Thursday, October 13, 2011

നിര്‍മല്‍ മാധവ് പ്രശ്‌നം: ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് വി എസ്

നിര്‍മല്‍ മാധവ് വിഷയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തതിലൂടെ നിയമലംഘനം നടത്തിയെന്ന് വെളിപ്പെടുത്തിയ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ ഉപക്ഷേപം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ രണ്ട് സെമസ്റ്റര്‍ പൂര്‍ത്തിയാക്കിയശേഷം ടി സി വാങ്ങി മറ്റൊരു സ്വാശ്രയ കോളജില്‍ ഒന്നാം സെമസ്റ്ററിന് ചേര്‍ന്ന നിര്‍മലിനെ താന്‍ നേരിട്ടാണ് ഗവ. എന്‍ജിനീയറിംഗ് കോളജില്‍ അഞ്ചാം സെമസ്റ്ററിന് പ്രവേശിപ്പിച്ചതെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇതിനിടെ മുഖ്യമന്ത്രി നിയമിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. പൊതുനിയമങ്ങളും സര്‍വകലാശാല ചട്ടങ്ങളും നഗ്നമായി ലംഘിച്ചാണ് നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിതന്നെ നേരിട്ട് നിയമം ലംഘിച്ചുവെന്നാണ് ഇതിനര്‍ത്ഥം. അതിനാല്‍ നിയമം ലംഘിച്ച ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും വി എസ് പറഞ്ഞു.

നിര്‍മല്‍ മാധവിന്റെ പ്രവേശനത്തെത്തുടര്‍ന്നുണ്ടായ സംഭവങ്ങളുടേയും വെടിവയ്പ്പിന്റെയും ധാര്‍മിക ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കുതന്നെയാണ്. അവിടെ വെടിവച്ച ഉദ്യോഗസ്ഥനെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകാമെന്ന് സര്‍ക്കാര്‍ കരുതണ്ട. ഈ ഉദ്യോഗസ്ഥനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. അതേസമയം വെടിവയ്പ്പ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. മുഖ്യമന്ത്രി തൃപ്തികരമായ മറുപടി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപ്പോയി. 

janayugom 131011

1 comment:

  1. നിര്‍മല്‍ മാധവ് വിഷയത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തതിലൂടെ നിയമലംഘനം നടത്തിയെന്ന് വെളിപ്പെടുത്തിയ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ ഉപക്ഷേപം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete