സെനറ്റില്‍ തിരിച്ചടി നേരിട്ടെങ്കിലും പ്രസിഡന്റ് ഒബാമയുടെ തൊഴില്‍ ബില്‍ അംഗീകരിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രക്ഷോഭം വരുംനാളുകളില്‍ കൂടുതല്‍ ശക്തമാകും.
തൊഴില്‍ ബില്‍ ഇനി പരിഗണിക്കുന്ന അമേരിക്കന്‍ കോണ്‍ഗ്രസിനുമേല്‍ സമ്മര്‍ദം ചെലുത്താനുള്ള പരിപാടികള്‍ ട്രേഡ് യൂണിയന്‍ സംഘടനയായ എ എഫ് എല്‍-സി ഐ ഒ ആവിഷ്‌കരിച്ചുകഴിഞ്ഞു. ''അമേരിക്ക വാണ്ട്‌സ് ടു വര്‍ക്ക്'' (അമേരിക്കയ്ക്ക് തൊഴില്‍വേണം) എന്ന മുദ്രാവാക്യമുയര്‍ത്തി ജനലക്ഷങ്ങളെ അണിനിരത്താനാണ് എ എഫ് എല്‍-സി ഐ ഒ യുടെ പരിപാടി.
തൊഴില്‍ ബില്ലിനെ സെനറ്റില്‍ പരാജയപ്പെടുത്തിയ അംഗങ്ങള്‍ക്കെതിരെ ജനരോഷമുയരുകയാണ്. ''തൊഴിലിനായി കാത്തിരിക്കുന്ന ജനതയുടെ 99 ശതമാനവും ഓരോ സെനറ്ററും ഏതു രീതിയിലാണ് വോട്ട് ചെയ്തതെന്ന് കണക്കിലെടുത്തിട്ടുണ്ട്'' എ എഫ് എല്‍-സി ഐ ഒ പ്രസിഡന്റ് റിച്ചാര്‍ഡ്ട്രുംക മുന്നറിയിപ്പ് നല്‍കി. തൊഴില്‍ ബില്ലിനെതിരെ സംഘടിതമായി വോട്ട്‌ചെയ്ത റിപ്പബ്ലിക്കന്‍ കക്ഷിക്കാര്‍ രാജ്യത്തിന്റെ വേദനയില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇരുപത് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങള്‍ക്കു പുറമെ നിലവിലുള്ള 50 ലക്ഷം തൊഴില്‍രഹിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നത് തടയുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ തൊഴില്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു.രാജ്യത്ത് ഹൈവേകള്‍, റയില്‍വേകള്‍, തുറമുഖങ്ങള്‍, കപ്പല്‍ച്ചാലുകള്‍, വിമാനത്താവളങ്ങള്‍, പാലങ്ങള്‍, വിദ്യാലയങ്ങള്‍, വാര്‍ത്താവിനിമയ സൗകര്യങ്ങള്‍, ഊര്‍ജമേഖല എന്നിവയുടെ വിപുലീകരണത്തിനും നവീകരണത്തിനും വേണ്ടി നിക്ഷേപമിറക്കുന്നതിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ബില്ലില്‍ വിഭാവനം ചെയ്തിരുന്നത്.
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനു വേണ്ടി സമ്പന്നന്മാര്‍ക്കുമേല്‍ 5.6 ശതമാനം അധികനികുതി ചുമത്താനും നിര്‍ദേശമുണ്ടായിരുന്നു.പ്രസിഡന്റ് ഒബാമ അവതരിപ്പിച്ച ബില്‍ പൂര്‍ണ സംതൃപ്തി നല്‍കാന്‍ പര്യാപ്തമായിരുന്നില്ലെങ്കിലും താല്‍കാലികമായി ഒരു ആശ്വാസം നല്‍കാന്‍ പര്യാപ്തമായിരുന്നു. റിപ്പബ്ലിക്കന്മാരുടെ കടുത്ത എതിര്‍പ്പിനെ ഭയന്ന് പലകാര്യങ്ങളിലും അവരുമായി ഒരു 'ഒത്തുതീര്‍പ്പി'നു വഴങ്ങിയുള്ള നിര്‍ദേശങ്ങളായിരുന്നു ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. എന്നാല്‍ അതുപോലും പാസാകാന്‍ അനുവദിക്കുകയുണ്ടായില്ല.
തൊഴില്‍ബില്‍ സെനറ്റ് ചര്‍ച്ച ചെയ്യുന്നത് പ്രമാണിച്ച് ജനകീയ പ്രക്ഷോഭങ്ങള്‍ രണ്ടുദിവസത്തേക്ക് നിര്‍ത്തിവച്ചിരുന്നു. പ്രക്ഷോഭകര്‍ തൊഴില്‍ബില്ലിന് അനുകൂലമായി വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്തുകയുണ്ടായി. എന്നാല്‍ സെനറ്റിലെ വോട്ടെടുപ്പ് ഏവരെയും കടുത്ത നിരാശയിലാഴ്ത്തി. ഇനി ബില്‍ പരിഗണിക്കുന്ന അമേരിക്കന്‍ കോണ്‍ഗ്രസ്സിലാണ് അവരുടെ പ്രതീക്ഷ.
വിശ്വാസം നഷ്ടപ്പെടരുതെന്നും പ്രതീക്ഷ കൈവിടരുതെന്നും ട്രേഡ് യൂണിയന്‍ നേതാവായ സാണ്ടേഴ്‌സ് തൊഴില്‍രഹിതരോട് പറഞ്ഞു. ''പ്രക്ഷോഭകരുടെ ശബ്ദം രാജ്യമുടനീളം ശ്രവിക്കുന്നുണ്ട്. വാള്‍സ്ട്രീറ്റിലും മെയിന്‍സ്ട്രീറ്റിലും ആ ശബ്ദം മുഴങ്ങുന്നുണ്ട്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ അമേരിക്കയിലൊട്ടാകെ വ്യാപിച്ച 'വാള്‍സ്ട്രീറ്റ് കയ്യടക്കല്‍' പ്രക്ഷോഭം സ്വയമേവ ഉരുത്തിരിഞ്ഞ ഒന്നായിരുന്നുവെങ്കില്‍, ട്രേഡ് യൂണിയന്‍ പ്രസ്ഥാനമായ എ എഫ് എല്‍-സി ഐ ഒയുടെ രംഗപ്രവേശനത്തോടെ അതിന് കൂടുതല്‍ സംഘടിതമായ ഒരു സ്വഭാവം കൈവന്നിരിക്കുകയാണ്. അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മറ്റ് പുരോഗമനപ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്നുകഴിഞ്ഞു.
അമേരിക്കയില്‍ ദൂരവ്യാപകമായ രാഷ്ട്രീയമാറ്റങ്ങള്‍ക്ക് ജനകീയപ്രക്ഷോഭം വഴിതെളിക്കുമെന്നാണ് സൂചന. റിപ്പബ്ലിക്കന്‍ കക്ഷിയോട് മാത്രമല്ല, ചാഞ്ചാട്ടസ്വഭാവം കാണിക്കുന്ന ഡെമോക്രാറ്റിക് കക്ഷിക്കെതിരെയും രോഷമുയരുന്നുണ്ട്.
അമേരിക്കന്‍ തൊഴിലാളികള്‍ മേലില്‍ രാഷ്ട്രീയചൂതാട്ടങ്ങള്‍ക്ക് നിന്നുകൊടുക്കില്ലെന്ന് ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് ടീംസ്റ്റേഴ്‌സ് എന്ന ട്രേഡ് യൂണിയന്‍ സംഘടനയുടെ പ്രസിഡന്റായ ജെയിംസ് ഹൊഫ പറഞ്ഞു. തൊഴിലില്ലായ്മ റിപ്പബ്ലിക്കന്മാരുടെയോ ഡെമോക്രാറ്റുകളുടെയോ മാത്രം പ്രശ്‌നമല്ല. പ്രശ്‌നപരിഹാരത്തിന് അമേരിക്കയുടെ പൊതുതാല്‍പര്യത്തിനുവേണ്ടി അവര്‍ ഒരുമിക്കേണ്ട സമയം കഴിഞ്ഞുവെന്നും ഒന്നും ചെയ്യാതിരിക്കുക എന്ന നയം ഹാനികരമാണെന്നും അദ്ദേഹം പറഞ്ഞു.
janayugom 141011
സെനറ്റില്‍ തിരിച്ചടി നേരിട്ടെങ്കിലും പ്രസിഡന്റ് ഒബാമയുടെ തൊഴില്‍ ബില്‍ അംഗീകരിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രക്ഷോഭം വരുംനാളുകളില്‍ കൂടുതല്‍ ശക്തമാകും.
ReplyDeleteതൊഴില്‍ ബില്‍ ഇനി പരിഗണിക്കുന്ന അമേരിക്കന്‍ കോണ്‍ഗ്രസിനുമേല്‍ സമ്മര്‍ദം ചെലുത്താനുള്ള പരിപാടികള്‍ ട്രേഡ് യൂണിയന്‍ സംഘടനയായ എ എഫ് എല്‍-സി ഐ ഒ ആവിഷ്‌കരിച്ചുകഴിഞ്ഞു. ''അമേരിക്ക വാണ്ട്‌സ് ടു വര്‍ക്ക്'' (അമേരിക്കയ്ക്ക് തൊഴില്‍വേണം) എന്ന മുദ്രാവാക്യമുയര്‍ത്തി ജനലക്ഷങ്ങളെ അണിനിരത്താനാണ് എ എഫ് എല്‍-സി ഐ ഒ യുടെ പരിപാടി.