Wednesday, October 12, 2011

വിദ്യാഭ്യാസ കച്ചവടത്തിനുവേണ്ടിയുള്ള ചോരക്കുരുതി

നിര്‍മ്മല്‍ മാധവിന്റെ എന്‍ജിനീയറിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന സമരം കേരളത്തിലുടനീളം പ്രക്ഷോഭങ്ങളുടെ കടുത്ത ചൂട് പകര്‍ത്തിയിരിക്കുകയാണല്ലോ? ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും പൊലീസ് മര്‍ദനവും മാത്രമല്ല, വെടിവയ്പ്പ് വരെ നടന്നു. ഈ സമരം അനാവശ്യമാണെന്നും റാഗിംഗിനിരയായ വിദ്യാര്‍ഥിക്ക് കോഴിക്കോട് സര്‍വകലാശാല, എന്‍ജിനീയറിംഗ് കോളജില്‍ പഠിക്കാനവസരം നല്‍കിയതിനെതിരായി നടത്തുന്നതാണെന്നുള്ള തരത്തില്‍ വ്യാപകമായ പ്രചരണം നടക്കുന്നുണ്ട്. നിര്‍മ്മല്‍ മാധവിനെതിരായി നടത്തുന്ന സമരത്തിലൂടെ മറ്റു കുട്ടികളുടെ പഠനം മുടക്കുകയാണെന്ന മട്ടിലാണ് ആക്ഷേപങ്ങളുടെ പോക്ക്. ചില മാധ്യമങ്ങളും ഈ പ്രചരണം ഏറ്റുപിടിച്ചിട്ടുണ്ട്. ഈ പ്രചരണങ്ങള്‍ മൂലം ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ തെറ്റിദ്ധാരണകളാണുണ്ടായിട്ടുള്ളത്. യഥാര്‍ഥ പ്രശ്‌നം എന്താണെന്ന് മനസ്സിലാവാത്ത അവസ്ഥയിലാണ് സാമാന്യജനം. വിദ്യാഭ്യാസക്കച്ചവടത്തിനെതിരായി നടത്തുന്ന തികച്ചും ന്യായീകരിക്കാവുന്ന ഒരു സമരമാണിത്. ഒരു വിദ്യാര്‍ഥിക്ക് പഠനത്തിനുള്ള അവസരം നല്‍കാതിരിക്കാനുള്ള ശ്രമമായി ചിത്രീകരിക്കപ്പെടുന്നത് സങ്കടകരമാണ്. എന്താണ് യഥാര്‍ഥത്തില്‍ നിര്‍മ്മല്‍ പ്രശ്‌നം?

നിര്‍മ്മല്‍ മാധവ് എന്ന വിദ്യാര്‍ഥി നിയമവിരുദ്ധമായി വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനീയറിംഗ് കോളജില്‍ അഡ്മിഷന്‍ നേടുന്നതോടെയാണ് സമരം ആരംഭിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ കോളജില്‍ കഴിഞ്ഞവര്‍ഷം അഡ്മിഷന്‍ നടന്ന അവസാനറാങ്ക് ജനറല്‍ മെറിറ്റില്‍ 1819 ആണ്. നിര്‍മ്മലിന്റെ റാങ്ക് 22787 ഉം. ഒരു നിലയ്ക്കും ഈ കുട്ടിക്ക് വെസ്റ്റ്ഹില്‍ എന്‍ജിനീയറിംഗ് കോളജില്‍ പ്രവേശനം ലഭിക്കുകയില്ല. അങ്ങനെയുള്ള ഒരു വിദ്യാര്‍ഥിക്ക് പ്രവേശനം നല്‍കുന്നത് നിയമവിരുദ്ധമാണ്. നിര്‍മ്മല്‍ 2009ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍ജിനീയറിംഗ് കോളജില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിയാണ്. പ്രതിവര്‍ഷം 65000 രൂപയാണ് ഫീസ്. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ശാഖയിലായിരുന്നു പഠനം. മൂന്നാം സെമസ്റ്ററില്‍ ഈ വിദ്യാര്‍ഥിപഠനം ഉപേക്ഷിക്കുകയും ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ മറ്റൊരു കോളജില്‍ എന്‍ ആര്‍ ഐ ക്വാട്ടയില്‍ സിവില്‍ എന്‍ജിനീയറിംഗില്‍ വീണ്ടും പ്രവേശനം നേടുകയും ചെയ്തു. രണ്ടു സെമസ്റ്റര്‍ പുന്നപ്രയില്‍ പഠിച്ച ശേഷം ഈ കുട്ടി പഠനം ഉപേക്ഷിക്കുകയാണുണ്ടായത്. അതിനു ശേഷമാണ് നിര്‍മ്മല്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ്ഹില്‍ ഗവ. എഞ്ചിനീയറിംഗ് കോളജില്‍ പ്രവേശനം നേടുന്നത്. അതും അഞ്ചാം സെമസ്റ്ററിലേക്ക്. (ഉത്തരവ് നല്‍കിയ ഗവ. സെക്രട്ടറിക്ക് സര്‍വകലാശാല വി സിയുടെ താത്കാലിക ചുമതലയും ഈ സമയത്തുണ്ടായിരുന്നു എന്നത് ഒരു വാസ്തവം). സ്വകാര്യ എന്‍ജിനീയറിംഗ് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ സ്വാശ്രയ സീറ്റില്‍ ഒരു കൊല്ലം പഠനം നടത്തുകയും അത് ഉപേക്ഷിച്ച് വീണ്ടും ഒരു കൊല്ലം മറ്റൊരു കോളജില്‍ സിവില്‍ എന്‍ജിനീയറിംഗ് കോഴ്‌സിന് പഠിക്കുകയും അതും ഉപേക്ഷിച്ചശേഷം മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ തന്നെ അഞ്ചാം സെമസ്റ്ററില്‍ അഡ്മിഷന്‍ നേടിയതും ഒരു നിലയ്ക്കും ന്യായീകരിച്ചുകൂടാ. ഇത് സര്‍വകലാശാലാ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ കച്ചവടം തന്നെയാണ്. മെറിറ്റും സാമൂഹ്യനീതിയും ഇതു മൂലം അട്ടിമറിക്കപ്പെടുകയാണ്. ഇതിന് പിന്നിലുള്ളത് ശക്തമായ രാഷ്ട്രീയ ഇടപെടലാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

നേരത്തെ തന്നെ പഠനമുപേക്ഷിച്ചു പോയ ഒരു വിദ്യാര്‍ഥിയെ കേരളത്തില്‍ ഭരണമാറ്റമുണ്ടായ സാഹചര്യത്തില്‍ പിന്‍വാതിലിലൂടെ സര്‍ക്കാര്‍ കോളജില്‍ തള്ളിക്കയറ്റാനുള്ള ശ്രമമാണ് നടന്നത്. അതായത് ഈ സമരം ഒരു വിദ്യാര്‍ഥിയുടെ പഠനവുമായി ബന്ധപ്പെട്ട സമരമോ ഒരു വിദ്യാര്‍ഥിക്കെതിരായ ആസൂത്രിത നീക്കമോ അല്ല. പിന്‍വാതിലിലൂടെ ഒരു വിദ്യാര്‍ഥിക്ക് പ്രവേശനം നല്‍കുന്നതിനുള്ള നീക്കം കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് നിലനില്‍ക്കുന്ന സാമൂഹ്യനീതിയെ അട്ടിമറിക്കലാണ്. ഈ അട്ടിമറിക്കെതിരായി ഉത്തരവാദിത്വബോധമുള്ള എല്ലാവരും നിലകൊള്ളുന്നത് അവരുടെ ധര്‍മ്മം നിറവേറ്റാണ്. സര്‍ക്കാര്‍ ഈ പ്രതിരോധത്തെ കാണാതെ കച്ചവടക്കണ്ണോടെ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്.

ഈ പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിക്കുന്നത് സംബന്ധിച്ച് വിവിധ രാഷ്ട്രീയകക്ഷികളെയും വിദ്യാഭ്യാസ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സര്‍വകലാശാലയുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍, സ്വകാര്യ കോളജില്‍ നിന്ന് സര്‍ക്കാര്‍ കോളജിലേക്ക് വിദ്യാര്‍ഥിയെ മാറ്റുന്നത് ചട്ടലംഘനമാണെന്ന് അംഗീകരിച്ചതാണ്. എന്നാല്‍ സര്‍ക്കാര്‍ സമ്മര്‍ദങ്ങളുപയോഗിച്ച് ഉദ്യോഗസ്ഥരെക്കൊണ്ട് തെറ്റായ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഈ പ്രശ്‌നത്തില്‍ അടങ്ങിയിട്ടുള്ളത് ഒരു വിദ്യാര്‍ഥിയെ പഠിക്കാന്‍ അനുവദിക്കാമോ ഇല്ലയോ എന്നുള്ളതല്ല; വിദ്യാഭ്യാസരംഗത്ത് കള്ളക്കച്ചവടം അനുവദിക്കാമോ എന്നതാണ്. ഈ അര്‍ഥത്തിലാണ് നാമിതിനെ കാണേണ്ടത്.

സമാധാനപരമായി നടത്തുന്ന സമരത്തെ ഭീകരമായ പൊലീസ്മുറകള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് സര്‍ക്കാരിന്റെ തന്ത്രപരമായ നീക്കങ്ങളാണ്. കഴിഞ്ഞ ജൂലൈ മുതല്‍ സമാധാനപരമായാണ് സമരം നടന്നുവരുന്നത്. എന്നാല്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തുകയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയുമുണ്ടായി. കഴിഞ്ഞദിവസം നടന്ന പൊലീസ് വെടിവയ്പ്പും ബോധപൂര്‍വമാണെന്ന കാര്യത്തില്‍ സംശയമില്ല. സമരം അക്രമാസക്തമാവുന്നു എന്ന പുകമറ പരത്തി, സമരം ചെയ്യുന്നവരെ പൊതുജനമധ്യത്തില്‍ കരിതേച്ചു കാണിക്കുന്നത് ദുഷ്ടലാക്കോടെയാണ്. വിദ്യാഭ്യാസരംഗത്ത് യു ഡി എഫ് നേരത്തെ നടത്തിയ കച്ചവടം പുനരാരംഭിച്ചതിന്റെ ഒരു സാമ്പിളാണിത്. ഇതിനെതിരെ ശക്തിയായ പ്രതിഷേധം വളര്‍ന്നുവരണം.

ടി വി ബാലന്‍ janayugom 121011

1 comment:

  1. നിര്‍മ്മല്‍ മാധവിന്റെ എന്‍ജിനീയറിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന സമരം കേരളത്തിലുടനീളം പ്രക്ഷോഭങ്ങളുടെ കടുത്ത ചൂട് പകര്‍ത്തിയിരിക്കുകയാണല്ലോ? ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും പൊലീസ് മര്‍ദനവും മാത്രമല്ല, വെടിവയ്പ്പ് വരെ നടന്നു. ഈ സമരം അനാവശ്യമാണെന്നും റാഗിംഗിനിരയായ വിദ്യാര്‍ഥിക്ക് കോഴിക്കോട് സര്‍വകലാശാല, എന്‍ജിനീയറിംഗ് കോളജില്‍ പഠിക്കാനവസരം നല്‍കിയതിനെതിരായി നടത്തുന്നതാണെന്നുള്ള തരത്തില്‍ വ്യാപകമായ പ്രചരണം നടക്കുന്നുണ്ട്. നിര്‍മ്മല്‍ മാധവിനെതിരായി നടത്തുന്ന സമരത്തിലൂടെ മറ്റു കുട്ടികളുടെ പഠനം മുടക്കുകയാണെന്ന മട്ടിലാണ് ആക്ഷേപങ്ങളുടെ പോക്ക്. ചില മാധ്യമങ്ങളും ഈ പ്രചരണം ഏറ്റുപിടിച്ചിട്ടുണ്ട്. ഈ പ്രചരണങ്ങള്‍ മൂലം ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ തെറ്റിദ്ധാരണകളാണുണ്ടായിട്ടുള്ളത്. യഥാര്‍ഥ പ്രശ്‌നം എന്താണെന്ന് മനസ്സിലാവാത്ത അവസ്ഥയിലാണ് സാമാന്യജനം. വിദ്യാഭ്യാസക്കച്ചവടത്തിനെതിരായി നടത്തുന്ന തികച്ചും ന്യായീകരിക്കാവുന്ന ഒരു സമരമാണിത്. ഒരു വിദ്യാര്‍ഥിക്ക് പഠനത്തിനുള്ള അവസരം നല്‍കാതിരിക്കാനുള്ള ശ്രമമായി ചിത്രീകരിക്കപ്പെടുന്നത് സങ്കടകരമാണ്.

    ReplyDelete