Wednesday, October 12, 2011

ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ ധാര്‍മികാവകാശമില്ല

ചട്ടവിരുദ്ധമായ വിദ്യാര്‍ഥി പ്രവേശനത്തിന് നേരിട്ട് ഇടപെട്ട ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിപദത്തിലിരിക്കാന്‍ ധാര്‍മികാവകാശമില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയിലെ മറ്റൊരു മുഖ്യമന്ത്രിയും ഇങ്ങനെയൊരു നിയമലംഘനം നടത്തിയിട്ടില്ല. നിയമവിരുദ്ധമായ വിദ്യാര്‍ഥി പ്രവേശനത്തിന് താന്‍ തന്നെയാണ് ഉത്തരവാദിയെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലോടെ സമരത്തിന്റെ രാഷ്ട്രീയപ്രസക്തി വര്‍ധിച്ചിരിക്കുകയാണ്.

നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ മെറിറ്റ് പൂര്‍ണമായും അട്ടിമറിച്ചാണ് നിര്‍മല്‍ മാധവിനെ പ്രവേശിപ്പിച്ചത്. ഇതിനെതിരായി തിങ്കളാഴ്ച വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് പൊലീസ് ശ്രമിച്ചത്. എസ്എഫ്ഐ സംസ്ഥാനസെക്രട്ടറി പി ബിജുവിനെ ആസൂത്രിതമായി വകവരുത്താനുള്ള നിന്ദ്യവും ഹീനവുമായ പ്രവര്‍ത്തനമാണ് വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ അരങ്ങേറിയത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പൊതുസമൂഹത്തെയും അണിനിരത്തി ഡിവൈഎഫ്ഐയും എസ്എഫ്ഐയും അനിശ്ചിതകാല ഉപരോധ സമരത്തിന് രൂപംകൊടുത്തത്. ലക്ഷ്യം നേടുന്നതുവരെ സമരം കരുത്തോടെ മുന്നോട്ടുകൊണ്ടുപോവും.

വിദ്യാര്‍ഥികളെ പൊലീസ് വേട്ടയാടിയതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ നടന്ന പ്രകടനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റമുണ്ടായി. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത അനിഷ്ടസംഭവങ്ങള്‍ ഉണ്ടായെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായി. തുടര്‍ന്ന് പാപ്പിനിശേരി കോളേജില്‍ പഠിക്കുന്ന അജ്മല്‍ എന്ന വിദ്യാര്‍ഥിയെ എസ്എഫ്ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായും അറിയിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ കൈയേറ്റത്തില്‍ എസ്എഫ്ഐ സംസ്ഥാനകമ്മിറ്റി അങ്ങേയറ്റം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് സുമേഷ് പറഞ്ഞു.

deshabhimani 121011

1 comment:

  1. ചട്ടവിരുദ്ധമായ വിദ്യാര്‍ഥി പ്രവേശനത്തിന് നേരിട്ട് ഇടപെട്ട ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രിപദത്തിലിരിക്കാന്‍ ധാര്‍മികാവകാശമില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയിലെ മറ്റൊരു മുഖ്യമന്ത്രിയും ഇങ്ങനെയൊരു നിയമലംഘനം നടത്തിയിട്ടില്ല. നിയമവിരുദ്ധമായ വിദ്യാര്‍ഥി പ്രവേശനത്തിന് താന്‍ തന്നെയാണ് ഉത്തരവാദിയെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലോടെ സമരത്തിന്റെ രാഷ്ട്രീയപ്രസക്തി വര്‍ധിച്ചിരിക്കുകയാണ്.

    ReplyDelete