Thursday, October 13, 2011

കേരളത്തില്‍ കുട്ടികള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ കൂടുന്നു

സംസ്ഥാനത്ത് ആറുമാസത്തിനിടെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ വന്‍ വര്‍ധന. സാധാരണ ഒരു വര്‍ഷം ഉണ്ടാകുന്ന അതിക്രമങ്ങളെക്കാള്‍ കൂടുതല്‍ സംഭവങ്ങളാണ് 2011 ലെ ആദ്യ ആറുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കുട്ടികളുടെ അവകാശത്തേക്കുറിച്ചും നിയമങ്ങളെക്കുറിച്ചും സെമിനാറുകളും ചര്‍ച്ചകളും മുറതെറ്റാതെ നടക്കുമ്പോഴാണ് മറുവശത്ത്് അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നത്.

കേരളപൊലീസിന്റെ കണക്കനുസരിച്ച് ജൂണ്‍ വരെയുള്ള ആദ്യ ആറ് മാസത്തിനിടെ കുട്ടികള്‍ക്കെതിരെ നടന്ന വിവിധ കുറ്റകൃത്യങ്ങളെ തുടര്‍ന്ന് 698 കേസുകളാണ് സംസ്ഥാനവ്യാപകമായി രേഖപ്പെടുത്തിയിട്ടുള്ളത്. 2010ല്‍ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ 596 കേസുകള്‍ രേഖപ്പെടുത്തിയിരുന്ന സ്ഥാനാത്താണ് ആറുമാസത്തിനുള്ളില്‍ ഇത്രയധികം കുറ്റകൃത്യങ്ങള്‍ നടന്നത്. 
കൊലപാതകം, ബാലവേല , തട്ടിക്കൊണ്ടുപോകല്‍, ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിക്കല്‍, ബലാത്സംഗം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വില്‍പ്പന നടത്തുക, പ്രായപൂര്‍ത്തിയാകാതെയുള്ള വിവാഹം തുടങ്ങി കുട്ടികള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇതിലൊന്നും പെടാത്ത മറ്റു കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വന്‍ വര്‍ധനവ്  ഉണ്ടായിട്ടുണ്ട്.  ഇക്കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ മാത്രം 377 കേസുകളാണ് ഇത്തരത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2010,2009,2008 തുടങ്ങിയ വര്‍ഷങ്ങളില്‍  ഇത് യഥാക്രമം 183, 206, 211 എന്ന നിരക്കിലായിരുന്നു.  2010ല്‍ 208 കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ 2011ന്റെ ആദ്യ പകുതിയില്‍ 173 കുട്ടികള്‍ കേരളത്തില്‍ ബലാത്സംഗത്തിനിരയായിട്ടുണ്ട്. പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം മാത്രമാണിത് പുറം ലോകമറിയാത്ത കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ ഇതിലും എത്രയോ ഭീകരമായിരിക്കും.

ശിശുദിനാഘോഷവേളയിലെ പ്രസംഗത്തിലും ബാലവേല വിരുദ്ധ ദിനത്തിലെ പോസ്റ്ററിലും മാത്രം മലയാളിയുടെ കുട്ടികളോടുള്ള സ്‌നേഹം ഒതുങ്ങിപ്പോകുന്നതായാണ് സ്ഥിതിവിവരക്കണക്കുകള്‍ നമുക്ക് കാണിച്ച് തരുന്നത്.

അരക്ഷിതമായ ജീവിത ചുറ്റുപാടുകളില്‍ ജീവിക്കുന്നവര്‍ മാത്രമല്ല സമൂഹത്തിന്റെ ഉന്നത തലങ്ങളില്‍ ജീവിക്കുന്നവരും കുറ്റകൃത്യങ്ങളുടെ ഇരകളാണ്് . പലപ്പോഴും തന്റേതു മാത്രമായ ലോകത്ത് ജീവിക്കുന്ന മാതാപിതാക്കള്‍ വളര്‍ത്തിക്കൊണ്ടു വരുന്ന കുട്ടികള്‍ക്ക്  തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാനും പ്രതിവിധി തേടാനും പറ്റാറില്ല. ഇത്തരം ഘട്ടങ്ങളില്‍ കടുത്ത മാനസിക സംങ്കര്‍ഷമാണ് കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്നത്.

വീട്ടുജോലിക്കായി അന്യനാട്ടില്‍ നിന്നും കൊണ്ടു വരുന്ന കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് അടുത്ത കാലത്ത് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വീട്ടില്‍ ജോലിക്കുന്നു നിന്നിരുന്ന 10 വയസുകാരിയെ ദേഹമാസകലം പൊള്ളിച്ചതിനെ തുടര്‍ന്ന് അഭ്യസ്തവിദ്യയായ വീട്ടമ്മയെ അറസ്റ്റ് ചെയ്തിട്ട് കുറച്ചു കാലം മാത്രമേ ആയിട്ടുള്ളു.

കെ മൃദുല janayugom 131011

1 comment:

  1. സംസ്ഥാനത്ത് ആറുമാസത്തിനിടെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ വന്‍ വര്‍ധന. സാധാരണ ഒരു വര്‍ഷം ഉണ്ടാകുന്ന അതിക്രമങ്ങളെക്കാള്‍ കൂടുതല്‍ സംഭവങ്ങളാണ് 2011 ലെ ആദ്യ ആറുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കുട്ടികളുടെ അവകാശത്തേക്കുറിച്ചും നിയമങ്ങളെക്കുറിച്ചും സെമിനാറുകളും ചര്‍ച്ചകളും മുറതെറ്റാതെ നടക്കുമ്പോഴാണ് മറുവശത്ത്് അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നത്.

    ReplyDelete