Thursday, October 13, 2011

അദ്വാനി രഥമേറുമ്പോള്‍...

ബീഹാറിലെ സിതാബ്ദിയാരയില്‍ നിന്ന് ലാല്‍ കിഷന്‍ അദ്വാനി വീണ്ടും രഥമേറി. 38 ദിവസംകൊണ്ട് 23 സംസ്ഥാനങ്ങളിലൂടെ 7600 കിലോ മീറ്റര്‍ സഞ്ചരിക്കാനാണ് ഇക്കുറി അദ്ദേഹത്തിന്റെ പുറപ്പാട്. വെബ്‌സൈറ്റും എസ് എം എസും ട്വിറ്ററും റിംഗ്‌ടോണും എന്നുവേണ്ട ആധുനിക വിവരസാങ്കേതിക വിദ്യയുടെ സാധ്യതകളെല്ലാം തന്റെ പ്രതിച്ഛായാ നിര്‍മാണയാത്രയ്ക്ക് അകമ്പടിയായുണ്ടാകുമെന്ന് അദ്വാനി ഉറപ്പാക്കിയിട്ടുണ്ട്. അഴിമതിക്കെതിരാണെന്നു പ്രചരിപ്പിക്കപ്പെടുന്ന ഈ 'ഉന്ന'മുള്ള രാഷ്ട്രീയ ദൗത്യത്തിന് അദ്വാനി ആന്‍ഡ് കമ്പനി നല്‍കിയിരിക്കുന്നപേര് 'ചേതനായാത്ര' എന്നാണ്. ആരുടെ ചേതന, എന്തിന്റെ ചേതന, എന്തിനുവേണ്ടിയുള്ള ചേതന തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം  പ്രസക്തിയുണ്ടെങ്കിലും തന്റെ കഥയില്‍ അത്തരം ചോദ്യങ്ങളൊന്നും വേണ്ടെന്നമട്ടിലാണ് രഥയാത്രാ സംഘതലവന്റെ നില്‍പ്. ജയപ്രകാശ് നാരായണന്റെ ജന്മസ്ഥലമെന്ന കാരണത്താലാണത്രെ സിതാബ്ദിയാര രഥയാത്രയുടെ ഉദ്ഘാടന സ്ഥലമായത്.

അഴിമതിക്കും കള്ളപ്പണത്തിനുമെതിരെയെന്നു പറയപ്പെടുമ്പോഴും അദ്വാനിയുടെ ലക്ഷ്യം ഡല്‍ഹിയാണ്. അവിടത്തെ ആ ചുവന്ന കെട്ടിടത്തിലെ പ്രധാനമന്ത്രിയുടെ കസേര! അദ്വാനിയെ സംബന്ധിച്ച് അതൊരു ആജന്മ സ്വപ്നമാണ്. ഇതിനുമുമ്പ് വാജ്‌പെയ് തട്ടിതെറിപ്പിച്ച സ്വപ്നം! ഇപ്പോള്‍ നരേന്ദ്രമോഡി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സ്വപ്നം! ആ സ്വപ്നങ്ങള്‍ ചിറകുവിരിച്ച സ്വര്‍ണതേരിലായിരിക്കും ഇനിയങ്ങോട്ട് 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ അദ്വാനിയുടെ മനോരഥം സഞ്ചരിക്കുക. ഇപ്പോഴത്തെ സഞ്ചാരത്തെ അതിന്റെ റിഹേഴ്‌സലായിട്ടാണ് സംഘപരിവാറിലെ അദ്വാനിപക്ഷം കാണുന്നത്. അതുകൊണ്ടുതന്നെ ഈ രഥയാത്രയുടെ മുമ്പില്‍ നെറ്റിചുളിച്ചു നില്‍ക്കുന്ന ഒരു വിരുദ്ധപക്ഷവും സംഘപരിവാറിലുണ്ട്. അതിന്റെ നായകന്‍ നരേന്ദ്രമോഡിയാണ്. ഗുജറാത്തില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കു അധികാര ലബ്ധിയുടെ വഴിവെട്ടാന്‍ ശ്രമിക്കുന്ന സാക്ഷാല്‍ നരേന്ദ്രമോഡി. ചേതന എന്ന് അദ്വാനി പേരിട്ടതിനെയെല്ലാം സദ്ഭാവന എന്നാണ് മോഡി വിളിക്കുന്നത്. പേരുകള്‍ രണ്ടാണെങ്കിലും ഇരുവരുടെയും താല്‍പര്യം ഒന്നുതന്നെയാണ്. മാതൃരാജ്യത്തിന്റെ മതേതര അടിത്തറ തകര്‍ത്ത് അവിടെ മതരാഷ്ട്രവാദത്തിന്റെ ആണിക്കല്ല് സ്ഥാപിക്കുക, ഈ മഹത്തായ നാടിന് ഒരിക്കലും പൊറുക്കാന്‍ കഴിയാത്ത വിഷലിപ്ത ലക്ഷ്യങ്ങളുമായാണ് സംഘപരിവാറിലെ വിരുദ്ധ ധ്രുവങ്ങളിലായി അദ്വാനിയും മോഡിയും നില്‍ക്കുന്നത്. അവര്‍ ഇരുവരും നയിക്കുന്ന അഭിനവ മഹാഭാരതയുദ്ധം ബി ജെ പിയിലും സംഘപരിവാറിലും ആരംഭിച്ചു കഴിഞ്ഞു. അതില്‍ പക്ഷെ, ധര്‍മത്തിന്റെ പക്ഷമില്ല. അധര്‍മത്തിന്റെയും അനീതിയുടെയും അക്രമത്തിന്റെയും അക്ഷൗഹിണികളെ അണിനിരത്തിയാണ് അദ്വാനിയുടെയും മോഡിയുടെയും പോര് മുറുകാന്‍ പോകുന്നത്.

അദ്വാനിയുടെ യാത്രയിലുടനീളം മോഡിയുടെയും കൂട്ടാളികളുടെയും നീരസം നിഴല്‍പരത്തുമെന്നുറപ്പാണ്. അത് എവിടെയെങ്കിലും പൊട്ടിത്തെറിക്കുമോ എന്നുമാത്രമേ നോക്കേണ്ടതുള്ളു. അദ്വാനിക്കു രാഷ്ട്രീയ മോഹങ്ങളില്ലെന്ന് ആണയിടീക്കുന്നതില്‍ ഇതിനോടകം മോഡിപക്ഷം വിജയിച്ചു. മഹാഭാരതത്തിലെ തന്നെ 'അശ്വഥാമാഹത; കുഞ്ഞ്ചര'' എന്ന പ്രസ്താവനയോടുമാത്രമേ ആ  ആണയിടീലിനെ അനുബന്ധപ്പെടുത്താന്‍ കഴിയൂ. ഈ ചേതനായാത്രയിലും അതിനുമുമ്പും പിമ്പും എല്ലാം അദ്വാനിക്ക് രാഷ്ട്രീയമോഹം മാത്രമേ ഉള്ളൂ. ഗുജറാത്തിലെ വംശഹത്യയുടെ ദിനങ്ങള്‍ മുതല്‍ സംഘപരിവാറിന്റെ ഉദയതാരമായ മോഡിക്ക് ഇത് അറിയുകയും ചെയ്യാം. അവര്‍ തമ്മിലുള്ള വിചിത്രബന്ധത്തിലെ യുദ്ധപര്‍വത്തിന്റെ ഞാണൊലിയാണ് ഡിതാബ്ദിയാരയില്‍ കഴിഞ്ഞ ദിവസം മുഴങ്ങിയത്.

അദ്വാനിയുടെ രഥയാത്രയ്ക്ക് തുടക്കം കുറിച്ചതാരാണ്? മോഡിയോട് ബദ്ധശത്രുത പരസ്യമായി പ്രഖ്യാപിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍! അതുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ മുറുകിയപ്പോള്‍ ബി ജെ പി നേതാക്കളെല്ലാം അണിനിരക്കുക ഉദ്ഘാടനാനന്തര  വേദികളിലായിരിക്കുമെന്ന വിശദീകരണമാണുണ്ടായത്. എന്നാല്‍ ഉദ്ഘാടന വേദിയില്‍ തന്നെ അദ്വാനിക്കും നിതീഷ് കുമാറിനുമൊപ്പം സുഷമാ സ്വരാജും അരുണ്‍ജയ്റ്റ്‌ലിയും ചിരിതൂകി നില്‍ക്കുന്ന കാഴ്ച ജനങ്ങള്‍ കണ്ടും. ആ ചിരി തൂകിയവരിലാരെയെങ്കിലും നോക്കി ''ബ്രൂട്ടസേ, നീയും'' എന്ന മട്ടില്‍ അദ്വാനിക്കു നാളെ സംസാരിക്കേണ്ടിവരുമോ എന്ന ചോദ്യം പരിവാര്‍ ഉപശാഖകളില്‍ മുഴങ്ങുന്നുണ്ടാകണം.

അഴിമതിയും കള്ളപ്പണവും വിലക്കയറ്റവും കൊണ്ട് ഇന്ത്യന്‍ ജനത പൊറുതിമുട്ടി എന്നത് സത്യമാണ്. അവയുടെ മുമ്പില്‍ കൈകൂപ്പി നിന്ന് ചൂഷക പ്രമാണിമാര്‍ക്ക് വിടുവേല ചെയ്യുന്ന യു പി എ ഭരണത്തോട് അവര്‍ക്ക് അമര്‍ഷമുണ്ട് എന്നതും സത്യമാണ്. ഇന്നത്തെ കെടുതിയില്‍ നിന്ന് ജനങ്ങള്‍ക്ക് മോക്ഷം നല്‍കാമെന്ന ബി ജെ പിയുടെ മോഹനമന്ത്രം പക്ഷേ ജനങ്ങള്‍ക്ക് വിശ്വസിക്കാനാകില്ല. മുമ്പ് കേന്ദ്രത്തില്‍ ഭരണം കൈയ്യാളിയപ്പോഴും ഇപ്പോള്‍ ഏതാനും സംസ്ഥാനങ്ങളില്‍ ഭരണം നടത്തുമ്പോഴും ബി ജെ പിയുടെ തനിനിറം ജനങ്ങള്‍ അനുഭവിച്ചറിഞ്ഞതാണ്. വ്യത്യസ്തമായ പാര്‍ട്ടി എന്ന ബി ജെ പിയുടെ അവകാശവാദം വെള്ളം ചേര്‍ക്കാത്ത നുണയാണ്. കോണ്‍ഗ്രസിന്റെ മുഖമുദ്രയായ ജനദ്രോഹ നയങ്ങളെല്ലാം ബി ജെ പിയുടേതുമാണ്. ദശാബ്ദങ്ങള്‍ കൊണ്ടാണ് കോണ്‍ഗ്രസ് അഴിമതിയില്‍ ആപാദചൂഢം മുങ്ങിയതെങ്കില്‍ ശരവേഗതയില്‍ ഏതാനും വര്‍ഷം കൊണ്ട് ബി ജെ പി കോണ്‍ഗ്രസിനൊപ്പമെത്തി. ഇത് യാദൃശ്ചികമല്ലെന്ന് രാഷ്ട്രീയ മീമാംസയുടെ അടിസ്ഥാനപാഠങ്ങള്‍ നമുക്കു പറഞ്ഞുതരുന്നു.

രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്നത് വര്‍ഗതാല്‍പര്യങ്ങളും വര്‍ഗനയങ്ങളുമാണ്. അവയുടെ സാമ്പത്തിക-രാഷ്ട്രീയ-വിദേശനയ സമീപനങ്ങളെല്ലാം രൂപംകൊള്ളുന്നത് വര്‍ഗതാല്‍പര്യങ്ങളില്‍  നിന്നാണ്. അങ്ങനെ നോക്കിയാല്‍ കോണ്‍ഗ്രസും ബി ജെ പിയും ഒരേ തൂവല്‍പക്ഷികളാണ്! അഴിമതിക്കും കള്ളപ്പണത്തിനും കുടപിടിക്കുന്ന ചൂഷക വര്‍ഗത്തിനുവേണ്ടി അവര്‍ ഒന്നിച്ചു പറക്കും. പരസ്പരം പഴിചാരുമ്പോഴും അക്കൂട്ടരുടെ ചിറകില്‍ നിന്ന് ചൂഷകവര്‍ഗ മേലാളന്മാര്‍ കണ്ണിറുക്കുകയാണ്. ആ യജമാനന്മാരുടെ താളത്തിനൊപ്പം മാത്രമേ ബി ജെ പിക്കും കോണ്‍ഗ്രസിനും പാദങ്ങള്‍ ചലിപ്പിക്കാന്‍ കഴിയൂ. ആ വിശ്വസ്ത വിനീത വിധേയത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ കണക്കില്‍ എഴുതപ്പെട്ടതെല്ലാം ബി ജെ പിയുടെ കണക്കിലും എഴുതപ്പെടാവുന്നതാണ്.

അദ്വാനിയോടു മാധ്യമങ്ങള്‍ ചോദിച്ചു: ''താങ്കളുടെ ചേതനായാത്ര ബെല്ലാരിയില്‍ പോകുമോ?'' ബി ജെ പിയുടെ 'കിംഗ് മേക്കേഴ്‌സ്' ആയ റെഡ്ഢി സഹോദരന്മാര്‍ പതിനായിരക്കണക്കിന് ഏക്കര്‍ വനഭൂമി ഖനികളാക്കിയതിന്റെ കേന്ദ്രമാണ് ബെല്ലാരി. അദ്വാനിയുടെ മറുപടി ഒരു പുഴുങ്ങിയ ചിരിയായിരുന്നു! ആ ചിരിയും കൊണ്ട് രഥമേറുന്ന അദ്വാനിക്ക് അഴിമതിയും കള്ളപ്പണവും തടയാന്‍ കഴിയുകയില്ല. അമേരിക്കയിലടക്കം ലോകത്തെല്ലായിടത്തും ജനങ്ങളാല്‍ വെല്ലുവിളിക്കപ്പെടുന്ന 'ആഗോളവല്‍ക്കരണ പകല്‍കൊള്ള'യുടെ ഇന്ത്യന്‍ കാര്യസ്ഥന്മാരാണ് കോണ്‍ഗ്രസും ബി ജെ പിയും. ഇത് ജനങ്ങളില്‍ നിന്നു മൂടിവയ്ക്കാന്‍ ഏറെക്കാലമായി നടന്നുവരുന്ന നാടകത്തിന്റെ ഒരധ്യായമാണ് ഈ രഥയാത്ര! മോഡിയോടു കണക്കു പറയാന്‍ അതു അദ്വാനിയെ സഹായിച്ചേക്കാം. രാമക്ഷേത്രയാത്ര മുതല്‍ ഇടയ്ക്കിടെ നടക്കുന്ന അദ്വാനിയാത്രകള്‍ കണ്ടുമടുത്ത ജനങ്ങള്‍ ഈ പ്രചാരണ ധാരാളിത്തത്തില്‍ വഞ്ചിതരാവില്ല. അവര്‍ക്കും വേണ്ടതു മതേതരത്വം പുലരുന്ന അഴിമതി കൊടികുത്താത്ത, കള്ളപ്പണക്കാരെ തളയ്ക്കുന്ന പുതിയ ഇന്ത്യയാണ്. മഹാഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനതയോട് വര്‍ഗപരമായ കൂറുള്ള ഇടതുപക്ഷ ശക്തികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മാത്രമേ ആ അന്വേഷണത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയും

janayugom editorial 131011

2 comments:

  1. അദ്വാനിയോടു മാധ്യമങ്ങള്‍ ചോദിച്ചു: ''താങ്കളുടെ ചേതനായാത്ര ബെല്ലാരിയില്‍ പോകുമോ?'' ബി ജെ പിയുടെ 'കിംഗ് മേക്കേഴ്‌സ്' ആയ റെഡ്ഢി സഹോദരന്മാര്‍ പതിനായിരക്കണക്കിന് ഏക്കര്‍ വനഭൂമി ഖനികളാക്കിയതിന്റെ കേന്ദ്രമാണ് ബെല്ലാരി. അദ്വാനിയുടെ മറുപടി ഒരു പുഴുങ്ങിയ ചിരിയായിരുന്നു!

    ReplyDelete
  2. അഴിമതിക്കെതിരെ ബിജെപി നേതാവ് എല്‍ കെ അദ്വാനി നടത്തിയ ജനചേതനായാത്ര സമാപിച്ചു. അഴിമതിയാരോപണങ്ങളുടെ മുന സ്വന്തം പാര്‍ടിക്കുനേരെ നീണ്ടതോടെ നിറംമങ്ങിയ യാത്ര ഞായറാഴ്ച രാംലീലാമൈതാനിയിലാണ് സമാപിച്ചത്. ബിജെപിയുടെയും എന്‍ഡിഎയുടെയും നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സമാപനം. തങ്ങള്‍ക്ക് വിദേശബാങ്കുകളില്‍ അക്കൗണ്ടില്ലെന്നും അഴിമതിയിലൂടെ പണം സമ്പാദിച്ചിട്ടില്ലെന്നും ബിജെപി എംപിമാര്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സത്യവാങ്മൂലം എഴുതിവായിക്കുമെന്ന് സമാപനപ്രസംഗത്തില്‍ അദ്വാനി പറഞ്ഞു. അഴിമതിക്കെതിരായ യുദ്ധം അവസാനിപ്പിച്ചിട്ടില്ലെന്നും അദ്വാനി പറഞ്ഞു. 38 ദിവസംകൊണ്ട് എല്ലാ സംസ്ഥാനങ്ങളിലും പര്യടനം നടത്തിയാണ് യാത്ര സമാപിച്ചത്. 2ജി അഴിമതിക്കേസില്‍ എന്‍ഡിഎ ഭരണകാലത്തെ മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന സിബിഐയുടെ വെളിപ്പെടുത്തലാണ് ബിജെപിക്ക് ക്ഷീണമായത്.

    ReplyDelete