Thursday, October 13, 2011

പ്രശാന്ത് ഭൂഷണെ ശ്രീറാം സേന ക്രൂരമായി മര്‍ദിച്ചു

ന്യൂഡല്‍ഹി: അണ്ണ ഹസാരെ സംഘാംഗവും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണെ സുപ്രീംകോടതിയിലെ ലോയേഴ്സ് ചേംബേഴ്സില്‍ മൂന്നംഗ അക്രമിസംഘം ക്രൂരമായി മര്‍ദിച്ചു. ശ്രീറാംസേനക്കാര്‍ ഈയിടെ രൂപീകരിച്ച ഭഗത്സിങ് ക്രാന്തിസേന എന്ന സംഘടനയുടെ പേരിലാണ് ആക്രമണം നടത്തിയത്. കശ്മീര്‍ പ്രശ്നത്തില്‍ പ്രശാന്ത് ഭൂഷണ്‍ ഹിതപരിശോധനയ്ക്ക് അനുകൂല നിലപാടു സ്വീകരിച്ചതിന്റെ പേരിലാണ് മര്‍ദനമെന്ന് അക്രമികള്‍ അവകാശപ്പെട്ടു.

സുപ്രീംകോടതി വളപ്പിലെ ലോയേഴ്സ് ചേംബേഴ്സില്‍ വൈകിട്ട് നാലോടെയാണ് സംഭവം. സ്വന്തം ചേംബറില്‍ ഒരു സ്വകാര്യചാനലിന് അഭിമുഖം നല്‍കുമ്പോഴാണ് മൂന്നംഗസംഘം സമീപിച്ചത്. കശ്മീര്‍ പ്രശ്നത്തിലെ ഭൂഷണിന്റെ നിലപാട് വിമര്‍ശിച്ച സംഘാംഗങ്ങളില്‍ ഒരാള്‍ പെട്ടെന്ന് മുന്നോട്ടുകുതിച്ച് ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായ കൈയേറ്റത്തില്‍ പതറിയ ഭൂഷണിന്റെ മുഖത്തടിച്ച അക്രമി അദേഹത്തിന്റെ കഴുത്തില്‍ കുത്തിപ്പിടിച്ചു. തുടര്‍ന്ന് കസേരയില്‍ നിന്നു വലിച്ച് താഴെയിട്ടു ചവിട്ടി. തടയാന്‍ ശ്രമിച്ച ഭൂഷണിന്റെ സഹായിയെയും ഭീകരമായി മര്‍ദിച്ചു. ഇതിനുശേഷം പിന്തിരിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ അഭിഭാഷകരും ചാനല്‍ പ്രവര്‍ത്തകരും പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഘത്തിലെ മറ്റു രണ്ടുപേര്‍ രക്ഷപ്പെട്ടു. ഇവരെ പിടികൂടാന്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. ഇന്ദര്‍വര്‍മ എന്ന യുവാവാണ് പിടിയിലായത്. താന്‍ ശ്രീറാം സേനയുടെ ഡല്‍ഹി പ്രസിഡന്റാണെന്ന് ഇയാള്‍ അവകാശപ്പെട്ടു.
കശ്മീര്‍ പാകിസ്ഥാനു വിട്ടുനല്‍കണമെന്നാണ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞതെന്നും ഇക്കാര്യം സംസാരിക്കാന്‍ ചെന്ന തന്നെ ഭൂഷണും കൂട്ടരും മര്‍ദിച്ചെന്നും ഇയാള്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഭൂഷണിനെ മര്‍ദിച്ചതിനു തൊട്ടുപിന്നാലെ ഭഗത്സിങ് ക്രാന്തി സേന എന്ന സംഘടന ഫേസ്ബുക്കില്‍ അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഭൂഷണ്‍ രാജ്യത്തെ പല കഷണമാക്കാന്‍ ശ്രമിച്ചെന്നും തങ്ങള്‍ അയാളുടെ തല കഷണങ്ങളാക്കാനാണ് നോക്കിയതെന്നും സംഘടനാ പ്രസിഡന്റ് തേജീന്ദര്‍പാല്‍ സിങ് ബാഗ ഫേസ്ബുക്കില്‍ കുറിച്ചു. ഓപ്പറേഷന്‍ പ്രശാന്ത് ഭൂഷണ്‍ വിജയിച്ചെന്നും ദൗത്യത്തില്‍ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുകയാണെന്നും ബാഗ എഴുതി. യുവമോര്‍ച്ചയുടെ മുന്‍ഭാരവാഹിയാണ് ബാഗ.

ശ്രീറാംസേന പോലുള്ള സംഘടനകളെ സാമൂഹ്യമായി ഒറ്റപ്പെടുത്തണമെന്ന് പ്രശാന്ത് ഭൂഷണ്‍ പിന്നീടു പ്രതികരിച്ചു. നിരായുധരെ അക്രമിക്കല്‍ ഇവരുടെ സ്ഥിരം ശൈലിയാണ്. കര്‍ണാടകത്തില്‍ പെണ്‍കുട്ടികളെയും മറ്റും ഇവര്‍ ക്രൂരമായി മര്‍ദിച്ചു. ഡല്‍ഹിയില്‍ അക്രമം നടത്തി. ഇത്തരം സംഘടനകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇവര്‍ക്ക് നിയമപരമായി പ്രവര്‍ത്തിക്കാന്‍ അവകാശമില്ല-ഭൂഷണ്‍ പറഞ്ഞു. പ്രശാന്ത് ഭൂഷണിനെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചു. കാര്യമായ പരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തിലക്നഗര്‍ പൊലീസ്സ്റ്റേഷനിലെത്തി പ്രശാന്ത് ഭൂഷണ്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു. ഇന്ദര്‍വര്‍മ, വിഷ്ണുഗുപ്ത, തേജീന്ദര്‍പാല്‍ എന്നീ മൂന്നുപേരാണ് ആക്രമിച്ചതെന്ന് ഭൂഷണ്‍ പൊലീസിനെ അറിയിച്ചു. ഭൂഷണിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് അണ്ണ ഹസാരെ സംഘാംഗങ്ങള്‍ രംഗത്തുവന്നു. തിലക്നഗര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയ അനുയായികള്‍ ശ്രീറാംസേനയ്ക്കെതിരെയും മറ്റും മുദ്രാവാക്യങ്ങള്‍ മുഴക്കി.

അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണം: കാരാട്ട്

ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണെ കൈയേറ്റം ചെയ്തതിനെ ഇടതുപക്ഷ പാര്‍ടികള്‍ അപലപിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണ് ഉണ്ടായതെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. കോണ്‍ഗ്രസ് അടക്കം മറ്റു രാഷ്ട്രീയപാര്‍ടികളും അക്രമത്തെ അപലപിച്ചിട്ടുണ്ട്. കൈയേറ്റത്തെ ശക്തമായി അപലപിക്കുന്നതായി അണ്ണ ഹസാരെ പ്രതികരിച്ചു. എന്നാല്‍ , കശ്മീര്‍ പ്രശ്നത്തില്‍ ഭൂഷണിന്റെ നിലപാടിനോട് എന്താണ് അഭിപ്രായമെന്ന ചോദ്യത്തോട് ഹസാരെ പ്രതികരിച്ചില്ല. തന്റെ സംഘാംഗങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്ന് ഹസാരെ പറഞ്ഞു.

deshabhimani 131011

1 comment:

  1. പ്രശസ്ത അഭിഭാഷകനായ പ്രശാന്ത് ഭൂഷണെ നിഷ്ഠുരമായി മര്‍ദിച്ച സംഭവം നടുക്കമുളവാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. അഴിമതിക്കെതിരെ അതിശക്തമായി പ്രതികരിക്കുന്ന പ്രമുഖ അഭിഭാഷകനാണ് പ്രശാന്ത് ഭൂഷണ്‍ . സുപ്രീംകോടതി സമുച്ചയത്തിനകത്തുവച്ച് അദ്ദേഹത്തെ മര്‍ദിച്ച സംഭവം ഫാസിസ്റ്റ് നടപടിയാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള ഭീകരാക്രമണമാണിത്. അക്രമികളെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കുകയും ഇതിനുപിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരികയും വേണം- വി എസ് ആവശ്യപ്പെട്ടു.

    ReplyDelete