Sunday, July 10, 2011

ഹൗസിങ് സൊസൈറ്റി അഴിമതി: കെ പി ഉണ്ണിക്കൃഷ്ണനെതിരെ ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹൗസിങ് സൊസൈറ്റി ഇടപാടില്‍ 45 ലക്ഷം രൂപ വെട്ടിച്ച മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ പി ഉണ്ണിക്കൃഷ്ണനും സൊസൈറ്റി ട്രഷററായിരുന്ന വി ഗോപാലനുമെതിരെ ക്രിമിനല്‍ നിയമപ്രകാരം നടപടിയെടുക്കണമെന്ന് അന്വേഷണ കമീഷന്‍ ശുപാര്‍ശചെയ്തു. സൊസൈറ്റിക്ക് നഷ്ടം വരുത്തിയ തുകയും പലിശയുമുള്‍പ്പെടെ 50 ലക്ഷം രൂപ തിരികെ പിടിക്കണമെന്നും ന്യൂഡല്‍ഹി സഹകരണ രജിസ്ട്രാര്‍ നിയോഗിച്ച അന്വേഷണ കമീഷന്‍ പി എന്‍ മിശ്രയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണ കോ-ഓപ്പറേറ്റീവ് ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റി എന്ന പേരില്‍ രൂപീകരിച്ച സംഘത്തിന്റെ പേരിലാണ് ലക്ഷങ്ങള്‍ വെട്ടിച്ചത്. സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു കെ പി ഉണ്ണിക്കൃഷ്ണന്‍ . സഹകരണനിയമം ലംഘിച്ചാണ് ഉണ്ണിക്കൃഷ്ണന്റെ കാലത്ത് സംഘത്തില്‍ ഇടപാട് നടന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കരാറുകാരന് വന്‍ തുക കൊടുത്തതുള്‍പ്പെടെ നിര്‍ണായകമായ ഒരു തീരുമാനത്തിനും മാനേജിങ് കമ്മിറ്റിയുടെയോ പൊതുയോഗത്തിന്റെയോ അംഗീകാരമില്ല. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവച്ചശേഷവും സംഘത്തിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു. മലയാളികളടക്കം വമ്പന്മാരെ അംഗങ്ങളായി ചേര്‍ത്താണ് ന്യൂഡല്‍ഹിയില്‍ വീട് നിര്‍മിച്ചു നല്‍കാമെന്ന വാഗ്ദാനത്തോടെ സംഘം രൂപീകരിച്ചത്. വീട് നിര്‍മിക്കാന്‍ കരാറുകാരനെ നിയോഗിച്ചെന്നും വന്‍തോതില്‍ പണം നല്‍കിയെന്നും രേഖകളുണ്ടാക്കിയെങ്കിലും ഉപയോക്താക്കള്‍ക്ക് സ്ഥലമോ വീടോ കിട്ടിയില്ല. സംഘം പൊതുയോഗങ്ങളില്‍ ഇത് പരാതിക്ക് ഇടയാക്കിയതിനെത്തുടര്‍ന്നായിരുന്നു അന്വേഷണം.

രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് ആവശ്യപ്പെട്ട രേഖകള്‍ വിട്ടുനല്‍കാന്‍ ഉണ്ണിക്കൃഷ്ണന്‍ തയ്യാറായില്ലെന്ന് പി എന്‍ മിശ്ര റിപ്പോര്‍ട്ടില്‍ പറഞ്ഞു. കരാറെടുത്ത ഏഷ്യാനെറ്റ് കണ്‍സ്ട്രക്ഷന്‍സിന് പണി നടക്കാതിരുന്നിട്ടും മുന്‍കൂറായി 15 ലക്ഷം നല്‍കിയത് അധികപ്പറ്റായി എന്ന് 1989ലെ ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു. 86-87, 87-88 വര്‍ഷത്തേതുള്‍പ്പെടെ അതുവരെയുണ്ടായിരുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് കെ പി ഉണ്ണിക്കൃഷ്ണന്‍ മുക്കി. മുന്‍കൂര്‍ പണം നല്‍കിയത് പെരുകി 1992 ആയപ്പോഴേക്കും 42 ലക്ഷമായി. ഇതിന് രേഖകളുണ്ടായിരുന്നില്ല. അതിനാല്‍ , പൊതുയോഗം ഇത് അംഗീകരിച്ചില്ല. പണിനടക്കാതെ ഇത്രയും പണം നല്‍കിയതിനെ ചോദ്യംചെയ്യുകയും ചെയ്തു. പ്രതിഷേധം രൂക്ഷമായതോടെ 90ല്‍ കെ പി ഉണ്ണിക്കൃഷ്ണന്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. സംഘം മാനേജിങ് കമ്മിറ്റി രാജി അംഗീകരിക്കുകയുംചെയ്തു. ഇതിനുശേഷവും ഉണ്ണിക്കൃഷ്ണന്‍ സംഘത്തിന്റെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഒമ്പതു ലക്ഷം പിന്‍വലിച്ചതായി കണ്ടെത്തി. സംഘത്തിന്റെ ആന്‍ഡ്ര്യൂസ്ഗന്‍ജ് സൈറ്റില്‍ 37 ലക്ഷം രൂപ മുടക്കി, മറ്റു ചെലവുകള്‍ക്ക് 17 ലക്ഷം ചെലവഴിച്ചു എന്നീ കണക്കും പൊതുയോഗം തള്ളി. വീട് പണിതുനല്‍കുമെന്ന് പറഞ്ഞ സ്ഥലത്ത് കേബിളിടാനുള്ള കുഴിമാത്രമാണുണ്ടായിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനു ബോധ്യപ്പെട്ടു.
(ദിനേശ്വര്‍മ)

deshabhimani 100711

1 comment:

  1. ഡല്‍ഹിയില്‍ ഹൗസിങ് സൊസൈറ്റി ഇടപാടില്‍ 45 ലക്ഷം രൂപ വെട്ടിച്ച മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ പി ഉണ്ണിക്കൃഷ്ണനും സൊസൈറ്റി ട്രഷററായിരുന്ന വി ഗോപാലനുമെതിരെ ക്രിമിനല്‍ നിയമപ്രകാരം നടപടിയെടുക്കണമെന്ന് അന്വേഷണ കമീഷന്‍ ശുപാര്‍ശചെയ്തു. സൊസൈറ്റിക്ക് നഷ്ടം വരുത്തിയ തുകയും പലിശയുമുള്‍പ്പെടെ 50 ലക്ഷം രൂപ തിരികെ പിടിക്കണമെന്നും ന്യൂഡല്‍ഹി സഹകരണ രജിസ്ട്രാര്‍ നിയോഗിച്ച അന്വേഷണ കമീഷന്‍ പി എന്‍ മിശ്രയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണ കോ-ഓപ്പറേറ്റീവ് ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റി എന്ന പേരില്‍ രൂപീകരിച്ച സംഘത്തിന്റെ പേരിലാണ് ലക്ഷങ്ങള്‍ വെട്ടിച്ചത്. സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു കെ പി ഉണ്ണിക്കൃഷ്ണന്‍ . സഹകരണനിയമം ലംഘിച്ചാണ് ഉണ്ണിക്കൃഷ്ണന്റെ കാലത്ത് സംഘത്തില്‍ ഇടപാട് നടന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

    ReplyDelete