ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ ടെലികോംവകുപ്പിന് സ്വകാര്യ അഭിഭാഷകനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജിവച്ച ഗോപാല്‍ സുബ്രഹ്മണ്യത്തെ അനുനയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടരുന്നു. സോളിസിറ്റര്‍ ജനറല്‍ സ്ഥാനത്ത് ഗോപാല്‍ സുബ്രഹ്മണ്യംതന്നെ തുടരണമെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നേരിട്ട് രംഗത്തെത്തി. ശനിയാഴ്ച സമര്‍പ്പിച്ച രാജി നിയമമന്ത്രാലയം സ്വീകരിച്ചിട്ടില്ല.
സുപ്രീംകോടതിയില്‍ ടെലികോംവകുപ്പിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ റോഹിങ്ടണ്‍ നരിമാനെ ടെലികോംമന്ത്രി കപില്‍ സിബല്‍ ചുമതലപ്പെടുത്തിയതാണ് ഗോപാല്‍ സുബ്രഹ്മണ്യത്തെ ചൊടിപ്പിച്ചത്. സര്‍ക്കാരിന്റെ പ്രധാന അഭിഭാഷകനായി നരിമാന്‍ ഹാജരാകുമ്പോള്‍ അദ്ദേഹത്തെ സഹായിക്കുന്ന ചുമതലയിലേക്ക് സീനിയറായ തനിക്ക് മാറേണ്ടിവരുമെന്നതാണ് രാജിക്കുള്ള പ്രേരണ. സോളിസിറ്റര്‍ ജനറല്‍ പദവിയുടെ അന്തസ്സ് സംരക്ഷിക്കുന്നതിനാണ് രാജി നല്‍കിയതെന്ന് സുബ്രഹ്മണ്യം ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ടെലികോംവകുപ്പിന് പ്രത്യേക അഭിഭാഷകനെ ചുമതലപ്പെടുത്തിയത് തന്നെ വിശ്വാസത്തിലെടുക്കാതെയാണ്. അതൊരു മോശം അവസ്ഥയാണ്- ഗോപാല്‍ സുബ്രഹ്മണ്യം പറഞ്ഞു.
ഞായറാഴ്ച രാഷ്ട്രപതി പ്രതിഭ പാട്ടീലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇത് സൗഹൃദസന്ദര്‍ശനമാണെന്ന് രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞു. കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.
സുബ്രഹ്മണ്യത്തെ അപമാനിക്കുംവിധമുള്ള നീക്കങ്ങള്‍ മുമ്പും കേന്ദ്രം നടത്തിയിരുന്നു. സ്പെക്ട്രം ഇടപാടിലെ അഴിമതി തടയുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തിയ സുപ്രീംകോടതി, ഈ വിഷയത്തില്‍ പ്രധാനമന്ത്രി കാര്യാലയത്തോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. സുപ്രീംകോടതിയുടെ കുറ്റപ്പെടുത്തലിനെതുടര്‍ന്ന് കേസില്‍ പിഎംഒയ്ക്കുവേണ്ടി ഹാജരാകാന്‍ സുബ്രഹ്മണ്യത്തിനുപകരം അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിയെയാണ് നിയോഗിച്ചത്. സ്പെക്ട്രം കേസില്‍ സിബിഐക്കുവേണ്ടി ഹാജരാകാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറന്‍ ഹരേന്‍ റാവലിനൊപ്പം മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാലിനെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തി. എന്നാല്‍ , ടെലികോംവകുപ്പിനുവേണ്ടി തുടര്‍ന്നും സുബ്രഹ്മണ്യമാണ് ഹാജരായിരുന്നത്. ഒരു സന്നദ്ധസംഘടന ടെലികോംമന്ത്രി കപില്‍ സിബലിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജിയാണ് സുബ്രഹ്മണ്യത്തിന്റെ പെട്ടെന്നുള്ള രാജിക്ക് കാരണമായത്. റിലയന്‍സില്‍നിന്ന് പിഴയായി 650 കോടിക്കുപകരം അഞ്ചുകോടിമാത്രം ഈടാക്കിയ സംഭവം സിബിഐ അന്വേഷിക്കണമെന്നുമായിരുന്നു ഹര്‍ജി. കേസില്‍ റോഹിങ്ടണ്‍ നരിമാനെ ചുമതലപ്പെടുത്തുകയായിരുന്നു. സുബ്രഹ്മണ്യത്തോട് ആലോചിക്കാതെയായിരുന്നു സിബലിന്റെ ഈ നടപടി.
മാരന്റെ എല്ലാ നടപടിയും സിബിഐ അന്വേഷിക്കും
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിയില്‍ പങ്കുണ്ടെന്ന് സിബിഐ റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച ഡിഎംകെയിലെ ദയാനിധിമാരനെതിരായ കേസ് കൂടുതല്‍ ശക്തമാക്കുന്നു. ഈ ആഴ്ച എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്ത് സിബിഐ മാരനെ ചോദ്യം ചെയ്യും. എയര്‍സെല്‍ ഉടമ സി ശിവശങ്കരനും മുതിര്‍ന്ന രണ്ട് ടെലികോം ഉദ്യോഗസ്ഥരും നല്‍കിയ തെളിവു പ്രകാരം ഇപ്പോള്‍ പുറത്തറിഞ്ഞതിനേക്കാള്‍ ക്രമക്കേട് മാരന്‍ നടത്തിയിട്ടുണ്ടെന്നാണ് സിബിഐ നിഗമനം. മാരന്‍ ടെലികോംമന്ത്രിയായിരുന്ന 2004-2007 കാലത്തെ എല്ലാ നടപടികളും അന്വേഷിക്കാനാണ് സിബിഐ ആലോചിക്കുന്നത്.
സ്പെക്ട്രം ലൈസന്‍സ് 2001ലെ വിലക്ക് വിറ്റതുവഴി എയര്‍സെല്‍ , ഐഡിയ, വൊഡാഫോണ്‍ കമ്പനികള്‍ക്കാണ് ലാഭം ലഭിച്ചതെന്നതിനും സിബിഐക്ക് തെളിവ് ലഭിച്ചു. എയര്‍സെലിന് 1,400 കോടിയും ഐഡിയക്ക് 210 കോടിയും വൊഡാഫോണിന് 40 കോടിയും അധികലാഭമുണ്ടായി. സര്‍ക്കാരിന് ഇതുമൂലം 1,650 കോടി രൂപ നഷ്ടമായി. കൃത്യമായ നയം രൂപീകരിക്കാതെയും ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിക്കാതെയുമാണ് നാല് ഓപറേറ്റര്‍മാര്‍ക്ക് 10 മെഗാഹേട്സുവരെയുള്ള സ്പെക്ട്രം അധികം നല്‍കിയത്. അധിക സ്പെക്ട്രം നിസ്സാരവിലയ്ക്ക് ലഭിക്കുകവഴി 3,000 കോടി രൂപ നാല് സ്വകാര്യ ഓപറേറ്റര്‍മാര്‍ക്ക് ലഭിച്ചു. ട്രായ് നിബന്ധന ലംഘിച്ച് ഭാരതി എയര്‍ടെലിന് 900 മെഗാഹേട്സിനുപകരം 1,800 മെഗാഹേട്സ് അനുവദിച്ചതും വന്‍ നഷ്ടമുണ്ടാക്കി. മാരന്‍ മന്ത്രിയായ കാലത്തുണ്ടായിരുന്ന ടെലികോമിലെയും "ട്രായി"യിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നടപടികളും അന്വേഷണപരിധിയില്‍ കൊണ്ടുവരും.
എയര്‍സെല്‍ ഓഹരികള്‍ മാക്സിസ് ഗ്രൂപ്പിനു നല്‍കാന്‍ ശിവശങ്കരനെ നിര്‍ബന്ധിക്കുക വഴി മാരന്‍ സ്വന്തം ബിസിനസ് ഗ്രൂപ്പിന് നേട്ടമുണ്ടാക്കി. മാരന്‍ മന്ത്രിയായിരുന്ന കാലത്തെ രണ്ട് ഉന്നത ടെലികോം ഉദ്യോഗസ്ഥരാണ് ശിവശങ്കരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവു നല്‍കിയത്. സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ പി കെ മിത്തല്‍ , ജോയിന്റ് വയര്‍ലസ് ഓഫീസര്‍ ആര്‍ കെ കുശവ് എന്നിവരാണ് തെളിവ് കൈമാറിയത്. നേരത്തെ ഏകാംഗകമീഷന്‍ ജസ്റ്റിസ് ശിവരാജ്പാട്ടീല്‍ നല്‍കിയ റിപ്പോര്‍ട്ടിലും മാരനെതിരെ കൂടുതല്‍ തെളിവുകളുണ്ട്.
deshabhimani 110711
2ജി സ്പെക്ട്രം കേസില്‍ ടെലികോംവകുപ്പിന് സ്വകാര്യ അഭിഭാഷകനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജിവച്ച ഗോപാല്‍ സുബ്രഹ്മണ്യത്തെ അനുനയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടരുന്നു. സോളിസിറ്റര്‍ ജനറല്‍ സ്ഥാനത്ത് ഗോപാല്‍ സുബ്രഹ്മണ്യംതന്നെ തുടരണമെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നേരിട്ട് രംഗത്തെത്തി. ശനിയാഴ്ച സമര്‍പ്പിച്ച രാജി നിയമമന്ത്രാലയം സ്വീകരിച്ചിട്ടില്ല.
ReplyDelete