhimani 090711

1 comment:

  1. 2ജി സ്പെക്ട്രം കേസില്‍ പങ്കുള്ള രണ്ടു മന്ത്രിമാര്‍ രാജിവച്ച സാഹചര്യത്തില്‍ ഇനി തെളിയാനുള്ളത് മുന്‍ധനമന്ത്രിയും ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയുമായ പി ചിദംബരത്തിന്റെ പങ്ക്. അന്വേഷണം ശരിയായ ഗതിയില്‍ നീങ്ങിയാല്‍ സ്പെക്ട്രം അനുവദിച്ചതില്‍ പങ്കുള്ള അന്നത്തെ ധനമന്ത്രിക്കും വിലങ്ങുവീഴും. ലൈസന്‍സ് നിരക്ക് നിശ്ചയിച്ചപ്പോള്‍ പി ചിദംബരമായിരുന്നു ധനമന്ത്രി. 2ജി ഇടപാടിന്റെ കൂടുതല്‍ രേഖകള്‍ പുറത്തുവരുന്നത് കോണ്‍ഗ്രസിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

    ReplyDelete