Tuesday, July 12, 2011

പൊലീസ് കൂട്ടസ്ഥലംമാറ്റം ചട്ടലംഘനം: ഹൈക്കോടതി

കൊച്ചി: പൊലീസ് കോണ്‍സ്റ്റബിള്‍മാരെ സര്‍ക്കാര്‍ കൂട്ടത്തോടെ സ്ഥലംമാറ്റിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ഹൈക്കോടതി. സ്ഥലംമാറ്റ ഉത്തരവുകള്‍ പുനഃപരിശോധിക്കാന്‍ ജസ്റ്റിസ് സി ടി രവികുമാര്‍ ഉത്തരവിട്ടു. പൊലീസുകാരില്‍നിന്നും സ്ഥലംമാറ്റത്തിനുള്ള "ഓപ്ഷന്‍" സ്വീകരിച്ച് ഒരുമാസത്തിനകം പുതിയ ഉത്തരവ് പുറപ്പെടുവിക്കണം. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്ഥലംമാറ്റങ്ങളെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളില്‍ തീര്‍പ്പു കല്‍പിച്ചാണ് ഉത്തരവ്.

സ്ഥലംമാറ്റത്തിനു മുമ്പ് ഏതു സ്റ്റേഷനിലാണ് ജോലിചെയ്തതെന്നതിന്റെ അടിസ്ഥാനത്തിലാവണം പുനഃപരിശോധന. മൂന്നുവര്‍ഷം ഒരുസ്ഥലത്ത് പൂര്‍ത്തിയാക്കാത്തവരെ തുടരാന്‍ അനുവദിക്കുന്ന കാര്യവും പരിഗണിക്കണം. സ്ഥലംമാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുകളുടെയും മാര്‍ഗനിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ "ഓപ്ഷന്‍" സ്വീകരിക്കണം. കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് സ്ഥലംമാറ്റങ്ങളെന്ന സര്‍ക്കാര്‍വാദം തള്ളിയ കോടതി, സത്യസന്ധരും കഴിവുള്ളവരുമായ ഉദ്യോഗസ്ഥര്‍ സേനയിലുണ്ടെന്ന് മറക്കരുതെന്ന് പറഞ്ഞു. ഭരണസൗകര്യാര്‍ഥമോ പൊതുസൗകര്യാര്‍ഥമോ ആണ് സ്ഥലംമാറ്റമെന്ന് ഉത്തരവില്‍ വ്യക്തമാക്കാത്ത സാഹചര്യത്തില്‍ 1958 മുതല്‍ നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടതായി കാണുന്നു.

പൊതുസ്ഥലംമാറ്റം വര്‍ഷത്തിലൊരിക്കലാണ് നടത്തേണ്ടത്. ഇതിനുമുമ്പ് "ഓപ്ഷന്‍" വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. സ്ഥലംമാറ്റാനുള്ള അധികാരം ദുരുപയോഗം ചെയ്യാതിരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ് ജില്ലാ പൊലീസ് മേധാവികള്‍ സ്ഥലംമാറ്റിയതെന്ന ഹര്‍ജിക്കാരുടെ വാദത്തില്‍ കഴമ്പുണ്ടെന്നു കോടതി നിരീക്ഷിച്ചു. പുതിയ അധ്യയനവര്‍ഷം ആരംഭിച്ച ഉടനുള്ള സ്ഥലംമാറ്റം കുട്ടികളുടെ പഠനത്തെ ദോഷകരമായി ബാധിക്കുമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

ദേശാഭിമാനി 120711

1 comment:

  1. പൊലീസ് കോണ്‍സ്റ്റബിള്‍മാരെ സര്‍ക്കാര്‍ കൂട്ടത്തോടെ സ്ഥലംമാറ്റിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ഹൈക്കോടതി. സ്ഥലംമാറ്റ ഉത്തരവുകള്‍ പുനഃപരിശോധിക്കാന്‍ ജസ്റ്റിസ് സി ടി രവികുമാര്‍ ഉത്തരവിട്ടു. പൊലീസുകാരില്‍നിന്നും സ്ഥലംമാറ്റത്തിനുള്ള "ഓപ്ഷന്‍" സ്വീകരിച്ച് ഒരുമാസത്തിനകം പുതിയ ഉത്തരവ് പുറപ്പെടുവിക്കണം. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്ഥലംമാറ്റങ്ങളെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളില്‍ തീര്‍പ്പു കല്‍പിച്ചാണ് ഉത്തരവ്.

    ReplyDelete