അദ്വാനി രഥയാത്രയ്‌ക്കൊരുങ്ങിയത് അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു. സമൂഹത്തില്‍ അര്‍ബുദം പോലെ പടര്‍ന്നുപിടിക്കുന്ന ഈ വിപത്തിനെതിരെ ജനഃമനസാക്ഷി ഉണര്‍ത്താനുള്ള 'ചേതനായാത്ര' എന്നാണ് അദ്ദേഹം തന്റെ 38 ദിനയാത്രയ്ക്കു പേരിട്ടത്. ആ ചേതനായാത്ര വാക്കും പ്രവൃത്തിയും തമ്മില്‍ പുലബന്ധംപോലും ഇല്ലാത്ത ജനവഞ്ചനാ യാത്രയാണെന്ന് നാലുനാള്‍ തികയും മുമ്പ് തെളിഞ്ഞുകഴിഞ്ഞു. ചേതനാ യാത്ര മറ്റെന്തിനേക്കാള്‍ കൂടുതലായി അദ്വാനിയുടെ പ്രതിച്ഛായ ഊതിപ്പെരുപ്പിക്കാനാണെന്ന് നിരീക്ഷകര്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടതാണ്. ഡല്‍ഹിയിലെ അധികാര കസേര സ്വന്തമാക്കാന്‍ അദ്വാനിയും നരേന്ദ്രമോഡിയും തമ്മില്‍ നടക്കുന്ന മത്സരത്തിന്റെ പുതിയ മുഖമാണ് രഥയാത്ര അനാവരണം ചെയ്തത്. ഗുജറാത്തില്‍ മോഡി അരങ്ങേറിയ 'സദ്ഭാവനാമിഷ' നോടുള്ള അദ്വാനിപക്ഷത്തിന്റെ മറുപടി കൂടിയായിരുന്നു അത്.
ചേതന എന്നും സദ്ഭാവന എന്നും നാമകരണം ചെയ്യപ്പെടുമ്പോഴും സംഘപരിവാറിനുള്ളില്‍ നടക്കുന്ന വടംവലിയാണ് അവയുടെ കാതല്‍. ജനങ്ങള്‍ അഴിമതിക്കും കള്ളപ്പണത്തിനും എതിരായതുകൊണ്ട് സംഘപരിവാറും അവയ്‌ക്കെതിരെ വര്‍ത്തമാനം പറയുകയാണ്. കോണ്‍ഗ്രസിനെതിരെ ഉന്നയിക്കപ്പെടുന്ന അഴിമതികുറ്റം ബി ജെ പിക്കെതിരെയും ഉന്നയിക്കപ്പെടുന്നതാണ്. കള്ളപ്പണത്തിന്റെ മേലധ്യക്ഷന്മാര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിനെപ്പോലെ തന്നെ ബി ജെ പിയും പഞ്ചപുച്ഛമടക്കിയാണ് നില്‍ക്കുന്നത്. ആ മേലധ്യക്ഷന്മാര്‍ തുറന്നു വച്ച കള്ളപ്പണ സഞ്ചിതന്നെയാണ് ഇക്കൂട്ടരുടെ ഉറവ വറ്റാത്ത ഊര്‍ജസ്രോതസ്സ്. അതുകൊണ്ടാണ് അവരുടെ വാക്കു വടക്കോട്ടു പോകുമ്പോള്‍ പ്രവൃത്തി തെക്കോട്ടു പോകുന്നത്. ഇതേവിഷയം രണ്ട് ദിവസം മുമ്പ് എഴുതിയ 'ജനയുഗ'ത്തിന് ഇപ്പോള്‍ വീണ്ടും 'ചേതനായാത്ര' എന്ന സംഘപരിവാര്‍ തമാശയെപ്പറ്റി എഴുതേണ്ടി വന്നിരിക്കുന്നു.
മധ്യപ്രദേശിലെ സത്‌നാജില്ലയിലെ ബി ജെ പി ജില്ലാ കാര്യാലയത്തില്‍ കഴിഞ്ഞ ബുധനാഴ്ച ഒരു പത്രസമ്മേളനം നടന്നു. അവിടെ നിന്നുള്ള ബി ജെ പി പാര്‍ലമെന്റംഗം ഗണേശ് സിംഗ് ആണ് അതു വിളിച്ചുകൂട്ടിയത്. മധ്യപ്രദേശ് ഗവണ്‍മെന്റിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ബി ജെ പി സംസ്ഥാന നേതാവും ആയ നാഗേന്ദ്രസിംഗ് ആണ് പത്രസമ്മേളനത്തില്‍ അധ്യക്ഷപദവി അലങ്കരിച്ചത്. അദ്വാനി നയിക്കുന്ന 'ചേതനായാത്ര' യുടെ കാര്യവിവരണമാണ് അവിടെ നടന്നത്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായി സംഘപരിവാര്‍ നടത്തുന്ന യുദ്ധത്തിന്റെ പടത്തലവന്‍ എല്‍ കെ അദ്്വാനി വ്യാഴാഴ്ച സത്‌നയില്‍ എത്തുമ്പോള്‍ അദ്ദേഹത്തിനുള്ള സ്വീകരണം കൊഴുപ്പിക്കുമെന്നാണ് നേതാക്കള്‍ പത്രക്കാരെ അറിയിച്ചത്. അതേ ഓഫീസില്‍ വച്ച് വ്യാഴാഴ്ച അദ്വാനി പത്രലേഖകരെ കാണുമെന്നും അറിയിപ്പുണ്ടായി. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ''ധര്‍മ്മസംസ്ഥാപനാര്‍ഥം'' ബി ജെ പി ക്ക് ''എല്ലാത്തരം'' പിന്തുണയും നല്‍കണമെന്നും അവിടെ അഭ്യര്‍ഥനയുണ്ടായി.
അതിനുശേഷം, പത്രസമ്മേളനത്തിന്റെ ഒടുവിലാണ് ബി ജെ പി അതിന്റെ തനിനിറം കാട്ടിയത്. അവിടെ സന്നിഹിതരായിരുന്ന 35 ഓളം പത്രപ്രവര്‍ത്തകര്‍ക്ക് 'ചേതനായാത്ര സംഘാടകര്‍' ഓരോ കവര്‍ നല്‍കി. ആ കവറുകളില്‍ പണമായിരുന്നു. അഴിമതിക്കും കള്ളപ്പണത്തിനും എതിരായി അദ്വാനി നടത്തുന്ന ഘോരയുദ്ധത്തെ അഴകോടെ അവതരിപ്പിക്കാനുള്ള കൈക്കൂലിയായിരുന്നു ആ പണം! ഇതാണ് ബി ജെ പി! ഇതാണ് ചേതനായാത്ര! ഇത്തരം കാര്യങ്ങളിലെ സാമര്‍ഥ്യക്കൂടുതലിനെച്ചൊല്ലിയാണ് അദ്വാനി-മോഡിപ്പോര്!
'നയിദുനിയ' എന്ന ഹിന്ദി ദിനപത്രത്തിന്റെ ലേഖകന്‍ അരവിന്ദ് മിശ്ര ബി ജെ പി വച്ചുനീട്ടിയ ''അഴിമതി വിരുദ്ധ, കള്ളപ്പണവിരുദ്ധ കവര്‍ തിരിച്ചുനല്‍കി. പിറ്റേന്ന് തന്റെ പത്രത്തില്‍ അദ്ദേഹം ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ലോകം ഇക്കാര്യം അറിയുകയും ചെയ്തു. ആ സമ്മാനത്തിനുമുമ്പില്‍ മയങ്ങിവീണ ഭൂരിപക്ഷം വരുന്ന മാധ്യമ പ്രതിഭകളെച്ചൊല്ലി നമുക്കു ദുഃഖിക്കാം.
തന്റെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനോട് ഒരന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി കൈ കഴുകി രക്ഷപ്പെടാനാണ് അദ്വാനി ശ്രമിക്കുന്നത്. അങ്ങനെയൊരു 'കണ്‍കെട്ട് അന്വേഷണം' കൊണ്ട് തീരുന്നതല്ല ഈ പ്രശ്‌നം. ഇത് ഒരു സമ്പ്രദായത്തിന്റെയും സംസ്‌ക്കാരത്തിന്റെയും പ്രശ്‌നമാണ്. ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയം ഊട്ടി വളര്‍ത്തിയ ആ സംസ്‌ക്കാരത്തിന്റെ ജീര്‍ണിച്ച മുഖമാണ് സത്‌ന ജില്ലയിലെ ബി ജെ പി കാര്യാലയത്തില്‍ മറനീക്കി പുറത്തു വന്നത്. ഇത്തരം പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത് അഴിമതിയുടെയും കള്ളപ്പണത്തിന്റെയും സംരക്ഷണത്തിലാണ്. ഇവര്‍ നടത്തുന്ന രാഷ്ട്രീയ നാടകങ്ങളുടെയെല്ലാം തിരക്കഥയെഴുതുന്നത് കള്ളപ്പണത്തിന്റെ മഹാരാജാക്കന്മാരാണ്. അത്തരക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു മെഗാറോഡ് ഷോ മാത്രമാണ് അദ്വാനിയുടെ ചേതനായാത്ര. അല്‍പമെങ്കിലും അന്തസ് ബാക്കിയുണ്ടെങ്കില്‍ അദ്വാനി തന്റെ 'ചേതനായാത്ര' ഇവിടെ നിര്‍ത്തി വയ്ക്കണം. ഇന്ത്യയിലെ ജനങ്ങളോട് ഈ വിശ്വാസ വഞ്ചനയുടെ പേരില്‍ അദ്വാനി മാപ്പു പറയണം.
janayugom editorial 161011

ReplyDelete