Saturday, July 9, 2011

വിമതനേതാക്കളെ ആക്രമിച്ച കേസില്‍ ആര്‍എസ്എസ് കാര്യവാഹക് പിടിയില്‍

ആര്‍എസ്എസ് ഗുണ്ടാവിളയാട്ടം: സിപിഐ എം, സിഐടിയു പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പന്തളം: പന്തളത്ത് എബിവിപി-ആര്‍എസ്എസ് അക്രമത്തില്‍ സിപിഐഎം, സിഐടിയു, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്. അക്രമം പൊലീസ് തണലില്‍ . പാര്‍ട്ടി ഓഫീസിനുളളിലും പോലീസ് വേട്ട. വെളളിയാഴ്ച വൈകിട്ട് നടന്ന ആര്‍എസ്എസ് ആക്രമണത്തില്‍ സിഐടിയു പ്രവര്‍ത്തകന്‍ മുടിയൂര്‍ക്കോണം കരിമ്പയ്ക്കല്‍ സുഭാഷി(33)ന് പരിക്കേറ്റു. ഇയാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍ട്ടി ഓഫീസിന് നേരെയുണ്ടായ ആര്‍എസ്എസ് കല്ലേറില്‍ ഡിവൈഎഫ്ഐ ജില്ലാക്കമ്മറ്റിയംഗം സി രാഗേഷിനും, പ്രവര്‍ത്തകന്‍ ശ്യാമിനും പരിക്കേറ്റു. പകല്‍ മൂന്നിന് നടന്ന എബിവിപി ആക്രമണത്തില്‍ ഒരു എസ്എഫ്ഐ പ്രവര്‍ത്തകനും പരിക്കേറ്റിട്ടുണ്ട്.

വെളളിയാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. പന്തളം എന്‍എസ്എസ് കോളേജില്‍നിന്ന് പ്രകടനമായി എത്തിയ എബിവിപിക്കാരാണ് അക്രമം തുടങ്ങിവച്ചത്. പന്തളം പഞ്ചായത്ത് സ്റ്റാന്‍ഡില്‍ എത്തിയ പ്രകടനക്കാര്‍ ഇവിടെയുണ്ടായിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ അക്രമിക്കാനൊരുങ്ങി. എസ്എഫ്ഐ പ്രവര്‍ത്തകരെ എബിവിപിക്കാര്‍ ഓടിച്ചതോടെ സിഐടിയു പ്രവര്‍ത്തകര്‍ രക്ഷയ്ക്കെത്തി. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് അക്രമികളെ തുരത്തുന്നതിന് പകരം സിഐടിയു-എസ്എഫ്ഐ പ്രവര്‍ത്തകരെ ലാത്തി വീശി ഓടിച്ചു. രക്ഷാര്‍ഥം സിപിഐഎം പന്തളം ഏരിയാക്കമ്മറ്റി ഓഫീസിലേക്ക് കയറിയ എസ്എഫ്ഐ പ്രവര്‍ത്തകരെ പിടികൂടാന്‍ പോലീസ് പാര്‍ട്ടി ഓഫീസിനുളളിലേക്ക് കടന്നുകയറി. ഓഫീസിനകത്തുള്ളവരെ പിടിച്ചുവലിച്ച് പുറത്തെത്തിക്കാന്‍ ശ്രമിച്ചു. ഇതിനിടെ സ്ഥലത്തുനിന്ന സിഐടിയു പ്രവര്‍ത്തകന്‍ രാജനെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐഎം നേതൃത്വത്തില്‍ ടൗണില്‍ സമാധാനപരമായി പ്രകടനം നടത്തി പിരിയുകയും ചെയ്തു.
എന്നാല്‍ വൈകിട്ട് അഞ്ചോടെ ആര്‍എസ്എസ് വീണ്ടും തേര്‍വാഴ്ച നടത്തി. ഭീകരാന്തരീഷം സൃഷ്ടിച്ചുകൊണ്ട് ദണ്ഡുമായി നടത്തിയ പ്രകടനത്തിനിടെ ടൗണിന് കിഴക്ക് ഭാഗത്ത് ജോലിചെയ്യുകയായിരുന്ന സിഐടിയു പ്രവര്‍ത്തകന്‍ സുഭാഷിനെ ആക്രമിച്ചു. തലയ്ക്ക് പരിക്കേറ്റ സുഭാഷ് ചോരയൊലിപ്പിച്ച് റോഡില്‍കിടന്നു. മറ്റ് പ്രവര്‍ത്തകരെത്തിയാണ് സുഭാഷിനെ ആശുപത്രിയില്‍ കൊണ്ടുപോയത്. അരമണിക്കൂറിനകം ദണ്ഡുകളും വടിവാളുകളുമായി ആര്‍എസ്എസ്-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി പാര്‍ട്ടി ഓഫീസിന് നേരെ കല്ലെറിഞ്ഞു. കല്ലേറിക പ്രവര്‍ത്തകര്‍ക്ക് പരിക്ക് പറ്റി. പാര്‍ട്ടി ഓഫീസിനും കേടുപാടുകള്‍ സംഭവിച്ചു. പന്തളം സിഐയുടെ ജീപ്പിന്റെയും, സ്വകാര്യ വ്യക്തിയുടെ കാറിന്റേയും ചില്ലുകള്‍ തകര്‍ന്നു. തുടര്‍ന്ന് അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള പോലീസ് എത്തി പ്രവര്‍ത്തകരെ തള്ളിമാറ്റി.

അടൂരില്‍ പോപ്പുലര്‍ ഫ്രണ്ട്-ആര്‍എസ്എസ് സംഘട്ടനം; 6 പേര്‍ക്ക് പരിക്ക്

അടൂര്‍ : അടൂരില്‍ പോപ്പുലര്‍ ഫ്രണ്ട്-ആര്‍എസ്എസ് സംഘട്ടനം. ആറു പേര്‍ക്ക് പരിക്ക്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ കണ്ണങ്കോട് ഷൈജു (24), പറക്കോട് തറയില്‍ വീട്ടില്‍ ഷംനാദ് (21), വടക്കടത്ത്കാവ് ഷെമീര്‍ മന്‍സിലില്‍ ഷെമീര്‍ (25), പറക്കോട് പനയംകാഞ്ഞിക്കല്‍ അനീഷ് (24), എബിവിപി പ്രവര്‍ത്തകരായ മനോഷ് (20), ശുഭം (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കെഎസ്ആര്‍ടിസി ജങ്ഷനിലാണ് സംഭവം. എബിവിപി കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റിരുന്നു. പിന്നീടെത്തിയ ആര്‍എസ്എസ് സംഘം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു. ഇരു സംഘങ്ങളും ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പൊലീസ് ക്യാമ്പ് ചെയ്യുന്നു

വിമതനേതാക്കളെ ആക്രമിച്ച കേസില്‍ ആര്‍എസ്എസ് കാര്യവാഹക് പിടിയില്‍

പേരാമ്പ്ര: വിമതവിഭാഗം നേതാക്കളെ വെട്ടിപരിക്കേല്‍പ്പിക്കുകയും വീടുകള്‍ക്ക് ബോംബെറിയുകയും ചെയ്ത ആര്‍എസ്എസിന്റെ കൊടുംക്രിമിനല്‍ പൊലീസ് പിടിയിലായി. ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് പേരാമ്പ്രയിലെ കാരെപൊയില്‍ കെ പി രാജീവനാ(45)ണ് പിടിയിലായത്. രാജീവന്‍ മേപ്പയൂരിലെ സിപിഐ എം പ്രവര്‍ത്തകന്‍ എടത്തില്‍ ഇബ്രാഹിമിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതിയാണ്. ആഴ്ചകള്‍ക്ക് മുമ്പ് ആര്‍എസ്എസ് വിമതവിഭാഗത്തില്‍പെടുന്ന വിവേകാവന്ദ സേവാസമിതി സംസ്ഥാന സെക്രട്ടറി ഇരിങ്ങത്ത് സ്വദേശി മരുതേരി എം രാജേഷിനെ ചെലമ്പ വളവില്‍വെച്ചും കഴിഞ്ഞ ശനിയാഴ്ച പയ്യോളിയില്‍വെച്ച് ബീവറേജ് ഷോപ്പിലെ ജീവനക്കാരന്‍ പേരാമ്പ്രയിലെ പാറപ്പുറം ബൈജുവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസുകളിലും രാജീവന്‍ മുഖ്യപ്രതിയാണ്. വിമതപക്ഷത്തുള്ള നാല് വീടുകളില്‍ ബോംബെറിഞ്ഞ കേസിലും പ്രതിയാണ്.

വെള്ളിയാഴ്ച രാവിലെ വിമതപക്ഷം ഇയാളെ പേരാമ്പ്ര ബസ്സ്റ്റാന്‍ഡിനു മുന്‍വശത്തെ അമ്പലനടയില്‍വെച്ച് വളയുകയായിരുന്നു. ജീവരക്ഷാര്‍ഥം ഇയാള്‍ കെട്ടിടത്തിന്റെ രണ്ടാംനിലയിലുള്ള മുറിയില്‍ ഓടിക്കയറി വാതിലടച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. പേരാമ്പ്ര കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. വധശ്രമമുള്‍പ്പെടെ നിരവധികേസുകളില്‍ പ്രതിയായ ക്രിമിനലിന് പേരാമ്പ്രയിലെ ഉന്നത പൊലീസധികൃതരില്‍നിന്ന് വഴിവിട്ട സഹായം ലഭിച്ചതായി ആരോപണമുയര്‍ന്നിരുന്നു.

എസ്എഫ്ഐ പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ മര്‍ദിച്ചു

അടൂര്‍ : മണ്ണടി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളെ ആര്‍എസ്എസുകാര്‍ മര്‍ദിച്ചു. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗങ്ങളായ ലിന്‍സണ്‍ , ജെസിന്‍ എന്നിവരെയാണ് വ്യാഴാഴ്ച വൈകിട്ട് നാലിന് ചൂരക്കോട് ഹയര്‍സെക്കന്‍ഡറി സ്കൂളിനു മുന്നില്‍വച്ച് ഏഴുപേരടങ്ങുന്ന ആര്‍എസ്എസ് സംഘം ആക്രമിച്ചത്. പ്ലസ്ടു വിദ്യാര്‍ഥികളായ ഇരുവരും ക്ലാസ് കഴിഞ്ഞ് സ്വകാര്യ ബസില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ബസ് തടഞ്ഞ് അകത്തുകയറി ഇടിക്കട്ടയും പട്ടികയും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരായ മഹേഷ്, ഉണ്ണി, പ്ലസ്വണ്‍ വിദ്യാര്‍ഥിയായ അനന്തു എന്നിവരും കണ്ടാലറിയുന്ന മറ്റ് നാലുപേരും ചേര്‍ന്നാണ് ആക്രമിച്ചത്. വിദ്യാര്‍ഥിക"ളെ ആക്രമിച്ച നടപടിയില്‍ എസ്എഫ്ഐ അടൂര്‍ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.

deshabhimani 090711

1 comment:

  1. വിമതവിഭാഗം നേതാക്കളെ വെട്ടിപരിക്കേല്‍പ്പിക്കുകയും വീടുകള്‍ക്ക് ബോംബെറിയുകയും ചെയ്ത ആര്‍എസ്എസിന്റെ കൊടുംക്രിമിനല്‍ പൊലീസ് പിടിയിലായി.

    ReplyDelete