Friday, October 14, 2011

ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു: സിഎജി

രാജ്യത്ത് ഭരണനിര്‍വഹണത്തിന്റെ നിലവാരം അങ്ങേയറ്റം താഴോട്ടുപോയെന്നും ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നും കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായി പറഞ്ഞു. ഭരണനിര്‍വഹണത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. പൊതു സ്ഥാപനങ്ങളില്‍ അവര്‍ക്ക് വിശ്വാസമില്ലാതായി. പൊലീസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥസംവിധാനത്തിലുള്ള വിശ്വാസവും ദേശീയതലത്തില്‍ തന്നെ തകര്‍ന്നു. ഉദ്യോഗസ്ഥരുടെ സത്യസന്ധതയും പ്രൊഫഷണലിസവും ചോദ്യം ചെയ്യപ്പെട്ടിരിക്കയാണ്- അദ്ദേഹം പറഞ്ഞു. ഹൈദരാബാദില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ പുതുതായി ചുമതലയേറ്റ പൊലീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയായിരുന്നു വിനോദ് റായി.

ഉദ്യോഗസ്ഥരുടെ ആത്മവീര്യവും സര്‍ക്കാരിന്റെ വിശ്വാസ്യതയും തകര്‍ന്നു. ഇതോടെ തീരുമാനമെടുക്കല്‍ പ്രക്രിയ അനിശ്ചിതത്വത്തലായി. വിനാശകാരിയായ അവസ്ഥയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. അഴിമതിക്കേസുകളില്‍ എതിരായ കോടതിവിധികളെ ത്തുടര്‍ന്ന് സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിമാരാണ് നമുക്കുള്ളത്. ആരോപണങ്ങളെത്തുടര്‍ന്ന് മുഖ്യമന്ത്രിമാര്‍ രാജിവയ്ക്കുകയാണ്. കേന്ദ്രമന്ത്രിമാര്‍ പലരും ജയിലിലായി. തെറ്റുചെയ്തെന്ന ആരോപണങ്ങളെത്തുടര്‍ന്ന് കേന്ദ്രമന്ത്രിമാര്‍ പലരും രാജിവയ്ക്കേണ്ടിയും വന്നു. വോട്ട് ചെയ്യുന്നതിനും ചോദ്യമുന്നയിക്കുന്നതിനും കൈക്കൂലി വാങ്ങിയതിന് കോടതി കുറ്റപ്പെടുത്തിയ പാര്‍ലമെന്റ് അംഗങ്ങളാണ് നമുക്കുള്ളത്. ഇത്തരം നിരവധി ഉദാഹരണങ്ങള്‍ സിവില്‍സര്‍വീസിലുമുണ്ട്. സത്യസന്ധതയും കാര്യക്ഷമതയുമുള്ള ഒരു സംവിധാനമുള്ള സമൂഹത്തിലാണോ നമ്മള്‍ ജീവിക്കുന്നതെന്ന് തലയുയര്‍ത്തി അവകാശപ്പെടാന്‍ നമുക്കാകുമോ?

ഇന്ന് നിയമലംഘനത്തിന്റെയും ക്രൂരമായ പെരുമാറ്റത്തിന്റെയും മോശം ഭാഷ ഉപയോഗിക്കുന്നതിന്റെയും പേരില്‍ പൊലീസിനെതിരെ പലകോണില്‍നിന്നും മൂര്‍ച്ചയേറിയ വിമര്‍ശങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇന്ത്യ ഇന്ന് ലോകത്തെ അതിവേഗം വളരുന്ന സമ്പദ്ഘടനയാണെന്നത് പ്രശംസാര്‍ഹമാണ്. പക്ഷേ, അത് നമുക്ക് ഒരു തരത്തിലും സംതൃപ്തി തരുന്നില്ല. സുഗമമായതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വികസനമാണ് നമുക്കുവേണ്ടത്. സ്വാതന്ത്ര്യം കിട്ടി 64 വര്‍ഷമായി നാം ത്വരിതവളര്‍ച്ചയ്ക്കായി ശ്രമിച്ചു എന്നത് ദയനീയമായ വ്യാഖ്യാനമാണ്. 32 രൂപയാണ് ദാരിദ്ര്യരേഖ നിര്‍ണയിക്കുന്നതെന്നാണ് നാമിപ്പോഴും വിശ്വസിക്കുന്നത്- അദ്ദേഹം പറഞ്ഞു.

deshabhimani 141011

1 comment:

  1. രാജ്യത്ത് ഭരണനിര്‍വഹണത്തിന്റെ നിലവാരം അങ്ങേയറ്റം താഴോട്ടുപോയെന്നും ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നും കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായി പറഞ്ഞു. ഭരണനിര്‍വഹണത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. പൊതു സ്ഥാപനങ്ങളില്‍ അവര്‍ക്ക് വിശ്വാസമില്ലാതായി. പൊലീസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥസംവിധാനത്തിലുള്ള വിശ്വാസവും ദേശീയതലത്തില്‍ തന്നെ തകര്‍ന്നു. ഉദ്യോഗസ്ഥരുടെ സത്യസന്ധതയും പ്രൊഫഷണലിസവും ചോദ്യം ചെയ്യപ്പെട്ടിരിക്കയാണ്- അദ്ദേഹം പറഞ്ഞു. ഹൈദരാബാദില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ പുതുതായി ചുമതലയേറ്റ പൊലീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയായിരുന്നു വിനോദ് റായി.

    ReplyDelete