Thursday, July 21, 2011

ഭീതി പരത്തി ആര്‍എസ്എസ് ക്രിമിനല്‍ സംഘം

ഡിവൈഎഫ്ഐ നേതാവിനെ അടിച്ചു പരിക്കേല്‍പ്പിച്ചു

പയ്യോളി: ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ എന്‍ സി മുസ്തഫയെ ആര്‍എസ്എസുകാര്‍ അടിച്ച് പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ മുസ്തഫയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് അക്രമം. ആയുധങ്ങളുമായി ബൈക്കുകളിലെത്തിയ സംഘം മിനി ഇന്‍ഡസ്ട്രിയല്‍ റോഡില്‍വെച്ചാണ് മുസ്തഫയെ അടിച്ചുവീഴ്ത്തിയത്. അഭയം തേടിയ പൊറോളി ബാബുവിന്റെ വീട്ടുമുറ്റത്തിട്ടാണ് ക്രിമിനല്‍ സംഘം മൃഗീയമായി പരിക്കേല്‍പ്പിച്ചത്. ഇടതുകാലിന്റെ എല്ല് തകര്‍ന്നു. ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. അക്രമികളെ തടയാന്‍ ശ്രമിച്ച പൊറോളി കണാരനും പരിക്കേറ്റു. സിപിഐ എം പയ്യോളി ലോക്കല്‍ കമ്മിറ്റി അംഗവും ദേശാഭിമാനി ഏജന്റുമായ മുസ്തഫ പത്രവിതരണം മതിയാക്കി വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു ആക്രമണം. ഇരുമ്പ്ദണ്ഡ്, ഇടിക്കട്ട എന്നിവയുമായി ബിജു പുറക്കാടിന്റെ നേതൃത്വത്തിലെത്തിയ പതിനൊന്നോളം ക്രിമിനലുകളാണ് മുസ്തഫയെ ആക്രമിച്ചത്. മുസ്തഫയെ അക്രമിച്ച കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു.

ഏതാനും ദിവസം മുമ്പാണ് സിപിഐ എം പ്രവര്‍ത്തകന്‍ തോട്ടുംമൂഖത്ത് ദിലീപിനെ ആര്‍എസ്എസ് ക്രിമിനലൂകള്‍ പരിക്കേല്‍പ്പിച്ചത്. കൈകാലുകളുടെ എല്ല് പൊട്ടിയ ദിലീപ് മെഡിക്കല്‍കോളേജിലെ ചികിത്സക്കുശേഷം കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. ബുധനാഴ്ച രാവിലെ ആര്‍എസ്എസ് കൊയിലാണ്ടി താലൂക്ക് ബൗദ്ധിക് പ്രമുഖ് കുറ്റിപ്പുനത്തില്‍ സലീഷ്കുമാറി (30)നും പരിക്കേറ്റിരുന്നു. പയ്യോളി ഐപിസി റോഡില്‍ മുഖംമൂടിയണിഞ്ഞെത്തിയ സംഘത്തിന്റെ ആക്രമണത്തിലാണ് ഇയാള്‍ക്ക് പരിക്കേറ്റത്. ഇയാളെയും മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

ഭീതി പരത്തി ആര്‍എസ്എസ് ക്രിമിനല്‍ സംഘം

പയ്യോളി: ആര്‍എസ്എസ് ക്രിമിനലുകള്‍ ആയുധങ്ങളേന്തി പയ്യോളിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ജനങ്ങള്‍ക്ക് പിന്നാലെ ആയുധങ്ങളുമായി ഓടി ഭീതി പരത്തി. ഓടുന്നതിനിടയില്‍ ചിലര്‍ വീണ് പരിക്കേറ്റു. മുസ്തഫയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷമായിരുന്നു ആര്‍എസ്എസുകാര്‍ നഗരത്തില്‍ ആയുധങ്ങളുയര്‍ത്തി ഭീതി പരത്തിയത്. സ്ഥലത്തെത്തിയ വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രകടനത്തില്‍ പങ്കെടുത്ത 16 പേരെ കസ്റ്റഡിയിലെടുത്തു. അതേ സമയം മെഡിക്കല്‍കോളേജിലേക്ക് പുറപ്പെട്ട സിപിഐ എം പ്രവര്‍ത്തകരെ എസ്ഐ ജി സുനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് കസ്റ്റഡിയിലെടുത്തത് പ്രതിഷേധമുളവാക്കി.

സമാധാന അന്തരീക്ഷത്തില്‍ കഴിയുന്ന പയ്യോളിയില്‍ ബോധപൂര്‍വം കുഴപ്പമുണ്ടാക്കാനാണ് ആര്‍എസ്എസ് - ബിജെപി സംഘത്തിന്റെ ശ്രമം. സിപിഐ എം പ്രവര്‍ത്തകന്‍ തോട്ടുംമുഖത്ത് ദിലീപിനെ കഴിഞ്ഞ ദിവസം ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ കയറി ആര്‍എസ്എസ് സംഘം പരിക്കേല്‍പ്പിച്ചിരുന്നു. തിക്കോടി, പുറക്കാട്, പള്ളിക്കര, തോളേരി, കളരിപ്പടി, പയ്യോളി ബീച്ചിലെയും ക്രിമിനല്‍ സംഘമാണ് കുഴപ്പങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍കുമാര്‍ , വടകര ഡിവൈഎസ്പി എം പ്രദീപ്കുമാര്‍ , സിഐ സാജു കെ എബ്രഹാം, എസ്ഐ ജി സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവസ്ഥലത്തെത്തി.

ബിജെപിക്കുവേണ്ടി പൊലീസിന്റെ വിടുവേല

പയ്യോളി: ബിജെപി നേതൃത്വത്തെ പ്രീതിപ്പെടുത്താന്‍ നിരപരാധികളായ സിപിഐ എം പ്രവര്‍ത്തകരെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ചു. ആര്‍എസ്എസ് അക്രമത്തില്‍ പരിക്കേറ്റ് മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ച എന്‍ സി മുസ്തഫയെ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്ന പ്രവര്‍ത്തകരെ ബുധനാഴ്ച രാവിലെയാണ് എസ്ഐ ജി സുനില്‍ കസ്റ്റഡിയിലെടുത്തത്. വൈകുന്നേരം വിട്ടയക്കുമെന്ന് സിപിഐ എം നേതാക്കള്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു. ചികിത്സയില്‍ കഴിയുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൊഴിയില്‍ ഇവരുടെ പേരും ഉണ്ടെന്ന് പറഞ്ഞാണ് രാത്രി പത്തോടെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. പയ്യോളി ടൗണിലെ ടാക്സി ഡ്രൈവറും എടിഎമ്മില്‍ പണമെടുക്കാന്‍ വന്നവരെയും കേസില്‍ പ്രതിയാക്കി. ഡിവൈഎഫ്ഐ പയ്യോളി വില്ലേജ് സെക്രട്ടറി സി ടി ജിതേഷ്, കണ്ണംകുളം ബ്രാഞ്ച് സെക്രട്ടറി പൂവാട്ട് രമേശന്‍ , പുതിയോട്ടില്‍ ശിവരാമന്‍ , കെ ടി ശശി, പൊറോളി ദിനേശന്‍ , വൈര്യംവീട്ടില്‍ പ്രജീഷ്, ചാത്തോത്ത് സജിത്ത്, ആന്നോടി രാഘേഷ്, പുതിയോട്ടില്‍താഴ റഫീഖ്, കെ എം പ്രമോദ് (പെരുമാള്‍പുരം) എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഏരിയാ കമ്മിറ്റി അംഗം സി സുരേഷ്, വി ബിജു, എന്‍ സി മുസ്തഫ, കെ ടി ലിഖേഷ് എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.

പയ്യോളിയില്‍ ഇന്ന് ഹര്‍ത്താല്‍

പയ്യോളി: ആര്‍എസ്എസ് അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സിപിഐ എം പയ്യോളിയില്‍ ഹര്‍ത്താലാചരിക്കും. തുടര്‍ന്ന് വെള്ളിയാഴ്ച സിപിഐ എം പയ്യോളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസ്സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. വ്യാഴാഴ്ച രാവിലെ ആറ്മുതല്‍ വൈകിട്ട് ആറ്വരെയാണ് ഹര്‍ത്താല്‍ . വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. എസ്ഐ ജി സുനില്‍ അകാരണമായി സിപിഐ എം പ്രവര്‍ത്തകരെ പിടികൂടി ജയിലിലടച്ചതില്‍ പ്രതിഷേധിച്ചാണ് സ്റ്റേഷന്‍ മാര്‍ച്ച്.

തിരുവള്ളൂരില്‍ ലീഗ്-എന്‍ഡിഎഫ് അക്രമം ; സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വടകര: തിരുവള്ളൂരില്‍ ലീഗ്-എന്‍ഡിഎഫ് അക്രമം തുടരുന്നു. ബുധനാഴ്ച രാവിലെയുണ്ടായ അക്രമത്തില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇ സജീഷ് (23), ഇ രജീഷ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ രജീഷിനെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ പത്തരയോടെ തിരുവള്ളൂര്‍ ടൗണില്‍ കൃപ ആശുപത്രി പരിസരത്താണ് സജീഷിന് മര്‍ദനമേറ്റത്. മോട്ടോര്‍ ബൈക്കില്‍ വരികയായിരുന്ന സജീഷിനെ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. പതിനൊന്നോടെ മന്തരത്തൂര്‍ റൂറല്‍ ബാങ്ക് തീരുവള്ളൂര്‍ ശാഖയില്‍ ജീവനക്കാരനായ രജീഷിനെ ഹോട്ടലില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ചു. അക്രമം തുടര്‍ക്കഥയായ തിരുവള്ളൂരില്‍ കഴിഞ്ഞ ആഴ്ചയാണ് കെഎസ്ടിഎ നേതാവും തിരുവള്ളൂര്‍ ഗവ. എംയുപി അധ്യാപകനുമായ കെ വി ശശിധരനെ എന്‍ഡിഎഫ് അക്രമി സംഘം മര്‍ദിച്ചത്. ശശിധരന്‍ കോഴിക്കോട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

എന്‍ഡിഎഫ് അക്രമം കാരണം പൊലീസ് കാവല്‍ നില്‍ക്കുന്ന തിരുവള്ളൂരില്‍ പൊലീസിനെ വെല്ലുവിളിച്ചാണ് അക്രമം തുടരുന്നത്. അക്രമത്തില്‍ സിപിഐ എം ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. ബാങ്ക് ജീവനക്കാരനെ പ്രവൃത്തി സമയത്ത് അക്രമിച്ചതില്‍ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) വടകര ഏരിയാ കമ്മിറ്റിയും മന്തരത്തൂര്‍ സഹകരണ റൂറല്‍ ബാങ്ക് ഭരണ സമിതിയും പ്രതിഷേധിച്ചു

deshabhimani 210711

1 comment:

  1. ആര്‍എസ്എസ് ക്രിമിനലുകള്‍ ആയുധങ്ങളേന്തി പയ്യോളിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ജനങ്ങള്‍ക്ക് പിന്നാലെ ആയുധങ്ങളുമായി ഓടി ഭീതി പരത്തി. ഓടുന്നതിനിടയില്‍ ചിലര്‍ വീണ് പരിക്കേറ്റു. മുസ്തഫയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷമായിരുന്നു ആര്‍എസ്എസുകാര്‍ നഗരത്തില്‍ ആയുധങ്ങളുയര്‍ത്തി ഭീതി പരത്തിയത്.

    ReplyDelete