തൃശൂരില്‍ വിദ്യാര്‍ഥികളെ നഗ്നരാക്കി മര്‍ദിച്ചു
കോഴിക്കോട്ടെ പൊലീസ് വെടിവയ്പില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ തൃശൂരിലും പാലക്കാട്ടും പൊലീസ് തല്ലിച്ചതച്ചു. വെസ്റ്റ് ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് ക്രമവിരുദ്ധമായി നല്‍കിയ പ്രവേശനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉപരോധം നടത്തിയവര്‍ക്കുനേരെയാണ് തിങ്കളാഴ്ച വെടിവയ്പുണ്ടായത്.
തൃശൂര്‍ ഡിഇഒ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് പൊതിരെ തല്ലി. പത്തോളം വിദ്യാര്‍ഥികളുടെ എല്ല് പൊട്ടി. വിദ്യാര്‍ഥികളെ തെരുവിലിട്ട് നഗ്നരാക്കി മര്‍ദിച്ചു. പൊലീസ് വാഹനത്തിലും ലോക്കപ്പിലും മര്‍ദനം തുടര്‍ന്നു. പാലക്കാട് കലക്ടറേറ്റിലേക്ക് നടത്തിയ വിദ്യാര്‍ഥിമാര്‍ച്ചിനുനേരെയും പ്രകോപനമില്ലാതെ ലാത്തിച്ചാര്‍ജും ഗ്രനേഡ്പ്രയോഗവും നടത്തി. ഒമ്പത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച തൃശൂര്‍ ഡിഇഒ ഓഫീസ് മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ ഒല്ലൂര്‍ സ്റ്റേഷനിലെത്തിച്ച് മര്‍ദിക്കാന്‍ നടത്തിയ ശ്രമം സ്ഥലത്തെത്തിയ സിപിഐ എം, ഡിവൈഎഫ്ഐ നേതാക്കള്‍ ഇടപെട്ട് തടഞ്ഞു. മര്‍ദനത്തില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നിഷേധിച്ചു. സാരമായി പരിക്കേറ്റ 15 എസ്എഫ്ഐ പ്രവര്‍ത്തകരെ മണിക്കൂറുകള്‍ക്കുശേഷമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് സിഐ ടി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വളഞ്ഞിട്ട് മര്‍ദിച്ചത്. ചൊവ്വാഴ്ച പകല്‍ ഒന്നോടെ കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് വണ്ടിയില്‍ നഗരം ചുറ്റി ഭീകരമായി മര്‍ദിച്ചു. പ്രതിഷേധം ശക്തമായതോടെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് വിദ്യാര്‍ഥികളെ ആശുപത്രിയിലേക്കയക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
പാലക്കാട്ട് വിദ്യാര്‍ഥിമാര്‍ച്ച് കലക്ടറേറ്റിനുമുന്നിലെത്തി ഉദ്ഘാടനം ആരംഭിക്കുന്നതിനുമുമ്പേ പൊലീസ് ഗ്രനേഡ് എറിഞ്ഞു. എട്ടുതവണ ഗ്രനേഡ് പ്രയോഗിച്ചു. കണ്ണീര്‍വാതകഷെല്‍ പൊട്ടി ചിതറിയോടിയ വിദ്യാര്‍ഥികളെ പൊലീസ് പിന്തുടര്‍ന്നും ക്രൂരമായി മര്‍ദിച്ചു. പാലക്കാട് ഡിവൈഎസ്പി പി ബി പ്രശോഭിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മര്‍ദനം അഴിച്ചുവിട്ടത്. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയശേഷം കണ്ണീര്‍വാതകഷെല്‍ പ്രയോഗിച്ച പൊലീസുകാരനെതിരെ നടപടി എടുക്കാമെന്ന് എസ്പി ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.
ഇതിനിടെ, കോഴിക്കോട്ട് വിദ്യാര്‍ഥികള്‍ക്കുനേരെ വെടിവയ്ക്കാന്‍ ഉത്തരവുനല്‍കിയിട്ടില്ലെന്ന് സ്ഥലത്തുണ്ടായിരുന്ന എക്സി. മജിസ്ട്രേട്ടുമാര്‍ വ്യക്തമാക്കി. എക്സി. മജിസ്ട്രേട്ടുമാരായ കോഴിക്കോട് തഹസില്‍ദാര്‍ എന്‍ എം പ്രേമരാജനും സ്പെഷല്‍ തഹസില്‍ദാര്‍ (ലാന്‍ഡ് അക്വിസിഷന്‍ പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യ) നരേന്ദ്രനുമാണ് വെടിവയ്ക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് അറിയിച്ചത്. അതേസമയം തനിക്ക് എക്സി. മജിസ്ട്രേട്ട് ഡ്യൂട്ടിയുണ്ടായിരുന്നില്ലെന്ന് നരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. എക്സി. മജിസ്ട്രേട്ടായി സ്ഥലത്തുണ്ടായിരുന്നത് സ്പെഷ്യല്‍ തഹസില്‍ദാര്‍ നരേന്ദ്രനാണെന്നാണ് തഹസില്‍ദാര്‍ പ്രേമരാജന്‍ കലക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോഴിക്കോട്ട് കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പില്‍ സംസ്ഥാനത്തെങ്ങും പ്രതിഷേധം ശക്തമായി. നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് സഭ സ്തംഭിപ്പിച്ച് സത്യഗ്രഹം നടത്തി. എ പ്രദീപ്കുമാറിന്റെ അടിയന്തരപ്രമേയ നോട്ടീസിനെതുടര്‍ന്നാണ് പൊലീസ് നടപടിക്കെതിരെ സഭയില്‍ പ്രതിഷേധം ആളിക്കത്തിയത്. സഭ നിര്‍ത്തിവച്ച് പ്രശ്നം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. രക്തംപുരണ്ട ഷര്‍ട്ടും മുണ്ടും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. വെടിവയ്പ് സര്‍ക്കാര്‍ ആഗ്രഹിച്ചതല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. നിര്‍മല്‍ മാധവിനോടുള്ള മുഖ്യമന്ത്രിയുടെ വാത്സല്യം മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളോടും ഉണ്ടാകേണ്ടതല്ലേയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ചോദിച്ചു. സഭ പിരിഞ്ഞതിനുശേഷവും പ്രതിപക്ഷ അംഗങ്ങള്‍ സഭയ്ക്കുള്ളില്‍ കുത്തിയിരിപ്പ് തുടര്‍ന്നു. ചേംബറിലേക്ക് പോയ സ്പീക്കര്‍ തിരികെവന്ന് പിരിഞ്ഞുപോകണമെന്ന് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് സഭാകവാടംവരെ പ്രകടനം നടത്തിയശേഷമാണ് അംഗങ്ങള്‍ പിരിഞ്ഞത്.
കോഴിക്കോട് എന്‍ജിനിയറിങ് കോളേജില്‍ യുവജന-വിദ്യാര്‍ഥി ഉപരോധം ആരംഭിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വെസ്റ്റ്ഹില്‍ ഗവ.എന്‍ജിനിയറിങ് കോളേജില്‍ മജിസ്ട്രേട്ടിന്റെ ഉത്തരവില്ലാതെ എങ്ങനെ വിദ്യാര്‍ഥികള്‍ക്കുനേരെ വെടിവച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. നെഞ്ചിനുനേരെ വെടിവയ്ക്കാനുള്ള എന്ത് സാഹചര്യമാണ് ഇവിടെയുണ്ടായിരുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട്ട് വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പോലീസ് വെടിവയ്പിലും ലാത്തിച്ചാര്‍ജിലും എസ്എഫ്ഐ സംസ്ഥാനത്തെ കോളേജുകളില്‍ പഠിപ്പുമുടക്കി പ്രതിഷേധിച്ചു. വിദ്യാര്‍ഥികള്‍ ജില്ലാകേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തി. പൊലീസിന്റെ നരനായാട്ടിനെതിരെ ബുധനാഴ്ച സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അറിയിച്ചു.
അതേസമയം, നിര്‍മല്‍ മാധവന്‍ വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം നേടിയത് ചട്ടവിരുദ്ധമായാണെന്ന് ഇതുസംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൂന്നും നാലും സെമസ്റ്ററുകള്‍ ഒഴിവാക്കി അഞ്ചാം സെമസ്റ്ററിന് പ്രവേശനം നല്‍കിയത് ശരിയായ കീഴ്വഴക്കമല്ല. അതേസമയം, റിപ്പോര്‍ട്ട് തിരുത്തിക്കുന്നതിന് വിദഗ്ധസമിതിയോഗം വീണ്ടും തിങ്കളാഴ്ച വിളിച്ചുചേര്‍ത്തു. തന്റെ കീഴുദ്യോഗസ്ഥനെക്കൊണ്ട് റിപ്പോര്‍ട്ട് തിരുത്താന്‍ കലക്ടര്‍ ശ്രമിച്ചെങ്കിലും മൂന്നംഗങ്ങള്‍ വിയോജനകുറിപ്പ് രേഖപ്പെടുത്തുമെന്നറിഞ്ഞതോടെ പിന്മാറി. റിപ്പോര്‍ട്ട് തിരുത്താതിരിക്കാന്‍ ഏഴംഗങ്ങളും റിപ്പോര്‍ട്ടിലെ എല്ലാ പേജുകളിലും ഒപ്പിട്ടുനല്‍കി.
വിദ്യാര്‍ഥികളുടെ ജീവന്‍ രക്ഷിച്ചത് നേതാക്കളുടെ ഇടപെടല്‍
തൃശൂര്‍ : സമര കേന്ദ്രത്തില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ഥികളെ ലോക്കപ്പിലിട്ട് കൊല്ലാക്കൊല ചെയ്യാനുള്ള പദ്ധതി പൊളിച്ചത് നേതാക്കളുടെ ഇടപെടല്‍ . കസ്റ്റഡിയില്‍ എടുത്തവരെ ഏറെ നേരം കഴിഞ്ഞും ടൗണിലെ ഒരു പൊലീസ് സ്റ്റേഷനിലും എത്തിക്കാത്തതോടെ ആശങ്ക പരന്നു. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാതെ ഇടിവണ്ടിയില്‍ കുരിയച്ചിറ ഭാഗത്തേക്ക് കൊണ്ടുപോയതറിഞ്ഞ നാട്ടുകാര്‍ സിപിഐ എം- ഡിവൈഎഫ്ഐ നേതാക്കളെ അറിയിച്ചു. ഇവര്‍ ഒല്ലൂര്‍ സ്റ്റേഷനില്‍ എത്തിയതോടെയാണ് മര്‍ദനം അവസാനിപ്പിച്ചത്. ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ നേതാക്കള്‍ എത്തിയതോടെയാണ് പരിക്കേറ്റവരെ ശുശ്രൂഷിക്കാന്‍ തുടങ്ങിയത്.
വിദ്യാര്‍ഥികള്‍ക്ക് കാവല്‍ നിന്ന പൊലീസുകാര്‍ "അവന്‍മാര്‍ക്ക് ശരിക്ക് കൊടുത്തിട്ടുണ്ട്, ഞങ്ങള്‍ തന്നെയാണ് കാവല്‍ നില്‍ക്കുന്നത്" എന്ന് സഹപ്രവര്‍ത്തകരെ ഫോണില്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റംഗം എ വിജയരാഘവന്‍ , ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ , ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ പത്മനാഭന്‍ , എം എം വര്‍ഗീസ്, യു പി ജോസഫ്, ജില്ലാക മ്മിറ്റി അംഗങ്ങളായ എ എസ് കുട്ടി, കെ പി രാധാകൃഷ്ണന്‍ , എം ബാലാജി, വര്‍ഗീസ് കണ്ടംകുളത്തി, എം ബാലാജി, സേവ്യര്‍ ചിറ്റിലപ്പിള്ളി, ടി കെ വാസു, സിഐടിയു ജില്ലാ പ്രസിഡന്റ്് കെ എഫ് ഡേവിസ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ഇ സി ബിജു, സെക്രട്ടറി സി സുമേഷ്, കെ വി ഹരിദാസ് തുടങ്ങിയവര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജില്ലാ സെക്രട്ടറി എ സി മൊയ്തീനുമായി ഫോണില്‍ സംസാരിച്ച് വിവരങ്ങള്‍ ആരാഞ്ഞു.
പൊലീസ് ഭീകരത
തൃശൂര്‍ : "ഞങ്ങളെ തെരഞ്ഞു പിടിച്ചാണ് തല്ലിയത്. തലങ്ങും വിലങ്ങും അടിയേറ്റ് വീണപ്പോള്‍ ബൂട്ടിട്ട് ചവിട്ടിഞെരിച്ചു. ലാത്തിക്ക് അടിക്കുകയും കുത്തുകയും ചെയ്തു. റോഡില്‍ക്കൂടി വലിച്ചിഴച്ചാണ് വണ്ടിയില്‍ കയറ്റിയത്. വണ്ടിക്കകത്തിട്ട് കൊണ്ടുനടന്നു മര്‍ദിച്ചു"- തൃശൂരിലെ വിദ്യാര്‍ഥിവേട്ടയുടെ നടുക്കുന്ന ദൃശ്യങ്ങളാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി പി ജി സുബിദാസിന്റെ വാക്കുകളില്‍ . "പുതുക്കാട്ടേക്ക് എന്നു പറഞ്ഞാണ് കൊണ്ടുപോയത്, പ്രതിഷേധിച്ചപ്പോള്‍ ഒല്ലൂര്‍ സ്റ്റേഷനില്‍ ഇറക്കി. അവിടെവച്ചും തല്ലി"- സുബിദാസ് പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ഥികളുടെ വസ്ത്രങ്ങള്‍ നിറയെ ചോരക്കറ പറ്റിയിട്ടുണ്ട്.
ഡിഇഒ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധപ്രകടനവുമായി എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ ഈസ്റ്റ് സിഐ ടി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലാണ് നേരിട്ടത്. സമരം നയിച്ച സംസ്ഥാന ജോയിന്റ് സെക്രട്ടറി പി ബി അനൂപിനെയും പി ജി സുബിദാസിനെയും പൊതിരെ തല്ലിയ പൊലീസ് സമരത്തില്‍ പങ്കെടുത്ത സ്കൂള്‍കുട്ടികളെ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ലാത്തിയടിയേറ്റ് അനൂപിന്റെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. പുറത്ത് ലാത്തിയടിയുടെ വലിയ പാടുകളുണ്ട്. അടിയേറ്റ് അവശനായ അനൂപിന് വെള്ളം നല്‍കാന്‍പോലും പൊലീസ് കൂട്ടാക്കിയില്ല. വിവസ്ത്രരാക്കിയാണ് വിദ്യാര്‍ഥികളെ വണ്ടിയിലേക്ക് വലിച്ചിഴച്ച് കയറ്റിയത്. അടിയേറ്റ് നിലത്തുവീണപ്പോള്‍ ബൂട്ടിട്ട് ചവിട്ടിഞെരിച്ചു. വസ്ത്രങ്ങള്‍ വലിച്ചുകീറി. സുബിദാസിനെ നിലത്തുകൂടി വലിച്ചിഴയ്ക്കുകയും ലാത്തിക്ക് കുത്തുകയും ചെയ്തു. പരിക്കേറ്റ പത്തു പേരുടെ എല്ലിന് പൊട്ടലുണ്ട്. തൃശൂര്‍ ഏരിയ സെക്രട്ടറി സെന്തിലിന്റെ ശരീരമാകെ മുറിവുകളും ചതവുകളുമാണ്. കുന്നംകുളം ഏരിയ കമ്മിറ്റി അംഗം സി കെ സനൂപിന്റെ കാലിന്റെ മുട്ടില്‍ ബൂട്ടിട്ട് ചവിട്ടി.
സമരകേന്ദ്രത്തില്‍ വിദ്യാര്‍ഥികളെ ലാത്തിച്ചാര്‍ജ് ചെയ്ത പൊലീസ് ഇടിവണ്ടിയില്‍ കയറ്റി പൊതിരെ തല്ലി. കുരിയച്ചിറ ഭാഗത്തുകൂടി പോയ വണ്ടിയില്‍നിന്ന് വിദ്യര്‍ഥികളുടെ നിലവിളി കേട്ട നാട്ടുകാര്‍ സിപിഐ എം ജില്ലാ കേന്ദ്രത്തില്‍ വിവരമറിയിക്കയായിരുന്നു. ഒല്ലൂര്‍ ഏരിയ സെക്രട്ടറി വര്‍ഗീസ് കണ്ടംകുളത്തി, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ വി സജു എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഒല്ലൂര്‍ സ്റ്റേഷനില്‍ എത്തിയതിനാല്‍ ലോക്കപ്പിലിട്ട് മര്‍ദിക്കാനുള്ള പദ്ധതി പൊളിഞ്ഞു. പക്ഷേ, അതിനുമുമ്പേ സെന്തില്‍കുമാറിനെ വണ്ടിയില്‍നിന്നിറക്കി മര്‍ദിച്ചിരുന്നു. വണ്ടിക്കകത്തുള്ള പൊലീസുകാര്‍ ചൂണ്ടിക്കാണിച്ചതനുസരിച്ച് സ്റ്റേഷനിലുള്ള പൊലീസുകാരും മര്‍ദിച്ചു. കുറിയിട്ട പൊലീസുകാരനും കഷണ്ടിക്കാരനായ മറ്റൊരു പൊലീസുകാരനുമാണ് ഭീകരമര്‍ദനത്തിന് നേതൃത്വം നല്‍കിയത്.
മര്‍ദനം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി: എ സി മൊയ്തീന്‍
തൃശൂര്‍ : മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് കോഴിക്കോട് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതച്ചതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ പറഞ്ഞു. തൃശൂരില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ കൊണ്ടുപോവാതെ വണ്ടിയില്‍ നഗരത്തിന് പുറത്തേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ഇതില്‍ ഗൂഢാലോചനയുണ്ട്. ജനകീയ സമരങ്ങളെ മര്‍ദനത്തിലൂടെ നേരിടുന്നത് സര്‍ക്കാരിന് ഭൂഷണമല്ല. നിരായുധരായ കൊച്ചുകുട്ടികളെ ശത്രു സൈന്യത്തെ എന്ന പോലെ നേരിടുന്നത് ധീരതയുമല്ല. സമൂഹത്തിന്റെ പിന്തുണയാര്‍ജിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹമാണ്. എസ്എഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി പി ബി അനൂപ്, ജില്ലാ സെക്രട്ടറി പി ജി സുബിദാസ്, നേതാക്കളായ സെന്തില്‍ , ആന്‍സന്‍ തുടങ്ങി 15 പേര്‍ മെഡിക്കല്‍ കോളേജിലാണ്. കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. വിദ്യാര്‍ഥിവേട്ടക്കെതിരെയുള്ള ജനകീയ പ്രതിഷേധത്തില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും അണിചേരണമെന്നും മൊയ്തീന്‍ അഭ്യര്‍ഥിച്ചു.
പൊലീസിനെ കയറൂരി വിടുന്നു: എ വിജയരാഘവന്‍
തൃശൂര്‍ : ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റംഗം എ വിജയരാഘവന്‍ . പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. നിരപരാധികളെ തല്ലാനും സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവയ്ക്കാനും മടിക്കാത്തവരായി പൊലീസ് മാറി. സിവില്‍ഭരണ സംവിധാനത്തിന്റെ തകര്‍ച്ചയുടെ അടയാളമാണിത്. മര്‍ദനത്തിനിരയായവരെ ആശുപത്രിയിലേക്ക് മാറ്റാതെ ലോക്കപ്പിലാക്കാന്‍ നോക്കിയത് മനുഷ്യാവകാശ ലംഘനമായി കണ്ട് നടപടിയെടുക്കണം. പൊലീസ് ഭീകരത ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അന്ത്യംകുറിക്കും. യോഗ്യത ഇല്ലാത്ത വിദ്യാര്‍ഥിയെ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ ചേര്‍ത്തതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുകയാണ്. കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണിത്. വിദ്യാര്‍ഥികളുടെ ന്യായമായ പ്രതിഷേധങ്ങളെ ജനാധിപത്യ വിരുദ്ധമായി നേരിടുകയാണ് സര്‍ക്കാര്‍ . വിദ്യാഭ്യാസ മേഖലയില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതിന് കൂട്ടു നില്‍ക്കുകയാണ് ഉമ്മന്‍ ചാണ്ടിയെന്നും വിജയരാഘവന്‍ പറഞ്ഞു.
കലിപൂണ്ടകാക്കി എസ്എഫ്ഐ മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജും ഗ്രനേഡ് ആക്രമണവും
പാലക്കാട്: എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട് കലക്ടറേറ്റിലേക്ക് സമാധാനപരമായി മാര്‍ച്ച് നടത്തിയ വിദ്യര്‍ഥികള്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജും ഗ്രനേഡ് ആക്രമണവും നടത്തി. ഒമ്പത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് അവസാനിപ്പിച്ചശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികള്‍ പിരിഞ്ഞുപോകുന്നതിനിടയില്‍ പൊലീസ് വീണ്ടും കണ്ണീര്‍വാതക ഷെല്‍ പൊട്ടിച്ചു. തുടര്‍ന്ന് തിരിച്ചെത്തിയ ജനപ്രതിനിധികളടക്കമുള്ള സിപിഐ എം നേതാക്കള്‍ കലക്ടറേറ്റിനുമുന്നില്‍ കുത്തിയിരുന്നു. കോഴിക്കോട്ട് എസ്എഫ്ഐ പ്രവര്‍ത്തകരെ തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് പഠിപ്പുമുടക്കി കലക്ടറേറ്റിലേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തയതിനുനേരെയാണ് പൊലീസ് കരുതിക്കൂട്ടി ലാത്തിച്ചാര്‍ജും ഗ്രനേഡ് ആക്രമണവും കണ്ണീര്‍വാതകപ്രയോഗവും നടത്തിയത്.
എസ്എഫ്ഐ ജില്ലാ വൈസ്പ്രസിഡന്റ് ജിതിന്‍രാജ്, ജില്ലാകമ്മിറ്റി അംഗങ്ങളായ അനൂപ്, ആഷിക്, അനൂപ്, ഷിബിന്‍ദാസ്, നിതീഷ്, മലമ്പുഴ ഹമീദ്, നെന്മാറ അനൂപ്, കിരണ്‍ദാസ് ചിറ്റൂര്‍ എന്നിവരാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ . സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുമോദ്, സംസ്ഥാനകമ്മിറ്റി അംഗം ഷഫീക്, ജില്ലാപ്രസിഡന്റ് ദിനേഷ്ബാബു, സെക്രട്ടറി പി വി രതീഷ് എന്നിവരെ കലക്ടറേറ്റിന് അകത്തേക്ക് വലിച്ചുകയറ്റിയാണ് പൊലീസ് മര്‍ദിച്ചത്. കലക്ടറേറ്റിനുമുന്നില്‍ വിദ്യാര്‍ഥികളുടെ പ്രകടനം എത്തി ഉദ്ഘാടനം ആരംഭിക്കുന്നതിനുമുമ്പേ ബാരിക്കേഡിന് അപ്പുറത്തുനിന്ന് പൊലീസ് വിദ്യാര്‍ഥികളുടെ ഇടയിലേക്ക് ഗ്രനേഡ് എറിഞ്ഞു. പൊലീസ് എട്ടുതവണയാണ് ഗ്രനേഡ് എറിഞ്ഞത്.കണ്ണീര്‍വാതകഷെല്‍ പൊട്ടി വിദ്യാര്‍ഥികളുടെ കണ്ണ് കാണാത്ത അവസ്ഥയായി. പലരും ചിതറിയോടി. ഓടുന്ന വിദ്യാര്‍ഥികളെ കണ്ണില്‍ചോരയില്ലാതെ പൊലീസ് പിന്തുടര്‍ന്ന് ലാത്തിച്ചാര്‍ജ് ചെയ്തു. കണ്ണില്‍ചോരയില്ലാതെ തലങ്ങും വിലങ്ങും വിദ്യാര്‍ഥികളെ അടിച്ചോടിച്ചു. അടിക്കുന്നതിനിടയിലും കണ്ണീര്‍വാതകഷെല്‍ പ്രയോഗവും നടത്തുന്നുണ്ടായിരുന്നു. കലക്ടറേറ്റ് മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലേക്കും ഗ്രനേഡ് എറിഞ്ഞു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും കണ്ണുകാണാന്‍വയ്യാത്ത അവസ്ഥയായി. പലരും ഛര്‍ദിച്ചു. ലാത്തിച്ചാര്‍ജില്‍ എസ്ടിവി ക്യാമറാമന്‍ മനൂപിന് പരിക്കേറ്റു.
പാലക്കാട് ഡിവൈഎസ്പി പി ബി പ്രശോബ്, സിഐമാരായ സന്തോഷ്, സണ്ണിചാക്കോ, ബിജു, മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്സംഘമാണ് വിദ്യാര്‍ഥികളെ ലാത്തിച്ചാര്‍ജ് ചെയ്യാന്‍ നേതൃത്വം നല്‍കിയത്. ചില പൊലീസുകാര്‍ കോണ്‍ഗ്രസ്ക്രിമിനലുകളായി അധഃപതിച്ച് നടത്തിയ പേക്കുത്ത് തടയാന്‍ സ്ഥലത്തുണ്ടായിരുന്ന ഡിവൈഎസ്പി അടക്കമുള്ള ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ക്കായില്ല.
ഗ്രനേഡ്പ്രയോഗം ശമിച്ചശേഷം എസ്എഫ്ഐ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. തുടര്‍ന്നു നടന്ന പൊതുയോഗം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ ജയദേവന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകരും വിദ്യാര്‍ഥികളെ ലാത്തിച്ചാര്‍ജും ഗ്രനേഡ്പ്രയോഗവും നടത്തിയതറിഞ്ഞ് എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ , വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് അബ്ദുള്‍റഹ്മാന്‍ , ഡിവൈഎഫ്ഐ സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസ്, സിപിഐ എം ഏരിയ സെക്രട്ടറി എം നാരായണന്‍ , ഡിവൈഎഫ്ഐ ജില്ലാജോയിന്റ് സെക്രട്ടറി നിതിന്‍ കണിച്ചേരി എന്നിവര്‍ പിരിഞ്ഞുപോകുന്നതിനിടയില്‍ പൊലീസ് വീണ്ടും കണ്ണീര്‍വാതകഷെല്‍ പൊട്ടിച്ചു. ഇത് പ്രകോപനത്തിനിടയാക്കി. നേതാക്കള്‍ കലക്ടറേറ്റിനു മുന്നില്‍ കുത്തിയിരിപ്പു സമരം ആരംഭിച്ചു. സംഭവമറിഞ്ഞ് സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം ടി കെ നാരായണദാസും എത്തി. ഇതിനിടയില്‍ പിരിഞ്ഞുപോയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രകടനമായെത്തി കുത്തിയിരിപ്പില്‍ പങ്കാളികളായി. ജില്ലാ പൊലിസ് സൂപ്രണ്ട് എം പി ദിനേശ്, സ്പെഷ്യല്‍ബ്രാഞ്ച് ഡിവൈഎസ്പി ശശിധരന്‍ എന്നിവരെത്തി നേതാക്കളുമായി സംസാരിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയ ശേഷം കണ്ണീര്‍വാതകഷെല്‍ പ്രയോഗിച്ച പൊലീസുകാരനെതിരെ നടപടി എടുക്കാമെന്ന് എസ് പി ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം: സിപിഐ എം
പാലക്കാട്: വിദ്യാര്‍ഥികള്‍ക്കുനേരെ കോഴിക്കോട്ട് നടന്ന ലാത്തിച്ചാര്‍ജിലും വെടിവയ്പിലും പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് നടത്തിയ സമാധാനപരമായ പ്രതിഷേധമാര്‍ച്ചിനെ കണ്ണീര്‍വാതകവും ഗ്രനേഡുംകൊണ്ട് നേരിട്ട പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ കലക്ടറേറ്റിനുമുന്നിലെത്തിയ ഉടനെ പൊലീസ് തുരുതുരെ കണ്ണീര്‍വാതകഷെല്ലുകള്‍ പ്രയോഗിക്കുകയാണുണ്ടായത്. ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും ചെറുപ്രകടനമായി തിരിച്ചെത്തിയപ്പോള്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ , സിപിഐ എം പാലക്കാട് ഏരിയ സെക്രട്ടറി എം നാരായണന്‍ എന്നിവര്‍ വിദ്യാര്‍ഥികളെ അനുനയിപ്പിക്കുകയും മാര്‍ച്ച് സമാധാനപരമായി പിരിഞ്ഞുപോവുകയും ചെയ്തു. അതിനുശേഷം ജില്ലാ പഞ്ചായത്ത്പരിസരത്ത് നിന്നിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കരികെ കണ്ണീര്‍വാതകഷെല്ലുകള്‍ പൊട്ടിച്ചു. ഇതില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികള്‍ സിവില്‍സ്റ്റേഷനുമുന്നില്‍ കുത്തിയിരുപ്പ്സത്യഗ്രഹം നടത്തി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ ജയദേവന്‍ , സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ നാരായണദാസ് എന്നിവരും സ്ഥലത്തെത്തി കുത്തിയിരിപ്പ്സത്യഗ്രഹത്തില്‍ പങ്കുചേര്‍ന്നു. പിരിഞ്ഞുപോയ എസ്എഫ്ഐ പ്രവര്‍ത്തകരും പ്രകടനമായി അവിടേക്ക് തിരിച്ചെത്തി. ജില്ലാ പൊലീസ് സൂപ്രണ്ട് നേരിട്ടുവന്ന് ഉത്തരവാദിയായ പൊലീസ് ഉദ്യോഗസ്ഥനുനേരെ നടപടിയെടുക്കാമെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് കുത്തിയിരിപ്പ്സത്യഗ്രഹം അവസാനിപ്പിച്ചത്.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി രതീഷ് ഉള്‍പ്പെടെ പന്ത്രണ്ടോളം വിദ്യാര്‍ഥികള്‍ക്ക് കണ്ണീര്‍വാതകഷെല്ലുകള്‍ പൊട്ടി പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധപ്രകടനംപോലും നടത്താന്‍ അനുവദിക്കില്ലെന്ന പൊലീസിന്റെനിലപാടില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. ജില്ലയിലും മറ്റു പ്രദേശങ്ങളിലും വിദ്യാര്‍ഥികള്‍ക്കുനേരെ നടക്കുന്ന നിഷ്ഠുരമായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളോടും പ്രവര്‍ത്തകരോടും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു.
പ്രതിഷേധിക്കുക: എസ്എഫ്ഐ
പാലക്കാട്: എസ്എഫ്ഐ നടത്തിയ കലക്ടറേറ്റ്മാര്‍ച്ചിനുനേരെ പൊലീസിന്റെ അതിക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു. സമാധാനപരമായി നടന്ന മാര്‍ച്ചിനുനേരെ വന്‍ സന്നാഹത്തോടെ നിലയുറപ്പിച്ച പൊലീസ് ഗ്രാനേഡുകളും കണ്ണീര്‍വാതകഷെല്ലുകളും പ്രയോഗിക്കുകയായിരുന്നു. പൊലീസിന്റെ അതിക്രമത്തില്‍ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ജിതിന്‍രാജ്, ജില്ലാകമ്മിറ്റിയംഗങ്ങളായ ആഷിക്, സി ബി അനൂപ്, സി അനൂപ്, ഏരിയകമ്മിറ്റിയംഗങ്ങളായ ഷിജു, കിരണ്‍ദാസ്, സുശോഭ്, ഹമീദ്, നിധീഷ്, അനൂപ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഷെല്ലുകളുടെ ചീളുകള്‍ തറഞ്ഞുകയറിയാണ് ഭൂരിഭാഗംപേര്‍ക്കും പരിക്കേറ്റത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസിന്റെ അതിക്രമത്തില്‍ പ്രതിഷേധിച്ച് ധര്‍ണ നടത്തി പിരിഞ്ഞുപോവുകയായിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ വീണ്ടും ടിയര്‍ഗ്യാസ്പ്രയോഗിക്കാനാണ് പൊലീസ് ശ്രമിച്ചത്. എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ സിവില്‍സ്റ്റേഷനില്‍ നടത്തിയ പ്രതിഷേധയോഗം കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. എം എ നാസര്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് എം പി കൈരളി, എന്‍ അനില്‍കുമാര്‍ , എന്‍ ജാന്‍സിമോന്‍ , സി കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഐ ഷാഹുല്‍ഹമീദ് സ്വാഗതവും വി ഉണ്ണിക്കൃഷ്ണന്‍ നന്ദിയും പറഞ്ഞു. എം സി മോഹനന്‍ അധ്യക്ഷനായി. ഡിവൈഎഫ്ഐ പുതുശേരി വില്ലേജ്കമ്മിറ്റി നടത്തിയ പ്രതിഷേധപ്രകടനത്തില്‍ സുഭാഷ്, മഹേഷ്, എന്‍ ചൊക്കനാഥന്‍ എന്നിവര്‍ സംസാരിച്ചു. ബാലസംഘം പുതുശേരി ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.
deshabhimani 121011
കോഴിക്കോട്ടെ പൊലീസ് വെടിവയ്പില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ തൃശൂരിലും പാലക്കാട്ടും പൊലീസ് തല്ലിച്ചതച്ചു. വെസ്റ്റ് ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് ക്രമവിരുദ്ധമായി നല്‍കിയ പ്രവേശനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉപരോധം നടത്തിയവര്‍ക്കുനേരെയാണ് തിങ്കളാഴ്ച വെടിവയ്പുണ്ടായത്.
ReplyDelete