Thursday, October 13, 2011

അടി, വെടി, തൊഴി... നിക്ഷേപ സൗഹൃദാന്തരീക്ഷം തന്നെ!

കഥ, തിരക്കഥ, സംഭാഷണം, ചിത്രസംയോജനം, കാമറ, സ്റ്റണ്ട്, വസ്ത്രാലങ്കാരം- ഉമ്മന്‍ചാണ്ടി. യു ഡി എഫ് സര്‍ക്കാരിന്റെ ടൈറ്റില്‍ സീന്‍ മുഴുവനായി ഉമ്മന്‍ചാണ്ടി കയ്യടക്കിയെന്നതാണ് സഭയിലെ പ്രധാന ചര്‍ച്ചാവിഷയം. ഇനി ഏതെങ്കിലും മേഖലയില്‍ ഉമ്മന്‍ചാണ്ടി കൈവയ്ക്കാനുണ്ടോ എന്നാണ് രാജു എബ്രഹാമിന് അറിയേണ്ടത്. ഉമ്മന്‍ചാണ്ടി സഭയിലിരിക്കുന്നതുകാണുമ്പോള്‍ ദശാവതാരം സിനിമയിലെ കമലാഹാസനെയാണ് ടി വി രാജേഷിന് ഓര്‍മവരുന്നത്. സഹപ്രവര്‍ത്തകരുടെ കഴിവിലുള്ള പൂര്‍ണ വിശ്വാസമാണ് ഉമ്മന്‍ചാണ്ടി പ്രകടമാക്കുന്നതെന്ന് ഇവര്‍ രണ്ടുപേര്‍ക്കും അറിയില്ലെന്ന് തോന്നുന്നു.

ജനകീയ പൊലീസില്‍നിന്ന് മൃഗീയ പൊലീസിലേക്കുള്ള പരിണാമമാണ് ഇന്നലെയും അടിയന്തരപ്രമേയത്തിന് വിഷയമായത്. കഴിഞ്ഞ ദിവസം രാധാകൃഷ്ണപിള്ളയുടെ 'വെടി'യാണ് ഇറങ്ങിപ്പോക്കില്‍ കലാശിച്ചതെങ്കില്‍ പെരുമ്പാവൂരില്‍ മോഷണക്കുറ്റമാരോപിച്ച് ബസ് യാത്രികനെ തല്ലിക്കൊന്ന വിഷയമാണ് പ്രതിപക്ഷം ഉന്നയിച്ചത്. തന്റെ ഗണ്‍മാന്‍ നിരപരാധിയാണെന്ന് ബസ് യാത്രികന് രഘുവിന്റെ ശവസംസ്‌കാരത്തിന് മുമ്പ് തന്നെ കെ സുധാകരന്‍ എം പി വിളിച്ചുപറഞ്ഞതാണ് ചര്‍ച്ചയ്ക്ക് എരിവും പുളിയും പകര്‍ന്നത്. 'പലര്‍ക്കും ഗണ്‍മാനുണ്ട്, സുധാകരന്റ ഗണ്‍മാന്‍മാര്‍ മാത്രം എന്താ ഇങ്ങനെ, മുമ്പ് നാല്‍പാടി വാസു, ഇപ്പോള്‍ ബസ് യാത്രികന്‍ രഘു' -സാജുപോളിന് ഇക്കാര്യമാണ് ഒരു പിടിയുംകിട്ടാത്തത്. സംസര്‍ഗദോഷം എന്നൊന്നുണ്ടെന്ന് ടി വി രാജേഷ് സാജുപോളിന് പറഞ്ഞുകൊടുത്തു. ബസ് യാത്രികനെ ഇല്ലാത്ത മോഷണശ്രമമാരോപിച്ച് തല്ലിക്കൊന്നതിലല്ല. ഇതെല്ലാം പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡില്‍ ആള്‍ക്കാര്‍ കൂട്ടംകൂടി നോക്കിനിന്നതാണ് ഉമ്മന്‍ചാണ്ടിയെ ദു:ഖിപ്പിക്കുന്നത്.

പ്രതിപക്ഷത്തിന് ഇന്നലെ രണ്ട് തവണ സഭയില്‍ നിന്നിറങ്ങി പോകേണ്ടി വന്നു. ആദ്യം അടിയന്തരപ്രമേയവേളയിലും പിന്നീട് രാധാകൃഷണപിള്ളയുടെ വെടിവയ്പുമായി ബന്ധപ്പെട്ട വി എസിന്റെ സബ്മിഷന്‍ വേളയിലും. ഡി ജി പിയുടെ റിപ്പോര്‍ട്ട് കിട്ടിയില്ല. ഡി ഐ ജി, എ ഡി ജി പി, കാഞ്ഞങ്ങാട് സംഘര്‍ഷം എന്നൊക്കെ പറഞ്ഞ് രക്ഷപ്പെടാനായിരുന്നു ഇന്നലെ ഉമ്മന്‍ചാണ്ടിയുടെ ശ്രമം.

എക്കാലവും മാധ്യമപ്രവര്‍ത്തകരോട് അകമഴിഞ്ഞ സ്‌നേഹമാണ് പി സി വിഷ്ണുനാഥിനുള്ളത്. കെ എസ് യുക്കാരെ കയ്യ്‌വച്ചാലും വിഷ്ണുനാഥ് സഹിക്കും. പക്ഷെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈ പൊങ്ങിയാല്‍ അത് കയ്യും കെട്ടി നോക്കിയിരിക്കാന്‍ വിഷ്ണുവിനെ കിട്ടില്ല. മന്ത്രി പി ജെ ജോസഫ് ആളാകെ മാറിപോയെന്നാണ് എ എം ആരിഫിന് തോന്നുന്നത്. വലതുപക്ഷത്തേക്ക് മാറിയപ്പോള്‍ ജോസഫ് പുലിയില്‍ നിന്ന് എലിയായോ എന്നാണ് സംശയം.

മഴനിഴല്‍ പ്രദേശമായതിനാല്‍ ചിറ്റൂരില്‍ തമിഴ് മഴയും മലയാള മഴയും കിട്ടാത്തതാണ് അച്യുതനെ വിഷമിപ്പിക്കുന്നത്. പക്ഷെ ഒരു കാര്യത്തില്‍ അച്യുതന് അഭിമാനമുണ്ട്, കേരളത്തിന് നല്ല കള്ള് സപ്ലേ ചെയ്യുന്നത് ചിറ്റൂരില്‍ നിന്നാണെന്നതില്‍. മൂലത്തറ ആര്‍ ബി കനാല്‍ വേലന്താളം വരെ നീട്ടിയാല്‍ ഈ സര്‍ക്കാര്‍ അഞ്ചുകൊല്ലം പൂര്‍ത്തിയാക്കുമെന്ന് അച്യുതപ്രചനം. ഇല്ലെങ്കില്‍ ..... എന്തായിരിക്കുമെന്ന് ഓര്‍ത്ത് ഉമ്മന്‍ചാണ്ടി തല പുകയ്ക്കട്ടെ.

ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്കിടെ ഒന്നാന്തരം കവിയരങ്ങിനും സഭ വേദിയായി. ചങ്ങമ്പുഴയുടെ ജന്മശതാബ്ദി എല്ലാരും മറന്നുപോയി എന്നത് എന്‍ ജയരാജിന് ചെറുതൊന്നുമല്ല വിഷമിപ്പിച്ചത്. 'എവിടെ തിരിഞ്ഞൊന്നു നോക്കിയാലും... 'ചങ്ങമ്പുഴയുടെ നാലുവരി ജയരാജ് പാടി. ഇതു കേട്ടാല്‍ ജി സുധാകരന് അടങ്ങിയിരിക്കാനാകുമോ. ചങ്ങമ്പുഴയുടെ ജന്മശതാബ്ദി മറന്നുപോയ സാംസ്‌കാരിക വകുപ്പിലെ പണ്ഡിത മണ്ഡൂകങ്ങള്‍ക്കായി സുധാകരന്റെ ശകാരം. കാനനചോലയില്‍ ആടുമേയ്ക്കാന്‍ കൂടെ വരട്ടയോ എന്നാണ് ചന്ദ്രിക രമണനോട് ചോദിച്ചത്. നിഷകളങ്കനായ രണമന്‍ ഇന്നു വേണ്ട, ഇന്നുവേണ്ട എന്നാണ് പറഞ്ഞത്. സംഭവം ഇന്നാണെങ്കിലോ . പെണ്‍വാണിഭക്കാര്‍ നീ ഇങ്ങ് പോര്... എന്ന് പറഞ്ഞ് കൊണ്ടുപോകുമെന്നാണ് സുധാകരന് പറയാനുള്ളത്. ഈ സമയം സ്പീക്കറുടെ ചെയറില്‍ ഇരുന്ന പാലോട് രവിയും വിട്ടുകൊടുത്തില്ല. രണ്ടുവരി ചങ്ങമ്പുഴ കവിത തൊടുത്തു. എം എ ബേബിയുടെ കവിമനസും ഉണര്‍ന്നു. ഇതെല്ലാം കൂടിയായപ്പോള്‍ ഈ കപടലോകത്തില്‍ അല്‍പം ആത്മാര്‍ഥമായ ഹൃദയം ഉണ്ടായതാണ് തന്റെ പരാജയമെന്നായി ജയരാജ്. 

യു ഡി എഫുകാര്‍ പറഞ്ഞതുകേട്ട് തുള്ളുന്ന രാധാകൃഷ്ണപിള്ളയ്ക്കും റൗഫിന്റെ ഗതിവരുമെന്നാണ് ലതികയ്ക്ക് ഓര്‍മിപ്പിക്കാനുള്ളത്. അഴിമതിയും പെണ്‍വാണിഭവുമാണ് മന്ത്രിയാകാനുള്ള യോഗ്യത എന്നായി ലതിക. ഈ രണ്ട് ഡിഗ്രിയും എടുക്കാത്തതിനാലാകണം കെ ബാബു ക്രമപ്രശ്‌നം ഉന്നയിച്ചു. സഭാ രേഖയില്‍ ഇവ ഉണ്ടാകില്ലെന്ന് ചെയര്‍ അറിയിച്ചതോടെ ഭരണപക്ഷം അടങ്ങി. ലീഗിലെ എന്‍ ഡി എഫ് വിഭാഗമാണ് കുറ്റിയാടിയിലെയും നാദാപുരത്തെയും ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്നത്. സുധാകരന് എതിരെ പോലും ഒന്നും മിണ്ടാന്‍ കവിയാത്ത സ്ഥിതിയാണ് ഉമ്മന്‍ചാണ്ടിക്കുള്ളത്. സുധാകരനെതിരെ വല്ലതും നാവില്‍നിന്നും വന്നാല്‍ സണ്ണിജോസഫും അബ്ദുള്ളക്കുട്ടിയും പൊടിയും തട്ടിപോകും. അതോടെ സര്‍ക്കാര്‍ വീഴുമെന്ന പരമരഹസ്യവും ലതിക പുറത്തുവിട്ടു.

ഗാന്ധി കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി കോര്‍പ്പറേറ്റ് കോണ്‍ഗ്രസാക്കി മാറ്റിയെന്നാണ് ടി വി രാജേഷിന് തോന്നുന്നത്. അടി, ഇടി, വെടി, തൊഴി തുടങ്ങി എന്തുകൊണ്ടും നിക്ഷേപ സൗഹൃദാന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് രാജേഷിന് ഉറപ്പായിട്ടുണ്ട്. ടി എന്‍ പ്രതാപന് കുട്ടനാട് പാക്കേജ് തര്‍ക്കങ്ങളൊന്നുമില്ലാതെ നടപ്പാക്കണമെന്ന ആഗ്രഹമേ ഉള്ളൂ. സര്‍ക്കാരിന് 'പിള്ള' ദോഷമാണെന്നാണ് കവടി നിരത്തിയപ്പോള്‍ രാജു എബ്രഹാം കണ്ടത്. കടയ്ക്കല്‍ ജ്യോത്സ്യന്റെ കയ്യില്‍ ഇതിനുള്ള പ്രതിവിധി കണ്ടാലായി.

രാജേഷ് വെമ്പായം janayugom 131011

1 comment:

  1. കഥ, തിരക്കഥ, സംഭാഷണം, ചിത്രസംയോജനം, കാമറ, സ്റ്റണ്ട്, വസ്ത്രാലങ്കാരം- ഉമ്മന്‍ചാണ്ടി. യു ഡി എഫ് സര്‍ക്കാരിന്റെ ടൈറ്റില്‍ സീന്‍ മുഴുവനായി ഉമ്മന്‍ചാണ്ടി കയ്യടക്കിയെന്നതാണ് സഭയിലെ പ്രധാന ചര്‍ച്ചാവിഷയം. ഇനി ഏതെങ്കിലും മേഖലയില്‍ ഉമ്മന്‍ചാണ്ടി കൈവയ്ക്കാനുണ്ടോ എന്നാണ് രാജു എബ്രഹാമിന് അറിയേണ്ടത്. ഉമ്മന്‍ചാണ്ടി സഭയിലിരിക്കുന്നതുകാണുമ്പോള്‍ ദശാവതാരം സിനിമയിലെ കമലാഹാസനെയാണ് ടി വി രാജേഷിന് ഓര്‍മവരുന്നത്. സഹപ്രവര്‍ത്തകരുടെ കഴിവിലുള്ള പൂര്‍ണ വിശ്വാസമാണ് ഉമ്മന്‍ചാണ്ടി പ്രകടമാക്കുന്നതെന്ന് ഇവര്‍ രണ്ടുപേര്‍ക്കും അറിയില്ലെന്ന് തോന്നുന്നു.

    ReplyDelete