Saturday, October 15, 2011

വയനാട്: "കെംപ്" ആംബുലന്‍സുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

അപകടത്തില്‍പ്പെട്ടവര്‍ക്ക് അത്താണിയായി "കെംപ്" ആംബുലന്‍സും 8086010820 ഇനിയില്ല. റോഡുകളില്‍ ചീറിപ്പാഞ്ഞുപോയിരുന്ന ഈ ആംബുലന്‍സ് സര്‍വീസ് ആലപ്പുഴയിലേക്ക് മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമായുള്ള 25 ആംബുലന്‍സുകളുടെ സേവനമാണ് വെള്ളിയാഴ്ചയോടെ അവസാനിപ്പിച്ചത്. ഈ വണ്ടികളെല്ലാം ആലപ്പുഴയിലേക്ക് മാറ്റുന്നതിനുപിന്നില്‍ ദുരൂഹതയുണ്ട്.

ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് സംസ്ഥാനത്ത് എന്‍ആര്‍എച്ച്എമ്മിന്റെ കീഴില്‍ കേരള എമര്‍ജന്‍സിങ് മെഡിക്കല്‍ സര്‍വീസ് പ്രെജക്ട് (കെംപ്) ആരംഭിക്കുന്നത്. സംസ്ഥാനത്ത് 25 ആംബുലന്‍സുകളാണ് സര്‍വീസ് നടത്തുന്നത്. സൗജന്യസേവനമെന്ന നിലയില്‍ ജനങ്ങള്‍ ഏറെ ആശ്രയിച്ചിരുന്നു ഇതിനെ. വയനാട് ജില്ലയില്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലുമായാണ് ആംബുലന്‍സുകള്‍ ഉണ്ടായിരുന്നത്. 8086010820 എന്ന നനറിലേക്ക് വിളിച്ചാല്‍ സൗജന്യസേവന ദൗത്യവുമായി കെംപ് പറന്നെത്തും. റോഡില്‍ ശബ്ദമുണ്ടാക്കി ചീറിപ്പായുന്ന ഈ വാഹനം അപകടമേഖലയില്‍ ആശ്വാസമായിരുന്നു. ആറുമാസത്തിനിടയില്‍ ഈ രക്ഷാപേടകങ്ങള്‍ എണ്ണുറോളം പേരെ അപകടത്തിന്റെ തീരത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചിട്ടുണ്ട്. കോളറ പടര്‍ന്നുപിടിച്ച സമയത്ത് ആദിവാസി കോളനികളിലുള്ളവര്‍ക്ക് സഹായകരമായിരുന്നു കെംപ്. അത്യാസന്ന നിലയില്‍ കഴിയുന്നവര്‍ , പ്രകൃതി ദുരന്തങ്ങള്‍ , മൃതദേഹങ്ങള്‍ എത്തിക്കാന്‍ എന്നീ ആവശ്യങ്ങള്‍ക്കെല്ലാം കെംപ് പറന്നെത്തും.

വെള്ളിയാഴ്ചയാണ് ഈ വാഹനങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ ആരോഗ്യ-കുടുമബക്ഷേമ മന്ത്രലായം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് ഡിഎംഒയ്ക്കും അതത് ആശുപത്രികള്‍ക്കും ലഭിച്ചത്. എന്‍ആര്‍എച്ച്എം ഡയറക്ടറുടെ ഉത്തരവും ഇറങ്ങിയിട്ടുണ്ട്. ഒരു വണ്ടിയില്‍ നാല് ഡ്രൈവര്‍മാരും നാല് നഴ്സുമാരുമുള്‍പ്പെടെയുള്ള ജീവനക്കാരാണുള്ളത്. ഇവരുടെ സേവനവും ഇതോടെ നിര്‍ത്തും.

ആംബുലന്‍സ് സര്‍വീസ് പിന്‍വലിക്കുന്നത് പിന്നോക്ക ജില്ലയായ വയനാടിന് ഏറെ ദോഷംചെയ്യും. തിരുവനന്തപുരത്ത് 108 ആംബുലന്‍സ് സര്‍വീസിനുകീഴില്‍ 25 വണ്ടികള്‍ ഓടുന്നതുപോലെ ആലപ്പുഴയിലും പദ്ധതി ആരംഭിക്കാനാണ് മറ്റു ജില്ലകളില്‍നിന്നുള്ള വണ്ടികള്‍ പിന്‍വലിച്ചത് എന്നാണറിയുന്നത്. ഒരു കേന്ദ്രമന്ത്രിയുടെ മകനാണ് ഈ സര്‍വീസിന്റെ കരാര്‍ എടുത്തിട്ടുള്ളത്.

deshabhimani 151011

4 comments:

  1. ആംബുലന്‍സ് സര്‍വീസ് പിന്‍വലിക്കുന്നത് പിന്നോക്ക ജില്ലയായ വയനാടിന് ഏറെ ദോഷംചെയ്യും. തിരുവനന്തപുരത്ത് 108 ആംബുലന്‍സ് സര്‍വീസിനുകീഴില്‍ 25 വണ്ടികള്‍ ഓടുന്നതുപോലെ ആലപ്പുഴയിലും പദ്ധതി ആരംഭിക്കാനാണ് മറ്റു ജില്ലകളില്‍നിന്നുള്ള വണ്ടികള്‍ പിന്‍വലിച്ചത് എന്നാണറിയുന്നത്. ഒരു കേന്ദ്രമന്ത്രിയുടെ മകനാണ് ഈ സര്‍വീസിന്റെ കരാര്‍ എടുത്തിട്ടുള്ളത്.

    ReplyDelete
  2. മഞ്ചേരി: ജില്ലയില്‍നിന്ന് പിന്‍വലിച്ച മൊബൈല്‍ ഐസിയു (108 ആംബുലന്‍സ്) ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നത് എഐവൈഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. ആംബുലന്‍സ് മാറ്റുന്നത് സംബന്ധിച്ചുള്ള ഉത്തരവ് വെള്ളിയാഴ്ച ജനറല്‍ ആശുപത്രി അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് നാലോടെ ആംബുലന്‍സ് കൊണ്ടുപോകാന്‍ തുടങ്ങിയപ്പോഴാണ് തടഞ്ഞത്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പ്രൊഫ. പി ഗൗരി, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ സമദ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി ആംബുലന്‍സിനുമുന്നില്‍ കുത്തിയിരുന്നു. തുടര്‍ന്ന് പൊലീസെത്തി എം ഉമ്മര്‍ എംഎല്‍എയെ ബന്ധപ്പെട്ടെങ്കിലും പ്രശ്നത്തില്‍ ഇടപെടാന്‍ തയ്യാറാകാതെ ഒഴിഞ്ഞുമാറി. ആംബുലന്‍സ് കൊണ്ടുപോകില്ലെന്ന് ആരോഗ്യവകുപ്പില്‍നിന്ന് ആശുപത്രി സൂപ്രണ്ട് വഴി അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് സമരക്കാര്‍ പിരിഞ്ഞുപോയത്.

    ReplyDelete
  3. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് തിരുവല്ല താലുക്ക് ആശുപത്രിക്ക് നല്‍കിയ 108 ആംബുലന്‍സ് ആലപ്പുഴയിലേക്ക് കടത്താന്‍ നീക്കം ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ അറിയിപ്പ് വ്യാഴാഴ്ച ആശുപത്രി സൂപ്രണ്ടിന് ലഭിച്ചൂ. ശനിയാഴ്ച വൈകിട്ട് അഞ്ചിന് ശേഷം ആംബുലന്‍സ് ആലപ്പുഴയിലേക്ക് കൊണ്ടുപോകാനുള്ള നീക്കം മനസിലാക്കിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം ആംബുലന്‍സ് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. തിരുവല്ല എംഎല്‍എ മാത്യു ടി തോമസിന്റെ ആവശ്യപ്രകാരം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയ്ക്ക് അനുവദിച്ച രണ്ട് 108 ആംബുലന്‍സുകളില്‍ ഒന്ന് തിരുവല്ല താലുക്ക് ആശുപത്രിക്ക് നല്‍കുകയായിരുന്നു. നിര്‍ധന രോഗികളെ വിദഗ്ധ ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മറ്റും കൊണ്ടുപോകുന്നതിന് ആംബുലന്‍സിന്റെ സൗജന്യ സേവനം വളരെ പ്രയോജനകരമായിരുന്നു. എന്നാല്‍ , യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈ ആംബുലന്‍സ് രണ്ടു മാസം മുമ്പ് ആലപ്പുഴയിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടന്നു. അന്ന് സ്ഥലം എംഎല്‍എ മാത്യു ടി തോമസിന്റെ ഇടപെടല്‍ കാരണം അത് നടന്നില്ല. കേന്ദ്ര മന്ത്രി കെ സി വേണുഗോപാലിന്റെ നിര്‍ദേശപ്രകാരമാണ് ആംബുലന്‍സ് ആലപ്പുഴയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. എന്നാല്‍ , ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതുകൊണ്ട് കൊണ്ടുപോകാന്‍ കഴിയാതിരുന്ന ആംബുലന്‍സ് തിങ്കളാഴ്ച ആലപ്പുഴയിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നതായറിയുന്നു.

    ReplyDelete
  4. മഞ്ചേരി: ജനറല്‍ ആശുപത്രിയിലെ "108" ആംബുലന്‍സ് ആലപ്പുഴയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം ഇടതുയുവജന സംഘടന തടഞ്ഞതിനുപിന്നാലെ എംഎല്‍എയുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും നാടകം. ഇടത് സമരത്തെ തുടര്‍ന്ന് ആംബുലന്‍സ് കൊണ്ടുപോകാനുള്ള തീരുമാനം മാറ്റിയിരുന്നു. ഇത് സ്വന്തം പേരിലാക്കാനായിരുന്നു അഡ്വ. എം ഉമ്മര്‍ എംഎല്‍എയുടെ ശ്രമം. ഇതിനിടെ ആംബുലന്‍സ് കൊണ്ടുപോകാത്തതില്‍ പ്രദേശത്തെ കോണ്‍ഗ്രസ് നേതൃത്വം അസ്വസ്ഥത പ്രകടിപ്പിച്ചു. സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ സമരം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആശുപത്രി വികസനസമിതി അംഗമായ കോണ്‍ഗ്രസ് നേതാവ് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിനെ ബന്ധപ്പെട്ടിരുന്നെന്നും ആംബുലന്‍സ് കൊണ്ടുപോകില്ലെന്ന് മന്ത്രി പറഞ്ഞതായുമാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. എന്നാല്‍ ആലപ്പുഴക്ക് കൊണ്ടുപോകാനായി ഡ്രൈവര്‍ സുനില്‍ വണ്ടി എടുത്തപ്പോഴാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്. വണ്ടി കൊണ്ടുപോകരുതെന്ന നിര്‍ദേശം ആംബുലന്‍സ് ജീവനക്കാര്‍ക്കോ ആശുപത്രി അധികൃതര്‍ക്കോ ലഭിച്ചിരുന്നില്ല. കലക്ടറും ഡിഎംഒയുംവഴി ആരോഗ്യ സെക്രട്ടറിയെ ബന്ധപ്പെട്ടാണ് ആംബുലന്‍സ് കൊണ്ടുപോകരുതെന്ന ഉത്തരവ് വാങ്ങിയത്. ആംബുലന്‍സ് കൊണ്ടുപോകാനുള്ള നീക്കം പരാജയപ്പെട്ടപ്പോള്‍ പച്ചക്കള്ളവുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു. ഇതിനിടെ "ആംബുലന്‍സ് തീരുമാന"ത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ട് എം ഉമ്മര്‍ എംഎല്‍എയും രംഗത്തെത്തി. സമരം തുടങ്ങിയപ്പോള്‍ താന്‍ മന്ത്രിയുമായി ബന്ധപ്പെട്ടാണ് തീരുമാനം എടുപ്പിച്ചതെന്ന് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സമരക്കാര്‍ ബന്ധപ്പെട്ടപ്പോള്‍ എംഎല്‍എ ഇടപെടാന്‍ തയ്യാറാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. മഞ്ചേരിയില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന എംഎല്‍എ സ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയതുമില്ല. ഇതിനിടെ ആംബുലന്‍സ് നിലനിര്‍ത്തിയതിന്റെ ക്രെഡിറ്റ് യൂത്ത് കോണ്‍ഗ്രസ് നേതാവ് അവകാശപ്പെട്ടത് മറുവിഭാഗം യൂത്ത്കോണ്‍ഗ്രസുകാരെ പ്രകോപിപ്പിച്ചു. ഇതിന്റെ ഭാഗമായി ഇരുചേരികളുടെ പ്രകടനവും മഞ്ചേരിയില്‍ നടന്നു.

    ReplyDelete