Saturday, October 15, 2011

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഗ്രോ വാസുവിനെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

തൃശൂര്‍: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഗ്രോ വാസു ഉള്‍പ്പെടെ ആറ് പൊതുപ്രവര്‍ത്തകരെ പി ഡബ്ല്യൂ ഡി ഗസ്റ്റ്ഹൗസില്‍നിന്നും ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു മലയാളികളും രണ്ട് തമിഴ്‌നാട് സ്വദേശികളും ഒരു കര്‍ണാടക സ്വദേശിയും ഉള്‍പ്പെടെ ആറുപേരേയും ഈസ്റ്റ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ പൊതുപ്രവര്‍ത്തകരാണെന്ന് മനസ്സിലാക്കിയതിനാലും മറ്റു ദുരുദ്ദേശ്യമൊന്നും കണ്ടെത്താന്‍ കഴിയാത്തതിനാലും ഇവരെ പിന്നീട് വിട്ടയച്ചു.

പൊതുപ്രവര്‍ത്തകരായ കെ വേണു, അഡ്വ. പി എ പൗരന്‍, ടി കെ വാസു, ജോയ് കൈതാരത്ത്, അഡ്വ. തുഷാര്‍, മിര്‍ഷാദ് റ ഹ്മാന്‍, ഹസീന എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പൊതുപ്രവര്‍ത്തകരുമായി പൊലീസ് നടത്തിയ ചര്‍ച്ചയിലാണ് കേസെടുക്കാതെ ഇവരെ വിട്ടയച്ചത്. ഗ്രോ വാസു,  അഡ്വ മുരുകന്‍, അഡ്വ കേശവന്‍, റിട്ട. സയന്റിസ്റ്റ് ഗോപാല്‍, അജയന്‍, സുഗതന്‍ എന്നിവരെയാണ് ഇന്നലെ രാവിലെ ആറുമണിയോടെ കസ്റ്റഡിയിലെടുത്തത്.

പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് പ്രവര്‍ത്തകയായ അഡ്വ. ഷൈനയുടെ വലപ്പാടുള്ള വീട്ടില്‍ ഭര്‍ത്താവ് രൂപേഷിനെ അന്വേഷിച്ച് എത്തുന്ന വലപ്പാട് പൊലീസ് അമ്മയേയും പെണ്‍മക്കളേയും നിരന്തരം പീഡിപ്പിക്കുന്നതായി ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഷൈനയുടെ വീട്ടില്‍ പോകാന്‍ വേണ്ടിയാണ് ആറംഗസംഘം എത്തിയത്. ഇതറിഞ്ഞാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഈസ്റ്റ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒരു കേസുമായി ബന്ധപ്പെട്ട് രൂപേഷും ഭാര്യ ഷൈനയും രണ്ടു വര്‍ഷമായി ഒളിവിലാണ്. ഷൊര്‍ണൂരില്‍ തീവണ്ടിയുടെ വാല്‍വ് മുറിച്ചുമാറ്റിയ സംഭവത്തില്‍ രൂപേഷിന്റെ പങ്ക് അന്വേഷണത്തിലാണ്. രൂപേഷിനും കുടുംബത്തിനും അനുകൂലമായി ഇന്നലെ തൃശൂരില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ ഗ്രോ വാസു ഉദ്ദേശിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് എസ് പി സതീഷ്ചന്ദ്രന്‍,സിറ്റി സ്‌പെഷല്‍  ബ്രാഞ്ച് ഡിവൈ എസ് പി എം കെ ഗോപാലകൃഷ്ണന്‍, ഇന്റേണല്‍ സെക്യൂരിറ്റി ഡിവൈ എസ് പി പി വാഹിദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യംചെയ്തത്. പ്രാഥമിക ആവശ്യങ്ങള്‍ നടത്താന്‍പോലും സമ്മതിക്കാതെയാണ് ആറു മണിക്കൂര്‍ തുടര്‍ച്ചയായി പൊലീസ് ചോദ്യം ചെയ്തതെന്ന് കസ്റ്റഡിയില്‍നിന്നും മോചിതനായ ഗ്രോവാസു പറഞ്ഞു.ബോംബ് വെക്കാന്‍ വന്നുവെന്ന് ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തതത്രെ.
ഭീകരതയ്‌ക്കെതിരെ എന്ന പേരില്‍ ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയിലെടുത്ത് ആറ് മണിക്കൂര്‍ തടവില്‍ വെച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് എം എന്‍ രാവുണ്ണി പ്രസ്താവനയില്‍ പറഞ്ഞു.

janayugom 151011

1 comment:

  1. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഗ്രോ വാസു ഉള്‍പ്പെടെ ആറ് പൊതുപ്രവര്‍ത്തകരെ പി ഡബ്ല്യൂ ഡി ഗസ്റ്റ്ഹൗസില്‍നിന്നും ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു മലയാളികളും രണ്ട് തമിഴ്‌നാട് സ്വദേശികളും ഒരു കര്‍ണാടക സ്വദേശിയും ഉള്‍പ്പെടെ ആറുപേരേയും ഈസ്റ്റ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ പൊതുപ്രവര്‍ത്തകരാണെന്ന് മനസ്സിലാക്കിയതിനാലും മറ്റു ദുരുദ്ദേശ്യമൊന്നും കണ്ടെത്താന്‍ കഴിയാത്തതിനാലും ഇവരെ പിന്നീട് വിട്ടയച്ചു.

    ReplyDelete