Sunday, October 16, 2011

സര്‍ക്കാര്‍ ഫണ്ടുകള്‍ പുതുതലമുറ ബാങ്കുകളില്‍ എത്തിക്കാന്‍ നീക്കം

നിലവിലുള്ള മാനദണ്ഡങ്ങളെല്ലാം മറികടന്ന് സര്‍ക്കാര്‍ ഫണ്ടുകള്‍ സ്വകാര്യ മേഖലയിലെ പുതുതലമുറ ബാങ്കുകളില്‍ എത്തിക്കാന്‍ ഉത്തരവിറങ്ങി. ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി, ആക്‌സിസ് എന്നീ ബാങ്കുകളില്‍ ത്രിതല പഞ്ചായത്തുകളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഫണ്ടുകള്‍ നിക്ഷേപിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി(ഫിനാന്‍സ്) കഴിഞ്ഞ മാസം 15നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള നിബന്ധനകളിലെ പൊളിച്ചെഴുത്തെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പുതുതലമുറ ബാങ്കുകള്‍ നിക്ഷേപം സ്വീകരിക്കുന്നത് ആകര്‍ഷകമായ കമ്മീഷന്‍ നിശ്ചയിച്ചുകൊണ്ടാണ്. കോടാനുകോടി രൂപയുടെ സര്‍ക്കാര്‍ നിക്ഷേപവും ഇടപാടുകളും പുതുതലമുറ ബാങ്കുകളിലേക്ക് പോവുന്നത് ദേശസാല്‍കൃത-സഹകരണ മേഖലകളിലെ ബാങ്കുകളെ മാത്രമല്ല, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രഷറികളെ പോലും പ്രതികൂലമായി ബാധിക്കും. നിലവില്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്ന ഫണ്ടുകള്‍ ദേശസാല്‍കൃത ബാങ്കുകളിലും സംസ്ഥാന സര്‍ക്കാറില്‍ നിന്നുള്ളവ ദേശസാല്‍കൃത ബാങ്കിലോ ട്രഷറിയിലോ നിക്ഷേപിക്കാമെന്നാണ് വ്യവസ്ഥ. ഗ്രാമ പഞ്ചായത്തുകള്‍ക്കും മറ്റും കൂടുതല്‍ സൗകര്യപ്രദമെങ്കില്‍ സഹകരണ ബാങ്കുകളിലും പൊതുഫണ്ട് നിക്ഷേപിക്കാം. ഇതുവരെ സര്‍ക്കാര്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ നിന്ന് സ്വകാര്യ മേഖലയിലെ പുതുതലമുറ ബാങ്കുകളെ അകറ്റിനിര്‍ത്തിയിരുന്നു. ഓരോ പഞ്ചായത്തിലും ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാത്രം പ്രതിവര്‍ഷം കോടിയിലേറെ രൂപ ലഭിക്കുന്നുണ്ട്. ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും ലഭിക്കുന്ന ഈ ഫണ്ട് അടക്കം ഇനി പുതുതലമുറ ബാങ്കുകളുടെ നിക്ഷേപമാവും. ആകര്‍ഷകമായ കമ്മീഷനും താഴെതലം വരെ എത്താനാണ് സാധ്യത.

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ മിക്കവാറും സര്‍ക്കാര്‍ ഫണ്ടുകള്‍ ട്രഷറികളിലോ ദേശസാല്‍കൃത ബാങ്കുകളിലോ ആണ് നിക്ഷേപിച്ചിരുന്നത്. സഹകരണ മേഖലയില്‍ പോലും വളരെ ചുരുക്കം ഫണ്ടുകളാണ് സര്‍ക്കാര്‍ നിക്ഷേപമായി ഉണ്ടായിരുന്നത്.

മുന്‍പ് വയനാട് ജില്ലാ പഞ്ചായത്തിന് ആദിവാസി ഭവന പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒന്‍പത് കോടി രൂപ പലിശ കൂടുതല്‍ ലഭിക്കുമെന്ന പരിഗണനയില്‍ മഹാരാഷ്ട്ര അപ്പക്‌സ് എന്ന സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചതിന് കലക്ടര്‍ ടീക്കാറാം മീണയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത സംഭവം വരെ ഉണ്ടായി. അതിനാല്‍ പൊതുഫണ്ടുകള്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ പോലും നിക്ഷേപിക്കാന്‍ ബന്ധപ്പെട്ടവര്‍ ധൈര്യപ്പെട്ടിരുന്നില്ല. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പുതുതലമുറ ബാങ്കുകളിലേക്ക് പൊതുഫണ്ട് നിക്ഷേപവും ഇടപാടുകളും മാറ്റാമെന്ന സര്‍ക്കാര്‍ ഉത്തരവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് ഉറപ്പ്.

janayugom 161011

1 comment:

  1. നിലവിലുള്ള മാനദണ്ഡങ്ങളെല്ലാം മറികടന്ന് സര്‍ക്കാര്‍ ഫണ്ടുകള്‍ സ്വകാര്യ മേഖലയിലെ പുതുതലമുറ ബാങ്കുകളില്‍ എത്തിക്കാന്‍ ഉത്തരവിറങ്ങി. ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി, ആക്‌സിസ് എന്നീ ബാങ്കുകളില്‍ ത്രിതല പഞ്ചായത്തുകളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഫണ്ടുകള്‍ നിക്ഷേപിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി(ഫിനാന്‍സ്) കഴിഞ്ഞ മാസം 15നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള നിബന്ധനകളിലെ പൊളിച്ചെഴുത്തെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

    ReplyDelete