Thursday, October 13, 2011

നടുക്കുന്ന കാഴ്ചകള്‍

ശ്വാസം നിലയ്ക്കുന്ന കാഴ്ചയായിരുന്നു അത്. ദേശീയ ചാനലുകളും മലയാളം ചാനലുകളും ആ ദൃശ്യം ആവര്‍ത്തിച്ചു കാണിച്ചുകൊണ്ടിരുന്നു. അതോടെ മറ്റെല്ലാ വാര്‍ത്തകളുടെയും ഉരുക്കം ആ ദൃശ്യങ്ങള്‍ കീഴടക്കുകയായിരുന്നു. അഡ്വ പ്രശാന്ത് ഭൂഷണിനുനേരെ രണ്ട് പേര്‍ ഭ്രാന്തമായി നടത്തിയ കയ്യേറ്റം കണ്ടുനില്‍ക്കുമ്പോള്‍ അവിടേയ്ക്ക് ആരും ഓടിയെത്തുന്നില്ലെല്ലോ എന്ന ഉത്ക്കണ്ഠയായിരുന്നു മനസുനിറയെ. സംഭവിക്കേണ്ടതൊക്കെ സംഭവിച്ചു കഴിഞ്ഞപ്പോള്‍ ആളും പൊലീസുമൊക്കെ എത്തി. പക്ഷേ അപ്പോഴേയ്ക്കും പ്രശാന്ത്ഭൂഷണ്‍ ആകെ പരിക്ഷീണനായി കഴിഞ്ഞിരുന്നു.

പത്രപ്രവര്‍ത്തകനായ എന്‍ നരേന്ദ്രന്റെ കഴിഞ്ഞ അനുസ്മരണദിനം. മുഖ്യ പ്രഭാഷകന്‍ പ്രശാന്ത്ഭൂഷണായിരുന്നു. അന്നാണ് അദ്ദേഹത്തെ നേരില്‍ കാണുന്നതും കേള്‍ക്കുന്നതും. അത്രനാളും മാധ്യമങ്ങളിലൂടെ മാത്രമേ പ്രശാന്ത്ഭൂഷണിന്റെ ഇടപെടലുകളെക്കുറിച്ചും, അതിന്റെ ചരിത്ര നിയോഗത്തെക്കുറിച്ചും അറിഞ്ഞിരുന്നുള്ളു. നരേന്ദ്രന്‍ അനുസ്മരണം നടത്താന്‍ പ്രശാന്ത്ഭൂഷണ്‍ വരുന്നതും കാത്ത് തിരുവനന്തപുരം പ്രസ് ക്ലബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാള്‍ നിറയെ സദസ്യരുണ്ടായിരുന്നു. ഇരിക്കാന്‍ ഇടംകിട്ടാതെ നിന്നവരും ഏറെ. എന്തുകൊണ്ടാണ് പ്രശാന്ത്ഭൂഷന്റെ വാക്കുകള്‍ക്കുവേണ്ടി ഇത്രയും തിക്കും തിരക്കുമെന്ന് ആലോചിച്ചിരുന്നു. സദസ്യരില്ലാത്ത സായാഹ്ന സമ്മേളനങ്ങളാണ് ഈ നഗരത്തില്‍ അധികവും നടക്കുന്നത്. അതിനിടയില്‍ ഭൂഷണിന്റെ വാക്കുകള്‍ സൃഷ്ടിച്ച നേരിന്റെയും നെറിയുടെയും ഫലാശ്രുതിയായിരുന്നു അന്നവിടെ കണ്ട സമ്പന്നമായ സദസ്. അവിടെ അദ്ദേഹം ഇന്ത്യന്‍ അവസ്ഥയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാനിടയുള്ളതുമായ ആകുലതകളാണ് പങ്കുവെച്ചത്. ഘനഗംഭീരമായ ശബ്ദമോ അനര്‍ഗളം പ്രയോഗിക്കുന്ന പദവിന്യാസമോ പ്രശാന്ത്ഭൂഷണ് സ്വന്തമായിരുന്നില്ല. എന്നാല്‍ പറയുന്ന കാര്യത്തോടുള്ള ആത്മാര്‍ഥതയും അകളങ്കമായ സത്യസന്ധതയും ആ വാക്കുകള്‍ക്കുണ്ടായിരുന്നു. താന്‍ നടക്കുന്നത് വഴിമാറിയാണെന്നും ഇന്ത്യ ഭരിക്കുന്നവരും ഭരിക്കാന്‍ ആഗ്രഹിക്കുന്നവരും തന്റെ വാക്കുകളോട് നിശബ്ദരാകാന്‍ ഇടയില്ലെന്നും പ്രശാന്ത്ഭൂഷണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഓര്‍മവന്നു.
കൃത്യം ഒരു മണിക്കൂര്‍ കൊണ്ട് പ്രശാന്ത്ഭൂഷണ്‍ പ്രഭാഷണം അവസാനിച്ചു. അദ്ദേഹം പറഞ്ഞ ഓരോ  വാക്കും പ്രതിലോമചിന്തയുമായി ജീവിക്കുന്നവരെ അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ആ ദസില്‍ അങ്ങനെ ആരും എത്തിയിരുന്നില്ല. കാരണം നരേന്ദ്രന്റെ സുഹൃത്തുക്കളായിരുന്നു അവിടെവന്നവരില്‍ ഏറെപ്പേരും. പ്രശാന്ത്ഭൂഷണ്‍ പറയുന്നതിന്റെ നഗ്നയാഥാര്‍ഥ്യങ്ങള്‍ വകതിരിവോടെ മനസിലാക്കുന്നവരായിരുന്നു അവര്‍.

ഇന്നലെ പ്രശാന്ത്ഭൂഷണിനുനേരെ ശ്രീരാമസേനക്കാരാണ് ദില്ലിയില്‍ കയ്യേറ്റം നടത്തിയതെന്ന് ഏതാണ്ട് വ്യക്തമാക്കിയിട്ടുണ്ട്. അതിനുമുമ്പ് ഭഗത്‌സിംഗ് ക്രാന്തിസേനക്കാരാണ് അക്രമം നടത്തിയതെന്ന് ആദ്യം വാര്‍ത്ത വന്നപ്പോള്‍ ആകെ അമ്പരന്നുപോയി. ക്രാന്തിസേന അങ്ങനെ ചെയ്യില്ല എന്ന തോന്നലില്‍ നിന്നുള്ള അമ്പരപ്പായിരുന്നില്ല അത്. മറിച്ച് ഇതുപോലുള്ള സാമൂഹ്യവിരുദ്ധ ശക്തികള്‍ ഭഗത്‌സിംഗിന്റെ പേര് എത്രമാത്രം ദുരുപയോഗം ചെയ്യുന്നു എന്ന ഖേദമായിരുന്നു പലര്‍ക്കുമുണ്ടായത്.

കശ്മീര്‍ പ്രശ്‌നത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് രണ്ട് സാമൂഹ്യവിരുദ്ധരായ ചെറുപ്പക്കാര്‍ പ്രശാന്ത്ഭൂഷണെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. അവര്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ കടന്നുചെന്ന് കസേരയില്‍ നിന്നും വലിച്ചു നിലത്തിട്ട് മാരകമായി ആക്രമിച്ചു. ആ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ദില്ലിയില്‍ സുരക്ഷിതത്വം എത്രമാത്രം തുച്ഛമാണെന്നു തോന്നിപ്പോയി.
പ്രശാന്ത്ഭൂഷണെ സംരക്ഷിക്കാന്‍ ആര്‍ക്കാണ് അവിടെ നേരം? കോടികള്‍ കുന്നുകൂട്ടുന്നതിനുള്ള കൂട്ടയോട്ടം നടത്തുന്നവരാണല്ലോ അവിടെ അധികവും.

കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതില്‍ എന്താണ് തെറ്റ്? അതില്‍ തന്റെ മൗലികമായ അഭിപ്രായം പ്രശാന്ത് പറഞ്ഞതില്‍ എന്തിനാണ് ചിലര്‍ രോഷം കൊള്ളുന്നത്. സത്യം വിളിച്ചുപറയുന്നവരോട് പ്രതിലോമ സേനകള്‍ എന്നും ഇങ്ങനെയൊക്കെയാണ് പെരുമാറിയിട്ടുള്ളതെന്ന് ചരിത്രം നമ്മെ വീണ്ടും ഓര്‍മപ്പെടുത്തുന്നു.

സി അനൂപ് janayugom 131011

1 comment:

  1. കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതില്‍ എന്താണ് തെറ്റ്? അതില്‍ തന്റെ മൗലികമായ അഭിപ്രായം പ്രശാന്ത് പറഞ്ഞതില്‍ എന്തിനാണ് ചിലര്‍ രോഷം കൊള്ളുന്നത്. സത്യം വിളിച്ചുപറയുന്നവരോട് പ്രതിലോമ സേനകള്‍ എന്നും ഇങ്ങനെയൊക്കെയാണ് പെരുമാറിയിട്ടുള്ളതെന്ന് ചരിത്രം നമ്മെ വീണ്ടും ഓര്‍മപ്പെടുത്തുന്നു.

    ReplyDelete