ദിവാന്‍ സര്‍ സി പിയുടെ കിരാത ഭരണത്തിനെതിരെ ക്ലാസിനുള്ളിലും പുറത്തും ഉച്ചത്തില്‍ സംസാരിച്ചതിന് പൊലീസ് അറസ്റ്റുചെയ്ത ആറാം ക്ലാസുകാരന്‍ അന്ന് സഹപാഠികള്‍ക്കും നാട്ടുകാര്‍ക്കും വീരനായകനായി. ചരിത്രത്തില്‍ ഇടം തേടാതെ പോയ ഇടയ്ക്കാട് ഭൂസമരത്തിന്റെ ജീവിക്കുന്ന പ്രതീകമായ കുന്നത്തൂര്‍ പടിഞ്ഞാറ് മാനാമ്പുഴ ചരുവിള വടക്കതില്‍ പി പി ഡാനിയലിന് തൊണ്ണൂറ്റാറിന്റെ അവശതകളിലും പോയകാലം ജ്വലിക്കുന്ന ഓര്‍മയാണ്. പഴയകാല സ്മരണകള്‍ അയവിറക്കുമ്പോള്‍ കാതില്‍ കാക്കിക്കുപ്പായക്കാരുടെ പോര്‍വിളിയുടെ മുഴക്കം. നാട്ടിലെ സ്കൂളില്‍ സര്‍ സി പിക്കെതിരെ പ്രതിഷേധിച്ച് ഡാനിയലും കൂട്ടുകാരും വെള്ളത്തൊപ്പിയുണ്ടാക്കി തലയില്‍വച്ച് മുദ്രാവാക്യം വിളിച്ചു. "ഇന്നത്തെപ്പോലെയല്ല അന്ന്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രവര്‍ത്തനം അത്ര സുഖകരമായിരുന്നില്ല"- പഴയ കാലത്തെ ഡാനിയല്‍ ഓര്‍ക്കുന്നു.
കുട്ടിക്കാലം മുതല്‍ അനീതിക്കെതിരെ പ്രതികരിക്കാന്‍ മുന്നിലുണ്ടായിരുന്നു. ഇടയ്ക്കാട് ഭൂമി സമരത്തിന്റെയും നായകസ്ഥാനത്ത് ഡാനിയലുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയെ നിരോധിച്ച 1955-56 കാലത്താണ് ഭൂസമരം നടന്നത്. 1952ലെ വള്ളികുന്നം തീവയ്പ് കേസില്‍ ഒളിവില്‍ പോയതിന്റെ പിന്നാലെയാണ് ഇടയ്ക്കാട് സമരം തുടങ്ങിയത്. ആ സമരത്തെക്കുറിച്ച് ഡാനിയല്‍ പറയുന്നു:
പോരുവഴിയിലെ മാരൂര്‍ പപ്പുപിള്ളയുടെ 42 സെന്റില്‍ ചാലുമ്പാട്ടെ കര്‍ഷകത്തൊഴിലാളികള്‍ കൃഷി ചെയ്തുവന്നു. ഇങ്ങനെയിരിക്കെ തൊഴിലാളികള്‍ക്കൊരു മോഹമുണ്ടായി. ഭൂമി വിലയ്ക്കു വാങ്ങാമെന്ന്. ഭൂഉടമ പപ്പുപിള്ള ചോദിച്ച പണം തൊഴിലാളികള്‍ നല്‍കി. ഇതിനിടെ ഇടയ്ക്കാട്ടെ കോണ്‍ഗ്രസ് പ്രമാണി വെളുത്ത ജോര്‍ജും വസ്തുവില്‍ കണ്ണുവച്ച് രംഗത്തെത്തി. പപ്പുപിള്ള പണം വാങ്ങി വസ്തു എഴുതി നല്‍കിയത് ജോര്‍ജിനായിരുന്നു. പപ്പുപിള്ളയും വെളുത്ത ജോര്‍ജും ചേര്‍ന്ന് ഗൂഢാലോചന നടത്തി തൊഴിലാളികളെ കബളിപ്പിക്കുകയായിരുന്നു. ഇവരുടെ ചതിക്കെതിരെയാണ് കമ്യൂണിസ്റ്റ് പാര്‍ടി സമരരംഗത്തുവന്നത്.
ഡാനിയലിന് പുറമെ അക്കാലത്ത് ഇടയ്ക്കാട്ടില്‍ കമ്യൂണിസ്റ്റു പാര്‍ടിക്ക് വേരോട്ടമുണ്ടാക്കിയത് പരേതനായ താഴത്ത് ചെല്ലപ്പന്‍പിള്ള, മുന്‍ എംഎല്‍എ തെങ്ങമം ബാലകൃഷ്ണന്‍ , കറുത്ത ജോര്‍ജ്, കെ കെ നാരായണന്‍ , മുടിയില്‍ത്തറ ഭാസ്കരന്‍പിള്ള, സി വൈ ജോര്‍ജ് എന്നിവരായിരുന്നു. അവരാണ് കര്‍ഷകസമരത്തിന് മുന്നണിയില്‍ നിന്നത്. പൊലീസിന്റെ സഹായത്തോടെ വെളുത്ത ജോര്‍ജ് കൈക്കലാക്കിയ ഭൂമി വീണ്ടെടുക്കാന്‍ സമരം ചെയ്തവര്‍ക്കെതിരെ 62 കേസ് രജിസ്റ്റര്‍ ചെയ്തു. പി പി ഡാനിയല്‍ ഉള്‍പ്പെടെ 286 പേര്‍ പ്രതികളായി. ഡാനിയല്‍ ഉള്‍പ്പെടെയുള്ളവര്‍ പൊലീസ് മര്‍ദനവും ജന്മിയുടെ ഗുണ്ടകളുടെ ആക്രമണവും ഏറ്റുവാങ്ങി. ഭൂമി സ്വന്തമാക്കിയ വെളുത്ത ജോര്‍ജ് ഇടയ്ക്കാട്ടില്‍വച്ച് ഡാനിയലിന്റെ കഴുത്തിനും കൈക്കും വെട്ടി. ജീവന്‍ തിരിച്ചു കിട്ടിയത് ആയുസ്സിന്റെ ബലം കൊണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ പിന്നീട് വെളുത്ത ജോര്‍ജിനെ തിരിച്ച് ആക്രമിച്ചു. ഈ കേസില്‍ ഇടയ്ക്കാട്ടിലെ ശ്രീകണ്ഠനെ കോടതി ശിക്ഷിച്ചു. തെങ്ങമം ബാലകൃഷ്ണനെയും ഡാനിയലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദകവീരന്‍ എന്ന് കുപ്രസിദ്ധി നേടിയ ചവറ സ്റ്റേഷനിലെ എസ്ഐ ഋഷികേശന്‍നായര്‍ തെങ്ങമത്തെയും ഡാനിയലിനെയും ക്രൂരമായി മര്‍ദിച്ചു. "ശങ്കരന്‍കൊഴവി" കാണിച്ചായിരുന്നു ഇടി. അടികൊണ്ട് അവശരായവര്‍ക്ക് വെള്ളം തന്നശേഷവും ക്രൂരമായി തല്ലി. നരകയാതനയായിരുന്നു ജയിലില്‍ . 1957ലെ ഇ എം എസ് സര്‍ക്കാരാണ് ഇടയ്ക്കാട് കേസ് പിന്‍വലിച്ചത്.
ഓച്ചിറ കിഴക്ക് ഞക്കനാല്‍ പ്രദേശത്ത് ഇടശ്ശേരികുറ്റിയില്‍ ഫിലിപ്പോസിന്റെയും അന്നമ്മയുടെയും എട്ടു മക്കളില്‍ നാലാമനാണ് പി പി ഡാനിയല്‍ . തറവാട്ടില്‍ ഇപ്പോള്‍ അനുജന്‍ പരേതനായ ജോര്‍ജിന്റെ ഭാര്യ മേരിക്കുട്ടിയും കുടുംബവുമാണ് താമസം. സഹോദരി തങ്കമ്മയെ വിവാഹം ചെയ്തത് ഇടയ്ക്കാട്ടിലാണ്. അന്നു മുതലാണ് ഇടയ്ക്കാട്ടുമായി ഡാനിയലിന് ബന്ധമുണ്ടായത്. തേവലക്കര കഞ്ചന കുടുംബാംഗം മറിയക്കുട്ടിയാണ് ഭാര്യ. ഇവര്‍ നാട്ടുകാര്‍ക്ക് പെങ്ങളാണ്. മറിയക്കുട്ടി എന്ന് വിളിക്കുന്നവര്‍ ചുരുക്കം. ഡാനിയലാകട്ടെ നാട്ടുകാര്‍ക്ക് അളിയനും. വള്ളികുന്നം കേസിലെ ചേലക്കോട്ടേത്ത് കുഞ്ഞിരാമനും പേരൂര്‍ മാധവന്‍പിള്ളയും ഡാനിയലിന്റെ ഉറ്റ സഖാക്കളാണ്. ഇവര്‍ക്കൊപ്പമായിരുന്നു ഒളിവുജീവിതം. ശൂരനാട് കേസിലെ സഖാക്കളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് ഡാനിയലിന് മറക്കാനാകാത്ത അനുഭവമാണ്. ശൂരനാട് കേസിലെ രണ്ടാംപ്രതി പരമേശ്വരന്‍പിള്ളയെ ഏഴാംമൈല്‍ കാഞ്ഞിയില്‍ അയ്യന്റെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിക്കാന്‍ സഹായിച്ചതും ഡാനിയലാണ്. ജീവിതസായാഹ്നത്തില്‍ നീതിക്കുവേണ്ടി പോരാടിയ യൗവനകാലത്തിന്റെ സ്മരണകളാണ് ഡാനിയലിന് കൂട്ട്.
(എം അനില്‍)
ദേശാഭിമാനി 110711

ദിവാന്‍ സര്‍ സി പിയുടെ കിരാത ഭരണത്തിനെതിരെ ക്ലാസിനുള്ളിലും പുറത്തും ഉച്ചത്തില്‍ സംസാരിച്ചതിന് പൊലീസ് അറസ്റ്റുചെയ്ത ആറാം ക്ലാസുകാരന്‍ അന്ന് സഹപാഠികള്‍ക്കും നാട്ടുകാര്‍ക്കും വീരനായകനായി. ചരിത്രത്തില്‍ ഇടം തേടാതെ പോയ ഇടയ്ക്കാട് ഭൂസമരത്തിന്റെ ജീവിക്കുന്ന പ്രതീകമായ കുന്നത്തൂര്‍ പടിഞ്ഞാറ് മാനാമ്പുഴ ചരുവിള വടക്കതില്‍ പി പി ഡാനിയലിന് തൊണ്ണൂറ്റാറിന്റെ അവശതകളിലും പോയകാലം ജ്വലിക്കുന്ന ഓര്‍മയാണ്. പഴയകാല സ്മരണകള്‍ അയവിറക്കുമ്പോള്‍ കാതില്‍ കാക്കിക്കുപ്പായക്കാരുടെ പോര്‍വിളിയുടെ മുഴക്കം.
ReplyDelete