Tuesday, July 12, 2011

സിബിഐ അന്വേഷണം നിരുപാധികമാകണം: വി എസ്

ലോട്ടറി കേസുകളിലെ സിബിഐ അന്വേഷണം നിരുപാധികമായിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. താന്‍ നല്‍കിയിട്ടുള്ള കത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം അന്വേഷണപരിധിയില്‍ വരണം. മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണെങ്കില്‍ സിബിഐക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകില്ല. ലോട്ടറി മാഫിയക്ക് യഥേഷ്ടം പ്രവര്‍ത്തിക്കാനുള്ള അവസ്ഥയാണ് കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചത്. ലോട്ടറി മാഫിയക്കുമേല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെല്ലാം ഇതുമൂലം നിഷ്ഫലമാകുന്ന സ്ഥിതിയുണ്ടായി. കഴിഞ്ഞ സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സിബിഐ അന്വേഷണത്തിന് തയ്യാറാകാത്ത കേന്ദ്രം ഹൈക്കോടതിയിലാണ് അന്വേഷണത്തിന് സമ്മതം അറിയിച്ചത്.

നിലവിലെ സ്ഥിതിയില്‍ ലോട്ടറി മാഫിയയുടെ പ്രവര്‍ത്തനങ്ങളെല്ലാം അന്വേഷണ പരിധിയില്‍പ്പെടാനുള്ള സാധ്യത കാണുന്നില്ല. ലോട്ടറിയുമായി ബന്ധപ്പെട്ട് തന്റെ കുടുംബാംഗങ്ങള്‍ക്കുനേരെയും ആക്ഷേപം ഉന്നയിച്ചു. തന്റെ മകന്‍ ഉള്‍പ്പെടെ ആരെങ്കിലും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ലോട്ടറി മാഫിയയുടെ പ്രവര്‍ത്തനത്തിന് സഹായിച്ചവര്‍ക്കെല്ലാമെതിരെ അന്വേഷണം വ്യാപിപ്പിക്കണം. ഉത്തരവാദികളെയെല്ലാം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും വി എസ് ആവശ്യപ്പെട്ടു.

നിയന്ത്രണാധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം: ഐസക്

ലോട്ടറിക്കൊള്ള തടയുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ലോട്ടറി നിയന്ത്രണാധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ ആവശ്യപ്പെട്ടു. ലോട്ടറി ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഐസക്.

വ്യാജലോട്ടറിക്കാരുടെ കൊള്ള തടയുന്ന കാര്യത്തില്‍ കേന്ദ്രത്തിന് വാശിയില്ല. കേന്ദ്രനിയമത്തില്‍ മാറ്റം വരുത്തിയാല്‍മാത്രമേ ലോട്ടറി തട്ടിപ്പ് തടയാനാകൂ. കേന്ദ്ര ലോട്ടറിനിയമത്തിലെ ആറാം വകുപ്പ് പ്രകാരം നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെങ്കിലും ചെയ്യുന്നില്ല. കേന്ദ്രനിയമത്തില്‍ മാറ്റം വരുത്തണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇപ്പോള്‍ കൊണ്ടുവന്ന നിയമം മുട്ടുശാന്തിയാണ്. ഓണ്‍ ലൈന്‍ ലോട്ടറി കേരളം നിരോധിച്ചതാണെങ്കിലും അത് തിരികെ വരാന്‍ കേന്ദ്രം ഒത്താശചെയ്യുന്നു. ഓണ്‍ ലൈന്‍ ലോട്ടറി തടയാന്‍ നടപടി വേണം.

സാന്റിയാഗോ മാര്‍ട്ടിന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ 32 കേസ് കഴിഞ്ഞ സര്‍ക്കാര്‍ രജിസ്റ്റര്‍ചെയ്തു. ഇപ്പോള്‍ ഈ കേസുകളിലാണ് സിബിഐ അന്വേഷണം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഐസക് പറഞ്ഞു. ലോട്ടറി മാഫിയയുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് വി ചെന്താമരാക്ഷന്‍ പറഞ്ഞു. തങ്ങള്‍ക്കും കമീഷന്‍ കിട്ടണമെന്ന മനോഭാവമാണ് മന്ത്രിമാര്‍ക്ക്. നിയമത്തിന്റെ പ്രസക്തിതന്നെ ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി 120711

1 comment:

  1. ലോട്ടറി കേസുകളിലെ സിബിഐ അന്വേഷണം നിരുപാധികമായിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. താന്‍ നല്‍കിയിട്ടുള്ള കത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം അന്വേഷണപരിധിയില്‍ വരണം. മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണെങ്കില്‍ സിബിഐക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകില്ല. ലോട്ടറി മാഫിയക്ക് യഥേഷ്ടം പ്രവര്‍ത്തിക്കാനുള്ള അവസ്ഥയാണ് കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചത്. ലോട്ടറി മാഫിയക്കുമേല്‍ നിയന്ത്രണം കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളെല്ലാം ഇതുമൂലം നിഷ്ഫലമാകുന്ന സ്ഥിതിയുണ്ടായി. കഴിഞ്ഞ സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സിബിഐ അന്വേഷണത്തിന് തയ്യാറാകാത്ത കേന്ദ്രം ഹൈക്കോടതിയിലാണ് അന്വേഷണത്തിന് സമ്മതം അറിയിച്ചത്.

    ReplyDelete