Sunday, October 16, 2011

3 ജി എഫ്-ഹരിത സാമ്പത്തിക വളര്‍ച്ചയ്ക്ക് ഒരു പൊതുവേദി

ഹരിത സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള സമ്പദ്ഘടനകള്‍ക്കു മാത്രമെ ശോഭനമായ ഒരു ഭാവിയുള്ളൂവെന്ന് ഡെന്മാര്‍ക്കിലെ കോപന്‍ഹേഗനില്‍ കഴിഞ്ഞ ദിവസം സമാപിച്ച ഗ്ലോബല്‍ ഗ്രീന്‍ ഗ്രോത്ത് ഫോറം (3 ജി എഫ്) അഭിപ്രായപ്പെട്ടു. സുസ്ഥിരമായ സാമ്പത്തിക വികസനം ഉറപ്പുവരുത്തുന്നതിലൂടെ മാനവരാശിയുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ധീരമായ പല തീരുമാനങ്ങളും സമ്മേളനം കൊക്കൊണ്ടു.

സമ്മേളനത്തിന്റെ ചര്‍ച്ചകളുടെ പൊതുഗതി നിശ്ചയിച്ചത് ഡാനിഷ് പ്രധാനമന്ത്രി ഹെല്ലെതോര്‍നിജ് ഷ്മിഡ്റ്റ് തന്നെയായിരുന്നു. ''പരമ്പരാഗതമായ ചിന്താരീതികളെ വെല്ലുവിളിക്കുന്നതിനും വളര്‍ച്ചയുടെ പുതിയ ഹരിതപാതകള്‍ കണ്ടെത്തുന്നതിനും ലോകത്തിലെ സാമ്പത്തിക നേതാക്കള്‍ക്ക് 3 ജി എഫ് അവസരം നല്‍കുന്നു. നാളത്തെ ഹരിത വ്യവസായ വിപ്ലവത്തില്‍ നമ്മളെല്ലാം ജേതാക്കളായി മാറുന്നതിനുള്ള ധീരമായ തീരുമാനങ്ങള്‍ നമുക്ക് കൂട്ടായി എടുക്കാം''.

അഞ്ച് ഭൂഖണ്ഡങ്ങളിലെ 27 രാജ്യങ്ങളില്‍ നിന്നുമായി 200 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ഒ ഇ സി ഡി സെക്രട്ടറി ജനറല്‍ ഏഞ്ചല്‍ ഗുറിയ, എത്യോപ്യന്‍ പ്രധാനമന്ത്രി മെലെസ്  സെനാവി, കെനിയന്‍ പ്രധാനമന്ത്രി റല്ല ഒഡിംഗ, 12 മന്ത്രിമാര്‍, ഡെപ്യൂട്ടി മന്ത്രിമാര്‍, യു എന്‍ സംഘടനകളുടെ അഞ്ച് നേതാക്കള്‍, ലോകത്തിലെ 50 കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ മേധാവികള്‍, പൗരസമൂഹ സംഘടനകളുടെ നേതാക്കള്‍, ലോകത്തിലെ മറ്റ് പ്രമുഖ വിദഗ്ധര്‍ എന്നിവരെല്ലാം സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

പൊതു-സ്വകാര്യ മേഖലകളുടെ സഹകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് തന്റെ മുഖ്യപ്രസംഗത്തില്‍ ബാന്‍ കി മൂണ്‍ ഊന്നിപ്പറഞ്ഞത്. ''ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സുസ്ഥിരമായ വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിന് ഹരിത വളര്‍ച്ചയുടെ അജണ്ട സഹായിക്കും. അത് നല്ല ബിസിനസാണ്. നല്ല രാഷ്ട്രീയമാണ്, സമൂഹത്തിന് നന്മചെയ്യുന്നതാണ്''.
പരിസ്ഥിതിക്ക് വ്യവസായങ്ങള്‍ ഹാനികരമാവില്ലായെന്ന് ഉറപ്പ് വരുത്തുന്നത് മാത്രമാണ് മുന്നോട്ടേക്കുള്ള പാതയെന്നും ശോഭനമായ സാമ്പത്തിക ഭാവി ഉറപ്പുവരുത്താനുള്ള മാര്‍ഗമെന്നും യു എന്‍ വ്യവസായ വികസന സംഘടന (യുനിഡോ) ഡയറക്ടര്‍ ജനറല്‍ കാന്റെ കെ യുംകെല്ലാ അടിവരയിട്ടു പറഞ്ഞു.

ഊര്‍ജം, ഗതാഗതം, വ്യാപാരം, ധനം എന്നിവയാണ് ഹരിതവിപ്ലവത്തിന്റെ മര്‍മപ്രധാനമായ ഘടകങ്ങളായി സമ്മേളനം ഉയര്‍ത്തിക്കാട്ടിയത്. വ്യോമഗതാഗതത്തിനു വേണ്ടിയുള്ള ജൈവ ഇന്ധനങ്ങള്‍ വികസിപ്പിച്ചെടുക്കല്‍, ഹരിതാഭമായ അന്താരാഷ്ട്ര വ്യാപാരം, ആഗോളഹരിത പൊതുസംഭരണം, ഊര്‍ജക്ഷമത, ഊര്‍ജത്തിന്റെ പുനരുപയോഗം എന്നീ മേഖലകളിലെല്ലാം പൊതു-സ്വകാര്യ പങ്കാളിത്തം സുസ്ഥിരമായ സാമ്പത്തിക വികസനത്തിനു അത്യന്താപേക്ഷിതമാണെന്ന് രണ്ട് ദിവസത്തെ സമ്മേളനം ചൂണ്ടിക്കാട്ടി.

ഗ്ലോബല്‍ ഗ്രീന്‍ ഗ്രോത്ത് ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ചാണ് 3 ജി എഫിന് രൂപം നല്‍കിയിട്ടുള്ളത്. ഒരു പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ വേദികൂടിയാണത്. ഒട്ടേറെ ബിസിനസ് സംഘടനകളും അന്താരാഷ്ട്ര സംഘടനകളും അതില്‍ അംഗങ്ങളാണ്. 3 ജി എഫ് ഈ വര്‍ഷം മുന്നോട്ടുവച്ചിട്ടുള്ള മുന്‍കൈ സംരഭങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും പുതിയ മുന്‍കൈ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും വേണ്ടി രണ്ടാമത് ആഗോള ഹരിതവേദി സമ്മേളനം 2012 ഒക്‌ടോബര്‍ 9, 10 തീയതികളില്‍ ഡെന്‍മാര്‍ക്കില്‍ നടക്കും.

janayugom 161011

1 comment:

  1. ഹരിത സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള സമ്പദ്ഘടനകള്‍ക്കു മാത്രമെ ശോഭനമായ ഒരു ഭാവിയുള്ളൂവെന്ന് ഡെന്മാര്‍ക്കിലെ കോപന്‍ഹേഗനില്‍ കഴിഞ്ഞ ദിവസം സമാപിച്ച ഗ്ലോബല്‍ ഗ്രീന്‍ ഗ്രോത്ത് ഫോറം (3 ജി എഫ്) അഭിപ്രായപ്പെട്ടു. സുസ്ഥിരമായ സാമ്പത്തിക വികസനം ഉറപ്പുവരുത്തുന്നതിലൂടെ മാനവരാശിയുടെ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ധീരമായ പല തീരുമാനങ്ങളും സമ്മേളനം കൊക്കൊണ്ടു.

    ReplyDelete