Friday, July 8, 2011

7000 കര്‍ഷകരെക്കൂടി ഭൂമിയില്‍നിന്ന് ആട്ടിയിറക്കി

കൊല്‍ക്കത്ത: 7000 കര്‍ഷകര്‍ക്കു കൂടി പശ്ചിമബംഗാളില്‍ ഭൂമി നഷ്ടമായി. ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ ഹഡോയ ബ്ലോക്കിലുള്ള ഗോപാല്‍പുര്‍ ഒന്ന്, രണ്ട് പഞ്ചായത്തുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് മുന്‍ജന്മിമാര്‍ക്ക് നല്‍കിയത്. ബുധനാഴ്ച വൈകിട്ട്് ആയുധധാരികളായ തൃണമൂലുകാര്‍ പൊലീസുമായെത്തിയാണ് കര്‍ഷകരെ പട്ടയമുള്ള ഭൂമിയില്‍നിന്ന് ആട്ടിപ്പായിച്ചത്. കഴിഞ്ഞദിവസം ഇവിടെ 2300 കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്തിരുന്നു. ഭൂമി പിടിച്ചെടുക്കല്‍ചെറുത്ത സിപിഐ എം പ്രവര്‍ത്തകര്‍ക്കെരെ തൃണമൂല്‍ പ്രവര്‍ത്തകരും പൊലീസും ആക്രമിച്ചു. 640 സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വീടു വിട്ടുപോകേണ്ടിവന്നു. ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ അക്രമവും കള്ളക്കേസ് എടുക്കലുംതുടരുകയാണ്. ഭൂപരിഷ്കരണനടപടിയെ തുടര്‍ന്ന് മിച്ചഭൂമി വിട്ടുകൊടുക്കേണ്ടി വന്ന പഴയ ജന്മിമാരും അവരുടെ കുടുംബാംഗങ്ങളുമാണ് തൃണമൂലിന്റെയും പൊലീസിന്റെയും സഹായത്തോടെ ഭൂമി തിരിച്ചുപിടിക്കുന്നത്.

ഇടതുമുന്നണി സര്‍ക്കാര്‍ പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വച്ച ഇവരില്‍നിന്ന് മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിത കര്‍ഷകര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. ആദ്യത്തെ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് ഭൂമി ലഭിച്ചവരാണ് ഗോപാല്‍പുരിലെ കര്‍ഷകര്‍ . ഇതാണ് 30 വര്‍ഷത്തിനുശേഷം ഇപ്പോള്‍ ബലമായി തിരിച്ചെടുക്കുന്നത്. ബുധനാഴ്ച മാത്രം ഹഡോയ ബ്ലോക്കിലെ തേംതുലിയ വില്ലേജില്‍ 421 ഏക്കര്‍ , ബാത്ഗച്ചി വില്ലേജില്‍ 260 ഏക്കര്‍ , മുസീര്‍ഘഡി വില്ലേജില്‍ 400 ഏക്കര്‍ , നെബുതല വില്ലേജില്‍ 930 ഏക്കര്‍ എന്നിങ്ങനെയാണ് കര്‍ഷകര്‍ക്ക് ഭൂമി നഷ്ടപ്പെട്ടത്. മൂന്നുദിവസത്തിനുള്ളില്‍ ഈ മേഖലയില്‍ പതിനായിരത്തോളം കര്‍ഷകര്‍ക്ക് 2400 ഏക്കര്‍ ഭൂമി നഷ്ടമായി.

ദരിദ്ര കര്‍ഷകര്‍ , ആദിവാസികള്‍ , മത്സ്യത്തൊഴിലാളികള്‍ , കര്‍ഷകത്തൊഴിലാളികള്‍ , ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ എന്നിവര്‍ക്ക് അക്രമംമൂലം ഭൂമിയും വീടും ഉപേക്ഷിച്ച് പോകേണ്ടിവന്നു. പട്ടികജാതി-പട്ടികവര്‍ഗക്കാരടക്കമുള്ള പാവപ്പെട്ടവര്‍ക്ക് വീടുവയ്ക്കാന്‍ നല്‍കിയ എട്ട് സെന്റുവീതം ഭൂമിയും ബലമായി തിരിച്ചെടുത്തു. ആദിവാസികളടക്കമുള്ളവരെ ആട്ടിയോടിച്ച ശേഷം വീടുകള്‍ക്ക് തീകൊളുത്തി. 110 കുടുംബങ്ങള്‍ക്കാണ് ഇങ്ങനെ വീടും ഭൂമിയും നഷ്ടമായത്. ബാങ്കുറ ജില്ലയിലെ ഇന്ദുപൂരിലുള്ള ചാകല്‍തോഡ് ഗ്രാമത്തില്‍ പട്ടയമുള്ള കര്‍ഷകരില്‍നിന്ന് ബലമായി ഭൂമി പിടിച്ചെടുക്കാനുള്ള നീക്കത്തെ കര്‍ഷകര്‍ യോജിച്ച് എതിര്‍ത്തു. എന്നാല്‍ , ഭീഷണി അവസാനിച്ചിട്ടില്ല. പൊലീസിനെയും കൂടുതല്‍ അക്രമിസംഘങ്ങളെയും കൂട്ടി ഏതുനിമിഷവും ഭൂമി കൊള്ളക്കാര്‍ എത്തുമെന്ന് കര്‍ഷകര്‍ ഭയക്കുന്നു.
(വി ജയിന്‍)

deshabhimani 080711

2 comments:

  1. 7000 കര്‍ഷകര്‍ക്കു കൂടി പശ്ചിമബംഗാളില്‍ ഭൂമി നഷ്ടമായി. ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ ഹഡോയ ബ്ലോക്കിലുള്ള ഗോപാല്‍പുര്‍ ഒന്ന്, രണ്ട് പഞ്ചായത്തുകളിലാണ് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് മുന്‍ജന്മിമാര്‍ക്ക് നല്‍കിയത്.

    ReplyDelete
  2. CPIM -nu karshaka sneham ennu thudangi . thiranjeduppil thottal janasneham , bharanathilvannal muthalali sneham very good

    ReplyDelete