Wednesday, October 12, 2011

നിര്‍മലിന്റെ പ്രവേശനം ചട്ടവിരുദ്ധം: വിദഗ്ധസമിതി

വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് പ്രവേശനം നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ഇതേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് കലക്ടര്‍ പ്രത്യേക ദൂതന്‍ വഴി മുഖ്യമന്ത്രിക്ക് എത്തിച്ചു. ഈ റിപ്പോര്‍ട്ട് പ്രകാരം നിര്‍മലിന് ഏതെങ്കിലും ഒരു സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ ഒഴിവുള്ള സീറ്റില്‍ പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചനയുണ്ട്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി. തെക്കന്‍ ജില്ലകളിലെ ഏതെങ്കിലും കോളേജില്‍ പ്രവേശനം നല്‍കണമെന്ന് നിര്‍മല്‍ അഭ്യര്‍ഥിച്ചതായും അറിയുന്നു. ഹയര്‍ എഡ്യുക്കേഷന്‍ ജോയിന്റ് സെക്രട്ടറിയും എന്‍ട്രന്‍സ് കമീഷണറുടെ പ്രതിനിധിയും ഒഴികെയുള്ള ഏഴുപേര്‍ ചേര്‍ന്ന് മൂന്നിനാണ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

ഇതിനിടെ, റിപ്പോര്‍ട്ട് തിരുത്തിക്കാന്‍ വിദഗ്ധസമിതിയോഗം വീണ്ടും തിങ്കളാഴ്ച വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തില്‍ തനിക്കുകീഴില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥനും സമിതിയംഗവുമായ ഒരാളെക്കൊണ്ട് റിപ്പോര്‍ട്ട് തിരുത്തിക്കാന്‍ കലക്ടര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സമിതിയിലെ മൂന്നംഗങ്ങള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുമെന്നറിഞ്ഞതോടെയാണ് കലക്ടര്‍ പിന്മാറിയത്. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ കലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ സ്വാശ്രയകോളേജില്‍ മാനേജ്മെന്റ് സീറ്റില്‍ ഒന്ന്, രണ്ട് സെമസ്റ്ററുകള്‍ പഠിച്ചശേഷം കേരള സര്‍വകലാശാലയ്ക്കുകീഴിലെ സ്വാശ്രയകോളേജില്‍ സിവില്‍ എന്‍ജിനിയറിങ്ങില്‍ ഒന്നാം സെമസ്റ്ററിനു ചേര്‍ന്ന നിര്‍മലിന് മൂന്നും നാലും സെമസ്റ്ററുകള്‍ ഒഴിവാക്കി വെസ്റ്റ്ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ അഞ്ചാം സെമസ്റ്ററിന് പ്രവേശനം നല്‍കിയത് ശരിയായ കീഴ്വഴക്കമല്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. 2011 ജൂലൈ നാലിന് യൂണിവേഴ്സിറ്റി പുറപ്പെടുവിച്ച നിര്‍മലിന്റെ പ്രവേശന ഉത്തരവില്‍ മൂന്നും നാലും സെമസ്റ്റര്‍ ഇന്റേണല്‍ പരീക്ഷകള്‍ സപ്ലിമെന്ററി ആക്കി നടത്തിക്കൊടുക്കണമെന്ന ആവശ്യം പ്രായോഗികമല്ലെന്നാണ് സമിതി നിര്‍ദേശം. നിര്‍മലിന്റെ ഭാവിയെ കരുതി ഏതെങ്കിലും സ്വാശ്രയ കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ മൂന്നാം സെമസ്റ്ററില്‍ പ്രവേശനം നല്‍കുകയാണ് ഉചിതം.

2009ലെ സംസ്ഥാന എന്‍ജിനിയറിങ് എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റ് പ്രകാരം വെസ്റ്റ്ഹില്‍ കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ജനറല്‍ ക്വോട്ടയില്‍ പ്രവേശനം ലഭിച്ച അവസാന റാങ്ക് 1316 ആണ്. ഈഴവ സംവരണത്തില്‍ റാങ്ക് 5646ഉം ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ കത്തിന്റെ മറവില്‍ പ്രവേശനം നേടിയ നിര്‍മലിന്റെ റാങ്ക് 22,787 ആണെന്നും ചൂണ്ടിക്കാട്ടുന്നു. പലതവണ റിപ്പോര്‍ട്ട് തയ്യാറാക്കിയെങ്കിലും ഇതിനോട് കലക്ടര്‍ യോജിക്കാതിരുന്നതാണ് വൈകാന്‍ ഇടയാക്കിയത്.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിദഗ്ധസമിതിയെ നിയോഗിച്ച കലക്ടര്‍ സമിതിയില്‍ ഇല്ലെങ്കിലും യോഗത്തില്‍ പങ്കെടുക്കുക പതിവായിരുന്നു. കലക്ടറുടെ സാന്നിധ്യത്തില്‍ മാത്രമാണ് യോഗം ചേര്‍ന്നത്. റിപ്പോര്‍ട്ട് അനുകൂലമാക്കാന്‍ പലവിധത്തിലും ഇടപെട്ടു. യോഗം ചേരുന്നതിനിടെ മധ്യകേരളത്തിലെ ഭരണകക്ഷി എംപിയെക്കൊണ്ട് സമിതി അംഗങ്ങളെ ഫോണില്‍ വിളിപ്പിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. നിര്‍മല്‍ കോളേജില്‍ എത്തിയശേഷം 55 പ്രവൃത്തിദിവസങ്ങളില്‍ 24 ദിവസം മാത്രമേ ക്ലാസുണ്ടായുള്ളൂ. ഒരുവിദ്യാര്‍ഥിക്കായി ആയിരത്തിഇരുനൂറോളം വിദ്യാര്‍ഥികളുടെ ഭാവി നഷ്ടപ്പെടുത്താതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ , മുന്‍ രജിസ്ട്രാര്‍ , പ്രിന്‍സിപ്പല്‍ , ഹയര്‍ എഡ്യുക്കേഷന്‍ ജോയിന്റ് സെക്രട്ടറി, ഫാക്കല്‍റ്റി ഓഫ് എന്‍ജിനിയറിങ് കലിക്കറ്റ് സര്‍വകലാശാല, ആര്‍ഡിഒ, എന്‍ട്രന്‍സ് കമീഷണറുടെ പ്രതിനിധി, ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ , കോളേജില്‍നിന്നുള്ള അധ്യാപകപ്രതിനിധി എന്നിവരടങ്ങുന്നതാണ് വിദഗ്ധസമിതി.

നിര്‍മല്‍ മാധവിന്റെ പഠനം സാങ്കേതികസമിതി തീരുമാനിക്കും: ഉമ്മന്‍ചാണ്ടി

നിര്‍മല്‍ മാധവ് പഠിക്കാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് സംവിധാനം ഉണ്ടാക്കിക്കൊടുക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അത് എവിടെ എങ്ങനെ എന്നൊക്കെയുള്ളത് അതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ നിയോഗിച്ച സാങ്കേതികസമിതിയുടെ പൂര്‍ണ സ്വാതന്ത്ര്യത്തിനുവിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സമിതിയുടെ റിപ്പോര്‍ട്ടില്‍ നിര്‍മല്‍ മാധവിന്റെ പ്രവേശനം ചട്ടവിരുദ്ധമാണെന്നാണല്ലോ പറഞ്ഞിരിക്കുന്നത് എന്ന ചോദ്യത്തിന് റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നായിരുന്നു മറുപടി. മനുഷ്യത്വപരമായ സമീപനമാണ് നിര്‍മല്‍ മാധവിനോട് കാണിച്ചത്. പ്രവേശനം കിട്ടിയത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്വാശ്രയകോളേജിലാണ്.ആ സാഹചര്യത്തില്‍ സര്‍ക്കാര്‍ കോളേജില്‍ പ്രവേശനം നല്‍കിയതില്‍ ഒരുതെറ്റുമില്ലെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

deshabhimani 121011

1 comment:

  1. വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് പ്രവേശനം നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് ഇതേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് കലക്ടര്‍ പ്രത്യേക ദൂതന്‍ വഴി മുഖ്യമന്ത്രിക്ക് എത്തിച്ചു. ഈ റിപ്പോര്‍ട്ട് പ്രകാരം നിര്‍മലിന് ഏതെങ്കിലും ഒരു സ്വാശ്രയ എന്‍ജിനിയറിങ് കോളേജില്‍ ഒഴിവുള്ള സീറ്റില്‍ പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചനയുണ്ട്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി. തെക്കന്‍ ജില്ലകളിലെ ഏതെങ്കിലും കോളേജില്‍ പ്രവേശനം നല്‍കണമെന്ന് നിര്‍മല്‍ അഭ്യര്‍ഥിച്ചതായും അറിയുന്നു. ഹയര്‍ എഡ്യുക്കേഷന്‍ ജോയിന്റ് സെക്രട്ടറിയും എന്‍ട്രന്‍സ് കമീഷണറുടെ പ്രതിനിധിയും ഒഴികെയുള്ള ഏഴുപേര്‍ ചേര്‍ന്ന് മൂന്നിനാണ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

    ReplyDelete