Tuesday, July 12, 2011

പനിച്ച് വിറച്ച് കേരളം : ഡോക്ടര്‍മാരും മരുന്നുമില്ല

സംസ്ഥാനം പനിച്ചൂടില്‍ വിറയ്ക്കുമ്പോള്‍ പ്രതിരോധ, ചികില്‍സാസംവിധാനങ്ങള്‍ അവതാളത്തില്‍ . പല ആശുപത്രിയിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ല. മരുന്നിന്റെ ദൗര്‍ലഭ്യം സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. രോഗനിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരംഭിച്ച സ്റ്റേറ്റ് കണ്‍ട്രോളിങ് ഡിസീസ് ആന്‍ഡ് മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ഇതോടെ പകര്‍ച്ചവ്യാധികളുടെ ദൈനംദിന റിപ്പോര്‍ട്ടിങ്ങും തുടര്‍ന്നുള്ള ചികിത്സ-പ്രതിരോധ പ്രവര്‍ത്തനങ്ങളും നിലച്ചു.

ദിനംപ്രതി ഇരുപത്തയ്യായിരത്തിലേറെപ്പേരാണ് ചികിത്സതേടി ആശുപത്രികളിലെത്തുന്നത്. മലപ്പുറത്തും പാലക്കാടും പനിബാധിച്ച് തിങ്കളാഴ്ച ഓരോ ആള്‍വീതം മരിച്ചു. തിരൂരങ്ങാടി മൂന്നിയൂര്‍ പാപ്പനൂര്‍ കൂനിരി വേലായുധന്റെ മകന്‍ ചന്ദ്രന്‍ (57), ഒറ്റപ്പാലം മീറ്റ്ന കറുത്തൊടിയില്‍ പടിഞ്ഞാറേതില്‍ ചന്ദ്രന്‍ (38) എന്നിവരാണ് മരിച്ചത്. പനി പടരുന്ന ആലപ്പുഴ ജില്ലയില്‍ നാല് ഡോക്ടര്‍ക്കുകൂടി എച്ച്1 എന്‍1 സ്ഥിരീകരിച്ചു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കുമാണ് എച്ച്1എന്‍1 സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ എച്ച്1എന്‍1 ബാധിച്ചവര്‍ 32 ആയി. നേരത്തെ ജനറല്‍ ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിലെ വനിതാ ഡോക്ടര്‍ എച്ച്1എന്‍1 ബാധിച്ച് ചികിത്സയിലായിരുന്നു. ഇതിനു പിന്നാലെയാണ് നാലു ഡോക്ടര്‍മാര്‍ക്കു കൂടി രോഗം ബാധിച്ചത്. തിങ്കളാഴ്ച വൈറല്‍ പനി ബാധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അയ്യായിരത്തോളം പേര്‍ ചികിത്സ തേടി. ടൈഫോയ്ഡ് ബാധിച്ച് രണ്ടുപേര്‍ ചികിത്സയില്‍ കഴിയുന്നു. തൃശൂര്‍ , ആലപ്പുഴ ജില്ലകളില്‍ എച്ച്1 എന്‍1 പടരുകയാണ്. എറണാകുളം ജില്ലയില്‍ പല ഭാഗത്തും ഡെങ്കിപ്പനി, എലിപ്പനി, ടൈഫോയ്ഡ്, വയറിളക്കരോഗങ്ങള്‍ എന്നിവ റിപ്പോര്‍ട്ടു ചെയ്തു. ജില്ലയുടെ കിഴക്കന്‍ പ്രദേശമായ മണീട്, മാറാടി ഭാഗത്ത് ഹെപ്പറ്റൈറ്റിസ് ബി ബാധ കണ്ടെത്തിയത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല ആശുപത്രിയില്‍ മാത്രം ശനിയാഴ്ച ആയിരത്തിലേറെപ്പേര്‍ ചികിത്സ തേടിയെത്തി. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ പനിവാര്‍ഡില്‍ ഒരു കട്ടിലില്‍ മൂന്നു പേര്‍ വീതമാണ് കിടക്കുന്നത്. വരാന്ത പോലും പനിബാധിതരെ കൊണ്ടു നിറഞ്ഞു. മഴ കനത്തുപെയ്താല്‍ ഏതു നിമിഷവും എച്ച്1 എന്‍1 പടരാനുള്ള സാധ്യതയുണ്ടെന്ന് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ഫെറ്റല്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ സര്‍വീസില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ആയിരത്തി ഇരുന്നൂറോളം ഡോക്ടര്‍മാര്‍ ഇപ്പോള്‍ കുറവാണ്. ഡോക്ടര്‍മാരുടെ ഒഴിവുനികത്താന്‍ സര്‍ക്കാര്‍ ഇടപെടാത്തത് പ്രതിസന്ധി രൂക്ഷമാക്കി. പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രിയില്‍ ചികിത്സതേടിയെത്തുന്നവരുടെ എണ്ണം സര്‍വകാല റെക്കോര്‍ഡാണ്. എന്നാല്‍ , പ്രതിദിനം പതിനായിരത്തില്‍ താഴെ പേര്‍ മാത്രമേ പനി ബാധിച്ച് എത്തുന്നുള്ളൂവെന്നാണ് പൊതുജനാരോഗ്യത്തിന്റെ ചുമതല വഹിക്കുന്ന ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പറയുന്നത്. വിവിധ ജില്ലയില്‍നിന്നു ലഭിച്ച കണക്ക് പുറത്തുവിടാതെ പകര്‍ച്ചവ്യാധി പ്രശ്നം ലളിതമാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എല്‍ഡിഎഫ് സര്‍ക്കാറിന്റെ അവസാനകാലത്ത് മുന്നൂറില്‍ താഴെ ഡോക്ടര്‍മാരുടെ ഒഴിവു മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 1170 ഒഴിവുണ്ട്. കൂടാതെ ഇരുന്നൂറോളം ഡോക്ടര്‍മാര്‍ അവധിയിലും. മുന്‍ സര്‍ക്കാറിന്റെ കാലത്ത് ഡോക്ടര്‍മാര്‍ക്ക് നിശ്ചിത ദിവസത്തിലധികം അവധി അനുവദിച്ചിരുന്നില്ല. എന്‍ആര്‍എച്ച്എം മുഖേന ആയിരത്തിലേറെ ഡോക്ടര്‍മാര്‍ സംസ്ഥാനത്ത് ജോലി ചെയ്തിരുന്നു. അതും നിര്‍ത്തി. എംബിബിഎസ് കോഴ്സ് കഴിയുന്ന ആയിരത്തോളം ഡോക്ടര്‍മാരെ നിര്‍ബന്ധിത ഗ്രാമീണസേവനത്തിനും നിയോഗിച്ചിരുന്നു. ഇവരും ഇപ്പോള്‍ ആശുപത്രികളില്‍ വരുന്നില്ല.

deshabhimani 120711

2 comments:

  1. സംസ്ഥാനം പനിച്ചൂടില്‍ വിറയ്ക്കുമ്പോള്‍ പ്രതിരോധ, ചികില്‍സാസംവിധാനങ്ങള്‍ അവതാളത്തില്‍ . പല ആശുപത്രിയിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ല. മരുന്നിന്റെ ദൗര്‍ലഭ്യം സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. രോഗനിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരംഭിച്ച സ്റ്റേറ്റ് കണ്‍ട്രോളിങ് ഡിസീസ് ആന്‍ഡ് മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ഇതോടെ പകര്‍ച്ചവ്യാധികളുടെ ദൈനംദിന റിപ്പോര്‍ട്ടിങ്ങും തുടര്‍ന്നുള്ള ചികിത്സ-പ്രതിരോധ പ്രവര്‍ത്തനങ്ങളും നിലച്ചു.

    ReplyDelete
  2. Prakash still in kerala? didnt he visit USA yet? too bad...

    ReplyDelete