Wednesday, October 12, 2011

കൊലയാളി അംഗരക്ഷകന് ആശ്രയം സുധാകരന്‍

പെരുമ്പാവൂരില്‍ ബസ്യാത്രക്കിടെ യുവാവിനെ അടിച്ചുകൊന്ന ഗണ്‍മാനെ കെ സുധാകരന്‍ എംപി ന്യായീകരിച്ചു. സതീഷ് കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും തന്റെ ഗണ്‍മാന്‍ ആയതുകൊണ്ടുമാത്രമാണ് കേസില്‍ പ്രതിയായതെന്നുമാണ് സുധാകരന്റെ പ്രതികരണം. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഗണ്‍മാന്മാരെയും സുധാകരന്‍ ഉപയോഗിക്കുന്നുവെന്നതിന് പെരുമ്പാവൂര്‍ സംഭവം തെളിവായി.

കടുത്ത കുറ്റവാസനയും നിരന്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി ശീലവുമുള്ള ഒരാളില്‍നിന്നുമാത്രം ഉണ്ടാകുന്ന നിഷ്ഠുരതയാണ് പെരുമ്പാവൂരിലുണ്ടായത്. കാണാതായ മൊബൈല്‍ ഫോണ്‍ കണ്ടുകിട്ടുകയും പ്രശ്നം അവസാനിക്കുകയും ചെയ്തശേഷം ബോധപൂര്‍വം കുഴപ്പം സൃഷ്ടിച്ച് യുവാവിനെ മര്‍ദ്ദിച്ചുകൊല്ലുകയായിരുന്നുവെന്ന് ബസ് കണ്ടക്ടറുടെ മൊഴിയില്‍നിന്ന് വ്യക്തമാണ്. രഘു എന്ന യുവാവിന്റെ പോക്കറ്റിലുണ്ടായിരുന്ന പതിനായിരം രൂപ പിടിച്ചുവാങ്ങുകയും തല്ലിക്കൊല്ലുകയും ചെയ്തത് കേരള മനഃസാക്ഷിയെ അക്ഷരാര്‍ഥത്തില്‍ നടുക്കി. സുധാകരന്റെ ഗണ്‍മാനും തിരുവനന്തപുരം ഇന്റലിജന്‍സ് സെക്യൂരിറ്റി വിങ്ങിലെ കോണ്‍സ്റ്റബിളുമായ സതീഷും മറ്റൊരാളും ചേര്‍ന്ന് ക്രൂര മര്‍ദനത്തിലൂടെ രഘുവിനെ കൊലപ്പെടുത്തിയതിന് നിരവധി പേര്‍ ദൃക്സാക്ഷികളാണ്. സ്റ്റേഷനില്‍ എത്തിയ സതീഷ്, താന്‍ കെ സുധാകരന്റെ ഗണ്‍മാനാണെന്ന് പരിചയപ്പെടുത്തിയത് എഫ്ഐആര്‍ തയ്യാറാക്കുന്ന ഉദ്യോഗസ്ഥനുള്ള മുന്നറിയിപ്പായി വേണം കരുതാന്‍ . പക്ഷേ, മാധ്യമങ്ങള്‍ മണത്തറിഞ്ഞ് ഉടന്‍ വാര്‍ത്തയാക്കിയതിനാല്‍ പ്രതി ഇപ്പോഴും കസ്റ്റഡിയിലുണ്ട്. നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്ന സുധാകരന്റെ സംരക്ഷണച്ചുമതലയിലായിരുന്നു ഈ ഉദ്യോഗസ്ഥന്‍ .

സായുധരായ അംഗരക്ഷകരെയും അവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ആയുധങ്ങളും സുധാകരന്റെ ക്രിമിനല്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച സന്ദര്‍ഭം നിരവധിയാണ്. പെരുമ്പാവൂരില്‍ പോക്കറ്റടി ആരോപിച്ചാണ് യുവാവിനെ കൊന്നതെങ്കില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മട്ടന്നൂരില്‍ നാല്‍പാടി വാസുവെന്ന പാവപ്പെട്ട കര്‍ഷകത്തൊഴിലാളിയെ വെടിവച്ചുകൊന്നത് ജീപ്പ് ആക്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു. വാസു ജോലികഴിഞ്ഞ് കടയില്‍ ചായകുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുധാകരന്റെ ജാഥ അതുവഴി കടന്നുപോയത്. സംഘര്‍ഷം സൃഷ്ടിക്കാന്‍ കാത്തിരുന്ന സുധാകരസംഘം ജീപ്പില്‍നിന്ന് ചാടിയിറങ്ങി വാസുവിനെ ആക്രമിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച വാസുവിനെ പിന്തുടര്‍ന്ന് വെടിവച്ചു. ജീപ്പ് ആക്രമിച്ചു എന്ന കള്ളക്കഥ മെനയാന്‍ കുറച്ചകലെച്ചെന്ന് ചില്ല് തകര്‍ത്തിട്ടു. മട്ടന്നൂരിലെത്തിയ സുധാകരന്‍ പൊതുയോഗത്തില്‍ പ്രഖ്യാപിച്ചു- "ഞാനൊരുത്തനെ അവിടെ വെടിവച്ചുകൊന്നിട്ടാണ് വരുന്നത്". എഫ്ഐആറില്‍ ഒന്നാം പ്രതി സുധാകരന്‍ . എന്നാല്‍ , ഭരണസ്വാധീനമുപയോഗിച്ച് ഉടനെ കഥ മാറ്റി. ഗണ്‍മാനാണ് ജീവരക്ഷാര്‍ഥം വെടിവച്ചതെന്നാക്കി. എഫ്ഐആര്‍ തിരുത്തി സുധാകരനെ പ്രതിസ്ഥാനത്തുനിന്ന് മാറ്റി. സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന ഒരു നിയമപാലകനെ എങ്ങനെ തന്റെ പിണിയാളാക്കാമെന്ന് അന്നേ സുധാകരന്‍ തെളിയിച്ചു. സുധാകരന്റെ ചില ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തുറന്നുപറഞ്ഞതിനാണ് കണ്ണൂര്‍ ഡിസിസി പ്രസിഡന്റുസ്ഥാനത്തുനിന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്ന് പി രാമകൃഷ്ണനെ ഇറക്കിവിട്ടത്.
(മനോഹരന്‍ മോറായി)

deshabhimani 121011

2 comments:

  1. പെരുമ്പാവൂരില്‍ ബസ്യാത്രക്കിടെ യുവാവിനെ അടിച്ചുകൊന്ന ഗണ്‍മാനെ കെ സുധാകരന്‍ എംപി ന്യായീകരിച്ചു. സതീഷ് കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും തന്റെ ഗണ്‍മാന്‍ ആയതുകൊണ്ടുമാത്രമാണ് കേസില്‍ പ്രതിയായതെന്നുമാണ് സുധാകരന്റെ പ്രതികരണം. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഗണ്‍മാന്മാരെയും സുധാകരന്‍ ഉപയോഗിക്കുന്നുവെന്നതിന് പെരുമ്പാവൂര്‍ സംഭവം തെളിവായി.

    ReplyDelete
  2. ബസ് യാത്രക്കാരനെ തല്ലിക്കൊന്ന കേസില്‍ കെ സുധാകരന്‍ എംപിയുടെ ഗണ്‍മാന്‍ നെയ്യാറ്റിന്‍കര മുടിവിളകംവീട്ടില്‍ സതീഷിനെ സര്‍വീസില്‍ നിന്നും സസ്പെന്റുചെയ്തതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു.കൊല്ലപ്പെട്ട രഘു നിരപരാധിയാണ്. മനുഷ്യക്കുരുതിയാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.രഘു നിരപരാധിയാണെന്ന് ചിറ്റൂര്‍ എംഎല്‍എ അച്യുതനും സഭയില്‍ പറഞ്ഞു

    ReplyDelete