Monday, July 11, 2011

വിഷചികിത്സാ സൊസൈറ്റി സ്ഥാപനങ്ങള്‍ രാഘവന്‍ കുടുംബസ്വത്താക്കി

കണ്ണൂര്‍ : പാപ്പിനിശേരി വിഷചികില്‍സാ സൊസൈറ്റിയുടെകീഴില്‍ കോടിക്കണക്കിന് രൂപ വരുമാനമുള്ള പറശിനിക്കടവ് സ്നേക്ക് പാര്‍ക്കും ആയുര്‍വേദ മെഡിക്കല്‍ കോളേജും അനുബന്ധസ്ഥാപനങ്ങളും സിഎംപി നേതാവ് എം വി രാഘവന്‍ കുടുംബസ്വത്താക്കി മാറ്റി. പഞ്ചായത്തും സര്‍ക്കാരും നല്‍കിയ സ്ഥലത്ത് ജനങ്ങളില്‍നിന്ന് ശേഖരിച്ച പണമുപയോഗിച്ച് സ്ഥാപിച്ച ആതുരശുശ്രൂഷാകേന്ദ്രം കുടുംബത്തിന് ലാഭംകൊയ്യാനുള്ള സ്ഥാപനമാക്കി രാഘവന്റെ ബന്ധുക്കള്‍ മാറ്റുന്നതില്‍ ജനങ്ങളിലും സിഎംപിക്കകത്തും രോഷം പുകയുകയാണ്. ഡയറക്ടര്‍ ബോര്‍ഡില്‍ മക്കളെയും ബന്ധുക്കളെയും തിരുകിക്കയറ്റിയാണ് ഈ സ്ഥാപനങ്ങള്‍ രാഘവന്റെ കുടുംബം കൈയടക്കിയത്.

വിഷചികിത്സാ സൊസൈറ്റിയുടെ 13 അംഗ ബോര്‍ഡിന്റെ ചെയര്‍മാന്‍ എം വി രാഘവനാണ്. ബാക്കിയുള്ള ആറുപേര്‍ മക്കളായ എം വി ഗിരീഷ്കുമാര്‍ , നികേഷ്കുമാര്‍ , രാജേഷ്, ഗിരിജ, മകളുടെ ഭര്‍ത്താവ് ഇ കുഞ്ഞിരാമന്‍ , എം വി കണ്ണന്‍ എന്നിവരാണ്. പാട്യം രാജന്‍ , സി പി ദാമോദരന്‍ , മാണിക്കര ഗോവിന്ദന്‍ , സി എ അജീര്‍ , സി പി കുമാരന്‍വൈദ്യര്‍ , കെ കെ നാണു എന്നിവരാണ് കുടുംബാംഗങ്ങളല്ലാത്ത ഡയറക്ടര്‍മാര്‍ . ബോര്‍ഡ് പേരിനുമാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. മകളുടെ ഭര്‍ത്താവ് കുഞ്ഞിരാമനാണ് ഈ സ്ഥാപനങ്ങള്‍ ഡയറക്ടര്‍ ആന്‍ഡ് കറസ്പോന്‍ഡന്റ് എന്ന പേരില്‍ നോക്കിനടത്തുന്നത്. സ്നേക്ക് പാര്‍ക്ക്, എം കെ ഉമ്മര്‍കോയ ആയുര്‍വേദ ആശുപത്രി, മരുന്ന് നിര്‍മാണശാല, ഫിസിയോതെറാപ്പി കേന്ദ്രം എന്നിവക്കുപുറമെ കുറുമാത്തൂരില്‍ അഞ്ച് ഏക്കര്‍ സ്ഥലം, ബക്കളത്ത് വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ പണിയുന്ന 70 സെന്റ് സ്ഥലം എന്നിവ സൊസൈറ്റിക്കുണ്ട്.

സ്വാശ്രയ കോളേജായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ പ്രതിവര്‍ഷം ആയുര്‍വേദ ഡിഗ്രി കോഴ്സില്‍ 50 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നു. 25 മെറിറ്റ് സീറ്റ്, 17 മാനേജ്മെന്റ് സീറ്റ്, എട്ട് എന്‍ആര്‍ഐ സീറ്റ് എന്നിങ്ങനെയാണ് പ്രവേശനം. എന്‍ആര്‍ഐസീറ്റിന് കഴിഞ്ഞ വര്‍ഷം 13 ലക്ഷം രൂപയും മാനേജ്മെന്റ് സീറ്റിന് 9.5 ലക്ഷംരൂപയുമാണ് വാങ്ങിയത്. ഈ വര്‍ഷം തുക ഉയര്‍ത്തി. കൂടാതെ, രക്ഷിതാക്കളില്‍നിന്ന് സീറ്റിന്റെ ഡിമാന്‍ഡ് അനുസരിച്ച് സംഭാവനയെന്നപേരില്‍ രണ്ടോ മൂന്നോ ലക്ഷം വാങ്ങുന്നതായും ആരോപണമുണ്ട്.

സൊസൈറ്റിയുടെ കീഴിലുളള ആയുര്‍വേദ കോളേജ് പ്രവേശനം സംബന്ധിച്ച തീരുമാനങ്ങള്‍ ബോര്‍ഡ് ചേര്‍ന്നു എടുക്കണമെന്നാണ് നിയമം. എന്നാല്‍ ആറ് മാസത്തിലധികമായി ബോര്‍ഡിന്റെ യോഗംചേര്‍ന്നിട്ട്. യോഗം ചേരണമെന്ന് ആവശ്യപ്പെട്ടു സിഎംപിയില്‍നിന്ന് പുറത്താക്കപ്പെട്ട മാണിക്കര ഗോവിന്ദന്‍ സൊസൈറ്റിക്ക് വക്കീല്‍നോട്ടീസ് അയച്ചിട്ടുണ്ട്. ഇതുവരെ മറുപടിയുണ്ടായിട്ടില്ല. 1973-ല്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ചെയ്ത സൊസൈറ്റിക്ക് വിവിധ ഘട്ടങ്ങളിലായി പഞ്ചായത്തില്‍നിന്ന് ലഭിച്ച 33 സെന്റ് സ്ഥലത്തും 1980-ല്‍ സര്‍ക്കാരില്‍നിന്ന് ലഭിച്ച 10 ഏക്കര്‍ സ്ഥലത്തുമായാണ് സ്നേക്ക് പാര്‍ക്ക്, ആയുര്‍വേദ മെഡിക്കല്‍ കോളേജ് തുടങ്ങിയ സ്ഥാപനങ്ങള്‍ സ്ഥാപിച്ചത്. 2004നുശേഷമാണ് സൊസൈറ്റി ബോര്‍ഡില്‍ മക്കളെ തിരുകിക്കയറ്റിയത്. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പുതിയ ബോര്‍ഡ് തെരഞ്ഞെടുക്കണമെന്നാണ് നിയമം. അതിന്റെ മറവില്‍ മരിച്ച അംഗങ്ങള്‍ക്ക് പകരമായാണ് രാഘവന്റെ മക്കള്‍ സൊസൈറ്റി ഭരണസമിതിയിലെത്തിയത്.

deshabhimani 110711

1 comment:

  1. പാപ്പിനിശേരി വിഷചികില്‍സാ സൊസൈറ്റിയുടെകീഴില്‍ കോടിക്കണക്കിന് രൂപ വരുമാനമുള്ള പറശിനിക്കടവ് സ്നേക്ക് പാര്‍ക്കും ആയുര്‍വേദ മെഡിക്കല്‍ കോളേജും അനുബന്ധസ്ഥാപനങ്ങളും സിഎംപി നേതാവ് എം വി രാഘവന്‍ കുടുംബസ്വത്താക്കി മാറ്റി. പഞ്ചായത്തും സര്‍ക്കാരും നല്‍കിയ സ്ഥലത്ത് ജനങ്ങളില്‍നിന്ന് ശേഖരിച്ച പണമുപയോഗിച്ച് സ്ഥാപിച്ച ആതുരശുശ്രൂഷാകേന്ദ്രം കുടുംബത്തിന് ലാഭംകൊയ്യാനുള്ള സ്ഥാപനമാക്കി രാഘവന്റെ ബന്ധുക്കള്‍ മാറ്റുന്നതില്‍ ജനങ്ങളിലും സിഎംപിക്കകത്തും രോഷം പുകയുകയാണ്. ഡയറക്ടര്‍ ബോര്‍ഡില്‍ മക്കളെയും ബന്ധുക്കളെയും തിരുകിക്കയറ്റിയാണ് ഈ സ്ഥാപനങ്ങള്‍ രാഘവന്റെ കുടുംബം കൈയടക്കിയത്.

    ReplyDelete