Thursday, October 13, 2011

കോഴിക്കോട് വെടിവയ്പ്: റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട്ടെ വെടിവയ്പ്, നിര്‍മല്‍ മാധവിന്റെ എന്‍ജിനിയറിങ് പ്രവേശനം എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് കിട്ടാത്തതിനാല്‍ അനന്തരനടപടിയെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനം വിശദീകരിക്കെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെടിവയ്പ് കഴിഞ്ഞ് രണ്ടുദിവസം പിന്നിട്ടിട്ടും അസി. പൊലീസ് കമീഷണര്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഡിഐജി കാഞ്ഞങ്ങാട്ട് പോയതിനാല്‍ റിപ്പോര്‍ട്ട് ലഭിച്ചില്ലെന്നുപറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. വെടിവയ്ക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് തഹസില്‍ദാര്‍മാര്‍ വ്യക്തമാക്കിയത് ശ്രദ്ധയില്‍പെടുത്തിയപ്പോഴും മുഖ്യമന്ത്രി പ്രതികരിച്ചില്ല.

ഏറെ കോളിളക്കമുണ്ടാക്കിയ കാര്യത്തില്‍ റിപ്പോര്‍ട്ട് വൈകുന്നതിനെക്കുറിച്ചാരാഞ്ഞപ്പോള്‍ ചില കാര്യങ്ങളില്‍ തനിക്ക് വേഗതയില്ലെന്നായിരുന്നു മറുപടി. വാളകത്ത് അധ്യാപകനെ ആക്രമിച്ച് രണ്ടാഴ്ചയായിട്ടും അന്വേഷണം എങ്ങുമെത്താത്തതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ കാലതാമസം യഥാര്‍ഥപ്രതിയെ പിടിക്കാന്‍ വേണ്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഗണേശ്കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം തന്റെ സഹായിയായി കൂടെയുണ്ടെന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ ആത്മകഥയിലെ വെളിപ്പെടുത്തല്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തനിക്കെതിരെ എഴുതിയ ഭാഗമല്ലാതെ പിള്ളയുടെ ആത്മകഥ വായിച്ചിട്ടില്ലെന്നുപറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

നിര്‍മല്‍ മാധവിന് റാഗിങ്ങിനിരയായ വിദ്യാര്‍ഥി എന്ന പരിഗണനയിലാണ് കോഴിക്കോട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം നല്‍കിയത്. ഇതില്‍ ഒരുതെറ്റുമില്ല. ഗവ. കോളേജില്‍ പ്രവേശനം നല്‍കിയത് ചട്ടവിരുദ്ധമാണെന്ന് സാങ്കേതിക കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയതിനെകുറിച്ചു ചോദിച്ചപ്പോഴും റിപ്പോര്‍ട്ട് തനിക്ക് കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നും നാലും സെമസ്റ്ററിന് പഠിച്ചിട്ടില്ലെങ്കിലും അഞ്ചാം സെമസ്റ്ററില്‍ ചേരാന്‍ നിര്‍മമല്‍ മാധവിന് അര്‍ഹതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ ജുഡീഷ്യല്‍ അംഗങ്ങള്‍ മാത്രമേ പാടുള്ളൂ എന്നാണ് യുഡിഎഫ് നിലപാട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതിയാണ് പേരുകള്‍ നിര്‍ദേശിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

deshabhimani 131011

2 comments:

  1. കോഴിക്കോട്ടെ വെടിവയ്പ്, നിര്‍മല്‍ മാധവിന്റെ എന്‍ജിനിയറിങ് പ്രവേശനം എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് കിട്ടാത്തതിനാല്‍ അനന്തരനടപടിയെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനം വിശദീകരിക്കെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെടിവയ്പ് കഴിഞ്ഞ് രണ്ടുദിവസം പിന്നിട്ടിട്ടും അസി. പൊലീസ് കമീഷണര്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഡിഐജി കാഞ്ഞങ്ങാട്ട് പോയതിനാല്‍ റിപ്പോര്‍ട്ട് ലഭിച്ചില്ലെന്നുപറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. വെടിവയ്ക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് തഹസില്‍ദാര്‍മാര്‍ വ്യക്തമാക്കിയത് ശ്രദ്ധയില്‍പെടുത്തിയപ്പോഴും മുഖ്യമന്ത്രി പ്രതികരിച്ചില്ല.

    ReplyDelete
  2. കോഴിക്കോട്ട് വിദ്യാര്‍ഥികളെ വെടിവെച്ച അസിസ്റ്റന്റ് കമ്മീഷണറുടെ പേരില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ഭയമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ . മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്ന് വ്യക്തമാക്കണം. സര്‍ക്കാരിന് പൊലീസിലുള്ള നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ സസ്പെന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. താന്‍ വിദ്യാര്‍ഥികള്‍ക്കുനേരെയാണ് വെടിവെച്ചതെന്ന് പ്രഖ്യാപിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാത്തത് നീതീകരിക്കാനാവില്ല. പൊലീസിന് എന്തും ചെയ്യാം എന്നനിലയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാധാകൃഷ്ണ പിള്ളക്ക് എല്‍ഡിഎഫ് ഭരണകാലത്ത് പ്രൊമോഷന്‍ നല്‍കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ , ഡിപിസി ശുപാര്‍ശ ചെയ്തവര്‍ക്കെല്ലാം പ്രൊമോഷന്‍ നല്‍കുക എന്ന നയമാണ് എല്‍ഡിഎഫ് സ്വീകരിച്ചതെന്ന് കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

    ReplyDelete