Saturday, July 9, 2011

കേരള ബജറ്റിലൂടെ

ക്ഷേമ പദ്ധതികള്‍ അട്ടിമറിച്ചു

തിരുവനന്തപുരം: ക്ഷേമവികസന പദ്ധതികള്‍ സംബന്ധിച്ച യു ഡി എഫിന്റെ പ്രതിലോമകരമായ നയം വ്യക്തമാക്കുന്ന ബജറ്റാണ്‌ ധനമന്ത്രി കെ എം മാണി അവതരിപ്പിച്ചത്‌. യു ഡി എഫ്‌ അധികാരത്തില്‍ വരുന്ന ഘട്ടത്തിലെല്ലാം ജനക്ഷേമ പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. ഈ മുന്‍ അനുഭവം ഓര്‍മപ്പെടുത്തുന്നതാണ്‌ ധനമന്ത്രിയുടെ ബജറ്റിലെ സമീപനം. കഴിഞ്ഞ ബജറ്റില്‍ എല്‍ ഡി എഫ്‌ പ്രഖ്യാപിച്ച ഒരുപിടി ജനക്ഷേമ പദ്ധതികള്‍ ഇത്തവണത്തെ ബജറ്റില്‍ ഇല്ല.

രണ്ട്‌ രൂപ നിരക്കില്‍ അരി വിതരണം ചെയ്യാനുള്ള മുന്‍ സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഇതിന്‌ പകരം ഒരു രൂപയ്‌ക്ക്‌ ബി പി എല്‍ നിരക്കില്‍ അരി നല്‍കുമെന്ന പ്രഖ്യാപനം ബജറ്റ്‌ നടത്തുന്നുണ്ട്‌. എന്നാല്‍ ഈ പ്രഖ്യാപനം പല സംശയങ്ങളും ഉയര്‍ത്തുന്നു. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ബി പി എല്‍ പട്ടികയില്‍പ്പെട്ട 32 ലക്ഷം പേര്‍ക്കും ഒരു രൂപ നിരക്കില്‍ അരി നല്‍കുമെന്ന്‌ ഉമ്മന്‍ചാണ്ടിയും ഭക്ഷ്യമന്ത്രി ടി എം ജേക്കബൂം നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 20,50,487 പേര്‍ക്ക്‌ മാത്രമായി ഒരു രൂപ അരി പരിമിതപ്പെടുത്തിയതായാണ്‌ ബജറ്റ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഇതിന്‌ നീക്കിവച്ച 200 കോടി രൂപ പദ്ധതി നടത്തിപ്പിന്‌ പര്യാപ്‌തമാവില്ല. ഈ തീരുമാനം നടപ്പാകുന്നതോടെ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യസുരക്ഷാ പദ്ധതി അട്ടിമറിക്കപ്പെടുകയാണ്‌. 50 ലക്ഷത്തോളം കുടുംബങ്ങള്‍ ഈ പദ്ധതിയില്‍ നിന്ന്‌ പുറത്താകും.

വിലക്കയറ്റം നിയന്ത്രിക്കാന്‍ 13 ഇനം അവശ്യസാധനങ്ങള്‍ റേഷന്‍കടവഴി വിതരണം ചെയ്യുമെന്ന്‌ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 100 കോടി രൂപ നീക്കിവച്ചിരുന്നു. യു ഡി എഫ്‌ സര്‍ക്കാര്‍ നയപ്രഖ്യാപനത്തില്‍ ഇത്‌ ആവര്‍ത്തിക്കുകയും ചെയ്‌തു. എന്നാല്‍ കേന്ദ്രാനുമതിക്കായി സമര്‍പ്പിച്ചിരിക്കുന്ന ഈ പദ്ധതിക്ക്‌ അനുമതി ലഭിക്കുന്ന മുറയ്‌ക്ക്‌ നടപ്പാക്കുമെന്ന പ്രഖ്യാപനമാണ്‌ ബജറ്റിലുള്ളത്‌.

എല്‍ ഡി എഫ്‌ സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതിയായ ജനിക്കുന്ന കുഞ്ഞുങ്ങളുടെ പേരില്‍ 10000 രൂപയുടെ സ്ഥിര നിക്ഷേപം എന്‍ഡോവ്‌മെന്റായി നല്‍കുമെന്ന പദ്ധതിയും അട്ടിമറിച്ചു.

ഇ എം എസ്‌ ഭവന പദ്ധതി, എം എന്‍ ലക്ഷംവീട്‌ പദ്ധതി തുടങ്ങിയ ഭവനപദ്ധതികള്‍ യു ഡി എഫ്‌ അട്ടിമറിക്കുകയാണെന്ന്‌ ഉറപ്പായി. ഈ പദ്ധതികള്‍ക്കായി ഒരു രൂപപോലും ബജറ്റില്‍ നീക്കിവച്ചിട്ടില്ല. ഇതിന്‌ പകരമായി സാഫല്യം എന്ന പേരില്‍ ഭവന പദ്ധതി തുടങ്ങുമെന്ന പ്രഖ്യാപനം ബജറ്റ്‌ മുന്നോട്ട്‌ വയ്‌ക്കുന്നു. നിലവില്‍ നടന്നുവരുന്ന ഭവനപദ്ധതികളുടെ നിര്‍മാണ പ്രവൃത്തികളുടെ സ്ഥിതി എന്തായിരിക്കുമെന്ന്‌ വ്യക്തമല്ല.

അസംഘടിതമേഖലയില്‍ വേതനത്തോട്‌ കൂടി ഒരു മാസത്തെ പ്രസവാവധി നല്‍കാനുള്ള എല്‍ ഡി എഫ്‌ സര്‍ക്കാരിന്റെ പ്രഖ്യാപനത്തെക്കുറിച്ചും ബജറ്റില്‍ പരാമര്‍ശമില്ല. അഗന്‍വാടി ടീച്ചര്‍മാരുടെ അലവന്‍സ്‌ പ്രതിമാസം 1000 രൂപ വര്‍ധിപ്പിക്കാനും ആശാവര്‍ക്കര്‍മാര്‍ക്ക്‌ 300 രൂപ പ്രതിമാസം ഓണറേറിയം അനുവദിക്കാനും എല്‍ ഡി എഫ്‌ എടുത്ത തീരുമാനത്തെക്കുറിച്ചും ബജറ്റ്‌ മൗനം പാലിക്കുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പ്രത്യേക പാക്കേജ്‌ കേന്ദ്രവുമായി ചേര്‍ന്ന്‌ നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ച ബജറ്റില്‍ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച എന്‍ഡോസള്‍ഫാന്‍ രോഗബാധിതരായ ശയ്യാവലംബികള്‍ക്കുള്ള 2000 രൂപയുടെ പെന്‍ഷനും മറ്റ്‌ രോഗബാധിതര്‍ക്കുള്ള 1000 രുപ പെന്‍ഷനും തുടരുമോ എന്ന്‌ വ്യക്തമാക്കിയിട്ടില്ല. ശയ്യാവലംബികളായ രോഗികളുടെയും മാനസിക രോഗികളുടെയും ശുശ്രൂഷകള്‍ക്ക്‌ 300 രൂപ വീതം ധനസഹായം നല്‍കാനുള്ള പദ്ധതി, മാനസികവും കായികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ കേന്ദ്രസഹായം ലഭിക്കാത്ത സ്‌കൂളുകള്‍ക്ക്‌ പ്രഖ്യാപിച്ച ധനസഹായം ഇവയൊന്നും പുതിയ ബജറ്റില്‍ സ്ഥാനം പിടിച്ചിട്ടില്ല.

സാക്ഷരതാ പ്രേരക്‌മാരുടെ ഓണറേറിയം 1500 രൂപയില്‍ നിന്നും 2000 രൂപയാക്കാനും പി ടി എയുടെ കീഴിലുള്ള പ്രീപ്രൈമറി അധ്യാപകര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം 600 രൂപയാക്കാന്‍ എടുത്ത തീരുമാനവും പുതിയ ബജറ്റിലൂടെ നിരാകരിക്കപ്പെട്ടിരിക്കുകയാണ്‌. അനാഥാലയങ്ങള്‍ക്കുള്ള ധനസഹായം 250 രൂപയില്‍ നിന്നും 300 രൂപയാക്കാനുള്ള പ്രഖ്യാപനവും പുതിയ ബജറ്റില്‍ ഇടം പിടിച്ചിട്ടില്ല.

വീട്ടുജോലിക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ ക്ഷേമനിധി, പാചകതൊഴിലാളികളുടെ ക്ഷേമനിധി എന്നിവയെക്കുറിച്ചും ബജറ്റ്‌ തികച്ചും മൗനം പാലിക്കുന്നു.

തൊഴിലുറപ്പ്‌ പദ്ധതി നഗരങ്ങളിലേയ്‌ക്ക്‌ വ്യാപിപ്പിക്കാനായി എല്‍ ഡി എഫ്‌ പ്രഖ്യാപിച്ച അയ്യങ്കാളി തൊഴിലുറപ്പ്‌ പദ്ധതി എന്ന ആശയത്തെക്കുറിച്ചും ബജറ്റ്‌ തികഞ്ഞ മൗനമാണ്‌ പാലിക്കുന്നത്‌.
(കെ എസ്‌ അരുണ്‍)

മദ്യത്തിനും പാന്‍മസാലയ്‌ക്കും വിലകൂടും; കാറുകള്‍ക്കും വലിയ വീടുകള്‍ക്കും സെസ്‌

തിരുവനന്തപുരം: ബജറ്റില്‍ സാമൂഹ്യ സുരക്ഷാസെസ്‌ വര്‍ധിപ്പിച്ചതോടെ മദ്യത്തിന്റെ വില ഉയരും. വിദേശ മദ്യത്തിന്റെ ആദ്യ വില്‍പ്പനയില്‍ നിലവിലുള്ള ഒരു ശതമാനം സാമൂഹ്യ സുരക്ഷാ സെസ്‌ ആറുശതമാനമായി ഉയര്‍ത്താനാണ്‌ തീരുമാനിച്ചിട്ടുള്ളത്‌. ഇതിലൂടെ സംസ്ഥാനത്തിന്‌ 135 കോടിരൂപയുടെ അധിക വരുമാനമാണ്‌ ഉണ്ടാകുക. കേരള സംസ്ഥാന ബിവറേജസ്‌ കോര്‍പ്പറേഷന്‍ 2004ല്‍ നഷ്‌ടത്തിലായിരുന്നപ്പോള്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്‌ അനുവദിച്ച അഞ്ചു ശതമാനം സര്‍ചാര്‍ജ്‌ ഇളവും എടുത്തുകളഞ്ഞു. ഇതും മദ്യത്തിന്റെ വില ഉയരുന്നതിന്‌ ഇടയാക്കും. ഇപ്പോള്‍ കോര്‍പ്പറേഷന്‍ ലാഭത്തിലാണെന്നത്‌ പരിഗണിച്ചാണ്‌ പിന്‍വലിച്ച മുന്‍നിരക്കായ പത്തുശതമാനം പുനസ്ഥാപിക്കുന്നത്‌. ഇതില്‍ നിന്നും 192 കോടിരൂപ അധിക വരുമാനമുണ്ടാകും. മദ്യ ഉപഭോഗം നിരുത്സാഹപ്പെടുത്തുന്നതിനാണ്‌ അധിക സെസ്‌ ഏര്‍പ്പെടുത്തുന്നതെന്ന്‌ ബജറ്റ്‌ പ്രസംഗത്തില്‍ മാണി പറഞ്ഞു.

20 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള ആഢംബരക്കാറുകള്‍ക്ക്‌ സെസ്‌ ഏര്‍പ്പെടുത്തി. ആഢംബര സെസ്‌ എന്ന പേരില്‍ നികുതിയിന്‍മേല്‍ രണ്ടു ശതമാനം നിരക്കിലായിരിക്കും ഇതു വസൂലാക്കുന്നത്‌. ആര്‍ഭാട ചെലവും പാഴ്‌ചെലവും നിരുത്സാഹപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ സെസ്‌ പിരിക്കുന്നതെന്ന്‌ ധനമന്ത്രി പറഞ്ഞു. നാലായിരം ചതുരശ്ര അടിയോ അതില്‍ കൂടുതലോ തറ വിസ്‌തീര്‍ണമുള്ള വീടുകള്‍ക്ക്‌ ബില്‍ഡിംഗ്‌ ടാക്‌സിന്‌ പുറമേ രണ്ടു ശതമാനം സെസ്‌ അധികമായി പിരിക്കും. ഇതില്‍ നിന്ന്‌ അഞ്ചുകോടി രൂപയുടെ അധിക വരുമാനം സംസ്ഥാനത്തിനുണ്ടാകുമെന്നാണ്‌ കരുതുന്നത്‌. പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കായി ഏറ്റെടുക്കുന്ന പാര്‍പ്പിട പദ്ധതിക്ക്‌ ഈ തുക വിനിയോഗിക്കുമെന്ന്‌ ധനമന്ത്രി പറഞ്ഞു.

പാന്‍പരാഗ്‌ പോലുള്ള ചവയ്‌ക്കുന്ന പുകയില ഉല്‍പ്പന്നങ്ങളുടെ വിലയിലും വന്‍ വര്‍ധന ഉണ്ടാകും. ഇത്തരം ഉല്‍പ്പന്നങ്ങളില്‍ മേലുള്ള നികുതി നിരക്ക്‌ ഇരുപതു ശതമാനമായി ഉയര്‍ത്തി. അഞ്ചുകോടി രൂപയാണ്‌ ഈ വകയില്‍ അധിക വരുമാനം പ്രതീക്ഷിക്കുന്നത്‌. ചവയ്‌ക്കുന്ന പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നത്‌ വന്‍തോതില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ടെന്നും ഇവയുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനാണ്‌ അധിക നികുതി ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുടുംബാംഗങ്ങള്‍ തമ്മില്‍ നടത്തുന്ന ഭാഗ ഉടമ്പടികള്‍ക്കും ദാനാധാരങ്ങള്‍, ധനനിശ്ചയാധാരങ്ങള്‍ എന്നിവയുടെ ഉയര്‍ന്ന സ്റ്റാമ്പ്‌ ഡ്യൂട്ടി കുറച്ച്‌ 1000 രൂപയായി നിശ്ചയിച്ചു. പാല്‍കറക്കുന്ന യന്ത്രം, തെങ്ങുകയറ്റ യന്ത്രങ്ങള്‍, ജൈവവളങ്ങള്‍, ജൈവകീടനാശിനികള്‍ എന്നിവയെ നികുതി വിമുക്തമാക്കിയതിനാല്‍ ഇവയുടെ വില കുറയും. 20 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള ചെറുകിട വ്യാപാരികള്‍ നല്‍കേണ്ട വാര്‍ഷിക നികുതി 3000 രൂപയില്‍ നിന്ന്‌ 2000 രൂപയായി കുറച്ചു.

പരമ്പരാഗത വ്യവസായ മേഖല തകരും

തിരുവനന്തപുരം: പരമ്പരാഗത വ്യവസായ മേഖലയെ പാടേ അവഗണിച്ചുകൊണ്ടുള്ള ബജറ്റാണ്‌ ധനമന്ത്രി കെ എം മാണി നിയമസഭയില്‍ അവതരിപ്പിച്ചത്‌. കയര്‍, കൈത്തറി, കശുഅണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖലകളെ സംരക്ഷിക്കാന്‍ ഒരു പദ്ധതിയും ബജറ്റ്‌ പ്രഖ്യാപിക്കുന്നില്ല. പരമ്പരാഗത വ്യവസായങ്ങള്‍ സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഇവയെ പരിപോഷിപ്പിക്കുമെന്നുമുള്ള കേവലമായ പ്രഖ്യാപനം മാത്രമാണ്‌ ബജറ്റിലുള്ളത്‌. 2005-06 ല്‍ യു ഡി എഫ്‌ ഗവണ്‍മെന്റിന്റെ കാലത്ത്‌ ചെറുകിട പരമ്പരാഗത വ്യവസായ മേഖലയ്‌ക്കായി 77 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നതെങ്കില്‍ 2011-12 ല്‍ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ ഇത്‌ 308 കോടി രൂപയായി ഉയര്‍ത്തിയിരുന്നു. 2011-12 ല്‍ കയര്‍ മേഖലയ്‌ക്ക്‌ മാത്രമായി 82 കോടി രൂപ എല്‍ ഡി എഫ്‌ സര്‍ക്കാരിന്റെ ബജറ്റില്‍ വകയിരുത്തിയിരുന്നെങ്കില്‍ പുതുക്കിയ ബജറ്റില്‍ ഒരു രൂപയും മാറ്റി വച്ചിട്ടില്ല. കശൂഅണ്ടി മേഖലയ്‌ക്ക്‌ 52 കോടി രൂപയും, കൈത്തറി മേഖലയ്‌ക്ക്‌ 57 കോടി രൂപയും എല്‍ ഡി എഫ്‌ സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ നീക്കിവച്ചിരുന്നു. ഇത്തവണത്തെ ബജറ്റ്‌ ഈ മേഖലകളെക്കുറിച്ച്‌ മൗനം പാലിക്കുന്നു. ഖാദി വ്യവസായത്തിന്‌ 9 കോടി രൂപയും, കെല്‍പാമിന്‌ 50 ലക്ഷം രൂപയും, ആര്‍ട്ടിസാന്‍സ്‌ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‌ ഒരു കോടി രൂപയും, കഴിഞ്ഞ സര്‍ക്കാര്‍ നീക്കിവച്ചിരുന്നു. ബാംബു കോര്‍പ്പറേഷന്‌ രണ്ട്‌ കോടി രൂപ അനുവദിച്ചിരുന്നു. മണ്‍പാത്ര നിര്‍മ്മാണ സൊസൈറ്റികള്‍ക്ക്‌ 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാല്‍ ഈ മേഖലകളെക്കുറിച്ചെല്ലാം പുതുക്കിയ ബജറ്റ്‌ മൗനം പാലിക്കുന്നു.

കഴിഞ്ഞ യു ഡി എഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖല കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ചിരുന്നു. ഈ മേഖലയില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന്‌ തൊഴിലാളികള്‍ക്ക്‌ തൊഴില്‍ നഷ്‌ടപ്പെടുന്ന സാഹചര്യം ഉണ്ടായി. പരമ്പരാഗത വ്യവസായ മേഖലയുടെ ചരമക്കുറിപ്പെഴുതിയ പഴയ യു ഡി എഫ്‌ ഭരണ കാലത്തേയ്‌ക്കാണ്‌ ഇപ്പോഴത്തെ യു ഡി എഫ്‌ സര്‍ക്കാരും ഈ മേഖലയെക്കൊണ്ടു പോകുന്നതെന്ന്‌ ഈ രംഗത്തുള്ളവര്‍ പറയുന്നു.

തീരദേശത്തെയും മല്‍സ്യത്തൊഴിലാളികളെയും പരിപൂര്‍ണമായി അവഗണിച്ചു

തിരുവന്നതപുരം: തീരദേശത്തെയും മല്‍സ്യതൊഴിലാളികളെയും പരിപൂര്‍ണമായി ധന മന്ത്രി കെ എം മാണി ബജറ്റില്‍ അവഗണിച്ചു. മല്‍സ്യതൊഴിലാളികള്‍ക്ക്‌ കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച പഞ്ഞമാസ ആനുകൂല്യത്തിനെക്കുറിച്ച്‌ ബജറ്റില്‍ ഒന്നും പറയുന്നില്ല. മുഴുവന്‍ പരമ്പരാഗത മല്‍സ്യ തൊഴിലാളികള്‍ക്കും സമയബന്ധിത ഭവന നിര്‍മാണ പദ്ധതി നടപ്പാക്കുന്നതിനായി 10 കോടി വകയിരുത്തിയതല്ലാതെ മല്‍സ്യ തൊഴിലാളികള്‍ക്കായി കാര്യമായ ഒരു നിര്‍ദേശവും ബജറ്റിലില്ല. കഴിഞ്ഞ ബജറ്റില്‍ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ പൂവാര്‍ മുതല്‍ പൊന്നാനി വരെയുള്ള 279 കി മി തീരദേശ ഹൈവേ പുനരുദ്ധരിക്കുന്നതിനായി 420 കോടി രൂപ അനുവദിച്ചു. എന്നാല്‍ പുതുക്കിയ ബജറ്റില്‍ ഇതിനെക്കുറിച്ച്‌ മൗനം മാത്രമാണുള്ളത്‌.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ച്‌ ഏറെ വാചാലനായ ധനമന്ത്രി പദ്ധതിയ്‌ക്കായി എല്‍ ഡി എഫ്‌ സര്‍ക്കാര്‍ നീക്കി വച്ച 150 കോടി രൂപ മാത്രമാണ്‌ തന്റെ ബജറ്റിലും നീക്കിവച്ചിരിക്കുന്നത്‌. പുതുയതായി ബേപ്പൂര്‍ പൊന്നാനി തുറമുഖങ്ങളെക്കുറിച്ച്‌ മാത്രമാണ്‌ കെ എം മാണി പറയുന്നത്‌. ഇതില്‍ ബേപ്പൂര്‍ തുറമുഖത്തില്‍ ഡ്രഡ്‌ജിംഗ്‌ നടത്തുമെന്നും പദ്ധതി നടപ്പാക്കാനുള്ള നിക്ഷേപകനെ കണ്ടെത്തുമെന്നുമാണ്‌ പ്രഖ്യാപനം. പൊന്നാനി തുറമുഖ വികസനത്തിനും ഉടമ്പടി ഉടന്‍ ഒപ്പുവയ്‌ക്കുമെന്നും ബജറ്റ്‌ പറയുന്നുവെന്നല്ലാതെ ഇവയുടെ നടത്തിപ്പിനായി എത്ര പണം നീക്കിവച്ചിട്ടുണ്ടെന്ന്‌ പരാമര്‍ശമേ ഇല്ല. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ തങ്കശ്ശേരി തുറമുഖത്തിന്‌ 18 കോടി വകയിരുത്തി. അഴീക്കല്‍ തുറമുഖത്തിന്‌ 3000 കോടിയുടെ വികസനത്തിനായി ഗുജറാത്തിലെ മുദ്ര പോര്‍ട്‌സുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌.

ആലപ്പുഴ മരീന-കം-കാര്‍ഗോ, ബേപ്പൂര്‍ 177 കോടി, പൊന്നാനി763 കോടി എന്നിവ ടെന്‍ഡര്‍ നടപടികളുടെ ഘട്ടത്തിലാണെന്നും കഴിഞ്ഞ ബജറ്റ്‌ പറയുന്നുണ്ട്‌. കഴിഞ്ഞ ബജറ്റില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന്‌ പറഞ്ഞ മഞ്ചേശ്വരം, വെള്ളയില്‍, പരപ്പനങ്ങാടി,പുതിയങ്ങാടി, പുന്നപ്ര, പരവൂര്‍, വര്‍ക്കല, വലിയതുറ എന്നീ തുറമുഖങ്ങളെക്കുറിച്ചും ഇക്കുറി പരാമര്‍ശമില്ല. 200 കോടി ചിലവില്‍ 25 ഗ്രാമങ്ങളെ ഉള്‍പ്പെടുത്തി മാതൃകാ മല്‍സ്യ ഗ്രാമ പദ്ധതി നടപ്പാക്കുമെന്ന കഴിഞ്ഞ സര്‍ക്കാരിന്റെ പ്രഖ്യാപനത്തെക്കുറിച്ചും ബജറ്റ്‌ മൗനം പാലിക്കുന്നു.

ഭാഗ്യക്കുറി: ആഴ്‌ചയില്‍ ഏഴു നറുക്കെടുപ്പ്‌

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിക്ക്‌ ഇനി മുതല്‍ ആഴ്‌ചയില്‍ ഏഴു നറുക്കെടുപ്പ്‌. ആഴ്‌ചയില്‍ ഒരു ലോട്ടറി മാത്രമാണ്‌ സംസ്ഥാനത്ത്‌ ഇപ്പോള്‍ നറുക്കെടുക്കുന്നത്‌. ഇത്‌ ഏഴായി ഉയര്‍ത്തുമെന്നു ബജറ്റ്‌ പ്രഖ്യാപനത്തില്‍ പറയുന്നു. ഏഴില്‍ നാല്‌ നറുക്കെടുപ്പുകള്‍ കാന്‍സര്‍, കിഡ്‌നി, ഹൃദയ, പാലിയേറ്റീവ്‌ കെയര്‍ രോഗികള്‍ക്ക്‌ വേണ്ടിയാണ്‌. ഈ നറുക്കെടുപ്പുകളില്‍ നിന്നുള്ള വരുമാനം പ്രസ്‌തുത രോഗികളുടെ ചികിത്സാസഹായത്തിന്‌ വിനിയോഗിക്കും. ഇതിലേക്കുള്ള തുക സമാഹരിക്കാന്‍ ലോട്ടറി വകുപ്പ്‌ എല്ലാ ആഴ്‌ചയും ഒരു പ്രത്യേക ഭാഗ്യക്കുറിയും നറുക്കെടുക്കും. ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനം ഉള്‍ക്കൊള്ളിച്ചുകൊണ്ടു പ്രത്യേക ഫണ്ട്‌ രൂപീകരിക്കും.ഇതിന്റെ നടത്തിപ്പിനായി സമിതികള്‍രൂപീകരിക്കും.

തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ സ്വയംസംരംഭക വികസന മിഷന്‍


തിരുവനന്തപുരം: തൊഴിലില്ലായ്‌മ പരിഹരിക്കാന്‍ 500 കോടി രൂപ മുതല്‍മുടക്കില്‍ കേരള സംസ്ഥാന സ്വയം സംരംഭക വികസന മിഷന്‍ ആരംഭിക്കും. ഒരുലക്ഷം തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കാന്‍ കഴിയുമെന്നു ബജറ്റ്‌ പ്രഖ്യാപനം. പൊതുമേഖല, സ്വകാര്യ മേഖല, പഞ്ചായത്തുകള്‍ എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെയാകും പദ്ധതി. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനായിരിക്കും പദ്ധതിയുടെ നോഡല്‍ ഏജന്‍സി.

പഞ്ചായത്ത്‌-മുന്‍സിപ്പാലിറ്റി-കോര്‍പ്പറേഷന്‍ പ്രദേശത്തു നിന്നും 50 യുവാക്കളെ വീതം തിരഞ്ഞെടുത്ത്‌ 50,000 പേര്‍ക്ക്‌ പരിശീനം നല്‍കി ലിസ്റ്റ്‌ തയാറാക്കും. ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതും പരിശീലനം ലഭിച്ചവരുമായ അഞ്ചില്‍ കുറയാത്ത അംഗങ്ങള്‍ ചേര്‍ന്ന്‌ പതിനായിരത്തോളം ചെറുകിട-മൈക്രോ വ്യവസായ സംരംഭങ്ങള്‍ക്കു രൂപം നല്‍കും. ഇത്തരം വ്യാവസായിക യൂനിറ്റുകള്‍ക്കു പ്രൊജക്‌റ്റ്‌ കോസ്റ്റിന്റെ 90 ശതമാനം തുക പലിശരഹിത വായ്‌പയായി കെ എഫ ്‌സി നല്‍കും. യുവസംരംഭകരുടെ സംഘങ്ങള്‍ക്ക്‌ 20 ലക്ഷം രൂപയും സംഘാംഗങ്ങളല്ലാത്ത ടെക്‌നോക്രാറ്റുകളായ വ്യക്തികള്‍ക്ക്‌ 10 ലക്ഷം രൂപവരെയും വായ്‌പ നല്‍കും. ഇതിനു പുറമേ ഓരോ സംഘത്തിനും മുടക്കുമുതലിന്റെ ഒരുശതമാനം ആദ്യത്തെ മൂന്നുവര്‍ഷം മാനേജീരിയല്‍ സബ്‌സിഡിയായി നല്‍കും. വായ്‌പ തിരിച്ചടവ്‌ തിയതിയില്‍ കൃത്യമായി തിരിച്ചടയ്‌ക്കുന്നവര്‍ക്ക്‌ മാത്രമായിരിക്കും ഈ ആനുകൂല്യത്തിന്‌ അര്‍ഹത.
50,000 സംരംഭകര്‍ക്ക്‌ പുറമേ ഒരു യൂണിറ്റില്‍ കുറഞ്ഞത്‌ അഞ്ചുപേര്‍ക്കെങ്കിലും ജോലി ലഭിക്കുമെന്ന കണക്കില്‍ ഒരുലക്ഷം പേര്‍ക്ക്‌ തൊഴില്‍ ലഭിക്കും. 2000 കോടിയോളം രൂപയുടെ അടങ്കലുള്ള പദ്ധതിയാണിത്‌. കെ എഫ്‌ സിയുടെ വായ്‌പാ സ്‌കീമില്‍പ്പെടുത്തി നടത്തുന്ന പദ്ധതിയിലെ പലിശ സബ്‌സിഡി ചെലവിലേക്ക്‌ ഈ വര്‍ഷത്തേക്ക്‌ 25 കോടി രൂപ വകയിരുത്തി.

സംസ്ഥാന സര്‍ക്കാരിന്റെയും ഖാദി ഗ്രാമ വ്യവസായ കമ്മിഷന്റെയും സഹായത്തോടെ ഖാദി മേഖലയില്‍ 5000 പേര്‍ക്കു പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ബജറ്റ്‌ പറയുന്നു. ലേബര്‍ കമ്മിഷണറേറ്റിന്റെ പ്രവര്‍ത്തനം പുനസംഘടിപ്പിക്കും. പൊതുനങ്ങളുടെയും തൊഴിലാളികളുടെയും തൊഴില്‍ സംബന്ധമായ പരാതികളും സേവനങ്ങളും സംബന്ധിച്ചുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിനു ലേബര്‍ കോള്‍ സെന്റര്‍ സ്ഥാപിക്കും. നോക്കുകൂലി അവസാനിപ്പിക്കും. എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകള്‍ മുഖേനയുള്ള എല്ലാ നിയമനങ്ങളും പൂര്‍ണമായും സുതാര്യവും ലളിതവുമാക്കുന്നതിന്‌ ഉദ്യോഗാര്‍ഥികളുടെ സീനിയോരിറ്റി ലിസ്റ്റ്‌ വെബ്‌സൈറ്റ്‌ മുഖേന പ്രസിദ്ധീകരിക്കും. തൊഴില്‍മന്ത്രി ചെയര്‍മാനായി കൊല്ലം ജില്ലയില്‍ സ്‌കില്‍ ഡെവലപ്‌മെന്റ്‌ സെന്റര്‍ ആരംഭിക്കാനും ബജറ്റ്‌ ലക്ഷ്യമിടുന്നു.

നികുതി മേല്‍നോട്ട സമിതിയും വില നിര്‍ണയ സമിതിയും നിലവില്‍ വരും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ തരം നികുതികളുടെ പിരിവിനെ സംബന്ധിച്ച നടപടികള്‍ മോണിറ്റര്‍ ചെയ്യുന്നതിന്‌ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ധനവകുപ്പില്‍ ഒരു പ്രത്യേക സമിതി രൂപീകരിക്കും. നികുതി മേല്‍നോട്ടത്തിനായുള്ള ഈ സമിതിയില്‍ ധനമന്ത്രി ചെയര്‍മാനായിരിക്കും. ഈ സമിതിയില്‍ വിദഗ്‌ധരെ പങ്കെടുപ്പിച്ചു കൊണ്ട്‌ വിഭവ സമാഹരണം കാര്യക്ഷമമാക്കുവാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും.

നികുതി വകുപ്പിനും സര്‍ക്കാരിനും നികുതി സംബന്ധമായ വിഷയങ്ങളില്‍ ലഭിക്കുന്ന പഠന ഗവേഷണ റിപ്പോര്‍ട്ടുകളും വ്യാപാര വ്യവസായ മേഖലകളില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശങ്ങളും വിശകലനം ചെയ്‌ത്‌ സര്‍ക്കാരിനു വേണ്ട ഉപദേശങ്ങള്‍ നല്‍കുക എന്നത്‌ ഈ സമിതിയുടെ പ്രധാന ചുമതലയായിരിക്കും. ഉല്‍പ്പന്ന സേവന നികുതി നടപ്പിലാക്കുന്നതിലേക്ക്‌ മുന്‍കൂട്ടിയെടുക്കേണ്ട തയ്യാറെടുപ്പുകളും ഈ സമിതിയുടെ അധികാരപരിധിയില്‍പ്പെടുന്നതായിരിക്കും. വിവിധ ഇനം നികുതി പിരിവ്‌ അവലോകനം ചെയ്യുന്നതിനും വിവിധ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിനെപ്പറ്റിയും സര്‍ക്കാരിനെ ഉപദേശിക്കുന്നതിനും ഈ സമിതിക്ക്‌ അധികാരം ഉണ്ടായിരിക്കും. മൂല്യവര്‍ധിത നികുതിയില്‍ ഓരോ സാധനങ്ങളുടെയും ആദ്യഘട്ടത്തിലെ വിലയും പിന്നീടുള്ള ഓരോ ഘട്ടങ്ങളിലെ വിലയും പരിശോധിക്കാനുള്ള സംവിധാനം ഇപ്പോള്‍ നിലവിലില്ല. കമ്പോളത്തില്‍ ക്രയവിക്രയം ചെയ്യുന്ന എല്ലാ സാധനങ്ങളുടെയും വില്‍പനക്കണ്ണിയില്‍ ഈടാക്കുന്ന വിലനിലവാരം സംബന്ധിച്ചുള്ള വിവര ശേഖരം ഉണ്ടാക്കാനാണ്‌ സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്ന്‌ ധനമന്ത്രി കെ എം മാണി പറഞ്ഞു. ഇതിനായാണ്‌ വിലനിര്‍ണയ നിരീക്ഷണസമിതി ആരംഭിക്കുന്നത്‌. പുതുതായി നടപ്പാക്കാന്‍ പോകുന്ന ഉല്‍പ്പന്ന സേവന നികുതി സമ്പ്രദായത്തില്‍ ഇത്തരത്തിലുള്ള സംവിധാനത്തിന്‌ വളരെ പ്രസക്തിയുണ്ടെന്ന്‌ ബജറ്റ്‌ പ്രസംഗത്തില്‍ പറയുന്നു.

ധനമാന്ത്രിക്ക്‌ പുതിയ വെബസൈറ്റും പരാതികള്‍ പരിഹരിക്കാന്‍ കോള്‍സെന്ററും സ്ഥാപിക്കുമെന്ന്‌ മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഏതു നികുതി ദായകനും വ്യാപാരിവ്യവസായി, കര്‍ഷക സംഘടനയ്‌ക്കും അവരുടെ പരാതികള്‍ ഇതിലൂടെ സമര്‍പ്പിക്കാവുന്നതാണ്‌. സമയബന്ധിതമായി അവ പരിഹരിക്കുന്നതിന്‌ സംവിധാനമുണ്ടാക്കും. പരാതികള്‍ പരിഹരിക്കുന്നതിന്‌ ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ്‌ സംവിധാനം നടപ്പിലാക്കും. അത്തരത്തില്‍ തീര്‍പ്പാകാത്ത പരാതികള്‍ ധനമന്ത്രി നേരിട്ട്‌ അവലോകനം ചെയ്യും. ഇതു വഴി പരാതികള്‍ പരിഹരിക്കാനാണ്‌ ശ്രമമെന്നും അദ്ദേഹം അറിയിച്ചു.

വാറ്റ്‌ നിയമപ്രകാരം വ്യാപാരി സമര്‍പ്പിക്കുന്ന റിട്ടേണ്‍, ഉള്ളടക്കങ്ങള്‍ എന്നിവയുടെ സ്‌ക്രൂട്ടിനിക്ക്‌ നിര്‍ണ്ണയാധികാര സമിതിയുടെ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കും. ഇപ്പോള്‍ നടക്കുന്ന കമ്പ്യൂട്ടര്‍ മുഖേനെയുള്ള സ്‌ക്രൂട്ടിനി അല്ലാതെ വിശാലമായ അര്‍ത്ഥത്തില്‍ പരിശോധന ഫലപ്രദമായാലെ അതില്‍ നിന്നും അസസ്‌മെന്റുകള്‍ നടപ്പിലാക്കി അധിക നികുതി വരുമാനം ഉണ്ടാക്കുവാന്‍ സാധിക്കൂവെന്ന്‌ ധനമന്ത്രി പറഞ്ഞു. പ്രത്യേകമായ ഓഡിറ്റ്‌ അസസ്‌മെന്റ്‌ വിഭാഗം നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ നിര്‍ണയാധികാരിയില്‍ നിന്നും വേറിട്ടൊരു അധികാരി സ്‌ക്രൂട്ടിനി ചെയ്യുന്ന സാഹചര്യം ഇല്ലാതായി. ഇത്‌ പരിഹരിക്കുന്നതിനാണ്‌ നിര്‍ണയാധികാര സമിതിയുടെ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നത്‌. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്‌ വ്യാപാരികള്‍ക്ക്‌ `വിശ്വസ്‌തതാരം' സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന പദ്ധതി ആവിഷ്‌കരിക്കും. ഇത്‌ അവര്‍ക്ക്‌ അവരുടെ ബോര്‍ഡുകളിലും പരസ്യങ്ങളിലും പ്രസിദ്ധപ്പെടുത്താവുന്നതാണ്‌.

നല്ല രീതിയില്‍ വ്യാപാരം നടത്തുന്ന പലരും മൂല്യവര്‍ധിത നികുതി പ്രകാരം രജിസ്‌ട്രേഷന്‍ എടുക്കാതെയും കണക്കെഴുതി സൂക്ഷിക്കാതെയും നികുതിവലയില്‍ നിന്നും ഒഴിവാകുന്നതായി മന്ത്രി പറഞ്ഞു. അത്തരക്കാരെ നികുതിദായകരില്‍ ഉള്‍പ്പെടുത്തുവാന്‍ ഈ വര്‍ഷം രജിസ്‌ട്രേഷന്‍ യജ്ഞം നടത്തും.

എല്ലാ രജിസ്റ്റേര്‍ഡ്‌ വ്യാപാരികളും അവരവരുടെ രജിസ്‌ട്രേഷന്‍ നമ്പരും പേരും എല്ലാവര്‍ക്കും കാണുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണം. ഇത്‌ പാലിക്കുന്നുണ്ടോ എന്നുറപ്പു വരുത്താന്‍ ഉദ്യോഗസ്ഥര്‍ സ്‌ട്രീറ്റ്‌ സര്‍വെ നടത്തുമെന്നും ധനമന്ത്രി ബജറ്റ്‌ പ്രസംഗത്തില്‍ പറഞ്ഞു.

തൊഴിലുറപ്പ്‌ പദ്ധതി അഴിമതി വിമുക്തമാക്കും

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദവും അഴിമതി വിമുക്തമാക്കുമെന്നു ബജറ്റ്‌ പ്രഖ്യാപനം. പദ്ധതിയുടെ ആനുകൂല്യം കാര്‍ഷിക മേഖല, ക്ഷീര മേഖല, നീര്‍ത്തടാധിഷ്‌ഠിത പദ്ധതികള്‍ എന്നിവയിലേക്കു വ്യാപിപ്പിക്കും. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും.

പുതിയ കോളജുകളും കോഴ്‌സുകളുമില്ല

തിരുവനന്തപുരം: വിദ്യാഭ്യാസമേഖലയെ പൂര്‍ണമായി അവഗണിക്കുന്ന ബജറ്റാണ്‌ ധനകാര്യമന്ത്രി കെ എം മാണി അവതരിപ്പിച്ചത്‌. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ പ്രഖ്യാപനങ്ങളെക്കുറിച്ചുപോലും ബജറ്റ്‌ മൗനം പാലിക്കുന്നു. പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ പുതുതായി ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളജുകള്‍ സ്ഥാപിക്കുമെന്ന്‌ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ ഇതു സംബന്ധിച്ച്‌ യാതൊരു പരാമര്‍ശവുമില്ല. വയനാട്ടിലെ ചെതലത്ത്‌ ആദിവാസി പഠനകേന്ദ്രം സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ബജറ്റില്‍ വിസ്‌മരിക്കപ്പെട്ടു. വയനാട്‌, കാസര്‍കോട്‌, കണ്ണൂര്‍ എന്നീ ജില്ലകളെ ഉള്‍പ്പെടുത്തി കണ്ണൂരില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറേററ്റ്‌ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ബജറ്റില്‍ ഇടം നേടിയില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ തോമസ്‌ ഐസക്‌ അവതരിപ്പിച്ച ബജറ്റില്‍ ഉന്നതവിദ്യാഭ്യാസ മേഖലയ്‌ക്ക്‌ റെക്കോഡ്‌ തുകയാണ്‌ വകയിരുത്തിയിരുന്നത്‌. 2296 കോടി രൂപയാണ്‌ അന്ന്‌ വകയിരുത്തിയത്‌. 50 കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ ആംരംഭിക്കുമെന്നും10 ഐ ടി ഐകള്‍ ആംരംഭിക്കുമെന്നും ഐസക്‌ ബജറ്റ്‌ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ചെല്ലാം പുതുക്കിയ ബജറ്റ്‌ മൗനം പാലിക്കുന്നു.

തിരൂരില്‍ മലയാള സര്‍വകലാശാല സ്ഥാപിക്കുന്നതിന്‌ പുതുക്കിയ ബജറ്റില്‍ ഒരുകോടി രൂപ വകയിരുത്തി. പാണക്കാട്‌ എഡ്യൂക്കേഷണല്‍ ആന്റ്‌ ഹെല്‍ത്ത്‌ ഹബ്ബിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായും ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌. ഒരു ലക്ഷത്തില്‍ കുറഞ്ഞ വാര്‍ഷിക വരുമാനമുള്ളവരും ദുര്‍ബലവിഭാഗത്തില്‍പ്പെടുന്നവരുമായ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ വായ്‌പാ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. കെ എസ്‌ എഫ്‌ ഇയുടെ ആഭിമുഖ്യത്തില്‍ 50,000 രൂപ മുതല്‍10 ലക്ഷം രൂപവരെ പരമാവധി 11 വര്‍ഷം വരെ കാലയളവില്‍ വായ്‌പ നല്‍കും. കോഴ്‌സ്‌ കഴിഞ്ഞ്‌ 12 മാസം പിന്നിടുകയോ, ജോലി ലഭിക്കുകയോ ഏതാണ്‌ ആദ്യം അതുമുതല്‍ അഞ്ചുവര്‍ഷം കൊണ്ട്‌ വായ്‌പ തിരിച്ചടയ്‌ക്കേണ്ടതാണ്‌. കെ എസ്‌ എഫ്‌ ഇ 30 കോടി രൂപ പ്രതിവര്‍ഷം ഇതിനായി നീക്കിവെയ്‌ക്കും. 12 ശതമാനം ഫ്‌ളോട്ടിംഗ്‌ നിരക്കിലാകും വായ്‌പ നല്‍കുന്നത്‌. എട്ടാംക്ലാസ്‌ വരെയുള്ള കുട്ടികള്‍ക്ക്‌ ഉച്ചഭക്ഷണം നല്‍കുന്ന എല്‍ ഡി എഫ്‌ സര്‍ക്കാരിന്റെ പദ്ധതി ഒന്‍പത്‌, 10 ക്ലാസ്സുകളിലേക്ക്‌ വ്യാപിപ്പിക്കാന്‍ അഞ്ചുകോടി വകയിരുത്തിയിട്ടുണ്ട്‌. സ്‌കൂളുകളില്‍ ആറു മുതല്‍ 14 വയസ്സുവരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക്‌ യൂണിഫോം നല്‍കും. പെണ്‍കുട്ടികള്‍ക്കും ബി പി എല്‍ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും ഇതിനായി വേണ്ടിവരുന്ന ചെലവ്‌ എസ്‌ എസ്‌ എ ഫണ്ടില്‍ നിന്നും മറ്റ്‌ ആണ്‍കുട്ടികള്‍ക്കുള്ള ചെലവ്‌ സംസ്ഥാന സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും വഹിക്കും. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ഉറപ്പാക്കുമെന്നും ബജറ്റില്‍ പറയുന്നു. ഇതിന്‌ ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌. സര്‍ക്കാര്‍, എയ്‌ഡഡ്‌ അന്ധവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക്‌ ബ്രെയിലി പ്രിന്റര്‍ നല്‍കും.

സംസ്ഥാനത്ത്‌ ഐ ഐ ടി, ഐ ഐ ഐടി എന്നിവ സ്ഥാപിക്കുന്നതിന്‌ നടപടികളെടുക്കുമെന്നുള്ള ഒഴുക്കന്‍ പ്രഖ്യാപനമാണ്‌ ധനകാര്യമന്ത്രി നടത്തിയത്‌. ഇംഗ്ലീഷിന്റെയും മറ്റ്‌ വിദേശഭാഷകളുടെയും പഠനവും ഗവേഷണവും സംസാരഭാഷാ പരിശീലനവും പ്രോത്സാഹിപ്പിക്കുന്നതിന്‌ സെന്റര്‍ സ്ഥാപിക്കാന്‍ 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്‌. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ അഞ്ചു പുതിയ പോളിടെക്‌നിക്കുകള്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പറയുന്നു. തിരുവനന്തപുരം എന്‍ജിനീയറിംഗ്‌ കോളജിനോടനുബന്ധിച്ച്‌ ട്രിവാന്‍ഡ്രം എന്‍ജിനീയറിംഗ്‌ സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി റിസര്‍ച്ച്‌ പാര്‍ക്ക്‌ സ്ഥാപിക്കും. ഇതിനുവേണ്ടി 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. കോളജിലെ സിവില്‍ എന്‍ജിനീയറിംഗ്‌ റിസര്‍ച്ച്‌ സെന്ററും ആരംഭിക്കും. 2011 മുതല്‍ 2015വരെയുള്ള നാലുവര്‍ഷം കൊണ്ട്‌ സംസ്ഥാനത്ത ഏഴ്‌ സര്‍ക്കാര്‍ എന്‍ജിനീയറിംഗ്‌ കോളജുകളിലും ഏഴ്‌ സര്‍ക്കാര്‍ നിയന്ത്രിത എന്‍ജിനീയറിംഗ്‌ കോളജുകളിലും നടപ്പാക്കുന്ന 142 കോടി രൂപയുടെ ടെകിനിക്കല്‍ എഡ്യൂക്കേഷന്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ്‌ പ്രോഗ്രാമിന്റെ രണ്ടാംഘട്ടം നടപ്പാക്കുമെന്നും ബജറ്റില്‍ പറയുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 12 കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌.

സീറോ വേസ്റ്റ്‌ ശബരിമലയും എരുമേലി ടൗണ്‍ഷിപ്പും

തിരുവനന്തപുരം: ശബരിമലയുടെ സമഗ്ര വികസനത്തിനു മുന്തിയ പരിഗണന നല്‍കുമെന്ന്‌ സംസ്ഥാന ബജറ്റ്‌. ശബരിമലയിലെ മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശബരിമലയെയും സമീപ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി ` സീറോ വേസ്റ്റ്‌ ശബരിമല' എന്ന പദ്ധതിക്ക്‌ രൂപം നല്‍കും. പമ്പ, നിലയ്‌ക്കല്‍, എരുമേലി, പത്തനംതിട്ട പ്രദേശങ്ങള്‍ പദ്ധതിയുടെ ഭാഗമാകും. പമ്പാ നദിയിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്ന്‌ കരുതപ്പെടുന്ന പദ്ധതിക്ക്‌ അഞ്ചുകോടി വകയിരുത്തിയിട്ടുണ്ട്‌. ശബരിമല തീര്‍ഥാടനത്തിലെ പ്രധാന ഇടത്താവളമായ എരുമേലിയുടെ സമഗ്ര വികസനത്തിനു എരുമേലി ടൗണ്‍ഷിപ്പ്‌ രൂപീകരിക്കും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു രണ്ടു കോടി വകയിരുത്തി. ശബരിമല മാസ്റ്റര്‍ പ്ലാന്‍ സമയബന്ധിതമായി നടപ്പിലാക്കുന്നുവെന്ന്‌ ഉറപ്പുവരുത്താന്‍ അഡിഷണല്‍ ചീഫ്‌ സെക്രട്ടറി ചെയര്‍മാനായി മാസ്‌റ്റര്‍ പ്ലാന്‍ സെല്ലും ദേവസ്വം മന്ത്രി ചെയര്‍മാനായി ക്യാബിനറ്റ്‌ സബ്‌ കമ്മിറ്റിയും രൂപീകരിക്കും. ഇതിനു 15 കോടി രൂപ വകയിരുത്തി. പുല്ലുമേട്‌ ദുരന്തം പോലുള്ളവ ഉണ്ടാകാതിരിക്കാന്‍ സേഫ്‌റ്റി മാന്വല്‍ തയാറാക്കും. ഇതിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കും. ശബരിമലയിലെത്തുന്ന തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്രാപ്രദേശ്‌ സംസ്ഥാനങ്ങളിലുള്ള ഭക്തരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തും. ഇതിനു ഈ സംസ്ഥാനങ്ങളുടെ കൂടി സഹകരണം ലഭ്യമാക്കാന്‍ ഓഗസ്റ്റില്‍ ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ യോഗം ചേരും.

എറണാകുളം ജില്ലയെയും ശബരിമലയെയും ബന്ധിപ്പിക്കുന്നതിന്‌ ശബരിമല-എറണാകുളം സംസ്ഥാന പാത നിര്‍മിക്കും. ഇതിനു രണ്ടുകോടി രൂപ ബജറ്റില്‍ വകയിരുത്തി. കളമശ്ശേരി, കാക്കനാട്‌, ചോറ്റാനിക്കര, പിറവം, ഇലഞ്ഞി, മോനിപ്പള്ളി, ഉഴവൂര്‍, മുണ്ടുപാലം, പൊന്‍കുന്നം, എരുമേലി, മുക്കൂട്ടുതറ, പമ്പ തുടങ്ങിയ സ്ഥലങ്ങളിലൂടെ റോഡ്‌ കടന്നു പോകും. മലബാര്‍ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്നു ക്ഷേത്രകലകള്‍ പഠിപ്പിക്കാനുള്ള പദ്ധതിയും ബജറ്റ്‌ വിഭാവനം ചെയ്യുന്നു.

കെ എസ്‌ ആര്‍ ടി സിക്ക്‌ 100 കോടി

തിരുവനന്തപുരം: പ്രതിവര്‍ഷം 500 കോടിയുടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ എസ്‌ ആര്‍ ടി സിക്ക്‌ 100 കോടി രൂപയുടെ അധിക സാമ്പത്തിക സഹായം നല്‍കുമെന്ന്‌ ബജറ്റ്‌ പ്രഖ്യാപനം. നടപ്പു സാമ്പതത്തിക വര്‍ഷം 1000 പുതിയ ബസുകള്‍ നിരത്തിലിറക്കും. ഇതില്‍ 60ശതമാനം പുതിയ റൂട്ടുകളിലാകും സര്‍വീസ്‌ നടത്തുക. തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ 138 ലോ ഫ്‌ളോര്‍ പ്രീമിയം ബസുകള്‍ അനുവദിക്കും. നെയ്യാറ്റിന്‍കര, എറണാകുളം, കോഴിക്കോട്‌ ബസ്‌ സ്റ്റേഷനുകളില്‍ വനിതാ യാത്രക്കാരുടെ സുരക്ഷയ്‌ക്ക്‌ സേഫ്‌ വുമണ്‍ സേഫ്‌ ട്രാവല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ബജറ്റിലുണ്ട്‌.

കണ്ണൂര്‍ കെ എസ്‌ ആര്‍ ടി സി ഡിപ്പോയില്‍ ആധുനിക ബസ്‌ ടെര്‍മിനലും വ്യാപാര സമുച്ചയവും ബി ഒ ടി വ്യവസ്ഥയില്‍ നിര്‍മിക്കും. എം ഗവേണന്‍സ്‌ പദ്ധതിയുടെ ഭാഗമായി കെ എസ്‌ ആര്‍ ടി സി ബസുകളില്‍ ഗ്ലോബല്‍ പൊസിഷനിങ്‌ സിസ്റ്റം ഏര്‍പ്പെടുത്തും. ഈ സംവിധാനത്തിലൂടെ യാത്രക്കാര്‍ ബസ്‌ സമയം മൊബൈല്‍ ഫോണിലൂടെ അറിയാന്‍ കഴിയും. റയില്‍വേ വികസനത്തിനു ആവശ്യമായ ഭൂമി പൊന്നിന്‍ വില നടപടികള്‍ വേഗത്തിലാക്കി ഏറ്റെടുത്തു നല്‍കും. അങ്കമാലി-ശബരി റയില്‍ പാത പദ്ധതിക്കു ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഏഴു പുതിയ സ്റ്റീല്‍ ബോട്ടുകള്‍ വാങ്ങാന്‍ ജലഗതാഗത വകുപ്പിന്‌ ഒമ്പതു കോടി രൂപ നല്‍കും. മോട്ടോര്‍ വാഹന വകുപ്പില്‍ ഇ-ഗവേണന്‍സ്‌ നടപ്പാക്കും. റോഡ്‌ സുരക്ഷയ്‌ക്ക്‌ എട്ടു ജില്ലകളില്‍ റെഡാര്‍ സര്‍വൈലന്‍സ്‌ സംവിധാനം ഏര്‍പ്പെടുത്തും. മോട്ടോര്‍ വാഹന നികുതി, സെസ്‌, മറ്റു ഫീസുകള്‍ മുതലായവ അടയ്‌ക്കാന്‍ വകുപ്പില്‍ ഇ-പെയ്‌മെന്റ്‌ നടപ്പാക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ നഗരങ്ങളില്‍ കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ ട്രാഫിക്‌ ജാഗ്രതാ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തും. ചേര്‍ത്തല- മണ്ണൂത്തി ദേശീയ പാത ആധുനിക റോഡ്‌ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തി മാതൃകാ റോഡായി പ്രഖ്യാപിക്കും. മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ പൊതുമരാമത്ത്‌- പൊലീസ്‌ വിഭാഗങ്ങള്‍ക്ക്‌ റോഡ്‌ സേഫ്‌റ്റി അഥോറിറ്റിയില്‍ നിന്നു തുക അനുവദിക്കും.

അരനൂറ്റാണ്ടു കാലത്തെ ആവശ്യം മുന്നില്‍ക്കണ്ടു റോഡുകള്‍, ജലഗതാഗത സൗകര്യങ്ങള്‍, തുറമുഖങ്ങള്‍, റയില്‍വേ, വിമാനത്താവളങ്ങള്‍ എന്നിവയുടെ വികസനത്തിനു മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കുമെന്നും ബജറ്റ്‌ പ്രഖ്യാപിക്കുന്നു. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ 10 കോടി അനുവദിച്ചു. ഹില്‍ ഹൈവേ ഈ വര്‍ഷം നിര്‍മാണം ആരംഭിക്കും. ഇതിനു അഞ്ചു കോടി നീക്കിവച്ചു. മലയോര വികസന അതോറിറ്റി രൂപീകരിക്കാനും അഞ്ചു കോടി അനുവദിച്ചിട്ടുണ്ട്‌. വര്‍ധിച്ചു വരുന്ന റോഡ്‌ അപകടങ്ങള്‍ കുറയ്‌ക്കാന്‍ റിങ്‌ റോഡുകള്‍ നിര്‍മിക്കും. ആദ്യഘട്ടമെന്ന നിലയില്‍ വര്‍ക്കല, കോട്ടയം, പാല, മലപ്പുറത്തെ മാമ്പ്രം, മഞ്ചേരി എന്നിവിടങ്ങളില്‍ റിങ്‌ റോഡുകള്‍ നിര്‍മിക്കും. 10 കോടി രൂപയാണ്‌ ഇതിനു അനുവദിച്ചിട്ടുള്ളത്‌. പണി പൂര്‍ത്തിയാകാത്ത ബൈപാസുകള്‍ പൂര്‍ത്തിയാക്കും. പുതിയ ബൈപാസുകള്‍ക്കു സര്‍വേ നടത്തും. ഇതിന്റെ ആദ്യഘട്ടത്തിനു ആറു കോടി രൂപ വകയിരുത്തി. വിവിധ ജില്ലകളില്‍ അപ്‌ഗ്രേഡ്‌ ചെയ്യേണ്ട റോഡുകള്‍ക്കും പണി പൂര്‍ത്തിയാക്കേണ്ട പാലങ്ങള്‍ക്കുമായി 200 കോടി രൂപ വകയിരുത്തി. ഇതുള്‍പ്പെടെയുള്ള മരാമത്ത്‌ പണികള്‍ക്കായി 325 കോടി രൂപ അധികം അനുവദിച്ചു. അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ 1000 കിലോമീറ്റര്‍ റോഡുകളുടെ നിലവാരം ഉയര്‍ത്തും. ഇതിനു സ്റ്റേറ്റ്‌ റോഡ്‌ ഇംപ്രൂവ്‌മെന്റ്‌ പ്രോജക്ട്‌ രൂപീകരിക്കും. 5100 കോടി രൂപയാണ്‌ ഇതിനു ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.

janayugom 090711

1 comment:

  1. ക്ഷേമവികസന പദ്ധതികള്‍ സംബന്ധിച്ച യു ഡി എഫിന്റെ പ്രതിലോമകരമായ നയം വ്യക്തമാക്കുന്ന ബജറ്റാണ്‌ ധനമന്ത്രി കെ എം മാണി അവതരിപ്പിച്ചത്‌. യു ഡി എഫ്‌ അധികാരത്തില്‍ വരുന്ന ഘട്ടത്തിലെല്ലാം ജനക്ഷേമ പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. ഈ മുന്‍ അനുഭവം ഓര്‍മപ്പെടുത്തുന്നതാണ്‌ ധനമന്ത്രിയുടെ ബജറ്റിലെ സമീപനം. കഴിഞ്ഞ ബജറ്റില്‍ എല്‍ ഡി എഫ്‌ പ്രഖ്യാപിച്ച ഒരുപിടി ജനക്ഷേമ പദ്ധതികള്‍ ഇത്തവണത്തെ ബജറ്റില്‍ ഇല്ല.

    ReplyDelete