Friday, October 14, 2011

3 ജിയിലും വന്‍ അഴിമതി; നഷ്ടം 40,000 കോടി

രാജ്യത്തിന് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയ 2ജി സ്പെക്ട്രം അഴിമതിക്കുപിന്നാലെ മൂന്നാംതലമുറ സ്പെക്ട്രം(3ജി) ലൈസന്‍സ് നല്‍കിയതിലും വന്‍അഴിമതി. 40,000 കോടിരൂപയാണ് 3ജി ഇടപാടില്‍ പൊതുഖജനാവിന് നഷ്ടമായത്. അഖിലേന്ത്യാ സര്‍വീസിനായി ലൈസന്‍സ് എടുക്കാതെ സ്വകാര്യകമ്പനികള്‍ ഒത്തുകളിച്ച് ഈ സേവനം റോമിങ്ങിലൂടെ നല്‍കുന്നത് വഴി 20,000 കോടി രൂപയാണ് നഷ്ടംവന്നത്. സ്വകാര്യകമ്പനികള്‍ ലേലത്തില്‍ ഒത്തുകളിച്ചതിനാല്‍ മറ്റൊരു 20,000 കോടിരൂപയും നഷ്ടമായി. ലൈസന്‍സ് ഇല്ലാത്ത മേഖലകളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യക്കമ്പനികളെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര വിജിലന്‍സ് കമീഷന്‍ ടെലികോം വകുപ്പിന്റെ വിജിലന്‍സ് വിഭാഗത്തോട് ആവശ്യപ്പെട്ടു. സ്വന്തം ലൈസന്‍സ് ഇല്ലാതെ മറ്റ് സ്വകാര്യക്കമ്പനികളുടെ ലൈസന്‍സ് ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന രീതി നിയമവിരുദ്ധമാണെന്നും അത്തരം കമ്പനികളുടെ പേരില്‍ നടപടിയെടുക്കണമെന്നും ടെലികോം വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് റിസോഴ്സ് മോണിറ്ററിങ് സെല്‍ ആവശ്യപ്പെട്ടു.

22 സര്‍വീസ് മേഖലയിലാണ് 2010 ഏപ്രില്‍ -മെയ് മാസത്തില്‍ ലേലത്തിലൂടെ ലൈസന്‍സ് നല്‍കിയത്. മൊത്തം ഒമ്പതുകമ്പനിയാണ് ലേലത്തില്‍ പങ്കെടുത്തത്. ഇതില്‍ വൊഡഫോണ്‍ , എയര്‍ടെല്‍ , ഐഡിയ എന്നീ കമ്പനികളാണ് ലേലത്തില്‍ ഒത്തുകളിച്ചത്. ഒരു സര്‍വീസ് മേഖലയില്‍ എയര്‍ടെല്ലാണ് ലൈസന്‍സ് എടുക്കാന്‍ നിശ്ചയിച്ചതെങ്കില്‍ അവിടെ വൊഡഫോണും ഐഡിയയും ലേലത്തില്‍ ഉണ്ടാകില്ല. സ്വാഭാവികമായും ലേലത്തുകയും കുറയും. യഥാര്‍ഥത്തില്‍ ലഭിക്കേണ്ടതിനേക്കാള്‍ 25 ശതമാനമെങ്കിലും ലേലത്തുകയില്‍ കുറവുണ്ടായി എന്നാണ് കണക്കാക്കുന്നത്. ഇത് 20,000 കോടി രൂപവരെ വരുമെന്നാണ് കണക്കാക്കുന്നത്. മൂന്നു കമ്പനികളില്‍ ഏതെങ്കിലും ഒന്നിന് 22 മേഖലയിലും ലൈസന്‍സ് ഉറപ്പിച്ചു. വൊഡഫോണും ഐഡിയയും ഒമ്പത് സര്‍വീസ് മേഖലകളിലും ഭാരതി എയര്‍ടെല്‍ 13 സര്‍വീസ് മേഖലകളിലും ലൈസന്‍സ് നേടി. ഈ ലൈസന്‍സുകള്‍ പരസ്പരം ഉപയോഗിച്ച് റോമിങ്ങിലൂടെ ഇന്ത്യയിലെമ്പാടും മൂന്നുകമ്പനികളും യഥേഷ്ടം സര്‍വീസ് നടത്തുകയാണ്. ഇങ്ങനെ സര്‍വീസ് നടത്തുന്നതിന് പ്രത്യേക അഖിലേന്ത്യാ ലൈസന്‍സ് വേണം. അതിന് അധികഫീസും നല്‍കണം. അത് ഒഴിവാക്കാനാണ് മൂന്നുകമ്പനികളും ഒത്തുകളിച്ച് എല്ലാ സര്‍വീസ് മേഖലകളിലും പരസ്പരം ലൈസന്‍സ് സമ്പാദിച്ചത്. ബിഎസ്എന്‍എല്‍ , എംടിഎന്‍എല്‍ എന്നീ പൊതുമേഖലാ കമ്പനികള്‍ മാത്രമാണ് അധിക പണം നല്‍കി അഖിലേന്ത്യാ ലൈസന്‍സ് വാങ്ങിയത്. എന്നാല്‍ , സ്വകാര്യക്കമ്പനികള്‍ ഈ ലൈസന്‍സിനായി പണം മുടക്കാതെ അഖിലേന്ത്യാ സര്‍വീസ് നടത്തുന്നതിനാല്‍ പൊതുമേഖലാ കമ്പനികള്‍ക്ക് മെച്ചമുണ്ടാക്കാന്‍ കഴിഞ്ഞതുമില്ല.

വാര്‍ത്താവിനിമയമന്ത്രി കപില്‍ സിബല്‍ ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ ടെലികോംനയം സ്വകാര്യക്കമ്പനികളുടെ ഈ നിയമവിരുദ്ധ നടപടിക്ക് അംഗീകാരം നല്‍കുന്നതാണെന്ന് ഊര്‍ജ-ടെലികോം വിദഗ്ധന്‍ പ്രബീര്‍ പുര്‍കായസ്ത പറഞ്ഞു. സ്പെക്ട്രം പങ്കുവയ്ക്കാനും വിനിമയംചെയ്യാനും പുതിയ നയം അനുവദിക്കുന്നതോടെ നിലവിലുള്ള നിയമവിരുദ്ധനടപടി നിയമവിധേയമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
(വി ബി പരമേശ്വരന്‍)

deshabhimani 141011

1 comment:

  1. രാജ്യത്തിന് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയ 2ജി സ്പെക്ട്രം അഴിമതിക്കുപിന്നാലെ മൂന്നാംതലമുറ സ്പെക്ട്രം(3ജി) ലൈസന്‍സ് നല്‍കിയതിലും വന്‍അഴിമതി. 40,000 കോടിരൂപയാണ് 3ജി ഇടപാടില്‍ പൊതുഖജനാവിന് നഷ്ടമായത്. അഖിലേന്ത്യാ സര്‍വീസിനായി ലൈസന്‍സ് എടുക്കാതെ സ്വകാര്യകമ്പനികള്‍ ഒത്തുകളിച്ച് ഈ സേവനം റോമിങ്ങിലൂടെ നല്‍കുന്നത് വഴി 20,000 കോടി രൂപയാണ് നഷ്ടംവന്നത്. സ്വകാര്യകമ്പനികള്‍ ലേലത്തില്‍ ഒത്തുകളിച്ചതിനാല്‍ മറ്റൊരു 20,000 കോടിരൂപയും നഷ്ടമായി. ലൈസന്‍സ് ഇല്ലാത്ത മേഖലകളില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യക്കമ്പനികളെക്കുറിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര വിജിലന്‍സ് കമീഷന്‍ ടെലികോം വകുപ്പിന്റെ വിജിലന്‍സ് വിഭാഗത്തോട് ആവശ്യപ്പെട്ടു. സ്വന്തം ലൈസന്‍സ് ഇല്ലാതെ മറ്റ് സ്വകാര്യക്കമ്പനികളുടെ ലൈസന്‍സ് ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന രീതി നിയമവിരുദ്ധമാണെന്നും അത്തരം കമ്പനികളുടെ പേരില്‍ നടപടിയെടുക്കണമെന്നും ടെലികോം വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് റിസോഴ്സ് മോണിറ്ററിങ് സെല്‍ ആവശ്യപ്പെട്ടു.

    ReplyDelete