Thursday, October 13, 2011

യുഡിഎഫ്, യൂത്ത്കോണ്‍ഗ്രസ്, ബിഎംഎസ് ആക്രമണം

യുഡിഎഫുകാര്‍ കൗണ്‍സില്‍ ഹാള്‍ എറിഞ്ഞുതകര്‍ത്തു

കൊല്ലം: യുഡിഎഫുകാര്‍ കോര്‍പറേഷന്‍ ഓഫീസിലെ കൗണ്‍സില്‍ഹാള്‍ എറിഞ്ഞുതകര്‍ത്തു. ബുധനാഴ്ച പകല്‍ 12നായിരുന്നു സംഭവം. മാലിന്യപ്രശ്നത്തില്‍ കോര്‍പറേഷനെതിരെ ഓഫീസിനു മുന്നില്‍ യുഡിഎഫ് നടത്തിയ ധര്‍ണയുടെ ഉദ്ഘാടനം കഴിഞ്ഞ് ഡിസിസി പ്രസിഡന്റ് കടവൂര്‍ ശിവദാസനും പീതാംബരക്കുറുപ്പ് എംപിയും പോയതിനുശേഷമായിരുന്നു ആക്രമണം. മുന്‍വശത്തെ ഗേറ്റില്‍ മാത്രമേ പൊലീസ് കാവലുണ്ടായിരുന്നുള്ളൂ. ക്യുഎസി റോഡിലൂടെ ക്യാന്റീന്റെ ഭാഗത്തുകുടി കടന്നുവന്നാണ് കൗണ്‍സില്‍ഹാളിന്റെ കണ്ണാടിജനലുകള്‍ എറിഞ്ഞുതകര്‍ത്തത്. പത്ത് മിനിറ്റോളം അക്രമം തുടര്‍ന്നു. ജീവനക്കാരെ വിരട്ടിയോടിച്ചു. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോള്‍ അക്രമികള്‍ ഓടിമറഞ്ഞു. ഈസ്റ്റ്പൊലീസ് പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ കേസെടുത്തു. പതിനഞ്ചോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്.

എട്ട് പേര്‍ക്കെതിരെ കേസ്; യൂത്ത്കോണ്‍ഗ്രസുകാര്‍ ടെക്നോലോഡ്ജ് അടിച്ചു തകര്‍ത്തു

കുണ്ടറ: പൂട്ടിക്കിടക്കുന്ന ടെക്നോലോഡ്ജ് ഐറ്റി വകുപ്പില്‍നിന്ന് പഞ്ചായത്ത് തിരിച്ചെടുത്ത് ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ് പെരിനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപനം അടിച്ചു തകര്‍ത്തു. ചൊവ്വാഴ്ച രാവിലെ 10 ഓടെയായിരുന്നു പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസുകാര്‍ അഴിഞ്ഞാടിയത്. ചെറുമൂട്ടില്‍ പഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയിലുള്ള 2750 സ്ക്വയര്‍ഫീറ്റ് സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന ടെക്നോ ലോഡ്ജിന്റെ കുത്തക പാട്ടം റദ്ദാക്കുക, തൊഴില്‍ വാഗ്ദാനം നല്‍കി വഞ്ചിച്ച കമ്പനിക്കെതിരെ നടപടിയെടുക്കുക, കെട്ടിടം പഞ്ചായത്ത് തിരിച്ചെടുക്കുക, അറ്റകുറ്റപ്പണികള്‍ക്കായി അനുവദിച്ച 24 ലക്ഷത്തെക്കുറിച്ച് അന്വേഷിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കുണ്ടറ സിഐയുടെയും എസ്ഐയുടെയും നേതൃത്വത്തിലെത്തിയ പൊലീസ് സമരക്കാരെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

പെരിനാട് പഞ്ചായത്ത് അംഗങ്ങളായ ബി ജ്യോതിര്‍ നിവാസ്, വൈ ആന്റണി, എ കെ ആനന്ദ് തുടങ്ങി എട്ടുപേര്‍ക്കെതിരെ കേസെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കെ രാജേഷ്കുമാര്‍ , രാജീവ്, പ്രമോദ്, ശ്യാം, സായികൃഷ്ണന്‍ , കൃഷ്ണ, വിപിന്‍ , ഗോപന്‍ , നിഖില്‍ , അരുണ്‍രാജ്, സിയാദ്, നവാസ്, കൃഷ്ണചന്ദ്രന്‍ എന്നിവരും അക്രമിസംഘത്തിലുണ്ടായിരുന്നു. ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ഉപയോഗിച്ച് കേസ് എടുക്കണമെന്ന ആവശ്യവുമായി പഞ്ചായത്ത് അധികൃതര്‍ എത്തിയെങ്കിലും പഞ്ചായത്ത് ഐടി വകുപ്പിന് നല്‍കിയ കുത്തകപ്പാട്ട രേഖ കാണിച്ച് ഉടമ പഞ്ചായത്തല്ലെന്ന് സമരക്കാര്‍ നിലപാട് സ്വീകരിച്ചതോടെ പൊലീസ് പിന്‍വാങ്ങുകയായിരുന്നു. എം എ ബേബി എംഎല്‍എ, സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം ജെ മെഴ്സിക്കുട്ടിയമ്മ, ജില്ലാ സെക്രട്ടറിയറ്റ്അംഗം വി തുളസീധരകുറുപ്പ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

ടെക്നോലോഡ്ജ് ആക്രമണം: പ്രതിഷേധം ഇരമ്പി

കുണ്ടറ: ചെറുമൂട്ടിലെ ടെക്നോ ലോഡ്ജ് മുപ്പതോളം പേര്‍ വരുന്ന യൂത്ത്കോണ്‍ഗ്രസ് അക്രമിസംഘം അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധം ശക്തം. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെരിനാട് പഞ്ചായത്ത് ഭരണസമിതിയും പൊതുപ്രവര്‍ത്തകരും പൊലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി. ശക്തമായ ജനരോഷത്തെ തുടര്‍ന്ന് പ്രതികളെ ഉടന്‍ അറസ്റ്റ്ചെയ്യുമെന്ന് സിഐ ഉറപ്പുനല്‍കി. അതിനു ശേഷമാണ് ധര്‍ണ അവസാനിപ്പിച്ചത്. കേരള സ്റ്റേറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഫിനാന്‍സ് മാനേജര്‍ സുനിത, ജില്ലാ അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ റെജി ടോംലാല്‍ , റൂറല്‍ ഐടി വകുപ്പ് ഉദ്യോഗസ്ഥന്‍ രാഹുല്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ പി ജി തോമസ്, കുണ്ടറ സിഐ എന്നിവര്‍ക്ക് പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം പരാതി നല്‍കി.

ചൊവ്വാഴ്ച രാവിലെ പത്തോടെയായിരുന്നു അക്രമം അരങ്ങേറിയത്. കുണ്ടറ സിഐയുടെയും എസ്ഐയുടെ നേതൃത്വത്തില്‍ എത്തിയ പൊലീസ് എട്ടുപേരെ അറസ്റ്റ് ചെയ്തെങ്കിലും പരാതി ലഭിച്ചില്ലെന്നു പറഞ്ഞ് പിന്നീട് വിട്ടയച്ചു. പെരിനാട് പഞ്ചായത്ത് അംഗങ്ങളായ ബി ജ്യേതിര്‍നിവാസ്, വൈ ആന്റണി, എ കെ ആനന്ദ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തുകില്‍ , വിത്സണ്‍ , ഷെഫീക്, പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ആറു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. എം എ ബേബി എംഎല്‍എ സംഭവസ്ഥലം സന്ദര്‍ശിച്ചു. ടെക്നോ ലോഡജ് പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമസമരം. എന്നാല്‍ , വന്‍ നഗരങ്ങളില്‍ മാത്രം ഐടി പാര്‍ക്ക് മതിയെന്ന യുഡിഎഫ് നയത്തിന്റെ ഭാഗമായാണ് ടെക്നോ ലോഡ്ജ് അടഞ്ഞു കിടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് പഞ്ചായത്ത് അധികൃതര്‍ യോഗം വിളിച്ച് ടെക്നോ ലോഡ്ജിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ , പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രോത്സാഹനം ലഭിക്കാത്തത് ടെക്നോ ലോഡ്ജ് അടഞ്ഞു കിടക്കാന്‍ ഇടയാക്കി. ഒരാഴ്ചമുമ്പ് ടെക്നോലോഡ്ജ് തകര്‍ക്കാന്‍ യൂത്ത്കോണ്‍ഗ്രസുകാര്‍ പദ്ധതിയിട്ടെങ്കിലും പൊലീസ് ഇടപെടല്‍ മൂലം പരാജയപ്പെടുകയായിരുന്നു.

തുമ്പമണ്ണില്‍ ബിഎംഎസ് ആക്രമണം: 2 ഡിവൈഎഫ്ഐകാര്‍ക്ക് പരിക്ക്

പന്തളം: തുമ്പമണ്ണില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ബിഎംഎസ് ആക്രമണം. രണ്ട് പേര്‍ക്ക് പരിക്ക്. ഡിവൈഎഫ്ഐ തുമ്പമണ്‍ മലപ്പുറം യൂണിറ്റ് സെക്രട്ടറി രജിത് രാജന്‍(25), യൂണിറ്റ് അംഗം ശിവന്‍കുട്ടി(28) എന്നിവരെ പരിക്കുകളോടെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ടിനാണ് സംഭവം. പണികഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകരെ ആസൂത്രിതമായി ബിഎംഎസുകാര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. മലപ്പുറം കോളനിയില്‍ ചില ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ബിഎംഎസുകാര്‍ ഭീഷണിപ്പെടുത്തിയത് ചോദ്യംചെയ്തതിനാണ് ആക്രമണം നടത്തിയതെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍പറഞ്ഞു. ബിഎംഎസ് പ്രവര്‍ത്തകരായ മലപ്പുറത്ത് കുറ്റിയില്‍ രവി (32), രാജീവ് (28), ഇളംകുളത്ത് മുകടിയില്‍ രാജന്‍ , രാഹുല്‍ ഭവനില്‍ രാഹുല്‍ (19), രാജേഷ് (30), വിജയപുരം സ്വദേശി മോഹനന്‍ (48), മണ്ണാകടവ് സ്വദേശി നിത്യന്‍ (43) എന്നിവര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പന്തളം പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ഡിവൈഎഫ്ഐ തുമ്പമണ്‍ മേഖലാ കമ്മിറ്റിയും സിപിഐ എം ലേക്കല്‍കമ്മിറ്റിയും പ്രതിഷേധിച്ചു.

deshabhimani news

3 comments:

  1. യുഡിഎഫുകാര്‍ കോര്‍പറേഷന്‍ ഓഫീസിലെ കൗണ്‍സില്‍ഹാള്‍ എറിഞ്ഞുതകര്‍ത്തു. ബുധനാഴ്ച പകല്‍ 12നായിരുന്നു സംഭവം. മാലിന്യപ്രശ്നത്തില്‍ കോര്‍പറേഷനെതിരെ ഓഫീസിനു മുന്നില്‍ യുഡിഎഫ് നടത്തിയ ധര്‍ണയുടെ ഉദ്ഘാടനം കഴിഞ്ഞ് ഡിസിസി പ്രസിഡന്റ് കടവൂര്‍ ശിവദാസനും പീതാംബരക്കുറുപ്പ് എംപിയും പോയതിനുശേഷമായിരുന്നു ആക്രമണം.

    ReplyDelete
  2. മഞ്ചേരി: എന്‍എസ്എസ് കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രകോപിതരായ യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ ബുധനാഴ്ച അക്രമം അഴിച്ചുവിട്ടു. എട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ഥികള്‍ക്കൊപ്പം പുറത്തുനിന്നുള്ളവരും അക്രമിസംഘത്തിലുണ്ടായിരുന്നു. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ വന്‍ വിജയംനേടിയിരുന്നു. ഇതിന്റെ ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ കമ്പിയും പൈപ്പും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നു. അനീഷ്ബാബു, ശരത് ചന്ദ്രന്‍ , നവാസ് ഷെരീഫ്, സച്ചിന്‍ദാസ്, ദില്‍ നവാസ്, സുമേഷ്, സൂരജ്, വിപിന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. തലയ്ക്കും കൈക്കും പരിക്കേറ്റ ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം 29ന് നടത്തേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് യുഡിഎസ്എഫ് സ്വാധീനം ചെലുത്തി മാറ്റിവെപ്പിച്ചിരുന്നു. തുടര്‍ന്ന് എസ്എഫ്ഐയുടെ കടുത്ത സമ്മര്‍ദത്തിന്റെ ഫലമായാണ് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ഫലപ്രഖ്യാപനം വന്ന ദിവസം "എസ്എഫ്ഐയെ തെരുവില്‍ നേരിട്ടുകൊള്ളാം" എന്ന പ്രകോപനപരമായ പത്രക്കുറിപ്പും യുഡിഎസ്എഫ് ഇറക്കിയിരുന്നു. സംഭവത്തില്‍ എസ്എഫ്ഐ കോളേജ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു.

    ReplyDelete
  3. കുറ്റ്യാടി: കക്കട്ട് ടൗണില്‍ ഡിവൈഎഫ്ഐ സ്തൂപവും കൊടിമരവും സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് ഭാഗമായി ടൗണില്‍ സ്ഥാപിച്ച സിപിഐ എമ്മിന്റെ കൂറ്റര്‍ ബോര്‍ഡ് തകര്‍ത്തിട്ടുണ്ട്. ടൗണില്‍ പ്രതിഷേധ പ്രകടനവും തെരുവ് യോഗവും നടന്നു. കെ ടി രാജന്‍ , സുനീഷ് കക്കട്ടില്‍ എന്നിവര്‍ സംസാരിച്ചു.

    ReplyDelete