Wednesday, October 12, 2011

പിള്ളയ്ക്കും യു ഡി എഫിനും ഗുരുതരം; ചികിത്സ താലൂക്ക് ആശുപത്രിയിലും കിട്ടും

അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് എട്ടിലധികം ഗുരുതരമായ രോഗങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് അസംബന്ധമെന്ന് വൈദ്യശാസ്ത്ര വിദഗ്ധര്‍ പറയുന്നു. സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളില്‍ പോലും ചികിത്സ ലഭ്യമാകുന്ന രോഗങ്ങളാണ് പിള്ളയെ ബാധിച്ചിട്ടുള്ളത്.

മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളില്‍ ഭൂരിഭാഗം പേരും ഈ 'ഗുരുതര' അസുഖങ്ങള്‍ ബാധിച്ചവരാണന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇവരെ കിടത്തി ചികിത്സിക്കേണ്ട ആവശ്യം പോലുമില്ല. കൃത്യമായി മരുന്നുകഴിക്കുന്നതിലൂടെയും ആഹാരക്രമം പാലിച്ചും ഈ രോഗങ്ങള്‍ ഭേദമാക്കാനോ നിയന്ത്രിക്കാനോ കഴിയും. വസ്തുത ഇതാണെന്നിരിക്കെ നിസാരമായ രോഗങ്ങളുട പേരുകള്‍ ആംഗലേയവല്‍ക്കരിച്ച് പെരുപ്പിച്ചുള്ള റിപ്പോര്‍ട്ടാണ് ആഭ്യന്തര വകുപ്പ് അധികൃതര്‍ സര്‍ക്കാരിന് നല്‍കിയത്. പിള്ളയുടെ രക്ഷിക്കാനായി ഉമ്മന്‍ചാണ്ടിയും കൂട്ടരും നെയ്യുന്ന കഥകളില്‍ മറ്റൊന്നായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ.

മെഡിക്കല്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പ്രകാരം  ഡിസിലിപിലിഡെമിയ, ഹീമോക്രോമോറ്റോസിസ് വിത്ത് ക്രോണിക്ക് ലിവര്‍ ഡിസീസസ്, ഡയബറ്റിക് മെലിറ്റസ്, ഹിയാറ്റസ് ഹെര്‍മിയ വിത്ത് ജര്‍ഡ്, സര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്, അഡ്വാന്‍സ്ഡ് കണ്ടക്ഷന്‍ സിസ്റ്റം ഡിസോര്‍ഡര്‍, റൈറ്റ് ബണ്ടില്‍ ബ്രാഞ്ച് ബ്ലോക്ക് വിത്ത് പ്രീമെച്ചര്‍ വെന്‍ട്രിക്കുലാര്‍ കോണ്‍ട്രാക്ഷന്‍സ്, ഡയബറ്റിക്കല്‍ പെരിഫറല്‍ ന്യൂറോപ്പതി  എന്നീ രോഗങ്ങളാണ് പിള്ളയെ ബാധിച്ചിട്ടുള്ളത്.

രക്തത്തിലെ കൊളസ്‌ട്രോളിലുണ്ടാകുന്ന വര്‍ധനയാണ് ഡിസിലിപിലിഡെമിയ എന്ന രോഗത്തിനുള്ള കാരണം. പ്രമേഹ രോഗികള്‍, അമിത മദ്യപാനികള്‍, വ്യായാമമില്ലാത്തവര്‍ എന്നിവരിലാണ് ഈ രോഗം കണ്ടുവരുന്നത്. സാധാരണ ഗുളികകള്‍ ഉപയോഗിച്ചും ആഹാര ക്രമങ്ങള്‍ പാലിച്ചും കൃത്യമായ വ്യായാമത്തിലൂടെയും ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

രക്തത്തിലെ ഇരുമ്പിന്റെ അംശം കൂടുതലാകുന്ന അവസ്ഥയാണ് ഹീമോക്രോമാറ്റാസിസ് എന്ന രോഗംകൊണ്ട് അര്‍ഥമാക്കുന്നത്. ശരീരത്തിലുണ്ടാകുന്ന വിളര്‍ച്ചയും അമിതമായ മദ്യപാനവുമാണ് ഈ രോഗത്തിനുള്ള മുഖ്യകാരണം. യൂറോപ്പിലെ കോക്കസസ് മേഖലകളില്‍ ജീവിക്കുന്ന ആള്‍ക്കാരില്‍ സാധാരണമായി കാണപ്പെടുന്ന രോഗമാണ് ഹീമോ ക്രൊമാറ്റാസിസ്. നിശ്ചിത ഇടവേളകളില്‍ രക്തം മാറ്റുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. ആശുപത്രിയില്‍ കിടന്നുള്ള ദീര്‍ഘകാല ചികിത്സ ഈ രോഗത്തിന് ആവശ്യമില്ലെന്നും വൈദ്യശാസ്ത്ര വിദഗ്ധര്‍ പറയുന്നു.

ഡയബറ്റിക് മെലിറ്റസ് എന്ന് ആംഗലേയ ഭാഷയിലെ വാക്കിനര്‍ഥം പ്രമേഹമെന്നാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ഉള്ളത് ഇന്ത്യയിലാണ്.
രക്തത്തില്‍ ഇന്‍സുലിന്‍ കുത്തിവച്ച് പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിയും. പ്രമേഹ രോഗ ചികിത്സക്ക് ഉപയോഗിക്കുന്ന മെറ്റ് ഫോര്‍മിന്‍ ഗുളികകളും വളരെ കുറഞ്ഞ വിലയില്‍ ലഭിക്കും. ശരീരത്തില്‍ വ്രണങ്ങള്‍ ഇല്ലെങ്കില്‍ പ്രമേഹ രോഗത്തിന് ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ ആവശ്യമില്ല. മാത്രമല്ല പ്രമേഹ രോഗികള്‍ക്ക് ന്യുമോണിയ (നീര്‍ക്കെട്ട്) ബാധിക്കാനുള്ള സാധ്യത കൂടുതലുമാണ്.

പിള്ള കഴിയുന്നത് തലസ്ഥാനത്തെ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയിലാണ്. ഇവിടെ സെന്‍ട്രല്‍ എ സിയാണ് സ്ഥാപിച്ചിരിക്കുന്നത്. അതായത് പിള്ളയെ കൂടുതല്‍ ദിവസം ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കുടലിന്റെ ഒരു ഭാഗത്തുണ്ടാകുന്ന വീക്കമാണ് ഹിയാറ്റിസ് ഹോര്‍ണിയ എന്ന രോഗം. ഇതിന്റെ ഫലമായി നെഞ്ച് വേദന, നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാകുന്നു. ഇതും മാരകമായ രോഗമല്ലെന്നാണ് ഈ മേഖലയിലെ ഡോക്ടര്‍മാരുടെ അഭിപ്രായം. മുന്‍കാലങ്ങളില്‍ പച്ച വെളുത്തുള്ളിയാണ് ഇതിനുള്ള മരുന്നായി ഉപയോഗിച്ചിരുന്നത്.

കഴുത്തിലെ എല്ലുകള്‍  തേയുന്ന അവസ്ഥയാണ് സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്. സാധാരണ 50 വയസ് കഴിഞ്ഞവരില്‍ ഈ രോഗം സാധാരണയാണ്. കഴുത്തില്‍ കോളര്‍ ഉപയോഗിക്കുക, കൃത്യമായ വ്യയാമം, കാല്‍സ്യം കൂടുതലുള്ള ഭക്ഷണ പാദാര്‍ഥങ്ങള്‍ ഉപയോഗിക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഈ രോഗം തടയാന്‍ കഴിയും. ഇതും മാരകമല്ല. ഈ രോഗത്തിന് കൃത്യമായ ചികിത്സ വേണമെന്നല്ലാതെ സ്ഥിരമായി ആശുപത്രിയില്‍ കിടക്കേണ്ടതില്ലെന്നതിനുള്ള ജീവിക്കുന്ന തെളിവാണ് കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി.

ഹൃദയ ധമിനികളില്‍ ഉണ്ടാകുന്ന തടസമാണ് (ബ്ലോക്ക്) അഡ്വാന്‍സ്ഡ് കണ്ടക്ഷന്‍ ഡിസോര്‍ഡര്‍ എന്ന രോഗം. പേസ് മേക്കര്‍ ഉപയോഗിച്ച് ഇത് നിയന്ത്രിക്കാന്‍ കഴിയും. ഇതിനുള്ള ചികിത്സകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്. ഈ രോഗത്തിനും ദീര്‍ഘനാള്‍ ആശുപത്രിയില്‍ കിടന്നുള്ള ചികിത്സ ആവശ്യമില്ലെന്നാണ് ഹൃദ്രോഗ വിദഗ്ധര്‍ പറയുന്നത്. റൈറ്റ് ബന്‍ഡില്‍ ബ്രാഞ്ച് ബ്ലോക്കും ഹൃദയവുമായി ബന്ധപ്പെട്ട രോഗമാണ്. ഇതും മരുന്നുകള്‍ നല്‍കി ഭേദമാക്കാന്‍ കഴിയും.

ദീര്‍ഘകാലമായി പ്രമേഹമുള്ളവരില്‍ സാധാരണ ഉണ്ടാകുന്ന അവസ്ഥയാണ് ഡയബറ്റിക് ന്യൂറോപതി. പ്രമേഹ ചികിത്സക്കുള്ള മെറ്റ്‌ഫോര്‍മിന്‍ ഗുളികകള്‍ ദീര്‍ഘകാലമായി ഉപയോഗിക്കുന്നവരിലെ നാഢീവ്യൂഹത്തിലുണ്ടാകുന്ന ദുര്‍ബലാവസ്ഥയാണ് ന്യൂറോപതി.

നെര്‍വിറ്റ് ഫോര്‍ട്ട്, ന്യൂറോബയണ്‍ ഫോര്‍ട്ട്, പോളിബയണ്‍, ലിവോജിന്‍ തുടങ്ങിയ ഗുളികകള്‍ ഉപയോഗിച്ചാല്‍ ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. സത്യം ഇതാണെന്നിരിക്കെ രോഗങ്ങള്‍ ഊതിപെരുപ്പിച്ച് പിള്ളയെ രക്ഷിക്കാനുള്ള തന്ത്രങ്ങള്‍ പലരൂപത്തിലും ഭാവത്തിലും ഉമ്മന്‍ചാണ്ടിയുടെ ആവനാഴിയില്‍ നിന്നും ഇനിയും വരും.

janayugom 121011

1 comment:

  1. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയ്ക്ക് എട്ടിലധികം ഗുരുതരമായ രോഗങ്ങളുണ്ടെന്ന റിപ്പോര്‍ട്ട് അസംബന്ധമെന്ന് വൈദ്യശാസ്ത്ര വിദഗ്ധര്‍ പറയുന്നു. സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളില്‍ പോലും ചികിത്സ ലഭ്യമാകുന്ന രോഗങ്ങളാണ് പിള്ളയെ ബാധിച്ചിട്ടുള്ളത്.

    ReplyDelete